സ്മരണകളുടെ സീലടിച്ച ടെലിഗ്രാം: കമ്പിത്തപാലിന്‍റെ കഥ

പത്തു വർഷം മുമ്പ്, 2013 ജൂലൈ പതിനഞ്ചിനാണ് ഇന്ത്യയിൽ ടെലിഗ്രാം എന്ന കമ്പിത്തപാൽ സേവനം അവസാനിപ്പിച്ചത്

അനൂപ് കെ. മോഹൻ

കെ.ജി. ജോർജിന്‍റെ 'മേള' സിനിമയിലെ ഒരു രംഗം....

നാട്ടിൻപുറത്തെ ചായക്കടയിലിരിക്കുന്ന നടൻ ശ്രീനിവാസൻ അടക്കമുള്ള സംഘത്തോട് പോസ്റ്റ്മാൻ പറയുന്നു,

''പി. നാരായണിയമ്മയ്ക്കൊരു കമ്പി വന്നിട്ടുണ്ട്.''

ഇംഗ്ലിഷിലെഴുതിയ ആ സന്ദേശവും കൈയിലേന്തി ഒരു നാട് തന്നെ നാരായണിയമ്മയുടെ വീട്ടിലേക്ക്. കമ്പിത്തപാലുണ്ടെന്നറിഞ്ഞ നാരായണിയമ്മ കരച്ചിലും ബഹളവും പരിഭ്രാന്തിയും. പന്ത്രണ്ട് വർഷം മുമ്പ് നാടുവിട്ടു പോയ മകൻ ഗോവിന്ദന് സംഭവിച്ച ആപത്തിന്‍റെ ആശങ്കകൾ....

ഒ‌‌ടുവിൽ ഗോവിന്ദൻ അറൈവിങ് ഫ്രൈഡേ (ഗോവിന്ദൻ വെള്ളിയാഴ്ച എത്തും) എന്ന പരിഭാഷയിൽ ആശ്വസിക്കുന്ന നാരായണിയമ്മയും നാട്ടുകാരും...

സ്മരണകളുടെ ഒരു സീലടിച്ച് പരിമിതമായ വാക്കുകളിൽ സന്ദേശമെത്തിയ ഒരു കാലമുണ്ടായിരുന്നു. ആശയവിനിമയത്തിന്‍റെ വൈവിധ്യ മാർഗങ്ങൾ പോക്കറ്റിലൊതുങ്ങുന്ന തലമുറയ്ക്ക് ഒരു പക്ഷേ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. കമ്പിയില്ലാ കമ്പിയെന്നും കമ്പിത്തപാലെന്നും വിശേഷിപ്പിക്കപ്പെട്ട ആശയവിനിമയ സംവിധാനം, ടെലിഗ്രാം- പുതിയ കാലത്തിന്‍റെ ചൈനീസ് മെസേജിങ് ആപ്പല്ല, പഴയ കാലത്തിന്‍റെ 'അതിവേഗ' ആശയവിനിമയ സംവിധാനമായിരുന്ന നല്ല ഒറിജിനൽ ടെലിഗ്രാം.

പത്തു വർഷം മുമ്പ്, 2013 ജൂലൈ പതിനഞ്ചിനാണ് ഇന്ത്യയിൽ ടെലിഗ്രാം സേവനം അവസാനിപ്പിച്ചത്. ആശങ്കയുടെ തീവ്രതയേറ്റിയ ആശയവിനിമയ സംവിധാനം ചരിത്രത്തിന്‍റെ ഭാഗമായത്. പിന്നീട് ടെലിഗ്രാം ആപ്പ് വന്നപ്പോൾ, ഇതു പഴയ കമ്പിത്തപാലിന്‍റെ സ്മാർട്ട്ഫോൺ വെർഷനാണെന്നു തെറ്റിദ്ധരിച്ചവർ ഏറെ.

പഴയൊരു ടെലിഗ്രാം വായന, ആശങ്കകളുടെയും ആഹ്ളാദങ്ങളുടെയും ഡീകോഡിങ്.
പഴയൊരു ടെലിഗ്രാം വായന, ആശങ്കകളുടെയും ആഹ്ളാദങ്ങളുടെയും ഡീകോഡിങ്.File

ജനനവും മരണവും യുദ്ധവും അപകടവും ആശംസകളുമൊക്കെ അറിയിച്ചു കൊണ്ട് ടെലിഗ്രാം സർവീസ് 163 വർഷത്തോളം ഇന്ത്യയിലുണ്ടായിരുന്നു. 1850ൽ കൽക്കത്തയ്ക്കും ഡയമണ്ട് ഹാർബർ ഹാർബൽ ലൈനിനുമിടയിലാണ് ടെലിഗ്രാം സന്ദേശങ്ങള‍യക്കുന്ന ആദ്യ ടെലിഗ്രാഫ് ലൈൻ സ്ഥാപിക്കപ്പെട്ടത്. 1854ൽ പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമായി. ആദ്യ സന്ദേശം മുംബൈയിൽ നിന്നും പൂനെയിലേക്കായിരുന്നു. പിന്നീ‌ട് ഒന്നര നൂറ്റാണ്ടോളം ആശയവിനിമയത്തിന്‍റെ ഏറ്റവും വേഗതയേറിയ മാധ്യമമായി. പോസ്റ്റ് ആൻഡ് ടെലിഗ്രാം വകുപ്പിന്‍റെ കീഴിൽ നിന്നും തൊണ്ണൂറുകളിൽ ഈ സേവനം ബിഎസ്എൻഎല്ലിന്‍റെ കീഴിലായി.

ഒ‌ടുവിൽ പത്ത് വർഷം മുമ്പ് ജൂലൈ പതിനഞ്ചിന് ടെലിഗ്രാമിലൂടെയുള്ള അവസാന സന്ദേശവും പറന്നു. നിരവധി തലമുറകളെ സന്തോഷിപ്പിച്ച, നടുക്കിയ ആശയവിനിമയ മാർഗം അനിവാര്യമായ അന്ത്യം സ്വീകരിച്ചു. ഫാക്സും ഇമെയ്ലും സമൂഹ മാധ്യമങ്ങളും വാട്സപ്പിന്‍റെ ചതുരക്കോളങ്ങളിലെ സന്ദേശങ്ങളുമൊക്കെ ടെലിഗ്രാമിനെ നിഷ്പ്രഭമാക്കിയെന്നു തന്നെ പറയാം. 2013 ജൂലൈ 14 രാത്രി 11.55നു നാഗ്പൂരിൽ നിന്നയച്ച സന്ദേശമാണ് ഇന്ത്യയിലെ അവസാനത്തെ ടെലിഗ്രാം സന്ദേശമായി കണക്കാക്കപ്പെടുന്നത്. കവിത വാഗമേർ എന്ന സ്ത്രീ അമ്മയ്ക്കയച്ച ചെറിയൊരു കവിത. അമ്മയോടുള്ള ആദരവും 163 വർഷം നീണ്ട ടെലിഗ്രാം സർവീസിലെ ജീവനക്കാരെ അഭിനന്ദിച്ചുമൊക്കെ ഉചിതമായൊരു വിടവാങ്ങൽ സന്ദേശം.

ടെലിഗ്രാം സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ചിരുന്നു മോഴ്സ് കോഡ് മെഷീൻ.
ടെലിഗ്രാം സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ചിരുന്നു മോഴ്സ് കോഡ് മെഷീൻ.

ടെലിഗ്രാമിന്‍റെ വെള്ളക്കടലാസിൽ പിറന്ന ആശങ്കയുടെ കഥകൾ ധാരാളമുണ്ട്. ഒരു ടെലിഗ്രാം സന്ദേശമെത്തിയാൽ നടുങ്ങി പോയവരുടെ കഥകൾ. അത്തരമൊരു കഥയാണിത്...

ഒരു നാടൻ 'കമ്പിക്കഥ':

''സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌, സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി''

മുഖത്ത്‌ ആവശ്യത്തില്‍ കൂടുതല്‍ ആശങ്കയുമായി പാപ്പച്ചന്‍ പോസ്‌റ്റ്‌മാന്‍ പടികടന്നു വരുന്നതു കണ്ടപ്പോള്‍ത്തന്നെ ആ അമ്മയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. ടെലിഗ്രാമിന്‍റെ വെള്ളപേപ്പര്‍ നിരത്തി ആംഗലേയത്തില്‍ സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌, സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി എന്നു വായിച്ചതോടെ  അമ്മയുടെ ആശങ്കയേറി. വരികളില്‍ ഓപ്പറേഷന്‍ എന്ന വാക്കു കണ്ടതോടെ നെഞ്ചിടിപ്പിനു തായമ്പകയുടെ താളം.  അര്‍ഥം മനസിലാകുന്നതുമില്ല. എന്താ പറ്റിയതെന്ന്‌ പോസ്‌റ്റ്‌മാനോടു തന്നെ ചോദിച്ചു. ഒരുപാടു സ്ഥലങ്ങളില്‍ കത്തു കൊടുക്കാനുണ്ടെന്നും, അര്‍ഥം പറയാന്‍ സമയമില്ലെന്നും പറഞ്ഞ്‌ പോസ്‌റ്റ്‌മാന്‍ തന്‍റെ അറിവുകേടിനു മീതേ തിരക്കിന്‍റെ പുതപ്പിട്ടു.

ആന്ധ്രയില്‍ നിന്നാണ്‌ ടെലിഗ്രാം. അമ്മയുടെ ഒരേയൊരു മകളും കുടുംബവും അവിടെയാണ്‌. വെള്ളക്കടലാസില്‍ വെള്ളിടിയുടെ അക്ഷരരൂപങ്ങൾ. അപ്പോഴേക്കും സംഭവമറിഞ്ഞ്‌ അയല്‍ക്കാര്‍ കൂടി. ഉച്ചകഴിഞ്ഞു ജോലിക്കു പോകാനൊരുങ്ങിയ അയല്‍ക്കാരന്‍ ദേവസിക്കുട്ടി ലീവെടുത്തു. അയല്‍വക്കത്ത്‌ ഒരാവശ്യം ഉണ്ടാകുമ്പോള്‍ ഇല്ലാതിരിക്കുന്നത്‌ ശരിയല്ലല്ലോ. ടെലിഗ്രാമിലെ അവസാനവാക്കിന്‍റെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്നാരോ മുറിഅറിവു പങ്കുവച്ചു. സാധ്യതകളുടെ ഭൂപടം നിരത്തി ചിലര്‍. പെട്ടെന്ന്‌ ഓപ്പറേഷന്‍ എന്നൊക്കെ പറയുമ്പോള്‍.... എന്തായിരിക്കും അസുഖം. ആര്‍ക്കായിരിക്കും. നാട്ടിലെ അറിയപ്പെടുന്ന അറിവുകാരിയുടെ പേര്‌ നിർദേശിച്ചത്‌ അയല്‍ക്കാരില്‍ ആരോ ആണ്. അങ്ങനെ കൈയില്‍ ടെലിഗ്രാം കടലാസും കണ്ണീരും കൂട്ടവുമായി ജാഥ പോലെ അറിവുകാരി റോസിയുടെ വീട്ടിലേക്ക്‌. ഇന്ദിരാ ഗാന്ധി മരിച്ചപ്പോഴും ഇത്തരത്തിലൊരു ജാഥ ഉണ്ടായിരുന്നെന്ന്‌ കടവരാന്തയിലിരുന്ന്‌ കൊച്ചാപ്പുട്ടി ചേട്ടന്‍ പറഞ്ഞു. റോസിയുടെ മരുമകള്‍ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ എല്ലാ അഭ്യാസവും കഴിഞ്ഞതാണെന്നും, ഇംഗ്ലീഷൊക്കെ മലയാളത്തിലും നന്നായി പറയുമെന്നും ആരോ പറഞ്ഞു. മൂന്നു മാസം അവര്‍ വാടകയ്‌ക്ക്‌ താമസിച്ചത്‌ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിന്‍റെ അടുത്തും!

മോഴ്സ് കോഡിലുള്ള ടെലിഗ്രാം സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന‌ മെഷീൻ. സന്ദേശങ്ങൾ കുത്തുകളും വരകളുമായി പഞ്ച് ചെയ്തു വന്നിരുന്ന ടേപ്പും കാണാം.
മോഴ്സ് കോഡിലുള്ള ടെലിഗ്രാം സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന‌ മെഷീൻ. സന്ദേശങ്ങൾ കുത്തുകളും വരകളുമായി പഞ്ച് ചെയ്തു വന്നിരുന്ന ടേപ്പും കാണാം.

ടെലിഗ്രാം നീട്ടി. മരുമകള്‍ മടിയൊന്നും കൂടാതെ കണ്ണോടിച്ചു. തന്‍റെ അറിവിനെ ഒരു ഉള്‍നാടന്‍ ഗ്രാമം അംഗീകരിച്ചതിന്‍റെ അഹങ്കാരവുമുണ്ടായിരുന്നു ആ കണ്ണുകളില്‍. റോസിയും അഭിമാനപുളകിതയായിരുന്നു, ഇങ്ങനെയാരു മരുമകളെ തന്നതിന്‌ കാഞ്ഞൂര്‍ പുണ്യാളനു വീണ്ടും വീണ്ടും നന്ദി പറഞ്ഞു. രണ്ടുമൂന്നു പ്രാവശ്യം വായിച്ചതിനു ശേഷം മരുമകള്‍ ആംഗലേയത്തിന്‍റെ അര്‍ഥങ്ങളിലേക്ക്‌ കടന്നു.
ആന്ധ്രയിലെ മകളുടെ ഭര്‍ത്താവാണ്‌ ടെലഗ്രാം അയച്ചിരിക്കുന്നത്‌. സംഭവം ഓപ്പറേഷന്‍ തന്നെ. സൈറ്റ്‌ എന്ന്‌ എഴുതിയിരിക്കുന്നതു കൊണ്ടു കണ്ണിനാണ്‌ ഓപ്പറേഷന്‍. ചിലപ്പോ തിമിരത്തിന്‍റെ ആയിരിക്കുമെന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി പരിഭാഷക നല്‍കി. ആശങ്കകള്‍ക്കും ഉത്‌കണ്‌ഠയ്‌ക്കും വിരാമം. പിന്നെ വൈകിയില്ല. അന്നു വൈകീട്ടത്തെ തീവണ്ടിക്കു തന്നെ അമ്മ ആന്ധ്രയിലേക്ക്‌ വണ്ടി കയറി.
അമ്മയ്‌ക്കു വന്ന ടെലിഗ്രാമായിരുന്നു നാട്ടിലെ ചര്‍ച്ചാവിഷയം. ഇമ്മീഡിയറ്റ്‌ലി എന്നാല്‍ പെട്ടെന്ന്‌ എന്നാണ്‌ അര്‍ഥമെന്നു പറഞ്ഞ ഭാസിയെ, വൈകീട്ട്‌ ശ്രീധരന്‍ തല്ലി. തിമിരത്തിന്‍റെ ഇംഗ്ലീഷ്‌ വാക്കാണ്‌ ഇമ്മീഡിയറ്റ്‌ലി എന്നായിരുന്നു ശ്രീധരന്‍റെ കണ്ടുപിടുത്തം. പൈപ്പിന്‍റെ ചുവട്ടിലെ സംസാരവും മറ്റൊന്നായിരുന്നില്ല. തിമിരത്തിന്‍റെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ കുറെനാള്‍ കറുത്ത കണ്ണടവയ്‌ക്കണമെന്നും, അങ്ങനെയൊരു ഓപ്പറേഷനില്‍ പിഴവു പറ്റിയപ്പോഴാണ്‌ എംജിആര്‍ സ്ഥിരമായി കറുത്തകണ്ണട വച്ചുതുടങ്ങിയതെന്നും പറഞ്ഞ്‌ യശോദ വെള്ളവുമെടുത്ത്‌ വീട്ടിലേക്ക്‌ പോയി. അമ്മയുടെ മരുമകന്‍ കറുത്ത കണ്ണടവച്ചു നടക്കുന്നതു ഭാവനയില്‍ കണ്ടു യശോദയുടെ മകന്‍ ദിവാകരന്‍. അതൊന്നു കാണണമെന്നും ആ കുഞ്ഞുമനസ്‌ മോഹിച്ചു

ഒരു മാസത്തിനു ശേഷം...


ടെലിഗ്രാമിന്‍റെ ആഘാതത്തില്‍ ആന്ധ്രയ്‌ക്കു വണ്ടികയറിയ അമ്മ തിരികെ വന്നതു മകളുടെ കുടുംബവുമൊത്തായിരുന്നു. മരുമകന്‍ കണ്ണടവച്ചിരുന്നില്ല. കണ്ണില്‍ ഓപ്പറേഷന്‍റെ പാടുകളില്ലെന്ന്‌ ബസിറങ്ങിയപ്പോള്‍ത്തന്നെ പലരും ഒതുക്കം പറഞ്ഞു.  
ഗുജറാത്തിലെ വര്‍ക്ക്‌ സൈറ്റിലെ ജോലി ആരംഭിച്ചുവെന്നും, ഉടന്‍തന്നെ അങ്ങോട്ട്‌ പോകേണ്ടതിനാല്‍ ഒറ്റയ്‌ക്കാകുന്ന ഭാര്യ ആശയ്ക്കും മക്കള്‍ക്കും കൂട്ടിനായി അമ്മയെ വിളിക്കുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്‌റ്റ്‌ മരുമകൻ ദാമോദരനും പ്രതീക്ഷിച്ചിരുന്നില്ല.
കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍, പ്രത്യേകിച്ചും ഇമ്മീഡിയറ്റ്‌ലിയുടെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്ന്‌ അറിഞ്ഞപ്പോള്‍, ഭാസി അന്നുതന്നെ ശ്രീധരനെ തിരിച്ചുതല്ലി.
എന്നാലും കുറച്ചുനാളത്തേക്ക്‌ റോസിയുടെ മരുമകള്‍ തന്നെയായിരുന്നു നാട്ടിലെ ആസ്ഥാന അറിവുകാരി. അക്ഷരം വ്യക്തമാകാത്തതു കൊണ്ടാണ്‌ അങ്ങനെയൊരു അര്‍ഥവ്യത്യാസം സംഭവിച്ചതെന്നും. ഓപ്പറേഷന്‍ എന്ന വാക്കിന്‍റെ മറ്റൊരു അര്‍ഥം പഠിപ്പിച്ച ദിവസം, ക്ലാസില്‍ പോയിരുന്നില്ലെന്നും മരുമകള്‍ പലരോടും വിശദീകരിച്ചു എന്നൊരു അങ്ങാടിപ്പാട്ടുണ്ടായിരുന്നു നാട്ടില്‍. പക്ഷേ ഒരാള്‍ മാത്രം നിരാശനായിരുന്നു. അമ്മയുടെ മരുമകനെ കറുത്ത കണ്ണടവച്ചു കാണാത്ത നിരാശയുമായി ദിവാകരന്‍.

കാലം മാറി, കഥ മാറി

രാത്രി ഏറെ വൈകിയൊരു സന്ദേശം വാട്ട്സാപ്പിൽ.
മരണ അറിയിപ്പാണ്. താഴെ കണ്ടോളൻസും അക്ഷരത്തെറ്റുള്ള ആദരാഞ്ജലികളും ആത്മാവിനു നിത്യശാന്തിയും പ്രവഹിക്കുന്നു.

അതിനിടയിൽ ഈ സന്ദേശം പത്തു പേർക്ക് അയച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ സംഭവിച്ചേക്കാവുന്ന അദ്ഭുതത്തിന്‍റെ സാധ്യത തേടുന്നവരും.

മൊബൈൽ ഓഫ് ചെയ്യാൻ സമയമായി. രാത്രി 12.30 നും 1.20നുമിടയിൽ കോസ്മിക് രശ്മികൾ ഭൂമിയിൽ പതിക്കുകയും ശ്വാസകോശത്തിനു തകരാറ് സംഭവിക്കുകയും ചെയ്യുമത്രേ. സിംഗപ്പുർ ടിവി പുറത്തുവിട്ട നാസയുടെ റിപ്പോർട്ടാണ്...!!!

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com