

തമിഴ് സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
file photo
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്ത്, തമിഴ് ഭാഷയിൽ ആശംസകൾ നേർന്ന് നടത്തിയ പ്രസംഗത്തിൽ നിന്ന്. കേന്ദ്രമന്ത്രി ഡോ. എൽ. മുരുകന്‍റെ ഡൽഹിയിലെ വസതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ജി. കിഷൻ റെഡ്ഡി, കെ. രാംമോഹൻ നായിഡു, അർജുൻ റാം മേഘ്‌വാൾ, വി. സോമണ്ണ തുടങ്ങിയവരും മറ്റ് ഒട്ടേറെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
"ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു'. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്, ഞാനും അവരിൽ ഒരാളാണ്, ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് എന്‍റെ സൗഭാഗ്യമാണ്. തമിഴ് ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണ്. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു.
ഈ സമയത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകര സംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണ്. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും പൊങ്കൽ ആശംസകൾ നേരുകയാണ്. മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്കും എന്‍റെ ശുഭാശംസകൾ.
കഴിഞ്ഞ വർഷം തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് എനിക്ക് വലിയ സന്തോഷമുണ്ടാക്കി. തമിഴ്നാട്ടിലെ ആയിരം വർഷം പഴക്കമുള്ള ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ പ്രാർഥന നടത്തി. വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമത്തിനിടെ സാംസ്കാരിക ഐക്യത്തിന്‍റെ ഊർജവുമായി നിരന്തരം ബന്ധപ്പെടാൻ കഴിഞ്ഞു.
പുനർനിർമിച്ച പാമ്പൻ പാലത്തിന്‍റെ ഉദ്ഘാടനത്തിന് തമിഴ്നാട്ടിലെ രാമേശ്വരം സന്ദർശിച്ചപ്പോൾ തമിഴ് ചരിത്രത്തിന്‍റെ മഹത്വത്തിന് ഞാൻ വീണ്ടും സാക്ഷിയായി. തമിഴ് സംസ്കാരം രാജ്യത്തിന്‍റെ മുഴുവൻ, വാസ്തവത്തിൽ മനുഷ്യരാശിയുടെ തന്നെ പങ്കുവയ്ക്കപ്പെട്ട പൈതൃകമാണ്. ഞാൻ പലപ്പോഴും സംസാരിക്കാറുള്ള "ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന സങ്കല്പം പൊങ്കൽ പോലുള്ള ആഘോഷങ്ങളിലൂടെ കൂടുതൽ ശക്തമാകുന്നു.
ലോകത്തെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിളവെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങളുണ്ട്. തമിഴ് സംസ്കാരത്തിൽ കർഷകനെ ജീവിതത്തിന്‍റെ അടിസ്ഥാനമായിട്ടാണ് കണക്കാക്കുന്നത്. കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും തിരുവള്ളുവരുടെ "തിരുക്കുറ'ളിൽ വിപുലമായ പരാമർശങ്ങളുണ്ട്. കർഷകർ രാഷ്‌ട്ര നിർമാണത്തിലെ ശക്തരായ പങ്കാളികളാണ്, അവരുടെ പരിശ്രമങ്ങൾ "ആത്മനിർഭർ ഭാരത് അഭിയാന്' വലിയ കരുത്ത് പകരുന്നു. കർഷകരെ ശാക്തീകരിക്കാൻ തുടർച്ചയായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പ്രകൃതിയോടുള്ള നന്ദി, വാക്കുകളിൽ മാത്രം ഒതുക്കാതെ അത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണെന്ന് ഉറപ്പാക്കാൻ പൊങ്കൽ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു. ഭൂമി നമുക്ക് ഇത്രയധികം നൽകുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മണ്ണിന്‍റെ ആരോഗ്യം നിലനിർത്തുക, ജലം സംരക്ഷിക്കുക, അടുത്ത തലമുറയ്ക്കായി വിഭവങ്ങൾ സന്തുലിതമായി ഉപയോഗിക്കുക എന്നിവ ഏറ്റവും അത്യാവശ്യമാണ്.
"മിഷൻ ലൈഫ്' (Mission LiFE), "ഏക് പെഡ് മാം കേ നാം', "അമൃത് സരോവർ' തുടങ്ങിയ പ്രചാരണങ്ങൾ ഈ ആശയത്തെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കൃഷി കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കാൻ സർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിൽ സുസ്ഥിര കൃഷിരീതികൾ, ജല മാനെജ്‌മെന്‍റ് - "ഓരോ തുള്ളി, കൂടുതൽ വിളവ്' (Per Drop, More Crop) എന്നത് പ്രകൃതിദത്ത കൃഷി, അഗ്രിടെക് (agritech), മൂല്യവർധനവ് എന്നിവ നിർണായക പങ്ക് വഹിക്കും. ഈ മേഖലകളിലെല്ലാം യുവാക്കൾ പുതിയ ആശയങ്ങളുമായി മുന്നോട്ട് വരികയാണ്.
ഏതാനും മാസം മുമ്പ് തമിഴ്‌നാട്ടിൽ പ്രകൃതിദത്ത കൃഷിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അവിടെ പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് പാടത്ത് ജോലി ചെയ്യുന്ന തമിഴ് യുവാക്കളുടെ മികച്ച പ്രവർത്തനം കണ്ടു. സുസ്ഥിര കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഈ പ്രചാരണം കൂടുതൽ വ്യാപിപ്പിക്കണമെന്നു കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന യുവ തമിഴ് സുഹൃത്തുക്കളോട് അഭ്യർഥിക്കുകയാണ്. നമ്മുടെ ലക്ഷ്യം "നമ്മുടെ ഊണ് പാത്രം നിറഞ്ഞിരിക്കണം, നമ്മുടെ പോക്കറ്റ് നിറഞ്ഞിരിക്കണം, നമ്മുടെ ഭൂമി സുരക്ഷിതമായിരിക്കണം' എന്നതായിരിക്കണം.
ലോകത്തു തന്നെ ഏറ്റവും പുരാതനമായ ജീവസുറ്റ സംസ്‌കാരങ്ങളിൽ ഒന്നാണ് തമിഴ് സംസ്‌കാരം. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വർത്തമാനകാലത്തെ ഭാവിയിലേക്കു നയിക്കുകയും ചെയ്ത് തമിഴ് സംസ്‌കാരം നൂറ്റാണ്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നത്തെ ഇന്ത്യ അതിന്‍റെ വേരുകളിൽ നിന്ന് കരുത്ത് ഉൾക്കൊള്ളുകയും പുതിയ സാധ്യതകളിലേക്ക് മുന്നേറുകയും ചെയ്യുകയാണ്. തമിഴ് സംസ്‌കാരത്തോടു ചേർന്നുനിൽക്കുന്നതും സ്വന്തം മണ്ണിനെ ആദരിക്കുന്നതും ഭാവിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുള്ളതുമായ ഒരു രാഷ്‌ട്രത്തെ- ഇന്ത്യയെ - മുന്നോട്ടുനയിക്കുന്ന ആ വിശ്വാസമാണ് പൊങ്കലിന്‍റെ ഈ പവിത്രമായ വേളയിൽ നാം അനുഭവിക്കുന്നത്.