ഭരണഘടനയ്ക്ക് കരുത്തേകാനുള്ള പ്രതിജ്ഞാബദ്ധത

നവംബർ 26: ഇന്ന് ഭരണഘടനാ ദിനം
November 26: Today is Constitution Day

നവംബർ 26: ഇന്ന് ഭരണഘടനാ ദിനം

Updated on: 

നരേന്ദ്ര മോദി

പ്രധാനമന്ത്രി

1949 നവംബർ 26നാണ് ഭരണഘടനാ നിർമാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചത്. ഇന്ന്, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ബാബാസാഹേബ് അംബേദ്കർ, കൂടാതെ ഭരണഘടനാ നിർമാണ സഭയിലെ ഓരോ അംഗങ്ങളെയും നാം സ്മരിക്കുന്നു. ഭാരതത്തിന്‍റെ സമ്പന്നമായ പാരമ്പര്യങ്ങളിൽ നിന്നും നാഗരികതയുടെ ജ്ഞാനത്തിൽ നിന്നും വിപുലമായി ഉൾക്കൊണ്ട് ആധുനിക ഭരണഘടന രൂപപ്പെടുത്തിയതിലാണ് അവരുടെ മഹത്വം.

അനേകം വിശ്വാസങ്ങളും ഭാഷകളും ആചാരങ്ങളും ചിന്താധാരകളുമുള്ള ഭാരതം പോലെ വൈവിധ്യമാർന്ന ഒരു രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം, ഭരണഘടനയ്ക്ക് പാർലമെന്‍റിന്‍റെയും കോടതികളുടെയും പരിധിക്കപ്പുറത്തേക്ക് വലിയ സ്വാധീനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ, കൂട്ടായ ബോധവുമായി ഭരണഘടനയുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അനിവാര്യമായ ഐക്യബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ ശ്രമം. അതുകൊണ്ടാണ് ഒരു പതിറ്റാണ്ടിലേറെ മുമ്പ്, നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ ഗവൺമെന്‍റ് തീരുമാനിച്ചത്.

എന്നെപ്പോലെ കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഭരണഘടന ജീവിതയാത്രയുടെ അവിഭാജ്യ ഘടകമാണ്. എന്‍റെ ബാല്യത്തിലേക്ക്, ഞാൻ വളർന്നുവന്ന പരിമിതമായ സാഹചര്യങ്ങളിലേക്ക്, ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്ന പോരാട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോഴെല്ലാം ഭരണഘടനയോടുള്ള അളവറ്റ നന്ദി മനസിൽ നിറയുന്നു. ജന്മം കൊണ്ട് യാതൊരു പ്രത്യേക അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാത്ത, സാധാരണ സാഹചര്യങ്ങളുള്ള ഒരു കുടുംബത്തിൽ ജനിച്ച കുട്ടിക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ സേവിക്കാനുള്ള ഉത്തരവാദിത്തം ഒരു ദിവസം ഏൽപ്പിക്കപ്പെട്ടു എന്നത് നമ്മുടെ ഭരണഘടനയുടെ അസാധാരണമായ മഹത്വത്തെ വിളിച്ചോതുന്നു. ഒരാളുടെ ജനനസാഹചര്യങ്ങൾ അയാളുടെ ഭാവിയുടെ പരിധികൾ നിർണയിക്കാത്തത് നമ്മുടെ ഭരണഘടന കാരണമാണ്.

നമ്മുടെ ഭരണഘടനയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഈ കടപ്പാട് തിരിച്ചു നൽകാൻ കഴിയുന്ന വിധത്തിൽ, പരിമിതമായെങ്കിലും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പ്രശസ്ത ഭരണഘടനാ പണ്ഡിതനായ ഗ്രാൻവിൽ ഓസ്റ്റിൻ നമ്മുടെ ഭരണഘടനയെ "പ്രാഥമികമായി, ഒരു സാമൂഹിക രേഖ' എന്നാണ് വിശേഷിപ്പിച്ചത്. സാമൂഹികവും സാമ്പത്തികവുമായ നീതിക്കായുള്ള അന്വേഷണം ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ തന്നെ നിറഞ്ഞുനിൽക്കുന്നു. അതിനാൽ, ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത ഈ മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുന്നതിലും സംതൃപ്തി നൽകുന്ന മറ്റെന്തുണ്ട്?

ലോക ബാങ്കിന്‍റെ സമീപകാല റിപ്പോർട്ട് പ്രകാരം ഏകദേശം 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയിട്ടുണ്ട്. തലമുറകളായി അനുഭവിച്ച ദാരിദ്ര്യത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിതരായ കോടിക്കണക്കിന് മാതാപിതാക്കൾക്ക് ഇപ്പോൾ മക്കളുടെ മെച്ചപ്പെട്ട ഭാവിയെക്കുറിച്ച് സ്വപ്നം കാണാം.

പ്രധാൻമന്ത്രി ആവാസ് യോജന ഒരു കുടുംബത്തെ ഓലമേഞ്ഞ വീടുകളിൽ നിന്ന് ഉറപ്പുള്ള വീടുകളിലേക്ക് എത്തിക്കുമ്പോൾ, അന്തസോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ വാഗ്ദാനം യാഥാർഥ്യമാകുന്നു. ഉജ്വല യോജന ഒരു അമ്മയെ പുക നിറഞ്ഞ അടുക്കളയിലെ ദുരിതങ്ങളിൽ നിന്ന് മോചിപ്പിക്കുമ്പോൾ, സമത്വത്തിന്‍റെയും ക്ഷേമത്തിന്‍റെയും ആശയങ്ങൾ നാം മുന്നോട്ടുകൊണ്ടുപോകുന്നു. ആയുഷ്മാൻ ഭാരത് ഒരു പാവപ്പെട്ട കുടുംബത്തിന് കടബാധ്യതയുടെ ഭയമില്ലാതെ മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുമ്പോൾ, സാമൂഹിക നീതി ജീവിതത്തിൽ അനുഭവിക്കാവുന്ന യാഥാർഥ്യമായി മാറുന്നു. മുദ്രയും പിഎം സ്വനിധി പദ്ധതിയും ചെറുകിട സംരംഭകർക്കും വഴിയോര കച്ചവടക്കാർക്കും ഈടില്ലാത്ത വായ്പ ലഭ്യമാക്കുമ്പോൾ, സാമ്പത്തിക നീതി പ്രാവർത്തികമാകുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യയും യുപിഐ പോലുള്ള പ്ലാറ്റ്‌ഫോമുകളും എല്ലാ വേർതിരിവുകളെയും മറികടന്ന്, ഒരുകാലത്ത് ചുരുക്കം ചിലർക്ക് മാത്രം ലഭ്യമായിരുന്ന അവസരങ്ങൾ ഓരോ പൗരന്‍റെയും കൈകളിലേക്ക് എത്തിക്കുമ്പോൾ, എല്ലാവരെയും ഉൾക്കൊള്ളുക എന്ന ഭരണഘടനാ ആദർശത്തെ നാം മുന്നോട്ട് കൊണ്ടുപോകുന്നു

ഈ ഭരണഘടനാ ദർശനത്തിന്‍റെ നിരവധി പ്രതിഫലനങ്ങൾ ഇനിയുമുണ്ട്. നാം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളെയും ഇതേ കാഴ്ചപ്പാടിലൂടെ വിലയിരുത്താം. 101ാം ഭേദഗതി ഏറെക്കാലമായി കാത്തിരുന്ന ജിഎസ്ടി പരിഷ്കാരത്തിന് വഴിയൊരുക്കി. 102ാം ഭേദഗതി ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാപരമായ പദവി നൽകി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ദീർഘകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്.

103ാം ഭേദഗതിക്ക് വിപുലമായ സാമൂഹിക അംഗീകാരം ലഭിച്ചു. നിലവിലുള്ള സംവരണ സംവിധാനത്തിന് പുറത്തുള്ള സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ, ദീർഘകാലമായി അവഗണിക്കപ്പെട്ട ആഗ്രഹങ്ങൾ പരിഗണിച്ചുകൊണ്ട് സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ഈ ഭേദഗതി വഴിയൊരുക്കി. 1950നുശേഷം ആദ്യമായി, ഭരണഘടനയുടെ പുതുക്കിയ പതിപ്പ് എട്ടാം പട്ടികയിലെ 22 ഭാഷകളിലും ലഭ്യമായിരിക്കുകയാണ്. ഇതിലൂടെ ഭരണഘടന ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നു.

1950ൽ നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ശേഷവും 1860-കളിൽ രൂപപ്പെടുത്തിയ കൊളോണിയൽ ശിക്ഷാനിയമം അനുസരിച്ചായിരുന്നു നമ്മൾ ഭരിക്കപ്പെട്ടിരുന്നത്. ഭാരതീയ ന്യായ സംഹിതയിലൂടെ, ശിക്ഷ (ദണ്ഡ്) എന്ന കൊളോണിയൽ സമീപനത്തിൽ നിന്ന് പൗരകേന്ദ്രിതമായ നീതി (ന്യായ്) എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ട് നമ്മുടെ ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചത്.

കഴിഞ്ഞ ദശകത്തിൽ പൗരന്‍റെ കടമകൾ അഥവാ കർത്തവ്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. സമൂഹത്തിലെ ഓരോ സ്ഥാനത്തിനും ഒപ്പം വരുന്ന ഉത്തരവാദിത്തങ്ങളെ നമ്മുടെ നാഗരികത എക്കാലവും പ്രാധാന്യത്തോടെ കണ്ടിട്ടുണ്ട്. സ്വച്ഛ് ഭാരത് മുതൽ ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വരെയുള്ള നിരവധി ജനകീയ മുന്നേറ്റങ്ങളിൽ കർത്തവ്യബോധം പ്രതിഫലിച്ചിട്ടുണ്ട്.

എന്നാൽ, പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നുന്ന മറ്റൊരു യാഥാർഥ്യവുമുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടവർ തന്നെ അതിനെ ദുർബലപ്പെടുത്താൻ ശ്രമിച്ച ചില സന്ദർഭങ്ങൾ നമ്മുടെ ചരിത്രത്തിലുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, 5 പതിറ്റാണ്ടോളം ഇന്ത്യ ഭരിക്കാൻ അവസരം ലഭിച്ചവരാണ് ഇവർ. 1951ലെ ഒന്നാം ഭരണഘടനാ ഭേദഗതിക്ക് 75 വർഷം തികയുകയാണ് ഈ വർഷം. ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഒരു ഗവൺമെന്‍റ്, താൽക്കാലിക പാർലമെന്‍റിലെ ഭൂരിപക്ഷം ഉപയോഗിച്ച് മൗലിക സ്വാതന്ത്ര്യങ്ങൾ പരിമിതപ്പെടുത്തിയ ഭേദഗതിയായിരുന്നു അത്. ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം മുമ്പ് ഈ ഭേദഗതി കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനും പൊതുജനങ്ങളുടെ എതിർപ്പിനെ അടിച്ചമർത്താനും ലക്ഷ്യമിട്ടതാണെന്ന് വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥയുടെ കാലത്ത് കൊണ്ടുവന്ന 42ാം ഭേദഗതിക്ക് 50 വർഷം തികയുന്നതും ഈ വർഷമാണ്. ഇത് ജുഡീഷ്യൽ റിവ്യൂവിന്‍റെ അധികാരം പരിമിതപ്പെടുത്തുകയും സ്ഥാപനങ്ങൾ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുകയും ചെയ്തു. അധികാരമോഹിയായ, ഭരണഘടനാ വിരുദ്ധമായ നേതൃത്വത്തിന് എന്തൊക്കെ ചെയ്യാനാകുമെന്ന് മനസിലാക്കാൻ 38, 39 ഭേദഗതികൾ പഠിക്കാൻ യുവജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്‍റുകളെ പിരിച്ചുവിടാൻ 356ാം അനുച്ഛേദം ആവർത്തിച്ച് ദുരുപയോഗം ചെയ്തതും ചരിത്രത്തിലെ മറ്റൊരു ആശങ്കാജനകമായ അധ്യായമാണ്. ഏകദേശം 100 തവണ 356ാം അനുച്ഛേദം പ്രയോഗിച്ചെന്ന സംശയാസ്പദമായ റെക്കോർഡ് ഒരു പാർട്ടിക്കുണ്ട്. ഈ മേഖലയിൽ അരനൂറ്റാണ്ടിന്‍റെ റെക്കോർഡ് സ്വന്തമാക്കിയ ഒരു മുൻ പ്രധാനമന്ത്രിയുമുണ്ട്.

ഭരണഘടന ഇന്ത്യയിലുടനീളം അക്ഷരാർഥത്തിൽ നടപ്പാക്കപ്പെടുമെന്നാണ് ഭരണഘടനാ ശിൽപ്പികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 70 വർഷത്തിലേറെ കാലം 370, 35എ അനുച്ഛേദങ്ങൾ ജമ്മു കശ്മീരിൽ ഭരണഘടന പൂർണമായി നടപ്പാക്കുന്നതിന് തടസമായി. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവരുടെ അവകാശങ്ങൾ ഇതിലൂടെ ഹനിക്കപ്പെട്ടു. 2019ൽ മാത്രമാണ് ഈ ചരിത്രപരമായ തെറ്റ് തിരുത്തിയത്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഗോത്രവർഗ മേഖലകളിൽ, പതിറ്റാണ്ടുകളായി നക്സലുകൾ തോക്കിന്‍റെ ശക്തി ഉപയോഗിച്ച് ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിച്ചു. ഈ വർഷം നക്സലിസം വിജയകരമായി ഇല്ലാതാക്കാനായത് പ്രത്യേക സന്തോഷം നൽകുന്നു. ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് ഭയമില്ലാതെ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കാൻ ഇതിലൂടെ അവസരമൊരുങ്ങിയിരിക്കുന്നു. നമ്മുടെ കാലത്തിന്‍റെ യാഥാർഥ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന, എന്നാൽ വികസന മുന്നേറ്റങ്ങളെ തടസപ്പെടുത്താനുള്ള ശ്രമങ്ങളിൽ തുടരുന്ന "ദിമാഗി നക്സലുകൾ' മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഒബിസി സംവരണം കുറയ്ക്കാനും മുസ്‌ലിം സംവരണം കൊണ്ടുവരാനും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി ആഗ്രഹിക്കുന്നുവെന്നത് അങ്ങേയറ്റം ഖേദകരമാണ്. ഭരണഘടനാ ശിൽപ്പികൾ, പ്രത്യേകിച്ച് ഡോ. ബാബാസാഹേബ് അംബേദ്കർ, ഇതിന് പൂർണമായും എതിരായിരുന്നു. ഭരണഘടനയുടെ രൂപീകരണത്തിന് സംഭാവന നൽകിയ ശ്രദ്ധേയരായ വനിതകളെ അംഗീകരിക്കാതെ ഭരണഘടനയുടെ യാത്ര പൂർണമാകില്ല. എന്നാൽ ഈ വർഷം ആദ്യം സംഭവിച്ചത് നമ്മെ ലജ്ജിപ്പിക്കുന്നതാണ്. നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട നിയമനിർമാണം പാസാക്കുന്നതിന് ഒരു പ്രതിപക്ഷ പാർട്ടി തടസം സൃഷ്ടിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അവരുടെ അവഗണന ഒരിക്കൽ കൂടി ഇതിലൂടെ പ്രകടമായി. ഇന്ത്യയിലെ നാരീശക്തിക്ക് ഞാൻ ഉറപ്പുനൽകുന്നു; അവർക്ക് നീതി ഉറപ്പാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും നമ്മെ തടയാനാവില്ല.

നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വ്യക്തമായി നിർവചിക്കപ്പെട്ട പങ്കുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ, പ്രധാന പാർട്ടി ഇന്ന് "പ്രതിപക്ഷ'ത്തേക്കാൾ "തടസവാദപക്ഷ'മായി മാറിയിരിക്കുന്നതായി തോന്നുന്നു. ജനാധിപത്യ പ്രക്രിയകൾ തടസപ്പെടുത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് പകരമാകില്ലെന്ന് അവർ തിരിച്ചറിയണം.

ഇന്ത്യ ഇന്ന് നിർണായകമായ ഒരു ഘട്ടത്തിലാണ്. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, നമ്മുടെ കൂട്ടായ പരിശ്രമങ്ങളെ നയിക്കാൻ ലളിതവും ശക്തവുമായ രണ്ട് തത്വങ്ങൾ നമുക്ക് മുന്നിലുണ്ട്: നമ്മുടെ ചിന്തകളിൽ "ഇന്ത്യ ആദ്യം', പ്രവർത്തനങ്ങളിൽ "കർത്തവ്യം' (കടമകൾ). ഈ തത്വങ്ങളെ വഴികാട്ടികളായും ഭരണഘടനയെ നമ്മുടെ ശക്തിയുടെ ഉറവിടമായും സ്വീകരിച്ചുകൊണ്ട്, വരും തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാൻ നമുക്ക് കഴിയും.