

സംയോജിത പോഷക പരിപാലനം ഹരിതാഭമായ ഭാവിയിലേക്ക്
file photo
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പോഷക പരിപാലനത്തിന് സുപ്രധാന പങ്ക്
പതിറ്റാണ്ടുകളായി ഇന്ത്യൻ കാർഷിക മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, ആ പുരോഗതി പലപ്പോഴും ഏറ്റവും വിലമതിക്കപ്പെടുന്ന വിഭവമായ മണ്ണിന്റെ ആരോഗ്യം അവഗണിച്ചുകൊണ്ടായിരുന്നു എന്നതാണ് വസ്തുത. ഇന്ന് വർധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവും സംയുക്തമായി സൃഷ്ടിക്കുന്ന ഇരട്ട വെല്ലുവിളികളെ നേരിടുമ്പോൾ, രാസവളങ്ങളുടെ ""കൂടുതൽ ഉപയോഗം, കൂടുതൽ വിളവ്'' എന്ന സമീപനം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.
ദീർഘകാല ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കിൽ, ഇന്ത്യ സംയോജിത പോഷക പരിപാലനത്തിലേക്ക് (ഐഎൻഎം) തിരിയേണ്ടത് അനിവാര്യമാണ്. ഭൂമിയുടെ ചൈതന്യം പുനഃസ്ഥാപിക്കാൻ ആധുനിക ശാസ്ത്രത്തെയും പരമ്പരാഗത കാർഷിക വിജ്ഞാനത്തെയും ഏകോപിപ്പിച്ച് മണ്ണിന്റെ ചൈതന്യവും ഉത്പാദനശേഷിയും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര തന്ത്രമാണ് ഐഎൻഎം.
കാൽച്ചുവട്ടിലെ പ്രതിസന്ധികൾ
ചെറുകിട, നാമമാത്ര ഭൂവുടമകളായ ഇന്ത്യൻ കർഷകർ നൈട്രജൻ അടങ്ങിയ രാസവളങ്ങളെ അമിതമായി ആശ്രയിച്ചാണ് ഇന്ത്യൻ കാർഷിക മേഖലയെ സമ്പന്നമാക്കുന്നത്. വർഷങ്ങളായി നടക്കുന്ന അസന്തുലിതമായ വളപ്രയോഗവും, തുടർച്ചയായ ഏകവിള കൃഷിയും മണ്ണിന്റെ ഗുണമേന്മയിൽ ഗുരുതരമായ ക്ഷയത്തിന് കാരണമായിട്ടുണ്ട്. സൾഫർ, സിങ്ക്, ബോറോൺ എന്നിവയടങ്ങിയ ദ്വിതീയ സൂക്ഷ്മ പോഷകങ്ങൾ കുറഞ്ഞതിനാൽ മണ്ണിൽ "ബഹു പോഷക പരിമിതി' ഇപ്പോൾ വളരെ പ്രകടമാണ്.
മണ്ണിന്റെ ആരോഗ്യം കുറയുമ്പോൾ, "ഘടക ഉത്പാദനക്ഷമത' കുറയുന്നു - അതായത്, മുമ്പ് നേടിയിരുന്ന അതേ വിളവ് ലഭിക്കാൻ കർഷകർ കൂടുതൽ വളം ഉപയോഗിക്കേണ്ടിവരുന്നു എന്ന് സാരം. ഈ ചക്രം ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നതിനു പുറമെ, ഇന്ത്യയിലെ കാലാവസ്ഥാ സാഹചര്യങ്ങളിൽ പതിവായി ഉണ്ടാകുന്ന അനിയന്ത്രിതമായ മഴയും വരൾച്ചയും വിളകളിൽ കൂടുതൽ ആഘാതമേൽപ്പിക്കുകയും ചെയ്യുന്നു.
എന്താണ് സംയോജിത പോഷക പരിപാലനം?
ആധുനിക രാസവളങ്ങളെ പൂർണമായും ഒഴിവാക്കുകയെന്നതല്ല, മറിച്ച് രാസവളങ്ങളെ ജൈവളങ്ങളും മറ്റ് പ്രകൃതിസ്രോതസുകളുമായി സമന്വയിപ്പിച്ച് കൂടുതൽ വിവേകപൂർവ്വമായി ഉപയോഗിക്കുകയെന്നതാണ് ഐഎൻഎം (Integrated Nutrient Management) വിഭാവനം ചെയ്യുന്നത്. മണ്ണിന്റെ ആരോഗ്യത്തിനുള്ള ഒരു സമഗ്ര "പോഷകക്രമം' ആണത്. അതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
രാസവളങ്ങൾ:
മണ്ണിന്റെ യഥാർഥ ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായ അളവിൽ പ്രയോഗിക്കുന്നു.
ജൈവ വളങ്ങൾ:
കാലിവളം (FYM), കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, പച്ചിലവളങ്ങൾ എന്നിവയുടെ ഉപയോഗം.
സൂക്ഷ്മ ജൈവ വളങ്ങൾ:
റൈസോബിയം, അസറ്റോബാക്റ്റർ, മൈക്കോറിസ തുടങ്ങിയ ഗുണപ്രദമായ സൂക്ഷ്മാണുക്കളുടെ ഉപയോഗത്തിലൂടെ നൈട്രജൻ സ്വാഭാവികമായി ലഭിക്കുകയും ഫോസ്ഫറസ് ലയിപ്പിക്കുകയും ചെയ്യുന്നു.
വിളാവശിഷ്ടങ്ങൾ:
കൃഷിയിലുണ്ടായ വിളാവശിഷ്ടങ്ങൾ ഭൂമിക്ക് മടക്കി നൽകുന്നു, ജൈവവും മറ്റ് സ്രോതസുകളുമായ സംയോജനം മുഖേന ഇത് മണ്ണിന്റെ സമഗ്ര പോഷക സന്തുലനം നിലനിർത്തുന്നു.
മണ്ണിന്റെ ആരോഗ്യത്തിന്റെ പ്രധാന സ്തംഭങ്ങൾ
ഐഎൻഎം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് മനസിലാക്കാൻ, മണ്ണിന്റെ മൂന്നു പ്രധാന സ്തംഭങ്ങൾ -ഭൗതികവും, രാസപരവും, ജീവശാസ്ത്രപരവുമായ ഘടകങ്ങൾ- നിരീക്ഷിക്കേണ്ടതുണ്ട്.
ഭൗതികം (Physical):
ഐഎൻഎം മണ്ണിന്റെ ഘടനയും ജലസംഭരണ ശേഷിയും മെച്ചപ്പെടുത്തുന്നു. മഴയെ ആശ്രയിക്കുന്ന ഒരു പ്രാദേശിക കർഷകനെ സംബന്ധിച്ചിടത്തോളം, മണ്ണ് ഒരു സ്പോഞ്ച് പോലെ പ്രവർത്തിക്കുകയും വരണ്ട സമയങ്ങളിൽ ഈർപ്പം കൂടുതൽ നേരം നിലനിർത്തുകയും ചെയ്യുന്നു എന്നാണ് ഇതിനർഥം.
രാസപരം Chemical):
ഇത് pH അളവ് സന്തുലിതമാക്കുകയും സ്ഥൂല, സൂക്ഷ്മ പോഷകങ്ങൾ മണ്ണിൽ നിന്ന് ഒഴുകിപ്പോകാതെ ചെടിയുടെ വേരുകൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ജീവശാസ്ത്രപരം (Biological):
പരമപ്രധാനമായി, സൂക്ഷ്മജീവി വൈവിധ്യത്തെയും മണ്ണിരകളുടെ എണ്ണത്തെയും ഐഎൻഎം വർധിപ്പിക്കുന്നു. നെല്ല്, ഗോതമ്പ്, കരിമ്പ് ബെൽറ്റുകൾ പോലുള്ള കാർഷിക തീവ്ര സംവിധാനങ്ങളിൽ പോഷക ചക്രീകരണത്തിനും ഉൽപാദനക്ഷമത നിലനിർത്തുന്നതിനും ഈ "ചെറിയ എഞ്ചിനീയർമാർ' നിർണായകമാണ്.
ഇന്ത്യൻ കർഷകർക്ക് ഏറ്റവും മികച്ച രീതികൾ
ഐഎൻഎമ്മിനെ ലാബിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിന് പ്രായോഗികവും പ്രാദേശികാധിഷ്ഠിതവുമായ തന്ത്രങ്ങൾ ആവശ്യമാണ്. സോയിൽ ഹെൽത്ത് കാർഡ് സ്കീം പോലുള്ള ദേശീയ സംരംഭങ്ങൾ ഊഹത്തിന് പകരം യഥാർഥ മണ്ണ് പരിശോധനകളെ അടിസ്ഥാനമാക്കി വളപ്രയോഗങ്ങൾ ശുപാർശ ചെയ്തുകൊണ്ട് വ്യക്തമായ രൂപരേഖ മുന്നോട്ടു വയ്ക്കുന്നു.
പ്രധാന പരിപാലന രീതികളിൽ, വിളകളുടെ നിർണായക വളർച്ചാ ഘട്ടങ്ങൾക്കനുപൂരകമായ രീതിയിൽ നൈട്രജൻ വിഭജിച്ച് പ്രയോഗിക്കുകയും, വേപ്പെണ്ണയിൽ പൊതിഞ്ഞ യൂറിയ പോലുള്ളവ ഉപയോഗിക്കുകയും ചെയ്യുന്നു. നൈട്രജൻ പുറത്തുവിടുന്നത് മന്ദഗതിയിലാക്കാനും പോഷക ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്താനും വിളവ് വർധിപ്പിക്കാനും പാഴാക്കൽ കുറയ്ക്കാനും കാർഷികേതര ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നത് തടയാനും സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തമാണ് ഇത്.
നെല്ലിലെ ലീഫ് കളർ ചാർട്ട് (എൽസിസി) പോലുള്ള ലളിതവും കുറഞ്ഞ ചെലവിലുള്ള ഉപാധികൾ യൂറിയ എപ്പോഴാണ് പ്രയോഗിക്കേണ്ടതെന്ന് കൃത്യമായി നിർണയിക്കാൻ കർഷകരെ സഹായിക്കുന്നു. ഇത് വളത്തിന്റെ അതിപ്രസരവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നു. ഒപ്പം, പയർവർഗ കൃഷി രീതികളുമായി സമന്വയിപ്പിക്കുന്നതിലൂടെ സ്വാഭാവിക നൈട്രജൻ വർധിക്കുകയും, മുഴുവൻ ആവാസവ്യവസ്ഥയുടെയും ഉത്പാദനക്ഷമത മെച്ചപ്പെടുകയും ചെയ്യുന്നു.
അടിസ്ഥാനതല സ്വാധീനവും സാമ്പത്തിക നേട്ടങ്ങളും
അടിസ്ഥാന കാർഷിക തലത്തിലാണ് ഐഎൻഎമ്മിന്റെ പ്രസക്തി ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. ഇന്ത്യയിലുടനീളമുള്ള കൃഷിയിടങ്ങളിലെ ദീർഘകാല പരീക്ഷണങ്ങൾ തെളിയിക്കുന്നത് രാസവളങ്ങളുടെയും ജൈവവസ്തുക്കളുടെയും സംയോജിത ഉപയോഗം രാസവളങ്ങൾ മാത്രം ഉപയോഗിക്കുന്നതിനേക്കാൾ ഉയർന്ന വിളവ് സാധ്യമാക്കുന്നു എന്നാണ്. നേട്ടങ്ങൾ പ്രകടമാണ്:
കുറഞ്ഞ ചെലവ്:
വിലകൂടിയ രാസവസ്തുക്കൾ കൃഷിയിടത്തിലെ ജൈവ വിഭവങ്ങൾ ഉപയോഗിച്ച് ഭാഗികമായി മാറ്റിസ്ഥാപിക്കുന്നത് ബാഹ്യ ഇൻപുട്ടുകളുടെ ആവശ്യകത കുറയ്ക്കുന്നു.
പ്രതിരോധ ശേഷി:
വേരുകളുടെ മെച്ചപ്പെട്ട വളർച്ചയും മണ്ണിന്റെ ചരിവും വിളകളെ കൂടുതൽ "കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതാക്കുന്നു", ഇത് വരൾച്ച മൂലമുള്ള സമ്മർദ്ദങ്ങളെ നേരിടാൻ സഹായിക്കുന്നു.
ഗുണനിലവാരം:
സിങ്ക്, ഇരുമ്പ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ വിള വർധനവിലും ഉത്പന്ന ഗുണനിലവാരത്തിലും പ്രകടമായ പുരോഗതി ദൃശ്യമാകുന്നു.
മുന്നോട്ടുള്ള സുസ്ഥിരമാർഗം
വ്യക്തിഗത കൃഷിയിടത്തിനപ്പുറം, പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ ദേശീയ മുൻഗണനകളുമായി ഐഎൻഎം യോജിക്കുന്നു. ചോർച്ചയിലൂടെയും ബാഷ്പീകരണത്തിലൂടെയും ഉള്ള പോഷക നഷ്ടം കുറച്ചുകൊണ്ട്, ഈ സമീപനം മണ്ണ് മലിനീകരണവും ഹരിതഗൃഹ വാതക ബഹിർഗമനവും കുറയ്ക്കാൻ സഹായിക്കുന്നു.
ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോൾ, നമ്മുടെ മണ്ണിനെ അനിയന്ത്രിതമായി "ചൂഷണം' ചെയ്യാൻ കഴിയില്ലെന്നത് സുവ്യക്തമാണ്. സംയോജിത പോഷക പരിപാലനം, കർഷക കേന്ദ്രീകൃതവും വിപുലീകരിക്കാവുന്നതുമായ ഒരു മാർഗം മുന്നോട്ടു വയ്ക്കുന്നു. അത് നമ്മുടെ കാർഷിക സംവിധാനങ്ങൾ വരും തലമുറകൾക്കും ഗുണപ്രദമാകും വിധം നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നു. നമ്മുടെ മണ്ണിനെ വെറും മണ്ണായിട്ടല്ല, മറിച്ച് ഒരു രാജ്യത്തെ പോറ്റാൻ ആവശ്യമായ, സന്തുലിതവും സുസ്ഥിരവുമായ ജീവസുറ്റ പ്രവർത്തന സംവിധാനമായാണ് കണക്കാക്കേണ്ടതെന്ന് സാരം.
(ഉത്തർപ്രദേശിലെ കാൺപുരിലുള്ള ഐസിഎആർ- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ചിലെ ശാസ്ത്രജ്ഞയാണ് ലേഖിക)