
ഇടുക്കി കയ്യേറ്റ മേഖല
FILE PHOTO
മൂന്നാർ മുതലിങ്ങോട്ട് കുമളി വരെയുള്ള ഇടുക്കി ജില്ലയിലെ തമിഴ് അതിർത്തി മേഖല കൈയടക്കാനുള്ള അന്തർ സംസ്ഥാന ലോബിയുടെ ശ്രമം ഇന്നു തുടങ്ങിയതല്ല. പൊൻമുട്ടയിടുന്ന താറാവിനെ റാഞ്ചാൻ ഒരുങ്ങിയിരിക്കുന്ന ഗരുഡക്കൂട്ടത്തെ തന്നെയാണ് ഇവിടെ കാണാനാകുക. അതിൽ അടുത്ത കാലത്ത് നമ്മളെയൊക്കെ ഇരുത്തി ചിന്തിപ്പിച്ച ഒന്നാണ് കൊട്ടാക്കമ്പൂരിലെ അനധികൃത പട്ടയകച്ചോടങ്ങൾ.
കൊട്ടാക്കമ്പൂർ
file photo
2017ൽ ഒന്നു പുകഞ്ഞു കത്തിയതാണ് കൊട്ടാക്കമ്പൂർ, കടവരി പ്രദേശങ്ങൾ. പട്ടയത്തിന്‍റെ പേരിൽ നടന്ന പുകഞ്ഞു കത്തലുകളായിരുന്നു അവ. കൊട്ടാക്കമ്പൂരിലെ പട്ടയങ്ങളിലെ അശാസ്ത്രീയതയും എങ്ങനെയെങ്കിലും പട്ടയം നേടാനുള്ള വക്രതയുമായിരുന്നു ആ വിവാദപ്പുകച്ചിലിനാധാരം . മറ്റെവിടെയുമുള്ള മണ്ണിനെക്കാൾ മൂന്നാറ്റിലെ മണ്ണ് അന്തർസംസ്ഥാന ലോബിയ്ക്ക് പ്രിയതരം. അതിനു കാരണങ്ങളൊരുപാട്. മൂന്നാറിലെ പണം കൊയ്യുന്ന ഏലക്കാടുകൾ ഒരു വശത്ത്, മൂന്നാർ-കൊടൈക്കനാൽ ദേശീയപാത വരുന്നു എന്ന അറിവ് മറ്റൊരു വശത്ത്, പൊന്നു വിളയുന്ന മണ്ണാണെന്ന വാസ്തവം മറ്റൊരു വശത്ത്. അന്തർസംസ്ഥാന ലോബികൾ കേരളത്തിന്‍റെ കിഴക്കൻ അതിർത്തി മേഖലകൾ നോക്കി വെള്ളമിറക്കുന്നതിന്‍റെ കാരണങ്ങളിൽ ചിലതു മാത്രമാണിത്. മുല്ലപ്പെരിയാർ എന്ന വൈകാരിക വിഷയം പറയാനുമില്ല.
ഈ ആക്രാന്തത്തിൽ നിന്നാണ് 2017ൽ കൊട്ടാക്കമ്പൂർ ഭൂമി വിവാദം ഉരുത്തിരിഞ്ഞത്.വിവാദഹേതുവായ കൊട്ടാക്കമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിലെ 1983 ഹെക്റ്ററോളം നിർദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന പരിധിയിൽ പെടുന്ന സ്ഥലമായിരുന്നു. ഇവിടെയാണ് 151 പേർ കൈവശഭൂമി തരപ്പെടുത്തിയത് . ഇതിൽ 100 പട്ടയങ്ങളും ചൈന്നൈ ആസ്ഥാനമാക്കിയുള്ള മൈജോ ജോസഫ് കമ്പനിയുടേതായിരുന്നു എന്നതിന് തെളിവുകളും അന്നു പുറത്തു വന്നു . ഈ നൂറെണ്ണത്തിൽ 24 പട്ടയങ്ങൾ മൈജോ ജോസഫിന്‍റെ പേരിലായിരുന്നു . ബാക്കിയുള്ള 76 പട്ടയങ്ങൾ തമിഴ് കർഷകരുടെ പേരിലും. ഇവയിൽ ഭൂരിഭാഗവും വ്യാജപട്ടയങ്ങളാണെന്ന് കണ്ടെത്തിയ സബ്കലക്റ്റർ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായതിനു കാരണവും മറ്റൊന്നല്ല . ഈ പട്ടയങ്ങളിൽ ഭൂരിഭാഗവും പ്രദേശവാസികളുടേതല്ല , എന്നു തന്നെയല്ല ലഭിച്ചവരിൽ പലരും കർഷകരുമല്ല. അപ്പോൾപ്പിന്നെ ഇതാർക്കു വേണ്ടി? 1993 ലാണ് മൈജോ ജോസഫ് പട്ടയങ്ങൾ തരപ്പെടുത്തിയത് . ആ പട്ടയങ്ങളുടെ പവർ ഒഫ് അറ്റോർണിയാണ് പിന്നീട് മൈജോ ജോസഫ് ബിനാമി പേരുകളിലേക്കു മാറ്റിയത് . ഇതും സബ് കലക്റ്ററുടെ റിപ്പോർട്ടിൽ പറയുന്നുണ്ട് .
വട്ടവട-കൊട്ടാക്കമ്പൂർ
FILE PHOTO
1988ലെ റീസർവേ പറയുന്നത് വട്ടവട-കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ 1971 നു മുമ്പ് ആരുടെയും കൈവശം ഇവിടെ ഭൂമിയില്ലെന്നാണ് . അങ്ങനെയെങ്കിൽ 2017ൽ അവിടെ 151 പട്ടയങ്ങൾ ആരു കൊടുത്തു? എങ്ങനെ കിട്ടി? ഇവിടെയാണ് ഭൂമാഫിയയുടെ കള്ളക്കളികൾ തെളിയുന്നത് .
1964 ലെ ഭൂപതിവു ചട്ടപ്രകാരം രണ്ടു വ്യവസ്ഥകളിലാണ് പട്ടയം ലഭിക്കുക. കൈവശമുള്ള ഭൂമിക്ക് നൽകുന്ന പട്ടയവും കൃഷിക്കും താമസത്തിനുമായി ഭൂരഹിതർക്കു സൗജന്യമായി പതിച്ചു നൽകുന്ന ഭൂമിയ്ക്കു നൽകുന്ന പട്ടയ വ്യവസ്ഥയുമാണിവ. ഇതാണ് ഇവിടെ ഭൂമാഫിയ ആയുധമാക്കിയത് . ഭൂരഹിതർക്കു സൗജന്യമായി പതിച്ചു നൽകുന്ന നൽകുന്ന ഭൂമി 25 വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പറ്റില്ലെന്ന വ്യവസ്ഥയുമുണ്ട് .
ഈ വ്യവസ്ഥയുടെ മറവിലാണ് ചെന്നൈയിലെ ഭൂമാഫിയ എഴുപത്താറു പട്ടയങ്ങൾ സംഘടിപ്പിച്ചത്. കല്ലമ്പലം, പച്ചപ്പുല്ല്, ഉപ്പള തുടങ്ങിയ സ്ഥലത്ത് കയ്യേറ്റക്കാർ പാറ പൊട്ടിച്ച് ഉണ്ടാക്കിയെടുത്തത് രണ്ടര കിലോമീറ്റർ ദൂരത്തിൽ പത്തു മീറ്റർ വീതിയിൽ ഉള്ള റോഡാണ്. കൊട്ടാക്കമ്പൂരിൽ 344. 5 ഏക്കറും പരുന്തുംപാറ, വാഗമൺ, ചൊക്രമുടി, ചിന്നക്കനാൽ, മാങ്കുത്തിമേട്, അണക്കര എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമിയുമാണ് ചെന്നൈ ലോബി കയ്യേറിയത്. ഇടുക്കിയിലെ കർഷകരുടെ പട്ടയം തടയാൻ മുൻകൈയെടുക്കുന്ന സർക്കാർ ഈ ചെന്നൈ ലോബിയ്ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം ഒരു കേസു പോലും എടുത്തിട്ടില്ല നാളിതു വരെ.
ജോയ്സ് ജോർജിന്‍റെ വിവാദ ഭൂമിയായ 28 ഏക്കർ ജോയ്സിന്‍റെ പിതാവ് ജോർജ് അന്നത്തെ ആദിവാസികളിൽ നിന്നു മുക്ത്യാർ എഴുതി വാങ്ങിയ ഭൂമി പിന്നീട് മക്കൾക്കും ഭാര്യയ്ക്കുമായി വിൽപത്രം എഴുതി നൽകിയതാണ് . ആദിവാസികളിൽ നിന്നു നിയമവിരുദ്ധമായി നേടിയ ഭൂമിയായതു കൊണ്ടാണ് പിന്നീടതു ജോയ്സിന്‍റെ പേരിലാക്കാൻ അനാവശ്യ തിടുക്കം ബന്ധപ്പെട്ടവർ കാട്ടിയതും അതേത്തുടർന്നു നിരവധി ആരോപണങ്ങളുയർന്നതും . തുടർന്ന് ജോയ്സ് ജോർജിന്‍റെയും ബന്ധുക്കളുടെയും പേരിലുള്ള ബ്ലോക്ക് നമ്പർ 58ലെ അഞ്ചു തണ്ടപ്പേരുകൾ കോടതി റദ്ദു ചെയ്യുകയായിരുന്നു. റദ്ദാക്കിയ ജോയ്സിന്‍റെ പട്ടയങ്ങൾ അടക്കമുള്ള ഈ വ്യാജപട്ടയങ്ങൾ കമ്മിറ്റി കൂടി പാസാക്കിയവയല്ല . ലാൻഡ് രജിസ്റ്റർ എന്ന പേരിലറിയപ്പെടുന്ന റീസർവേ ഫെയർ ഫീൽഡ് രജിസ്റ്റർ റീസർവേ സമയത്ത് സ്ഥലത്തു നേരിട്ടു പരിശോധന നടത്തി തയാറാക്കുന്ന ആധികാരിക രേഖയാണ് എന്നതു കൊണ്ടു തന്നെ ജോയ്സിന്‍റെ ഭൂമി പിതൃസ്വത്താണെന്ന വാദം നിലനിൽക്കില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
മൈജോ ജോസഫിന്‍റെ ബിനാമികൾ തമിഴ് വംശജരായ പട്ടികജാതിക്കാരായതും ഭൂരഹിതർക്കു സൗജന്യമായി പതിച്ചു നൽകുന്ന നൽകുന്ന ഭൂമി 25 വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പറ്റില്ലെന്ന നിയമത്തിലെ ഈ പഴുതിലൂടെയാണ്. 1971 നു മുൻപ് സമ്പൂർണമായും സ്വാഭാവിക വനമായിരുന്നിടത്ത് ഇപ്പോഴെങ്ങനെയെത്തി തമിഴ് വംശജരായ ആദിവാസികൾ? എഴുപത്തി നാലു മുതൽ ഇവിടെ നടത്തിയ റീസർവേയിൽ തയാറാക്കിയ ലാൻഡ് രജിസ്റ്ററിലെവിടെയും ബ്ലോക്ക് നമ്പർ 58 ൽ ആർക്കും കൈവശമില്ലാത്ത തരിശാണ് 1964 റൂളിൽ സെഷൻ 12(3) . ഇത് അനുസരിച്ച് താലൂക്ക് തലത്തിൽ ലാൻഡ് അസൈൻമെന്‍റ് കമ്മിറ്റി കൂടി കമ്മിറ്റി പാസാക്കുന്ന അപേക്ഷകൾക്കു മാത്രമേ പട്ടയം നൽകാൻ പാടുള്ളു .
ഇതിനോടു ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് അഞ്ചു നാടു വില്ലേജിലെ ഭൂമി കൈയേറ്റം . ഇവിടെ എത്രത്തോളം ഭൂമിയുണ്ടെന്നോ ഭൂമിയുടെ രേഖകൾ കൃത്യമാണോ എന്നതിലോ റവന്യൂ വകുപ്പിനു പോലും വ്യക്തതയില്ല . അതിനു കാരണം ഇവിടുത്തെ കർഷക സംഘം എന്ന സംഘടനയാണ് . ഇതിന്‍റെ തലവനാകട്ടെ പ്രാദേശിക ഇടതു പക്ഷ നേതാവായ ലക്ഷ്മണനും . ലക്ഷ്മണന് ഇവിടെ രണ്ടരയേക്കറോളം അനധികൃത ഭൂമിയുള്ളതാണ് കർഷക സംഘം റവന്യൂ വകുപ്പിനെ പ്രദേശത്തെ ഭൂമിയുടെ രേഖകൾ പരിശോധിക്കാൻ അനുവദിക്കാത്തതിനു കാരണമെന്നാണ് മറുവാദം. എന്നാലതിനുമപ്പുറത്ത് കർഷകസംഘം അംഗങ്ങളുടെ ആയിരക്കണക്കിന് ഏക്കർ വരുന്ന ഗ്രാന്‍റീസ് തോട്ടങ്ങൾ അനധികൃതമായി കൈയേറിയതാണെന്നാണ് വസ്തുതകൾ . ഇതാകട്ടെ അന്യജില്ലക്കാരും അന്യസംസ്ഥാനക്കാരുമാണ് കൂടുതലും കൈയേറിയിരിക്കുന്നത് .
നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ച ശേഷം അതിർത്തികളുടെ നിർണയത്തിനും കർഷകർക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സെറ്റിൽമെന്‍റ് പദ്ധതിക്കായും സബ് കലക്റ്റർ ശ്രീറാം വെങ്കിട്ട രാമനടക്കമുള്ളവർ ശ്രമിച്ചെങ്കിലും കർഷക സംഘം എന്ന സംഘടനയുടെ പ്രതിഷേധം മൂലം നടപ്പായില്ല . അന്ന് 28 ദിവസം ദേവികുളം ആർടിഒ ഓഫീസിനു മുന്നിൽ സമരം നടത്തിയാണ് സിപിഎമ്മിന്‍റെ പോഷക സംഘടനയായ കർഷകസംഘം ഈ നീക്കം പരാജയപ്പെടുത്തിയത് . തങ്ങൾക്കുള്ള അനധികൃത ഭൂമി സംരക്ഷിക്കുകയാണ് സമരങ്ങളുടെയെല്ലാം ലക്ഷ്യം . പറയുന്നതാകട്ടെ കർഷകദ്രോഹമെന്ന പാഴ്വാക്കും .
ഇടുക്കിയിൽ ഏതു വിധേനയും ആധിപത്യം സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ വൻ പ്രോത്സാഹനമാണ് തമിഴ്ജനതയ്ക്കു നൽകുന്നത്. ഇതിന്‍റെ പൊളിറ്റിക്കൽ യുദ്ധമുറയാണ് ഇപ്പോൾ ഇടുക്കിയിൽ അരങ്ങേറുന്ന ഡിഎംകെയുടെ പ്രവേശനം എന്നു കരുതേണ്ടി വരും. അതെപ്പറ്റി നാളെ.