

പഹൽഗാം, മായാത്ത മുറിപ്പാട്.
File
ന്യൂഡൽഹി: ലോക ചരിത്രത്തിലെ ഏറ്റവും ഹീനമായ ഭീകരാക്രമണത്തിനു രാജ്യം ഇരയായിട്ട് ഇന്ന് ഒരു വർഷം. 2025 ഏപ്രിൽ 22ന് ഉച്ചയ്ക്കു ശേഷമായിരുന്നു ജമ്മു കശ്മീരിൽ പഹൽഗാമിനു സമീപം ബൈസരൺവാലിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ 25 സഞ്ചാരികളെയും ഒരു കുതിരക്കാരനെയും പാക് ഭീകരർ കൂട്ടക്കൊല ചെയ്തത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ സഞ്ചാരികളിലെ അമുസ്‌ലിംകളായ പുരുഷന്മാരെ മാത്രമായി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഭീകരർ. ഭാര്യയ്ക്കു മുന്നിൽ ഭർത്താവും പെൺമക്കൾക്കു മുന്നിൽ അച്ഛനും ഭീകരരുടെ ഇരകളായി. നിസഹായരായി നിലവിളിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്നുമുണ്ട് രാജ്യത്തിന്‍റെ ഹൃദയത്തിൽ.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും രോഷവും നടുക്കവുമുണ്ടാക്കിയ ആക്രമണങ്ങളിലൊന്നായിരുന്നു പഹൽഗാമിലേത്. ഇതിനെതിരേ കേന്ദ്ര സർക്കാർ സ്വീകരിച്ചതും ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത നടപടികളാണ്. ഭീകരതയോടുള്ള സമീപനത്തിൽ വലിയ മാറ്റമുണ്ടാക്കി പഹൽഗാം ആക്രമണം. തിരിച്ചടി രാജ്യത്തിന്‍റെ അവകാശമെന്നും അതെങ്ങനെ, എപ്പോൾ, എത്ര കാഠിന്യത്തിൽ വേണമെന്ന് ഇന്ത്യ തീരുമാനിക്കുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
സിന്ധു നദീജലക്കരാർ മരവിപ്പിച്ചതായിരുന്നു ആദ്യ നടപടി. 1960ൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ രൂപം കൊടുത്ത കരാറിനെ ബാധിക്കുന്ന ഒരു നടപടിയും മുൻപു പലതവണ യുദ്ധങ്ങളുണ്ടായിട്ടും ഇന്ത്യ സ്വീകരിച്ചിരുന്നില്ല. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നു പ്രഖ്യാപിച്ച് കേന്ദ്രം കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട സിന്ധു, ചിനാബ്, ഝലം നദികളിലെ വെള്ളം പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും തിരിച്ചുവിടാനുള്ള നടപടികൾ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര തലത്തിൽ സമ്മർദം ചെലുത്താനുള്ള പാക് ശ്രമങ്ങളൊന്നും ഫലവത്തായില്ല. ഒരു വർഷം പിന്നിടുമ്പോൾ ഈ നദികളിൽ ഇന്ത്യയുടെ അണക്കെട്ട് നിർമാണം ത്വരിത ഗതിയിൽ മുന്നേറുകയാണ്. കൃഷിക്ക് 90 ശതമാനവും സിന്ധു നദിയെ ആശ്രയിക്കുന്ന പാക്കിസ്ഥാനിൽ ഇതിന്‍റെ പ്രശ്നങ്ങളും ആശങ്കയും വർധിച്ചുവരുകയാണ്.
ഇതിനു പിന്നാലെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യൻ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചവർക്കെതിരേ നടത്തിയ സൈനിക നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന അർഥവത്തായ പേര്. ഉറി ആക്രമണത്തിന് പകരമായി സർജിക്കൽ സ്ട്രൈക്കും പുൽവാമയ്ക്ക് തിരിച്ചടിയായി ബാലാക്കോട്ട് വ്യോമാക്രമണവും നടത്തിയതിന്‍റെ ഓർമയിൽ പാക്കിസ്ഥാൻ സ്വീകരിച്ച എല്ലാ മുൻകരുതലുകളെയും വിഫലമാക്കി മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചു.
മുരിദ്കെയിലെ ലഷ്കർ ഇ തൊയ്ബ ആസ്ഥാനവും ബഹാവൽപുരിലെ ജയ്ഷ് ഇ മുഹമ്മദിന്‍റെ ആസ്ഥാനവും മുസാഫറാബാദ്, കോട്‌ലി, റവാലക്കോട്ട്, ചാക്സ്വാരി, ഭീംബർ, നീലംവാലി, ഝലം, ചക്‌വാൾ, സിയാൽക്കോട്ട്- ഷക്കർഗഡ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളും ഇന്ത്യ തകർത്തു. ജയ്ഷ് തലവൻ മസൂദ് അസറിന്‍റെ പതിനഞ്ചോളം കുടുംബാംഗങ്ങൾ ഉൾപ്പെടെ 150ലേറെ ഭീകരരെയാണ് ഇന്ത്യ വധിച്ചത്.
തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ പാക്കിസ്ഥാന്‍റെ സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലേതടക്കം വ്യോമതാവളങ്ങളും ഇന്ത്യ ചാരമാക്കി. ഇതോടെ, വെടിനിർത്തലിനു തയാറായ പാക്കിസ്ഥാന് ഒരു വർഷം പിന്നിടുമ്പോഴും ഇന്ത്യ തകർത്ത ഒരു ഡസനോളം സേനാ താവളങ്ങൾ പുനർനിർമിക്കാനായിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിന് അവസാനമില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. ഏതു ഭീകരാക്രമത്തിനും അപ്പോൾത്തന്നെ തിരിച്ചടിയുണ്ടാകുമെന്നതാണ് പഹൽഗാമിനുശേഷമുള്ള ഇന്ത്യയുടെ സമീപനം.
ഇതിനുശേഷമായിരുന്നു പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരരെ കണ്ടെത്താനും ഇല്ലാതാക്കാനും നടത്തിയ ഓപ്പറേഷൻ മഹാദേവ്. രഹസ്യാന്വേഷണ ഏജൻസികളും രക്ഷാസേനയും ഏകോപനത്തോടെ കശ്മീരിലെ വനമേഖലകൾ വളഞ്ഞ് നടത്തിയ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ മഹാദേവ്. ദുഷ്കരമായ തെക്കൻ കശ്മീരിലെ ത്രാൾ, ഹപ്തനഗർ, ബുഡ്ഗാം, ദച്ചിഗാം തുടങ്ങിയ പ്രദേശങ്ങളിലപ്പാടെ നടത്തിയ തെരച്ചിലിനൊടുവിൽ പഹൽഗാം ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത മുഖ്യ സൂത്രധാരൻ സുലൈമാൻ ഉൾപ്പെടെ മൂന്നു പാക് ഭീകരരെയും സൈന്യം വധിച്ചു. ഇവരിൽ സുലൈമാൻ പാക് സേനാ കമാൻഡോയായിരുന്നു. ഭീകരർക്ക് കശ്മീരിൽ ഒളിയിടമൊരുക്കിയ സഹോദരന്മാരടക്കം മൂന്നു പേരെ പിടികൂടുകയും ചെയ്തു.