പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് സ​ജീ​വ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ നി​രീ​ക്ഷ​ണം

സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന പ്ര​ധാ​ന ചാ​ല​ക ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല
Active  efficient monitoring  project

സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന പ്ര​ധാ​ന ചാ​ല​ക ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല

symbolic logo

Updated on

അ​ൽ​കേ​ഷ് കു​മാ​ർ ശ​ർ​മ

സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചയെ മുന്നോട്ടു നയിക്കുന്ന പ്രധാന ചാലക ശക്തികളിലൊന്നാണ് അടിസ്ഥാന സൗകര്യ മേഖല. ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ മികച്ച സേവനങ്ങൾക്കു സ്ഥായിയായ ആവശ്യകത സൃഷ്ടിക്കുന്നു, സാമ്പത്തിക പുരോഗതിക്ക് ശക്തമായ അടിത്തറ പാകുന്നു. നമ്മുടെ സമഗ്ര വികസനത്തിൽ നിർണായക പങ്കു വഹിക്കുന്ന ഈ മേഖല, ഏതാനും ദശകങ്ങളായി രാജ്യത്തിന്‍റെ പദ്ധതി നിർവഹണത്തിന്‍റെ വേഗതയിൽ ആധാരശിലയാണ്.

ഈ വർഷം 11.1 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം അനുവദിച്ചതും, രാജ്യത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി സൃഷ്ടിക്കാനുള്ള നയങ്ങൾ നടപ്പിലാക്കിയതും ഇതിനു തെളിവാണ്. ""മെയ്ക്ക് ഇൻ ഇന്ത്യ'', ""ആത്മനിർഭർ ഭാരത്'', ""പിഎം ഗതിശക്തി'' എന്നീ നയ സംരംഭങ്ങൾ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള (എഫ്ഡിഐ) ലളിതമായ മാനദണ്ഡങ്ങൾ, സാങ്കേതിക പുരോഗതി എന്നിവയിലൂടെ, ഈ മേഖല വരുംകാലത്ത് കൂടുതൽ വേഗതയാർന്ന വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

30 വർഷത്തിലേറെ ഭാരത സർക്കാരിലും കേരള സർക്കാരിലും വിവിധ ചുമതലകളിൽ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് നേരിട്ടു പ്രവർത്തിച്ചതിലൂടെയും, നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ കൈകാര്യം ചെയ്തതിലൂടെയും ലഭിച്ച അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ, വിവിധ മേഖലകളിലെ പദ്ധതി നിർവഹണത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലിലും നിയന്ത്രണ അംഗീകാരങ്ങളിലുമുള്ള അനിശ്ചിതത്വങ്ങൾ, മുൻകൂർ ആസൂത്രണത്തിന്‍റെയും ഫലപ്രദമായ റിസ്ക് മാനെജ്മെന്‍റിന്‍റെയും അഭാവം, ഇത്തരം ഘടകങ്ങളെ മുൻകൂട്ടി കൈകാര്യം ചെയ്യാനാവശ്യമായ മാനെജ്മെന്‍റ് പ്രക്രിയകളുടെ അപര്യാപ്തത എന്നിവയാണ് പദ്ധതി നിർവഹണത്തിൽ സാധാരണ നേരിടുന്ന പ്രധാന വെല്ലുവിളികൾ.

അസംസ്കൃത വസ്തുക്കളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും- മേസ്തിരിമാർ, മരപ്പണിക്കാർ തുടങ്ങിയവർ- ലഭ്യതക്കുറവ്, വെള്ളം- വൈദ്യുതി ദൗർലഭ്യം, ഡ്രോയിങ്ങുകളുടെ അപൂർണമായോ വൈകിയോ ഉള്ള വിതരണം, രൂപകല്പനയിൽ നിരന്തരമുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണത്തെ ഗൗരവമായി ബാധിക്കുന്ന വെല്ലുവിളികളാണ്.

കൂടാതെ, പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങളും ഫലപ്രദമായ പദ്ധതി ആസൂത്രണത്തിന്‍റെയും നിയന്ത്രണ സംവിധാനങ്ങളുടെയും അഭാവവും കാരണം പൂർത്തീകരണത്തിൽ സംഭവിക്കുന്ന കാലതാമസവും സമ്പദ്‌വ്യവസ്ഥയിൽ പ്രതികൂല ഫലങ്ങൾ ഉളവാക്കുന്നു.വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ സ്വതവേ അതീവ സങ്കീർണങ്ങളാണ്.

അത്തരം പദ്ധതികളിൽ ഒന്നിലധികം സംസ്ഥാനങ്ങൾ, വിവിധ മേഖലകൾ, വിവിധ ഏജൻസികൾ എന്നിവയുടെ വിപുലമായ പങ്കാളിത്തത്തോടൊപ്പം, കേന്ദ്രത്തിലും സംസ്ഥാനതലത്തിലും പ്രവർത്തിക്കുന്ന ഒട്ടേറെ ഏജൻസികളിൽ നിന്ന് പലവിധ അനുമതികളും വേണം. ഈ ബഹുസ്വര പങ്കാളിത്തവും അനുമതി നേടാനുള്ള നടപടിക്രമങ്ങളിലെ സങ്കീർണതയും മൂലം ഇത്തരം പദ്ധതികളെ സംബന്ധിച്ചിടത്തോളം കാലതാമസം വരുന്നു, ചെലവിൽ വർധനയുയുണ്ടാകുന്നു. ഇവ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു.

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തങ്ങളുടേതായ വ്യത്യസ്ത പദ്ധതി നിർവഹണവും നിരീക്ഷണ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ടെങ്കിലും, അവ സ്വതന്ത്രമായാണ് പ്രവർത്തിച്ചിരുന്നത്. ഇതുമൂലം അവ തമ്മിലും, അവയും സംസ്ഥാന സർക്കാരുകളും തമ്മിലും ഫലപ്രദമായ ഏകോപനം നിലനിന്നിരുന്നില്ല.

2015 മാർച്ചിൽ, ഐസിടി അധിഷ്ഠിത മൾട്ടി- മോഡൽ പ്ലാറ്റ്‌ഫോമായ പ്രോ- ആക്റ്റീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്‍റേഷൻ (പ്രഗതി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രാധാന്യമുള്ള പദ്ധതികളെ ബാധിക്കുന്ന കാലതാമസങ്ങൾ ഒഴിവാക്കുക, പൗരന്മാരുടെ പരാതികൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കുക, ഭാരത സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളും സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന പദ്ധതികളും ഫലപ്രദമായി നിരീക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം ആരംഭിച്ചത്.

കേന്ദ്ര- കേന്ദ്ര, കേന്ദ്ര- സംസ്ഥാന തലങ്ങളിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പരിഹാരമായാണ് പ്രഗതിയെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്. ഭരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും പ്രതികരണശേഷി ഉള്ളതുമായിരിക്കണം എന്ന തന്‍റെ കാഴ്ചപ്പാട് അദ്ദേഹം ഉദ്ഘാടന വേളയിൽ പങ്കുവച്ചു; ആ ദിശയിലേക്കുള്ള നിർണായക ചുവടുവയ്പ്പായിരുന്നു പുതിയ പ്ലാറ്റ്‌ഫോം.

പ്രഗതി സംവിധാനം ആരംഭിച്ച ശേഷം, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സജീവ സഹകരണത്തോടെ പദ്ധതി നിരീക്ഷണത്തിനും പരാതി പരിഹാരത്തിനും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിജയകരമായി വിന്യസിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇതുവരെ 50 അവലോകനങ്ങൾ നടന്നു കഴിഞ്ഞു. പ്രത്യേക പദ്ധതികളിലും പൊതു പദ്ധതികളിലുമുള്ള പ്രശ്‌നങ്ങളും തടസങ്ങളും പരിഹരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരും കേന്ദ്ര വകുപ്പുകളുടെ സെക്രട്ടറിമാരും ഈ യോഗങ്ങളിൽ പങ്കെടുക്കുന്നു.

പതിവു വിഷയങ്ങൾ മന്ത്രിസഭാ തലത്തിൽ പരിഹരിക്കുകയും, കൂടുതൽ സങ്കീർണമായ വിഷയങ്ങൾ അന്തിമ തീരുമാനത്തിന് പ്രധാനമന്ത്രിക്കു മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു എസ്കലേഷൻ ഫോറമായും ഈ പ്ലാറ്റ്‌ഫോം വർത്തിക്കുന്നു. 500 കോടിയിലധികം ചെലവ് വരുന്ന പദ്ധതികളുടെ പുരോഗതി നിരന്തരം നിരീക്ഷിക്കാൻ പ്രഗതിയുടെ കീഴിൽ ഒരു പ്രോജക്റ്റ് മോണിറ്ററിങ് സിസ്റ്റം സ്ഥാപിച്ചു.

ഒപ്പം, അവലോകനം ചെയ്യേണ്ടതും പ്രഗതി വേദിയിൽ ഉൾപ്പെടുത്തേണ്ടതുമായ പദ്ധതികളെ തിരിച്ചറിയാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഒരു പ്രോജക്റ്റ് മോണിറ്ററിങ് ഗ്രൂപ്പും രൂപീകരിച്ചു. ഈ രണ്ടു സംവിധാനങ്ങളിലും ഞാൻ നേരിട്ടു പങ്കാളിയായിരുന്നു. പ്രഗതി യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ തുടർനടപടികൾ കാബിനറ്റ് സെക്രട്ടേറിയറ്റ് കാര്യക്ഷമമായി ഏകോപിപ്പിക്കുന്നു.

ആരംഭിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, ഏകദേശം 85 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 3,300ലധികം പദ്ധതികളുടെ പുരോഗതി പ്രഗതി പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിച്ചു, അവയുടെ നിർവഹണം വിജയകരമായി ത്വരിതപ്പെടുത്തി. ഒരു രാജ്യം ഒരു റേഷൻ കാർഡ്, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, സ്വച്ഛ് ഭാരത് ദൗത്യം എന്നിവ ഉൾപ്പെടെ 61 പ്രധാന സർക്കാർ പദ്ധതികൾ ഈ പ്ലാറ്റ്‌ഫോമിൽ സമഗ്രമായി അവലോകനം ചെയ്തു. ബാങ്കിങ് ആൻഡ് ഇൻഷ്വറൻസ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ), കൊവിഡ് സംബന്ധമായ വിഷയങ്ങൾ എന്നിവയടക്കം 36 വ്യത്യസ്ത മേഖലകളിൽ ഉടനീളമുള്ള പരാതികളും ഈ സംവിധാനത്തിലൂടെ പരിഗണിച്ചു.

പ്രഗതിയിലും പിഎംജി പോർട്ടലിലും ഉന്നയിച്ച 7,700 പ്രശ്‌നങ്ങളിൽ 7,100ലധികം പ്രശ്‌നങ്ങൾ ഇതിനോടകം പരിഹരിക്കപ്പെട്ടു- അതായത് 92 ശതമാനത്തിലധികം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് അവലോകനം ചെയ്ത പ്രഗതി പദ്ധതികളിൽ മാത്രം 3,187 പ്രശ്‌നങ്ങൾ ഉന്നയിക്കുകയും, 2,958 പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തു. ശരാശരി ഓരോ പ്രവൃത്തി ദിവസവും ഒരു പ്രശ്‌നം വീതം പരിഹരിച്ചു എന്നതിന് തെളിവാണിത്.

പ്രഗതി പ്ലാറ്റ്‌ഫോം പദ്ധതി നിർവഹണം എങ്ങനെ വേഗത്തിലാക്കിയെന്നും, സർക്കാർ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തവും പ്രതികരണശേഷിയും എങ്ങനെ മെച്ചപ്പെടുത്തിയെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നു. സാമൂഹ്യ മേഖലയിലെ പദ്ധതികളുടെ സമയബന്ധിത നിർവഹണത്തിൽ പ്രഗതി വഹിച്ച പങ്കിന്‍റെ ശ്രദ്ധേയമായ ഉദാഹരണങ്ങളിൽ അമൃത് സരോവർ ദൗത്യം ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള ഓരോ ജില്ലയിലും 75 ജലാശയങ്ങൾ നിർമിക്കാനും പുനരുജ്ജീവിപ്പിക്കാനും 2022ൽ ഈ ദൗത്യം ആരംഭിച്ചു. ഓരോ അമൃത് സരോവറിനും കുറഞ്ഞത് ഒരു ഏക്കർ വിസ്തൃതിയും ഏകദേശം 10,000 ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയും നൽകും വിധമാണ് രൂപകൽപ്പന ചെയ്തത്. ദൗത്യ പുരോഗതി ദേശീയതലത്തിൽ നിരന്തരം വിലയിരുത്താൻ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒരുമിച്ചു കൊണ്ടുവന്നു.

ഭൂമി ലഭ്യതയും ഫണ്ട് വിനിയോഗവും സംബന്ധിച്ച തടസങ്ങൾ വേഗത്തിൽ തിരിച്ചറിയുകയും ഫലപ്രദമായി പരിഹരിക്കുകയും ചെയ്യുന്നതിൽ ഈ സംയുക്ത നിരീക്ഷണ സംവിധാനം പ്രധാന പങ്ക് വഹിച്ചു. ആരംഭഘട്ടത്തിൽ, 2023 ഓഗസ്റ്റ് 15ഓടെ 50,000 അമൃത് സരോവറുകൾ നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രഗതിയുടെ ഇടപെടലിലൂടെ പ്രവർത്തനങ്ങൾ പുതുവേഗം കൈവരിച്ചതിനാൽ, രാജ്യത്തുടനീളം ഇതുവരെ 68,800ലധികം അമൃത് സരോവറുകൾ പൂർത്തിയായി.

അടിസ്ഥാന സൗകര്യങ്ങളിൽ പ്രഗതിയുടെ സ്വാധീനം വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ ഉദാഹരണങ്ങളിലൊന്നാണ് റെയ്‌ൽവേ പദ്ധതികൾ. ജമ്മു- ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയ്‌ൽ ലിങ്ക് പദ്ധതിക്ക് 1994 മാർച്ച് 31ന് അംഗീകാരം ലഭിച്ചു. 2015 ജൂൺ ആയപ്പോഴേക്കും പദ്ധതിയുടെ ഭൗതിക പുരോഗതി 40% മാത്രമായിരുന്നു. എന്നാൽ, 2015 ജൂൺ 24, 2019 നവംബർ 6, 2020 ഡിസംബർ 30 എന്നീ തീയതികളിലെ പ്രഗതി അവലോകനങ്ങളിലൂടെ പുരോഗതി 40ൽ നിന്ന് 60 ആയും പിന്നീട് 76% ആയും മെച്ചപ്പെട്ടു.

2025 ജൂൺ 6ന് കമ്മീഷൻ ചെയ്ത 272 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയ്‌ൽ പാതയിൽ 119 കിലോമീറ്റർ നീളമുള്ള 38 തുരങ്കങ്ങളും 943 പാലങ്ങളും ഉൾപ്പെടുന്നു. അതിൽ നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ നിർമിച്ച ലോകത്തെ ഏറ്റവും ഉയരമുള്ള റെയ്‌ൽവേ കമാന പാലം വിസ്മയകരമായ സാങ്കേതിക നേട്ടമായി നിലകൊള്ളുന്നു. അതുപോലെ, ബ്രഹ്മപുത്രയ്ക്കു കുറുകെയുള്ള ബോഗിബീൽ റെയ്‌ൽ കം റോഡ് പാലത്തിനും പ്രഗതിയുടെ മേൽനോട്ടം വേഗതയും കാര്യക്ഷമതയും നൽകി. 1997 മാർച്ച്‌ 31ന് അംഗീകാരം ലഭിച്ച ഈ പദ്ധതി, 2015 മെയ് 27ന് 64% പൂർത്തീകരിച്ചു, പിന്നീട് പ്രഗതി മേൽനോട്ടത്തിലൂടെ 2018 ഡിസംബർ 25ന് കമ്മീഷൻ ചെയ്തു.

പൗരന്മാരുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും അനുപൂരകമായ വേഗതയിൽ പ്രവർത്തിക്കുന്ന ഭരണം സൃഷ്ടിക്കുകയാണ് പ്രഗതിയുടെ പിന്നിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം. ഇതിന്‍റെ ഭാഗമായി, വസ്തുനിഷ്ഠമായ ഒരൊറ്റ ഉറവിടത്തിലൂടെ സുഗമമായ നിരീക്ഷണം സാധ്യമാക്കുന്ന പിഎം ഗതിശക്തി, പരിവേഷ് (PARIVESH) തുടങ്ങിയ സംവിധാനങ്ങളുമായി പ്രഗതിയെ സംയോജിപ്പിച്ചിരിക്കുന്നു. ചെലവു കുറയ്ക്കൽ, ഡിജിറ്റൽ നിരീക്ഷണം, വേഗത്തിലുള്ള പ്രശ്‌നപരിഹാരം തുടങ്ങിയ നേട്ടങ്ങൾ ഈ സമീപനത്തിന്‍റെ സ്വാഭാവിക ഫലങ്ങളാണ്.

പദ്ധതികളുടെ കാലതാമസം ഒഴിവാക്കുമ്പോൾ ചെലവു കുറയുകയും, പ്രവർത്തന പുരോഗതിയുടെ നിരീക്ഷണവും മേൽനോട്ടവും സുഗമമാവുകയും ചെയ്യും. വകുപ്പുകൾക്കിടയിലെ തടസങ്ങൾ നീക്കുകയും മന്ത്രാലയങ്ങളിലും സംസ്ഥാനങ്ങളിലും ടീം ഇന്ത്യ സ്പിരിറ്റ് ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ് പ്രഗതി ഈ ദർശനം യാഥാർഥ്യമാക്കുന്നത്.

സാങ്കേതികവിദ്യാ അധിഷ്ഠിത അവലോകനങ്ങൾ, നിരീക്ഷണ സ്‌ക്രീനുകളിലേക്കു മാത്രം പരിമിതപ്പെടുന്നില്ല; അവ യഥാർഥവും ദീർഘകാലീനവുമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇതുവരെ നടത്തിയ 50 യോഗങ്ങൾ ഈ സമീപനത്തിന്‍റെയും ഉന്നതതല പ്രതിബദ്ധതയുടെയും നൈരന്തര്യത്തെ പ്രതിഫലിപ്പിക്കുന്നു. അമൃത് സരോവർ ദൗത്യം, പ്രധാന റെയ്‌ൽവേ പാലങ്ങൾ, വൻകിട ഊർജ പദ്ധതികൾ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയവയിലെ മുൻകൂട്ടിയുള്ള മേൽനോട്ടം പദ്ധതികളുടെ ഫലപ്രാപ്തി വർധിപ്പിക്കുമെന്ന് തെളിയിച്ചു.

അതിനാൽ, സുഗമമായ നിരീക്ഷണവും ഫലപ്രദമായ ഏകോപനവും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിലുള്ള മാതൃകയായി പ്രഗതി നിലകൊള്ളുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് രാജ്യത്തുടനീളമുള്ള പൊതുസ്ഥാപനങ്ങളിലേക്ക് വിപുലമാകുന്ന ഈ പരിവർത്തനം, പ്രഗതി പോലുള്ള നേട്ടങ്ങളിലൂടെ പൊതുപദ്ധതികളും പൗരകേന്ദ്രീകൃത പരിപാടികളും ""ലളിതമാക്കുക, ഫലപ്രദമായി വിതരണം ചെയ്യുക, സ്വാധീനം സൃഷ്ടിക്കുക'' എന്ന ദർശനത്തിലൂന്നി പ്രവർത്തിക്കുമെന്നും, ഓരോ പൗരന്‍റെയും ക്ഷേമത്തിനായുള്ള സമർപ്പണമാണെന്നും തെളിയിക്കുന്നു.

(പബ്ലിക് എന്‍റർപ്രൈസസ് സെലക്‌ഷൻ ബോർഡ് അംഗവും കേന്ദ്ര ഇലക്‌ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയം മുൻ സെക്രട്ടറിയുമാണ് കേരള കേഡർ ഐഎഎസ് ഓഫിസറായിരുന്ന ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com