

പ്രൊഫ. കെ.വി. തോമസ്
മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി
പ്രൊഫ. കെ.വി. തോമസ്
മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് മാതൃകയിലുള്ള ക്യാബിനറ്റ് സംവിധാനമാണ് ഇന്ത്യ സ്വീകരിച്ചത്. അമെരിക്കൻ പ്രസിഡൻഷ്യൽ സംവിധാനം സ്വീകരിച്ചില്ല. പ്രായപൂർത്തി വോട്ടവകാശത്തിലൂടെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന എംപിമാരാണ് പ്രധാനമന്ത്രിയെയും, എംഎൽഎമാരാണ് സംസ്ഥാന മുഖ്യമന്ത്രിമാരെയും നിശ്ചയിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള പാർട്ടികൾക്കാണ് ഇതിൽ നേതൃപരമായ പങ്കുള്ളത്. നാമമാത്ര ഭരണത്തലവന്മാരായ രാഷ്ട്രപതിയും ഗവർണർമാരും മന്ത്രിസഭയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ശബ്ദമുയരുന്ന പാർലമെന്റും നിയമസഭകളും എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തുറ്റ അടിത്തറ.
ക്യാബിനറ്റിൽ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ 'First among equals' (തുല്യരിൽ ഒന്നാമൻ) എന്ന സ്ഥാനമാണുള്ളത്. മന്ത്രിമാരെല്ലാം തുല്യരാണെങ്കിലും നയിക്കുന്നത് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരിക്കും. എന്നിരുന്നാലും പരമാധികാരം കൂട്ടായ മന്ത്രിസഭയ്ക്കാണ്; ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് അവിടെ ഇടമില്ല.
സാധാരണയായി ആഴ്ചയിലൊരു നിശ്ചിത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിനുള്ള രേഖകൾ (ക്യാബിനറ്റ് പേപ്പറുകൾ) കുറഞ്ഞത് 48 മണിക്കൂർ മുമ്പെങ്കിലും മന്ത്രിമാർക്ക് ലഭ്യമാക്കും. തീരുമാനം വരുന്നതു വരെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഈ രേഖകൾ പഠിച്ച്, സംശയങ്ങൾ ഉണ്ടെങ്കിൽ സഹമന്ത്രിമാരോടോ, മുഖ്യമന്ത്രിയോടോ, ഉദ്യോഗസ്ഥ നേതൃത്വത്തോടോ (കേന്ദ്രത്തിൽ ക്യാബിനറ്റ് സെക്രട്ടറി / സംസ്ഥാനങ്ങളിൽ ചീഫ് സെക്രട്ടറി) ചോദിച്ച് വ്യക്തത വരുത്താൻ മന്ത്രിമാർക്ക് അവസരമുണ്ട്. മുന്നണിഭരണ സംവിധാനമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പ്രധാന വിഷയങ്ങൾ മുൻകൂട്ടി അതത് പാർട്ടികളിലും മുന്നണിയിലും ചർച്ച ചെയ്ത് സമവായത്തിലെത്തിയ ശേഷമാണ് ക്യാബിനറ്റിൽ കൊണ്ടുവരുന്നത്. അതിനാൽത്തന്നെ മന്ത്രിസഭാ യോഗങ്ങളിൽ തർക്കങ്ങൾ ഒഴിവാക്കി സുഗമമായ തീരുമാനങ്ങളെടുക്കാനാണ് പൊതുവേ ശ്രമിക്കാറുള്ളത്.
എന്നാൽ ഇക്കഴിഞ്ഞ ബുധനാഴ്ച രണ്ടര മണിക്കൂർ നീണ്ടുനിന്ന കേരള മന്ത്രിസഭാ യോഗത്തിൽ കണ്ട കാഴ്ചകൾ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ രീതികളിൽ നിന്നുള്ള വ്യതിയാനമായിരുന്നു. മന്ത്രിസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം തർക്കിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയത് ഗൗരവകരമാണ്. പാർട്ടി തീരുമാനങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കൂടിയായ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി തർക്കിക്കുകയും, പിഎസ്സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ചർച്ച നടന്നില്ലെന്ന് സ്വന്തം പാർട്ടി മന്ത്രിമാരും മറ്റ് പാർട്ടി മന്ത്രിമാരും മുഖ്യമന്ത്രിയ്ക്ക് നേരെ വിരൽ ചൂണ്ടുകയും ചെയ്തപ്പോൾ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ് ചോദ്യം ചെയ്യപ്പെട്ടത്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമല്ല, വൈകൃതമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം ആശയരൂപീകരണവും കൂട്ടായ ഉത്തരവാദിത്വവുമാണ്.
അധികാരത്തിലേറി മധുവിധു കാലം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും വി.ഡി. സതീശൻ സർക്കാരിന് ഇനിയും ഭരണപരമായ പക്വത കൈവരിക്കാനുണ്ടെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. പല സുപ്രധാന വിഷയങ്ങളും ഇന്നും തർക്കങ്ങളായി തുടരുന്നത് ഭരണനിർവഹണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഒപ്പം, പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭരണത്തിൽ തിരിച്ചെത്തിയ യുഡിഎഫിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും ഈ അധികാരത്തിന്റെ പങ്ക് ആസ്വദിക്കാൻ കഴിയാത്തതിൽ അമർഷവും ദുഃഖവുമുണ്ട്. സ്ഥാനമാനങ്ങൾ വീതംവച്ചു കിട്ടാത്തതിൽ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് അമർഷവുമുണ്ട്. അതു കൂടി മുഖ്യമന്ത്രി മനസിലാക്കണം.
പ്രതിപക്ഷത്തിരുന്നപ്പോൾ ഘോരഘോരം പറഞ്ഞ വാഗ്ദാനങ്ങളെല്ലാം മുഖ്യമന്ത്രിയായപ്പോൾ സതീശൻ സൗകര്യപൂർവം വിസ്മരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അധികാരത്തിലെത്തിയാൽ പത്ത് മിനിറ്റിനുള്ളിൽ തീർക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ ഉറപ്പുനൽകിയ ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് (എൽപിഎസ്ടി) സമരം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം 1:25 അധ്യാപക- വിദ്യാർഥി അനുപാതം അംഗീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ പന്തൽ കെട്ടി നടത്തിയ സമരങ്ങളിൽ പ്രതിപക്ഷ നേതാവിയിരിക്കെ പങ്കെടുത്ത സതീശൻ, ഭരണസാരഥ്യം ഏറ്റെടുത്തപ്പോൾ അർധരാത്രിയിൽ പൊലീസിനെ ഉപയോഗിച്ച് സമരപ്പന്തലുകൾ ബലമായി പൊളിച്ചുമാറ്റുന്ന കാഴ്ചയും വിരോധാഭാസമാണ്.
ഭരണത്തിലെത്തിയാൽ ഞൊടിയിടയിൽ പരിഹരിക്കുമെന്ന് വൈപ്പിനിലെ ജനങ്ങൾക്ക് നൽകിയ മുനമ്പം ഭൂമി പ്രശ്നങ്ങളും എങ്ങുമെത്തിയില്ല. വിദ്യാഭ്യാസ നയത്തിലും വലിയ മലക്കംമറിച്ചിലാണ് കാണാനാകുന്നത്. എൽഡിഎഫ് കൊണ്ടുവന്ന സ്വകാര്യ വിദ്യാഭ്യാസ ബില്ലിനെ പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തമായി എതിർത്തിരുന്ന സതീശൻ, ഇപ്പോൾ സ്വകാര്യ- വിദേശ സർവകലാശാലകൾക്ക് വാതിൽ തുറന്നുകൊടുത്ത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുകയാണ്.
ഇതിനിടയിലാണ് മന്ത്രിമന്ദിരങ്ങൾ കോടികൾ ചെലവഴിച്ച് നവീകരിക്കുന്നതും മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങുന്നതും- ഇതൊക്കെ വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിയുടെ ""വിസ്മയങ്ങളിൽ'' പെടുന്നു.
ഈ സന്ദർഭത്തിൽ ബൈബിളിലെ പ്രഭാഷണങ്ങൾ (28, 10) ഏറെ പ്രസക്തമാണ്.
"വിറകിനൊത്ത് തീ ആളുന്നു
ദുഃശാഠ്യത്തിനൊത്ത് കലഹം
കരുത്തിനൊത്ത് കോപം
ധനത്തിനൊത്ത് ക്രോധം''.