

ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര വിജയം
file photo
അഡ്വ. ജയസൂര്യൻ
ഇറാൻ- ഇസ്രയേൽ സംഘർഷങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പശ്ചിമേഷ്യയുടെ സമാധാനം കെടുത്തിക്കൊണ്ടും ലോകത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പലപ്പോഴും വെല്ലുവിളിച്ചുകൊണ്ടും, നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സംഘർഷങ്ങളിൽ ലോകമാകെ ആശങ്കയിലാണ്.
എന്നാൽ, ഇത്തവണ ഈ സംഘർഷം ഗൾഫ് രാജ്യങ്ങളിൽ എല്ലാം പടരുകയും ഹോർമുസ് കടലിടുക്കിനെ ഗുരുതരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ മൂർച്ഛിക്കുകയാണ്.
ഭൂമി എന്ന ഈ ഗ്രഹത്തിലെ ആകെയുള്ള 700 കോടി ജനങ്ങളിൽ അഞ്ചിലൊന്നു പേരും വസിക്കുന്ന രാജ്യമാണ് നമ്മുടെ ഭാരതം. അതുകൊണ്ടുതന്നെ ഭാരതത്തിന്‍റെ ഊർജ ഉപയോഗം എന്നുള്ളത് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെക്കാൾ മുന്നിലാണ്.
തെക്കേ അമെരിക്ക, വടക്കേ അമെരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നീ നാല് ഭൂഖണ്ഡങ്ങളും അതിനു ചുറ്റും കിടക്കുന്ന മറ്റു രാജ്യങ്ങളും കൂടി ഒന്നിച്ചു ചേർന്നാൽ എത്ര ജനസംഖ്യ ഉണ്ടാകുമോ ആ ജനസംഖ്യയ്ക്ക് തുല്യമാണ് ഇന്ത്യയിലെ മാത്രം ജനസംഖ്യ. അതായത് ലോകത്തിലെ അഞ്ചിൽ ഒന്ന് മാനവരാശിയുടെ ഊർജ ഉപയോഗത്തെയും ആവശ്യകതയെയും ഫലപ്രദമായി പരിപാലിക്കുക എന്ന മഹത്തായ ദൗത്യമാണ് ഇന്ത്യ ഗവൺമെന്‍റിന് ഉള്ളത്.
അതുകൊണ്ടു തന്നെ ഭാരതം എന്ന ഈ രാജ്യത്തിന് ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളുമായി അതിവിദഗ്ധവും അത്യന്തം സങ്കീർണവുമായ നയതന്ത്ര ബന്ധങ്ങൾ തുടരേണ്ടതായി വരുന്നു. ആഗോള രംഗത്ത് അമെരിക്കയും ചൈനയും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങൾ എടുക്കുന്ന ഭാരതവിരുദ്ധ നിലപാടുകളെ തന്ത്രപൂർവം മറികടന്നു കൊണ്ട് വേണം ഈ ലക്ഷ്യം സാധിക്കാൻ എന്നുള്ളത് നമ്മുടെ അവസ്ഥയെ എത്രമാത്രം സങ്കീർണമാക്കുന്നു എന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഇവിടെയാണ് ഇറാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധവും അതിൽ നാം നേടിയ വിജയവും അമെരിക്കയെ പോലും ഞെട്ടിച്ചു കളഞ്ഞത്.
400 ഏറെ എണ്ണ ടാങ്കറുകളും 100 ലേറെ എൽപിജി ടാങ്കറുകളും കെട്ടിക്കിടക്കുന്ന ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറു ഭാഗത്തു നിന്നും കിഴക്കു ഭാഗത്തേക്ക്ഭാരതത്തിന്‍റെ 37 എൽപിജി ടാങ്കറുകളെയും എണ്ണ ടാങ്കറുകളെയും കടത്തിക്കൊണ്ടു വരിക എന്നുള്ളത് അത്യന്തം ദുഷ്കരമായ ഒരു ദൗത്യം തന്നെയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനും തമ്മിൽ നടന്ന ചർച്ചകളെ തുടർന്ന് ഇറാനിലെ ഇന്ത്യൻ അംബാസിഡർ മുഹമ്മദ് ഹത്താലി പറഞ്ഞത് മറ്റു രാജ്യങ്ങൾക്ക് അസാധ്യമായത് നാം നേടിയെടുത്തിരിക്കുന്നു എന്നാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇറാന്‍റെ ദിയ എന്ന യുദ്ധക്കപ്പൽ അമെരിക്കയുടെ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് മുക്കിയതിനു ശേഷം വിഷയങ്ങൾ ഏറെ സങ്കീർണമായി. അപ്പോഴാണ് ഐആർഐഎസ് ലവൻ എന്ന ഇറാന്‍റെ യുദ്ധകപ്പൽ സുരക്ഷയ്ക്ക് വേണ്ടി ഭാരതത്തിന്‍റെ സഹായത്തിനായി അപേക്ഷിച്ചത്. ഇറാന്‍റെ ആ യുദ്ധകപ്പലിനെ ഇന്ത്യൻ തീരത്ത് അടുപ്പിക്കുവാനും കൊച്ചി തുറമുഖത്ത് സുരക്ഷിതമായ താവളം ഒരുക്കാനും ഇന്ത്യ തയാറായപ്പോൾ തന്നെ മറ്റൊരു നിബന്ധന ഇന്ത്യ ഇറാന്‍റെ മുന്നിൽ വയ്ക്കുകയുണ്ടായി. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ 37 ഓളം എണ്ണ ടാങ്കറുകളെയും എൽപിജി ടാങ്കറുകളെയും സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കാനുള്ള സൗകര്യം ഇറാൻ ചെയ്തു തരണം എന്നുള്ളതായിരുന്നു അത്.
തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചീയും നടത്തിയ നയതന്ത്ര ചർച്ചയിൽ ഇന്ത്യൻ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ഇറാൻ ആക്രമിക്കുകയില്ല എന്നും വേണ്ടത്ര സുരക്ഷിത അകമ്പടിയോടെ കടലിടുക്ക് കടത്തി ഇന്ത്യയിലേക്ക് അയക്കാം എന്നും സമ്മതിക്കുകയുണ്ടായി. തുടർന്ന് ആദ്യഘട്ടത്തിൽ, പുഷ്പക്, പരിമൽ, ശിവാലിക്ക്, എന്നീ മൂന്ന് എൽപിജി ടാങ്കറുകളെ ഇന്ത്യയുടെ നാവികസേനാ യുദ്ധ കപ്പലുകളുടെ അകമ്പടിയോടെ കടലിടുക്ക് കടത്തി ഇന്ത്യയിൽ എത്തിക്കുന്നതിൽ നാം വിജയിച്ചു. ഇക്കാര്യത്തിൽ വേണ്ടത്ര പിന്തുണ ഉറപ്പാക്കാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാപ്രോവുമായും നാം ചർച്ച നടത്തി.
അപ്പോഴും കടലിടുക്കിന് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്ന 37 ഓളം ഇന്ത്യൻ കപ്പലുകളിലെ 1,100 ഓളം നാവികർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ ഇന്ത്യൻ നാവിക സേനയ്ക്ക് ഇറാൻ അനുമതി നൽകുകയും ചെയ്തു. 100ലേറെ രാജ്യങ്ങളുടേതായി 500ല്‍പരം കപ്പലുകൾ ഈ കടലിടുക്കിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇന്ത്യയുടെ 37 കപ്പലുകൾക്ക് സുരക്ഷാപാത ഒരുക്കാൻ ഭാരതം പ്രയോഗിച്ച നയതന്ത്രം പരിപൂർണമായും വിജയം കണ്ടത്.
ലോകത്ത് ഏതെങ്കിലും ഒരു പ്രദേശത്ത് ഏതെങ്കിലും രാജ്യങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്ന സമയത്ത് ഗാലറിയിൽ ഇരുന്നു മാത്രം കളി കാണാൻ വിധിക്കപ്പെട്ടിരുന്ന ഭാരതമാണ് ഇപ്പോൾ കളത്തിൽ ഇറങ്ങി കളി നിയന്ത്രിക്കുന്ന റഫറിയായി മാറിയത്.
ആഗോള പ്രശ്നങ്ങൾ ഉരുത്തിരിയുന്ന സമയത്തെല്ലാം ഭാരതത്തിലെ മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ചോദിക്കുന്ന ഒരു പതിവ് ചോദ്യമുണ്ട്, നാം ഇതിൽ ആരുടെ ഭാഗത്താണ്? അതിന് കാരണമുണ്ട്. ഇന്നലെ വരെ ആഗോള ശാക്തിക ചേരികളിൽ ആരുടെയെങ്കിലും ചിറകിന്‍റെ കീഴിൽ ഒതുങ്ങുന്ന അടിമത്ത നയതന്ത്രമായിരുന്നു ഭാരതം പരിശീലിച്ചു വന്നത്. കോൺഗ്രസിനും കോൺഗ്രസിന്‍റെ നേതാക്കന്മാർക്കും അതു മാത്രമേ ശീലം ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഭാരതീയ ജനതാ പാർട്ടി ഭാരതം ഭരിക്കാൻ തുടങ്ങിയ കാലം മുതലിങ്ങോട്ട് സ്ഥിതികൾ ഭാരതത്തിന്‍റെ വഴിയേ വന്നു എന്ന് പറയുന്നതാണ് ശരി. നിരന്തരമായ സാമ്പത്തിക ഉപരോധങ്ങളിലൂടെ അമെരിക്ക എത്രതന്നെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുമ്പോഴും, ഇസ്രയേലിനെതിരായുള്ള മറ്റു രാഷ്‌ട്രങ്ങളുടെ നിലപാടുകൾ ഭാരതത്തിനെതിരെ തിരിയാതിരിക്കാനുള്ള വൈദഗ്ധ്യപൂർണമായ നയതന്ത്രമാണ് ഭാരതം പ്രയോഗിച്ചു വിജയിച്ചത്.
നാം ആരുടെയെങ്കിലും വാലോ ചൂലോ ആയി നിൽക്കുന്ന രാജ്യമല്ല എന്നും നമുക്ക് നമ്മുടേതായ നിലപാടുകളുണ്ടെന്നും ആ നിലപാടുകൾ ലോകത്തെ ഏതൊരു വൻ ശക്തികളുടെയും മുന്നിൽ ഉറപ്പിച്ചു പറയാനുള്ള ആർജവമുള്ള നേതൃത്വമാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്നും ഭാരതം ആഗ്രഹിക്കുന്ന കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ അംഗീകരിപ്പിക്കാൻ ലോകത്ത് ഏതു വൻ ശക്തിയുടെ മുന്നിലും നട്ടെല്ല് നിവർത്തി നിൽക്കാനുള്ള കഴിവും തന്‍റേടവുമുണ്ടെന്നും ഭാരതം തെളിയിച്ചു.
പാക്കിസ്ഥാന് വേണ്ടിയും ചൈനയ്ക്കു വേണ്ടിയും അമെരിക്കയ്ക്കു വേണ്ടിയും അനുകൂല നിലപാടുകളെടുക്കുന്ന പ്രതിപക്ഷ കക്ഷികളും മാധ്യമ ശക്തികളും ഒറ്റക്കെട്ടായി ഇന്ത്യാ ഗവൺമെന്‍റിനെ കടന്നാക്രമിക്കുന്ന സമയത്താണ് നാം ഈ നേട്ടം ഉണ്ടാക്കിയത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നിരുന്നാലും നമ്മുടെ സമ്പദ്‌വ്യവസ്ഥയും ആഗോള സമ്പദ്‌വ്യവസ്ഥയും ഈ സംഘർഷത്തെ ആശ്രയിച്ചാണ് ഇന്ന് മുന്നോട്ടുപോകുന്നത്.
എൽപിജിയുടെയും ഓയിലിന്‍റെയും ആഗോള വിതരണത്തിൽ 20% ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നു പോകേണ്ടത്. എണ്ണ വില 10% ഉയർന്നാൽ ഗ്ലോബൽ ഇൻഫ്ലേഷൻ 0.4% വർധിക്കും എന്നാണ് ഐഎംഎഫ് പറയുന്നത്.
ആഗോള ജിഡിപി 0.1 ശതമാനത്തിൽ നിന്ന് 0.2 ശതമാനത്തിലേക്ക് കുറയാം എന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. ഈ സംഘർഷം ദീർഘകാലത്തേക്ക് അതായത് ഒരു വർഷമോ അതിലധികമോ കാലത്തേക്ക് നീണ്ടുനിന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ വരെ എത്താം. തുടർന്ന് കപ്പൽ വഴിയുള്ള കയറ്റിറക്ക് കൂലികൾ വൻതോതിൽ വർധിക്കും, ഫ്ലൈറ്റ് ചാർജുകളും കൂടും. ഈ സാമ്പത്തിക മാറ്റങ്ങളെല്ലാം സ്റ്റോക്ക് മാർക്കറ്റിൽ പെട്ടെന്ന് പ്രതിഫലിക്കും. മൂന്നുമാസത്തോളം യുദ്ധം നീണ്ടു നിന്നാൽ 5 മുതൽ 9% വരെ സ്റ്റോക്ക് മാർക്കറ്റുകൾ നഷ്ടത്തിലാകും എന്നാണ് കണക്കുകൂട്ടലുകൾ.
എണ്ണ വില 100 ഡോളർ എന്ന നിലയിൽ നിന്നാൽ പോലും കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് 1.9 ശതമാനത്തിൽ നിന്ന് 2.2ശതമാനത്തിലേക്ക് ഉയരാൻ സാധ്യതയുണ്ട്. തുടർന്ന് രൂപയുടെ മൂല്യം തകരുകയും പണപ്പെരുപ്പം അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ഉണ്ടായാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതമാകും. യുദ്ധം നീണ്ടു നിന്നാൽ അത് ലോകത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ മാറ്റത്തിന് പോലും കാരണമാവാം. ഈ പറഞ്ഞതെല്ലാം ആഗോളതലത്തിൽ ഏതൊരു സമ്പദ്‌വ്യവസ്ഥയെയും ഒരേപോലെ ബാധിക്കുന്ന കാര്യങ്ങളാണ്.
ഊർജ ഉത്പാദനത്തിന് വേണ്ടി എണ്ണയുടെയും ഗ്യാസിന്‍റെയും 90%വും ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഒരു രാജ്യം എന്ന നിലയിൽ ഭാരതത്തിനും ഇതെല്ലാം ബാധകമാണ്. ഈ പ്രതിസന്ധികൾക്കെല്ലാമിടയിലും നമ്മെ സഹായിക്കുന്ന മറ്റൊരു ഘടകം ബാക്കിയുണ്ട്, അത് നമ്മുടെ ഓയിൽ റിസർവ് ആണ്. ഗൾഫിലെ ചെറിയ രാജ്യങ്ങളുടെ എണ്ണ ക്രൂഡ് ഓയിൽ എന്ന രൂപത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ഇത് നമ്മുടെ രാജ്യത്ത് സൂക്ഷിച്ചുവയ്ക്കുന്നതിന് പകരമായി നാം ഉണ്ടാക്കിയിരിക്കുന്ന ഒരു കരാറുണ്ട്. ആ എണ്ണ സമ്പുഷ്ടമാക്കി ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിങ്ങനെ ലോക മാർക്കറ്റിൽ വിൽക്കാൻ 50%വരെ സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നു എന്നുള്ളതാണ്. അതായത് ഈ പ്രതിസന്ധി തുടരുമ്പോൾ പോലും നമുക്ക് ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഉത്പാദിപ്പിച്ച് കയറ്റുമതിയിലൂടെ സാമ്പത്തിക വരുമാനം നേടാൻ കഴിയും.
നമ്മുടെ വലിയ രാജ്യത്തിന്‍റെ ജനസംഖ്യയും ഊർജ ആവശ്യങ്ങളെയും മുൻനിർത്തി മോദി ഗവൺമെന്‍റ് വളരെ ദീർഘവീക്ഷണത്തോടെ കൈക്കൊണ്ട ഒരു നടപടിയുടെ ഫലമായാണ് നമുക്ക് ഈ സൗകര്യം വന്നുചേർന്നത്.
മറ്റൊന്ന് നമ്മുടെ ഉയർന്ന വരുമാനമുള്ള മധ്യവർഗമാണ്. ആഗോള മാർക്കറ്റുകൾ ഇടിയുകയും കയറ്റിറക്ക് മതികൾ തകരാറിൽ ആവുകയും ചെയ്യുന്നതോടുകൂടി വിദേശ നാണ്യ ശേഖരത്തിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കാൻ നമുക്ക് ലോകരാജ്യങ്ങളുമായി രൂപയിൽ നേരിട്ട് വിനിമയം ചെയ്യാനുള്ള ബന്ധങ്ങൾ നാം സൃഷ്ടിച്ചു കഴിഞ്ഞു.
അതായത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഡോളറിനെ ആശ്രയിക്കേണ്ടതില്ലാത്ത ഒരു അവസ്ഥയിലേക്ക് ഭാരതം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളത് മോദി ഗവൺമെന്‍റിന്‍റെ ദീർഘവീക്ഷണത്തിന്‍റെ മകുടോദാഹരണമാണ്.
യുദ്ധാനന്തരമുള്ള മറ്റൊരു സാധ്യത കൂടി ഭാരതത്തിന് നേട്ടമാവുന്നുണ്ട്. യുദ്ധത്തിനു ശേഷം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആവശ്യപ്മായി വരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ ഗവൺമെന്‍റ് കമ്പനികളും സ്വകാര്യ കമ്പനികളും വൻതോതിൽ ഇടപെടാൻ സാധ്യതയുണ്ട്. അതിലൂടെ നമുക്കുണ്ടാകുന്ന സാമ്പത്തിക വരുമാനം വലുതായിരിക്കുകയും ചെയ്യും.
ഇതിനുമുമ്പ് അഫ്ഘാൻ യുദ്ധത്തിലും മറ്റ് ഗൾഫ് യുദ്ധങ്ങളിലും ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുകയുണ്ടായി. ഇത് നമ്മുടെ രാജ്യത്ത് സാമ്പത്തിക വളർച്ചയ്ക്ക് വഴിവയ്ക്കും. ചുരുക്കിപ്പറഞ്ഞാൽ ആദ്യഘട്ടത്തിൽ യുദ്ധത്തിന്‍റെ കെടുതികൾ നേരിട്ട് നമുക്ക് അനുഭവവേദ്യമാകുമെങ്കിലും യുദ്ധാനന്തരം ഉണ്ടാവുന്ന സാമ്പത്തിക നേട്ടം നമുക്ക് വൻതോതിൽ സഹായകരമാകും.
രൂപ എന്ന നമ്മുടെ കറൻസിയെ സ്വതന്ത്ര വിനിമയ മാർഗമായി ലോകത്തെ പല രാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നതിനാൽ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അമെരിക്കൻ ഡോളറിന്‍റെ പിന്നാലെ അലയേണ്ട ഗതികേടും നമുക്ക് ഉണ്ടാവുകയില്ല.
മറ്റൊന്ന് പ്രതിരോധ രംഗത്തേക്കുള്ള നമ്മുടെ കയറ്റുമതിയുടെ വമ്പൻ സാധ്യതകളാണ്. യുദ്ധത്തിൽ മാറ്റുരയ്ക്കുന്ന ലോക ആയുധ കമ്പനികളുടെ ആയുധങ്ങൾക്ക് എല്ലാം ബദലായി കഴിവു തെളിയിച്ച ഇന്ത്യൻ ആയുധങ്ങളും യുദ്ധവിമാനങ്ങളും പാറ്റേൺ ടാങ്കുകളും റോക്കറ്റ് ലോഞ്ചറുകളും റഡാർ സംവിധാനങ്ങളും ഡ്രോണുകളും എന്നിങ്ങനെ നൂറിലധികം ഇന്ത്യൻ കമ്പനികൾ ഉത്പാദിപ്പിക്കുന്ന ആയുധങ്ങൾ ആഗോള വിപണിയിൽ വൻ പ്രിയമുള്ളതായി മാറുകയും ലോക ആയുധ വ്യാപാര രംഗത്ത് ഇന്ത്യ ഒരു ബിഗ് പ്ലെയർ ആയി ഉയരുകയും ചെയ്യും.
ഭക്ഷ്യ കയറ്റുമതി മുതൽ മരുന്നു കയറ്റുമതി വരെ ഉള്ള രംഗത്തും സാങ്കേതിക രംഗത്തും നിർമാണ രംഗത്തും ഇന്ത്യൻ കമ്പനികളുടെ വമ്പൻ വികസന സാധ്യതകളാണ് നമ്മെ കാത്തിരിക്കുന്നത്. അതായത് ഈ ഒരു യുദ്ധം നീണ്ടുനിൽക്കുകയോ അഥവാ പെട്ടെന്ന് അവസാനിക്കുകയോ ചെയ്താൽ പോലും യുദ്ധത്തിനു ശേഷമുള്ള ഉയർത്തെഴുന്നേൽപ്പിന്‍റെ നാളുകളിൽ ഭാരതം മുഖ്യ റോൾ വഹിക്കും എന്ന് വ്യക്തമാണ്.
ഇസ്‌ലാമിക വിശ്വാസത്തെയും ഇസ്‌ലാമിക രാജ്യങ്ങളുടെ അന്താരാഷ്‌ട്ര നിലപാടുകളെയും കേവലം തീവ്രവാദത്തിലൂടെയുള്ള അധികാര ലബ്ധിക്കുവേണ്ടി മാത്രം ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്കും മാധ്യമങ്ങൾക്കും ഇതൊരു കനത്ത തിരിച്ചടിയായി മാറും.