
മരിയ കൊറിന മചാഡോ
ആന്‍റണി ഷെലിൻ
സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് നിയമവാഴ്ചയിലേക്കുള്ള സമാധാനപരമായ മാറ്റത്തിന് ശ്രമിക്കുക എന്നതിലായിരുന്നു മചാഡോയുടെ പോരാട്ടം. ഒരു പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ടിയുള്ളതായിരുന്നില്ല. അത് ത്യാഗങ്ങള്‍ നിറഞ്ഞതായിരുന്നു. ആ ത്യാഗത്തിനും ധൈര്യത്തിനും ഒടുവില്‍ ലോകഅംഗീകാരം ലഭിച്ചിരിക്കുന്നു.
'പടരുന്ന ഇരുട്ടിലും ജനാധിപത്യത്തിന്‍റെ ജ്വാല ജ്വലിപ്പിച്ചു നിര്‍ത്തുന്ന, സമാധാനത്തിന്‍റെ ധീരയും പ്രതിബദ്ധതയുമുള്ളതുമായ ചാംപ്യന്‍ ' എന്നാണ് മരിയ കൊറിന മചാഡോയെ നൊബേല്‍ കമ്മിറ്റി വിശേഷിപ്പിച്ചത്. അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന വ്യക്തികളെ അംഗീകരിക്കേണ്ടതുണ്ടെന്നാണ് മചാഡോയ്ക്കു സമാധാന പുരസ്‌കാരം നല്‍കാനുള്ള തീരുമാനമെടുത്തതിനു ശേഷം നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ഗന്‍ വാട്‌നേ ഫ്രൈഡ്‌നെസ് പറഞ്ഞത്.
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മരിയ കൊറിന മചാഡോയുടെ ജീവിതം ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് വാനോളം പ്രതീക്ഷ നല്‍കുന്നതാണ്. മനശാസ്ത്രജ്ഞയായ കൊറീന പാരിസ്‌കയുടെയും ബിസിനസുകാരനായ ഹെൻറിക് മച്ചാഡോ സുലോഗയുടെയും മൂത്ത മകളായി 1967 ഒക്‌റ്റോബര്‍ 7ന് വെനസ്വേലയിലെ കരാക്കസിലാണു മചാഡോ ജനിച്ചത്.
ആന്‍ഡ്രസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും കാരക്കാസിലെ ഇന്‍സ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സുപ്പീരിയേഴ്സ് ഡി അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
മചാഡോയ്ക്ക് മൂന്ന് കുട്ടികളാണുള്ളത്. 1990ല്‍ ബിസിനസുകാരനായ റിക്കാര്‍ഡോ സോസ ബ്രാന്‍ജറെ വിവാഹം കഴിച്ചെങ്കിലും 2001ല്‍ വിവാഹമോചനം നേടി.
ഒരു ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച മചാഡോ ഇപ്പോള്‍ വെനസ്വേലയിലെ പ്രതിപക്ഷ ശബ്ദമാണ്. വെനസ്വേലയിലെ രാഷ്ട്രീയ രംഗത്തു പരമ്പരാഗതമായി പുരുഷാധിപത്യമാണ് നിലനില്‍ക്കുന്നത്. അവിടെയാണ് ഒരു സ്ത്രീ ജനാധിപത്യത്തിന്‍റെ ശബ്ദമായി മാറിയത്. വെനസ്വേലയില്‍ നിന്ന് അവരുടെ ശബ്ദം ഇന്ന് ലോകത്തിനു തന്നെ പ്രചോദനം നല്‍കുന്നതായി മാറിയിരിക്കുന്നു.
പ്രതിരോധം തീര്‍ത്ത് ഒടുവില്‍ അംഗീകാരം നേടി
വെനസ്വേലയിലെ അഴിമതിക്കും അനീതിക്കുമെതിരേ ശബ്ദമുയര്‍ത്തുന്നതിലും സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലുമായിരുന്നു മചാഡോയുടെ ശ്രദ്ധ. മെല്ലെ മെല്ലെ അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിച്ചു തുടങ്ങി. ഇന്ന് ദശലക്ഷക്കണക്കിന് വെനസ്വേലക്കാരുടെ പ്രതീക്ഷയായി തീര്‍ന്നിരിക്കുകയാണ് മചാഡോ.
സ്വന്തം ജീവനു ഭീഷണിയുണ്ടായിട്ടും പോരാട്ട ജീവിതം നയിച്ച മചാഡോ ഏതെങ്കിലുമൊരു സമ്മാനത്തിനു വേണ്ടി പ്രചാരണം നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെനസ്വേലയില്‍ ഇന്നും ജീവനു ഭീഷണിയായി നില്‍ക്കുന്ന നിരവധി സാഹചര്യങ്ങള്‍ മചാഡോയ്ക്ക് ഉണ്ട്. രാഷ്ട്രീയ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍ബന്ധിത ഒളിച്ചോട്ടത്തിനും വിധേയയായിട്ടുണ്ട്. എന്നിട്ടും അവര്‍ സ്വന്തം രാജ്യത്ത് തന്നെ തുടരുകയാണ്. സ്വേച്ഛാധിപത്യം ഭീഷണിപ്പെടുത്തിയപ്പോള്‍ മചാഡോ ഒരിക്കലും പിന്തിരിഞ്ഞില്ല. അവര്‍ അവിടെ നിലകൊണ്ടു. ഉറച്ചുനിന്നു. അതിലൂടെ അവര്‍ വെനസ്വേലക്കാര്‍ക്ക് അവരുടെ നിലപാട് ദൃശ്യമാക്കി കൊടുത്തു. പൗരന്മാരെ ശാക്തീകരിക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് നിയമവാഴ്ചയിലേക്കുള്ള സമാധാനപരമായ മാറ്റത്തിന് ശ്രമിക്കുക എന്നതിലായിരുന്നു അവരുടെ പോരാട്ടം. ഒരു പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ടിയുള്ളതായിരുന്നില്ല മചാഡോയുടെ പോരാട്ടം അത് ത്യാഗങ്ങള്‍ നിറഞ്ഞതായിരുന്നു. ആ ത്യാഗത്തിനും ധൈര്യത്തിനും ഒടുവില്‍ ലോകഅംഗീകാരം ലഭിച്ചിരിക്കുന്നു.
രാഷ്ട്രീയജീവിതം
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും പൗരന്മാരുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ' സുമാതെ ' എന്ന സംഘടന സ്ഥാപിച്ചു കൊണ്ടാണു 2002ല്‍ മചാഡോ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് 2013ല്‍ മചാഡോ സ്വന്തമായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ' വെന്‍റെ വെനസ്വേല ' യുടെ ദേശീയ കോര്‍ഡിനേറ്ററുമായി. വെനസ്വേലയിലെ ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നിവയ്ക്കായി വാദിച്ച മചാഡോ, ഹ്യൂഗോ ഷാവേസിന്‍റെയും നിക്കോള മഡുറോയുടെയും ഭരണകൂടങ്ങളെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരുന്നു.
2011ല്‍ മച്ചാഡോ, ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014 വരെ ദേശീയ അസംബ്ലിയില്‍ സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍ ദുരുപയോഗങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ മചാഡോ സ്വീകരിച്ചു. അഴിമതി തുറന്നു കാട്ടാനുള്ള മചാഡോയുടെ ശ്രമങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ വെനസ്വേലയില്‍ നടന്ന പ്രതിഷേധങ്ങളിലെ മചാഡോയുടെ പങ്കാളിത്തം അവരെ ദേശീയ അസംബ്ലിയില്‍ നിന്ന് പുറത്താക്കുന്നതിലേക്കാണു നയിച്ചത്. പിന്നീട് അവര്‍ക്കെതിരേ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2024ല്‍ വെനസ്വേലയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മചാഡോ ശ്രമിച്ചെങ്കിലും അവരെ അയോഗ്യരാക്കി.
വെനസ്വേലയിലെ ഛിന്നഭിന്നമായ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായിരുന്നു മചാഡോ ശ്രമിച്ചത്. ഇതാകട്ടെ, മഡുറോയുടെ കണ്ണിലെ കരടായി മചാഡോ മാറാനും കാരണമായി. ഇതേ തുടര്‍ന്ന് അവര്‍ക്ക് ഒളിവു ജീവിതം നയിക്കേണ്ട അവസ്ഥയുമുണ്ടായി.