

പരിസ്ഥിതിയുടെ മറുവാക്ക്
credit: metrovaartha
ഡോ. മാധവ ഗാഡ്ഗിലുമായി ഉണ്ടായിരുന്ന നീണ്ട നാളത്തെ പരിചയവും സുഹൃദ് ബന്ധവും വഴി കൈവന്ന ഹൃദയ ബന്ധമാണ് ഈ കുറിപ്പിനാധാരം.
പാരിസ്ഥിതിക രംഗത്ത് ശാസ്ത്രാധിഷ്ഠിത സമീപനത്തിലൂടെ യുക്തിഭദ്രമായ നേർവഴി കാട്ടിത്തന്ന ഒരു മഹാനുഭാവനയാണ് നമുക്കു നഷ്ടപ്പെട്ടത്. വൈകാരികതലത്തിൽ മാത്രം നോക്കിക്കാണേണ്ട വിഷയമല്ല പരിസ്ഥിതി സംരക്ഷണം എന്നും, സമഗ്ര മാനവ ജീവിതദർശനമായി കാണേണ്ട നിലനിൽപ്പിന്‍റെ മഹാശയമാണെന്നും എപ്പോഴും അദ്ദേഹം നമ്മെ ഓർമിപ്പിച്ചു. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ശാസ്ത്രജ്ഞനെന്ന പോലെ പാരിസ്ഥിതിക ദാർശനികനായും അദ്ദേഹം അറിയപ്പെട്ടു.
തത്ത്വചിന്താപരമായ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും സമീപനത്തിനുമപ്പുറം മനുഷ്യ മനസിനെ തൊട്ടുണർത്തുന്ന ലളിത വ്യാഖ്യാനങ്ങളിലൂടെ അദ്ദേഹം പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പുതിയ മാനം കണ്ടെത്തി. ശാസ്ത്രജ്ഞന്‍റെ ഗവേഷണ നിരീക്ഷണത്വരയും ആർദ്രഹൃദയാലുവിന്‍റെ ഭാവാത്മക സമീപനവും കൂടിക്കലർന്നപ്പോൾ അദ്ദേഹത്തിന്‍റെ വാക്കുകൾ മാനവികതയുടെ ഒരിക്കലും നശിക്കാത്ത ആശയാദർശങ്ങളായി മാറി.
ആറന്മുളയിൽ
നെൽപ്പാടം നികത്തിയുള്ള വിമാനത്താവള നിർമാണത്തിനെതിരേ വലിയ സമരം നടക്കുന്ന വേളയിൽ ആറന്മുളയിൽ അദ്ദേഹം നടത്തിയ സന്ദർശനം ഒരിക്കലും മറക്കാൻ കഴിയില്ല. വറ്റിക്കൊണ്ടിരിക്കുന്ന പമ്പാ നദിയും തകർക്കപ്പെട്ട പാറകളും നശിക്കുന്ന നീർത്തടങ്ങളും നേരിൽ കണ്ടു. ദുഃഖാർത്തനായി അസ്വസ്ഥമായ മനസോടെ വിങ്ങിപ്പൊട്ടിയ അദ്ദേഹത്തിന്‍റെ വാക്കുകൾ ഹൃദയദേദകമായിരുന്നു.
റാന്നിക്കടുത്ത് ക്വാറികൾ സന്ദർശിക്കാൻ പോകവേ വഴി നീളെ കണ്ടത് കരിങ്കൊടികളാണ്. ഗോ ബായ്ക്ക് എന്നെഴുതിയ പോസ്റ്ററുകൾ വരവേറ്റു. അന്നു സിപിഎം കരിദിനമായി ആചരിച്ചതിനെക്കുറിച്ച് പത്രലേഖകർ ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി. വെട്ടിമുറിക്കപ്പെട്ട പാറമടകൾ മൂലം വഴിയാധാരമാകുന്ന പാവങ്ങളുടെ കഷ്ടജീവിതം നേരിൽ കണ്ടു. പാറകൾ നശിച്ചാൽ നാടു മുടിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.അവിടെ തിങ്ങിക്കൂടിയ ജനങ്ങളുടെ ഭയാശങ്കകളിൽ പങ്കു ചേർന്നു.
ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് ദേശീയ മാനം ലഭിച്ചത് ഗാഡ്ഗിലിന്‍റെ ഇടപെടലോടെയാണ്. പ്രക്ഷോഭത്തോടൊപ്പം ഹരിത ട്രിബ്യൂണലിൽ നിന്നും നീതി കിട്ടാൻ ശക്തമായ നിയമ യുദ്ധം നടത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു. ആറന്മുള സത്രക്കടവിൽ നിന്ന് പമ്പാ നദിയെ ദീർഘനേരം നോക്കിക്കണ്ടു. കൈക്കുമ്പിളിൽ വെള്ളമെടുത്ത് പരിശോധിച്ചു. മലിനമാണ് പമ്പാ നദീജലമെന്നും വറ്റി വരളുന്ന പമ്പയ്ക്ക് കാവലാളായി മാറാൻ ഈ തലമുറയ്ക്ക് കഴിഞ്ഞില്ലെങ്കിൽ വരുംകാലങ്ങളിലുണ്ടാകാൻ പോകുന്ന ദുരന്തങ്ങളുടെ പാപഭാരം ഏൽക്കേണ്ടിവരുമെന്നും ഓർമപ്പെടുത്തി.
ജനകീയ മുന്നേറ്റം
2021 ഒക്റ്റോബറിൽ മാധവ് ഗാഡ്ഗിലുമായി അദ്ദേഹത്തിന്‍റെ പുനെയിലെ വസതിയിൽ നടന്ന ചർച്ചയിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ഭരണഘടനയിലെ നിയമങ്ങൾ നടപ്പാക്കണമെന്നും കേരളത്തിൽ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകണമെന്നും പറഞ്ഞു. കേരളത്തിൽ വർഷം തോറും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതികൾക്ക് പരിഹാരമെന്തെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് പുനെയിലെ വസതിയിൽ എത്തിയത്.
അദ്ദേഹം തുടർന്നു:
""കഴിഞ്ഞകാല ദുരന്തങ്ങളിൽ നിന്ന് നാം ഇനിയും പാഠം പഠിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരും. ഭാവിയിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാകും. പ്രകൃതി സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുന്നതിനും ആവശ്യമായ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ജനങ്ങൾ ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരേ ജനങ്ങൾ സംഘടിക്കണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ പോലും ജനങ്ങൾ ഭയപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.''
നിലവിലുള്ള ത്രിതല പഞ്ചായത്ത് നിയമങ്ങളുടെ ബലത്തിൽ പാരിസ്ഥിതിക കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ദുരന്തങ്ങൾക്കു ശേഷം ഏറെക്കാലം കഴിഞ്ഞിട്ടും അതിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാകാത്ത അവസ്ഥ. പ്ലാച്ചിമടയിൽ കോളാ ഫാക്റ്ററിക്കെതിരേ ജനകീയ മുന്നേറ്റം ഉണ്ടായതിനെ തുടർന്ന് അതു പൂട്ടാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നിയമസഭയും അത് അംഗീകരിച്ചു. ഫാക്റ്ററി പൂട്ടിയെങ്കിലും ദുരിതത്തിനിരയായവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജനങ്ങളിൽ ഇതേക്കുറിച്ച് ബോധവത്കരണം നടത്തണം''- അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലുള്ള ഉത്കണ്ഠയും മനോവേദനയും മാധവ് ഗാർഡ്ഗിലിന്‍റെ ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു.
പശ്ചിമഘട്ടം പഠന റിപ്പോർട്ട്
തകരുന്ന പശ്ചിമഘട്ടത്തെക്കുറിച്ചു നടത്തിയ പഠനങ്ങളും വിശകലനങ്ങളും അടങ്ങിയ റിപ്പോർട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് ശക്തി പകരുന്ന മാർഗദർശന രേഖയാണ്. നീണ്ട നാളത്തെ വിശദമായ അന്വേഷണത്തിനും തെളിവു ശേഖരണത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് വിദഗ്ദ സംഘം റിപ്പോർട്ട് തയാറാക്കിയത്.
പശ്ചിമഘട്ടത്തിനു സമീപം അധിവസിക്കുന്ന ജനങ്ങളുടെ ഗ്രാമസഭയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന ജനാധിപത്യ പ്രേരകമായ ശുപാർശയും സന്ദേശവും അന്ന് ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞില്ല. രാസവള പ്രയോഗം പാടില്ലെന്നും പ്രകൃതി സൗഹൃദ നിർമാണ പ്രവർത്തനങ്ങളേ പാടുളളൂ എന്നുമുള്ള സോദ്ദേശപൂർണമായ നിർദേശങ്ങൾ തമസ്കരിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തു. തന്മൂലം ഒട്ടേറെപ്പേരുടെ കല്ലേറ് അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നു.
വിമർശനങ്ങളും പഴിചാരലും പ്രതിഷേധങ്ങളും രൂക്ഷമായ സന്ദർഭത്തിലും ഗാഡ്ഗിൽ അക്ഷോഭ്യനായി നിശബ്ദത പാലിച്ചു. തന്‍റെ നിലപാടിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടു പോകാനോ തിരുത്തിപ്പറയാനോ തയാറായില്ല. ഭരണാധികരികളുടെയോ രാഷ്‌ട്രീയ നേതാക്കളുടെയോ പ്രീതിക്കു വേണ്ടിയല്ല, വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന തുറന്ന പ്രഖ്യാപനം മാധവ് ഗാഡ്ഗിൽ എന്ന വ്യക്തിത്വത്തിന് തിളക്കവും മാറ്റും കൂട്ടി.
പരിസ്ഥിതിക്കു വേണ്ടിയുള്ള അചഞ്ചലവും ധീരവുമായ അദ്ദേഹത്തിന്‍റെ പോരാട്ട വീഥിയിൽ ഒരിക്കലും നശിക്കാത്ത നന്മയുടെ മുകുളങ്ങൾ നാമ്പിട്ട് തളിർത്തു നിൽക്കുന്നു. അവ വൻമരമായി വളർന്നു പടർന്നു പന്തലിച്ച് തണൽ വിരിച്ചു നിൽക്കണമെങ്കിൽ ചുവട്ടിൽ വെള്ളവും മണ്ണും വളവും ആവശ്യമാണ്. അവ ഇട്ടുകൊടുക്കുന്ന ദൗത്യം ഈ തലമുറ ഏറ്റെടുത്താൽ ഭാവി ഭാരതം ഭാസുരമാകുമെന്ന് ഉറച്ചു വിശ്വസിക്കാം.
(ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ കർമസമിതി അധ്യക്ഷനായ ലേഖകൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം, ഗോവ സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്നു).