

കെ.എന്‍. ബാലഗോപാല്‍
ധനകാര്യ മന്ത്രി
file photo
കെ.എന്‍. ബാലഗോപാല്‍
ധനകാര്യ മന്ത്രി
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്കു വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വിഷയങ്ങള്‍ ഗൗരവമായിത്തന്നെ കേരളം ചര്‍ച്ച ചെയ്യണം. സ്ത്രീ സുരക്ഷാ പദ്ധതിയും കണക്റ്റ് ടു വര്‍ക്ക് പരിപാടിയും ക്ഷേമ പെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ വിതരണവുമൊക്കെ തടസപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം നിഷേധിക്കുന്നത്. ഇത് കേരളത്തെ പിന്നില്‍ നിന്നു കുത്തുന്ന അനുഭവമാണ്. അതില്‍ ബിജെപിക്കൊപ്പം പ്രതിപക്ഷവും ചേര്‍ന്നിരിക്കുന്നു. ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേന്ദ്ര നയത്തിനെതിരായ പ്രക്ഷോഭത്തിൽ യുഡിഎഫും അണിചേരുകയാണു വേണ്ടത്. ഈ അവഗണന തിരുത്തിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി അണിനിരക്കാനാകണം.മുമ്പെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.
ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ജനുവരി മുതല്‍ മാര്‍ച്ചു വരെ 3 മാസം സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഓരോ വര്‍ഷവും നമുക്ക് ആകെയയെടുക്കാവുന്ന വായ്പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും, ആദ്യ 9 മാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലിൽ തന്നെ അറിയിക്കുന്നതുമാണ് രീതി. അവസാന 3 മാസത്തേക്ക് എടുക്കാവുന്ന തുകയ്ക്ക് പിന്നീട് അറിയിപ്പുവരും. അതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം അവസാനത്തെ 3 മാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്.
തനതു വരുമാനങ്ങള്‍ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്‍ഷന്‍ കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയിൽ വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്‍ 17ന് കേന്ദ്രത്തിൽ നിന്നു ലഭിച്ച കത്തില്‍ പറയുന്നത്. ഇത് ശമ്പളവും പെന്‍ഷനും ബില്ലുകള്‍ മാറിനല്‍കലും ഉള്‍പ്പെടെയുള്ള വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണ്. ഈ വര്‍ഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടത്തില്‍ നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്.
കേന്ദ്രം അംഗീകരിച്ച കണക്കിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ അഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനമാണ് കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശയും പരിഗണിച്ച് കേന്ദ്രം അംഗീകരിക്കുന്ന വായ്പാ പരിധിക്കുള്ളില്‍ നിന്ന് റിസർവ് ബാങ്കിന്‍റെ അനുമതിയോടായാണ് കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്‍ അനുവദിച്ചിട്ടുള്ള കടത്തില്‍ നിന്നാണ് ഒരുവര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ മനഃപൂര്‍വം ചെയ്യുന്നതാണ്.
ധന മാനെജ്മെന്‍റ് മെച്ചമെന്ന് കേന്ദ്ര ഏജൻസികൾ
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതില്‍ കേന്ദ്രത്തിനും എതിരാഭിപ്രായമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നു റിസര്‍വ് ബാങ്കിന്‍റെയും സി ആൻഡ് എജിയുടെയും റിപ്പോർട്ടുകളിലുണ്ട്. സംസ്ഥാനത്തിന്‍റെ ആളോഹരി വരുമാനം ഇരട്ടിയായി വർധിച്ചു.
2016ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 കോടി രൂപയായെന്നും സംസ്ഥാനത്തിന്‍റെ അഭ്യന്തര ഉത്പാദനം ഇരട്ടിയായെന്നും ആര്‍ബിഐ വ്യക്തമാക്കി. 2015-16ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉത്പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി. കേരളത്തിന് ശരാശരി 12% സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു. സംസ്ഥാനത്തിന്‍റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടു. 2015-16ലെ 54,000 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇത് 1,03,240 കോടി രൂപയായി.
കടം- ജിഎസ്ഡിപി അനുപാതം കുറയുന്നു
കേരളത്തില്‍ കുറേ കാലത്തിനിടെ കടത്തിന്‍റെ വർധനാ നിരക്ക് കുറഞ്ഞുനില്‍ക്കുന്നു. പൊതുകടവും അഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്നാണ് സി ആൻഡ് എജിയുടെ സ്റ്റേറ്റ് ഫിനാന്‍സെസ് 2023-24 റിപ്പോര്‍ട്ട്. നമ്മുടെ പൊതുകടം - ജിഎസ്ഡിപി അനുപാതം 24.88%. ദേശീയ ശരാശരി 26.11%. 3 ശതമാനത്തില്‍ കൂടുതല്‍ ധന കമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സി ആൻഡ് എജി വ്യക്തമാക്കി. കേരളത്തിന്‍റെ ധനകമ്മി 3.02%. ബാക്കി 17 സംസ്ഥാനങ്ങള്‍ക്കും കേരളത്തേക്കാള്‍ ഉയര്‍ന്ന ധന കമ്മി.
ബിഹാര്‍, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധന കമ്മി 4%ത്തിനു മുകളിൽ. സംസ്ഥാനത്തിന്‍റെ ആകെ ബാധ്യതയും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം കൊവിഡ് കാലത്ത് 38.47%ത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇപ്പോഴത് 34.2% ആയി കുറയ്ക്കാനായി എന്നതും ശ്രദ്ധേയം. കേരളത്തിന്‍റെ 3 പതിറ്റാണ്ടിലെ ബജറ്റ് വിവരങ്ങള്‍ പരിശോധിച്ചാല്‍ ഓരോ 5 വര്‍ഷത്തിലും കടം ഇരട്ടിയാകുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 78,673 കോടി രൂപയായിരുന്നു കടം.
അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലവധി പൂര്‍ത്തിയാക്കിയപ്പോള്‍ 1,57,370 കോടിയായി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 2,96,901 കോടിയായി. ഈ തോതനുസരിച്ച് ഈ സര്‍ക്കാരിന്‍റെ കാലത്ത് അത് 6 ലക്ഷം കോടിയിലേക്ക് എത്തണം. എന്നാല്‍, യഥാർഥ കടം 4.75 ലക്ഷം കോടിയിൽ കവിയില്ല. കടം ഇരട്ടിയാകുക എന്ന മുന്‍ സര്‍ക്കാരുകളുടെ കാലത്തെ പ്രവണത ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇല്ല.
വിവിധ കാരണങ്ങള്‍ പറഞ്ഞ് കടാനുമതി വെട്ടിക്കുറയ്ക്കുന്നതും കടമെടുക്കുന്നതില്‍ സംസ്ഥാനം സ്വയം നിയന്ത്രണം പാലിക്കുന്നതുമാണ് ഇത്തരത്തില്‍ കടം കുറയാന്‍ കാരണം. ശരാശരി ഒരു വര്‍ഷം 25,000 കോടിയുടെ വായ്പാ അവസരമാണ് നമുക്ക് നിഷേധിക്കപ്പെടുന്നത്. എന്നിട്ടും കേരളം പിടിച്ചുനിൽക്കുന്നു. ഇതൊക്കെയാണ് റിസര്‍വ് ബാങ്കും സി ആൻഡ് എജിയുമൊക്കെ നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് വിലയിരുത്താനുള്ള കാരണങ്ങൾ.
ശ്വാസം മുട്ടിക്കുന്നു
എന്നാല്‍, നാം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാതെ ശ്വാസം മുട്ടിക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ 25%ത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്‍റുകളും അടക്കമുള്ളത്. ബാക്കി 75% സംസ്ഥാനത്തിന്‍റെ തനതു വരുമാനമാണ്. എന്നാല്‍, ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്‍റെ 53% കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്‍റുകളുമാണ്.
ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്‍റെ 73% വരെ കേന്ദ്ര വിഹിതമായി കിട്ടുന്നു. എന്നാല്‍, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത് കേന്ദ്രത്തിന്‍റെ നമ്മളോടുള്ള സമീപനമാണ്. ഇതിനൊപ്പം, ഗ്രാന്‍റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറയ്ക്കപ്പെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടിയാണ് കിട്ടാനുള്ളത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്കു കിട്ടുന്നില്ല.
പല കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു എന്നതിനാലാണ് നമുക്ക് അര്‍ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്നത്! നല്ല സ്കൂളും ആശുപത്രിയും റോഡുകളുമൊക്കെ ഉണ്ടാക്കിയതിനാല്‍, അതിന്‍റെ പേരില്‍ നമ്മെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. പിഎം- ശ്രീ, എന്‍എച്ച്എം, സമഗ്രശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിങ്ങിന്‍റെയും മറ്റും പേരു പറഞ്ഞ് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നു.
പുറമെയാണ് തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനം. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബിജെപി സര്‍ക്കാര്‍ തകര്‍ത്തുക്കഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യത കൂടി സംസ്ഥാനത്തിന്‍റെ ചുമലിലായി.
തളർത്താൻ പറ്റുന്നില്ല
ഇതൊന്നും കൊണ്ട് കേരളത്തെ തളർത്താൻ പറ്റുന്നില്ലെന്ന് കേന്ദ്രത്തിനും ഇവിടത്തെ പ്രതിപക്ഷത്തിനുമൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതങ്ങളില്‍ ഇത്രയേറെ കുറവുണ്ടായിട്ടും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും പുതിയ വ്യവസായങ്ങള്‍ ഉറപ്പാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൂടുതല്‍ പണം ചെലവഴിക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നുണ്ട്.
ക്ഷേമ പെന്‍ഷന്‍ കാര്യമായി വർധിപ്പിക്കുക, വനിതകള്‍ക്കു വരുമാനം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി, യുവജനതയ്ക്ക് കണക്റ്റ് ടു വര്‍ക്ക് പദ്ധതി ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, ഡിഎ/ഡിആര്‍ കുടിശിക അനുവദിക്കല്‍ തുടങ്ങിയവ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ ജനപക്ഷ നിലപാടുകൾ അംഗീകരിക്കാൻ കഴിയാത്ത കേന്ദ്ര നിലപാടാണ് വായ്പാ അനുമതി വെട്ടിക്കുറയ്ക്കലില്‍ പ്രകടമായത്.
ഒരു വശത്തു നുണപ്രചാരണം നടത്തുക, മറുഭാഗത്ത് സാമ്പത്തികമായി ഞെരുക്കുക എന്നതാണ് സ്വീകരിക്കുന്നത്. ഈ കേരള വിരുദ്ധ സമീപനത്തിലെ യുഡിഎഫിന്‍റെ പങ്കാളിത്തത്തിന് ഉദാഹരണമാണ് കോഴിക്കോട്, കൊല്ലം എംപിമാര്‍ കേരളത്തിലെ റേഷന്‍ മുടക്കാനും സഹകരണ മേഖലയെ തകര്‍ക്കാനും കഴിയുമോ എന്ന നിലയിലുള്ള ഇടപെടല്‍ നടത്താന്‍ പാര്‍ലമെന്‍റില്‍ ശ്രമിച്ചത്. ഇതെല്ലാം യുഡിഎഫ് – ബിജെപി സന്ധിയുടെ ഭാഗമാണ്.
അർഹമായത് കിട്ടിയേ തീരൂ
കേരളത്തിലെ എല്ലാ പാര്‍ട്ടികളിലും പെട്ട മൂന്നരക്കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം തടയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങൾ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതു കൂടി നിഷേധിക്കപ്പെടുന്ന സ്ഥിതി. ഇതിനെതിരേ ഒറ്റക്കെട്ടായ സമീപനം വേണം.
മുഖ്യമന്ത്രിയും ധനമന്ത്രിയും പല തവണ കേന്ദ്ര ഭരണാധികാരികളെ കണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തി. ഡിസംബർ 24ന് കേന്ദ്ര ധനമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്‍കിയ 6,000 കോടി രൂപയ്ക്കു പകരം വായ്പ എടുക്കാന്‍ അനുവദിക്കണം, ഐജിഎസ്ടി റിക്കവറി എന്ന പേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണം, ഗ്യാരണ്ടി നിക്ഷേപത്തിന്‍റെ പേരിൽ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി ലഭ്യമാക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചു. അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല.
നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു കണ്ട് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചതു പോലെ കേന്ദ്രത്തിന് വഴങ്ങുന്ന ഒരു നയസമീപനമല്ല കേരളം സ്വീകരിച്ചത്. കേന്ദ്ര ബിജെപി സർക്കാരിനെതിരേ കോടതിയിൽ പോകാനും പ്രക്ഷോഭം നടത്താനും കേരളത്തിലെ എൽഡിഎഫ് സർക്കാർ മാത്രമേ തയാറായിട്ടുള്ളൂ.
ഈ വിഷയങ്ങള്‍ ഗൗരവമായിത്തന്നെ കേരളം ചര്‍ച്ച ചെയ്യണം. സ്ത്രീ സുരക്ഷാ പദ്ധതിയും കണക്റ്റ് ടു വര്‍ക്ക് പരിപാടിയും ക്ഷേമ പെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ വിതരണവുമൊക്കെ തടസപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം നിഷേധിക്കുന്നത്. ഇത് കേരളത്തെ പിന്നില്‍ നിന്നു കുത്തുന്ന അനുഭവമാണ്. അതില്‍ ബിജെപിക്കൊപ്പം പ്രതിപക്ഷവും ചേര്‍ന്നിരിക്കുന്നു. ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേന്ദ്ര നയത്തിനെതിരായ പ്രക്ഷോഭത്തിൽ യുഡിഎഫും അണിചേരുകയാണു വേണ്ടത്. ഈ അവഗണന തിരുത്തിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി അണിനിരക്കാനാകണം.