പ്രഗതി പോർട്ടൽ: ചരക്ക് ഇടനാഴി പദ്ധതിയിൽ നിർണായക പങ്ക്

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ഏറ്റെടുത്ത ഏറ്റവും അഭിലഷണീയവും മഹത്തരവുമായ റെയ്‌ൽ അടിസ്ഥാനസൗകര്യ സംരംഭങ്ങളിലൊന്നാണ് സമർപ്പിത ചരക്ക് ഇടനാഴി പദ്ധതി
Pragati Portal

പ്രഗതി പോർട്ടൽ

graph

Updated on

രവീന്ദ്ര കുമാർ ജെയിൻ

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ഏറ്റെടുത്ത ഏറ്റവും അഭിലഷണീയവും മഹത്തരവുമായ റെയ്‌ൽ അടിസ്ഥാനസൗകര്യ സംരംഭങ്ങളിലൊന്നാണ് സമർപ്പിത ചരക്ക് ഇടനാഴി പദ്ധതി (Dedicated Freight Corridor Project- DFC). ചരക്കുഗതാഗതത്തിന് ഉയർന്ന ശേഷിയുള്ളതും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ പ്രത്യേക റെയ്‌ൽ ഇടനാഴി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ഈ പദ്ധതി, വേഗമേറിയതും സുരക്ഷിതവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ലോജിസ്റ്റിക്‌സ് പരിഹാരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഇന്ത്യൻ റെയ്‌ൽവേയുടെ ചരക്ക് ഗതാഗത വിപണി വിഹിതം മെച്ചപ്പെടുത്താൻ വഴിയൊരുക്കുന്നു. ഒപ്പം, മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് പാർക്കുകളുടെ വികസനത്തിന് ഊർജം പകരുകയും ചെയ്യുന്നു.

രാജ്യത്തെ ലോജിസ്റ്റിക്‌സ് ചെലവ് കുറച്ച് വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഈ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. 1.2 ലക്ഷം കോടി രൂപയിലധികം ചെലവ് കണക്കാക്കുന്നതും ഏകദേശം 2,843 കിലോമീറ്റർ ദൈർഘ്യമുള്ളതുമായ സമർപ്പിത ചരക്ക് ഇടനാഴി (ഡിഎഫ്സി) പദ്ധതിക്ക് 2 പ്രധാന ഭാഗങ്ങളുണ്ട്:

കിഴക്കൻ മേഖലാ ഇടനാഴി

പഞ്ചാബിലെ സഹ്‌നെവാളിൽ (ലുധിയാന) നിന്ന് ബിഹാറിലെ സോണഗറിലേക്ക് 1,337 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബ‌ിഹാർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു.

പടിഞ്ഞാറൻ ഇടനാഴി

ഉത്തർപ്രദേശിലെ ദാദ്രിയിൽ നിന്ന് മുംബൈയ്ക്ക് സമീപമുള്ള ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് വരെ 1,506 കിലോമീറ്റർ ദൈർഘ്യമുള്ള ഇത് ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു.

വന മേഖലകൾ, വന്യജീവി സങ്കേതങ്ങൾ, കണ്ടൽക്കാടുകൾ, നദീതീര മേഖലകൾ എന്നിവയെ ഭേദിച്ചുകൊണ്ട്, 7 സംസ്ഥാനങ്ങളിലൂടെയും 56 ജില്ലകളിലൂടെയും ഡിഎഫ്സി കടന്നുപോകുന്നു. ഇത് പദ്ധതി നിർവഹണത്തെ സ്വതവേ സങ്കീർണമാക്കുന്നു.

വെല്ലുവിളികൾ

2008ൽ ആരംഭിച്ചെങ്കിലും, വിവിധ തടസങ്ങൾ കാരണം വർഷങ്ങളായി പദ്ധതി തടസപ്പെട്ടു കിടക്കുകയായിരുന്നു: കെട്ടിടങ്ങളുടെയും നിർമാണങ്ങളുടെയും പൊളിച്ചുമാറ്റലും കൈയേറ്റങ്ങൾ ഒഴിപ്പിക്കലും ഉൾപ്പെടെ ഏകദേശം 11,000 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവന്നത്. വനഭൂമി, വന്യജീവി സങ്കേതങ്ങൾ, കണ്ടൽക്കാടുകൾ (മാംഗ്രൂവ്), മരം മുറി, നദികളെയും അരുവികളെയും മുറിച്ചുകടക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികൾ നേടേണ്ടതുണ്ടായിരുന്നു.

റോഡ് ഓവർ ബ്രിഡ്ജുകൾ (ആർഒബി), റോഡ് അണ്ടർ ബ്രിഡ്ജുകൾ (ആർയുബി) എന്നിവയുടെ നിർമാണത്തിലൂടെ 900ലധികം ലെവൽ ക്രോസിങ്ങുകൾ ഇല്ലാതാക്കുക; ഓരോ ഘടനയ്ക്കും സംയുക്ത ജിഎഡി അംഗീകാരങ്ങളും സമീപ റോഡുകൾക്കായുള്ള ഭൂമി ഏറ്റെടുക്കലും ആവശ്യമായി വന്നു. ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ, ഗ്യാസ് പൈപ്പ്‌ ലൈനുകൾ, എണ്ണ പൈപ്പ്‌ ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കുക എന്നതും ആവശ്യമായിരുന്നു.

പ്രതിരോധ വകുപ്പിന്‍റെ അനുമതികൾ, ദേശീയപാതാ അഥോറിറ്റിയുടെ അനുമതികൾ, സംസ്ഥാന പാതകളുമായി ബന്ധപ്പെട്ട അനുമതികൾ, കനാലുകൾ മുറിച്ചു കടക്കാനുള്ള ജലസേചന വകുപ്പിന്‍റെ അനുമതികൾ തുടങ്ങി വിവിധ ഏജൻസികളിൽ നിന്നുള്ള സഹകരണവും ഭൂമി താത്കാലികമായി ഉപയോഗിക്കാനുള്ള അംഗീകാരങ്ങളും നേടേണ്ടതുണ്ടായിരുന്നു.

കൊവിഡ് മഹാമാരിക്കു ശേഷം ഉണ്ടായ സാമ്പത്തിക സമ്മർദങ്ങൾ മൂലം പണമൊഴുക്ക് (Cash flow) ഗണ്യമായി കുറയുന്ന സാഹചര്യം സംജാതമായി. ബാധ്യതകളില്ലാത്ത (Encumbrance- free) ഭൂമിയുടെ ലഭ്യതക്കുറവ് നിർമാണ പ്രവർത്തനങ്ങളുടെ വേഗതയ്ക്ക് വിഘാതം സൃഷ്ടിച്ചു, അവകാശവാദങ്ങളും (Claims) നിയമ പ്രശ്നങ്ങളും പദ്ധതിയെ ബാധിക്കുകയും ചെയ്തു.

പ്രഗതി പോർട്ടൽ വഴിത്തിരിവ്

പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആരംഭിച്ച പ്രഗതി പോർട്ടൽ, സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ നിർവഹണത്തിൽ നിർണായക വഴിത്തിരിവായി. ഈ പോർട്ടലിലൂടെ, പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഡിഎഫ്സി ഉദ്യോഗസ്ഥർ വിശദ രേഖകളോടെ അപ്‌ലോഡ് ചെയ്തു. പ്രഗതിയെ യഥാർഥത്തിൽ ശക്തമാക്കിയത് അതു സൃഷ്ടിച്ച സുതാര്യതയും ഉത്തരവാദിത്തവുമാണ്. പ്രധാനമന്ത്രി ഉൾപ്പെടെ ഉന്നത ഭരണ നേതൃത്വം പദ്ധതിയുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും അധികാരികൾക്കുമുണ്ടായി.

തൽഫലമായി, വർഷങ്ങളോളം പരിശ്രമിച്ചിട്ടും തീർപ്പുകൽപ്പിക്കപ്പെടാതെ കിടന്ന ഒട്ടേറെ വിഷയങ്ങൾ ആഴ്ചകൾക്കുള്ളിൽ- ചിലപ്പോൾ ദിവസങ്ങൾക്കുള്ളിൽ തന്നെ-പരിഹരിക്കപ്പെട്ടു. ഉടൻ പരിഹാരം സാധ്യമല്ലാത്ത വിഷയങ്ങളിൽ, ലക്ഷ്യമിട്ട തീയതികളിൽ പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾ പ്രതിബദ്ധരാകുകയും അവ പിന്നീടു കർശനമായി പാലിക്കപ്പെടുകയും ചെയ്തു.

കാര്യക്ഷമമായ ഭരണ സംസ്കാരം

ഇനിപ്പറയുന്ന കാര്യങ്ങൾക്കുള്ള ഫലപ്രദമായ പ്ലാറ്റ്‌ഫോമായി പ്രഗതി പോർട്ടൽ ഉയർന്നുവന്നു:

* തത്സമയ പദ്ധതി നിരീക്ഷണം– പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി നിരീക്ഷിക്കാൻ സാധിച്ചു.

* ഒരേസമയം ഒന്നിലധികം തലങ്ങളിൽ പ്രശ്‌നങ്ങളുടെ ഗൗരവം മനസിലാക്കാനും പ്രശ്‌നങ്ങളുടെ ഗൗരവം വിവിധ തലങ്ങളിൽ ഉടനടി വിലയിരുത്താനും കഴിയുന്നു.

ഏകജാലകത്തിലൂടെ അന്തർ മന്ത്രാലയ, അന്തർ സംസ്ഥാന ഏകോപനവും ഈ ഏകീകൃത പ്ലാറ്റ്‌ഫോം മുഖേന സുഗമമാക്കി.

* ഡിഎഫ്സി പദ്ധതിയുടെ ഭാഗമായി സമാനമായ ആന്തരിക നിരീക്ഷണ ചട്ടക്കൂട് സ്ഥാപിക്കുകയും സ്ഥാപനവത്കരിക്കുകയും ചെയ്തു. പ്രധാന കരാറുകളുടെ ആഴ്ച തോറുള്ള അവലോകനങ്ങൾ, പദ്ധതി പ്രദേശങ്ങളിലെ സന്ദർശനങ്ങളും കാര്യക്ഷമമായ നിരീക്ഷണവും, മുൻ നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങളുടെ നിരന്തര നിരീക്ഷണം എന്നിവ നിർബന്ധിത മാനദണ്ഡങ്ങളായി മാറി.

* സമയക്രമങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയതിലൂടെ പദ്ധതി നിർവഹണ സംഘത്തിനുള്ളിൽ ഉത്തരവാദിത്തബോധവും പ്രതിബദ്ധതയും മെച്ചപ്പെട്ടു.

പദ്ധതി നിർവഹണത്തിൽ പ്രകടമായ വ്യത്യാസം

സങ്കീർണ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കണ്ടെത്തിയതിലൂടെ നിർമാണത്തിൽ ഗണ്യമായ പുരോഗതി ദൃശ്യമായി. ബാധ്യതകളില്ലാത്ത ഭൂമിയുടെ ലഭ്യതക്കുറവ് നിർമാണ പ്രവർത്തനങ്ങളുടെ വേഗതയ്ക്കു വിഘാതം സൃഷ്ടിക്കുന്ന പ്രവണതയും അവകാശവാദങ്ങളും നിയമ പ്രശ്നങ്ങളും പദ്ധതിയെ ബാധിക്കുന്നതും പരിഹരിക്കപ്പെട്ടു. ദൈനംദിന പദ്ധതി നടത്തിപ്പിൽ സുതാര്യത, പ്രതികരണാത്മകത, ഉത്തരവാദിത്തം എന്നിവ ദൃശ്യമായതോടെ പ്രഗതി പോർട്ടൽ ഭരണപരവും പ്രവർത്തനപരവുമായ സംസ്കാരത്തെ സമഗ്രമായി പരിവർത്തനം ചെയ്‌തു.

ഉപസംഹാരം

ഇന്ന് ഫലപ്രദമായ ഡിജിറ്റൽ ഭരണനിർവഹണത്തിന്‍റെ സജീവ ഉദാഹരണമാണു പ്രഗതി പോർട്ടൽ. ഒന്നിലധികം സംസ്ഥാനങ്ങളും വകുപ്പുകളും വ്യത്യസ്ത അധികാര പരിധികളും ഉൾക്കൊള്ളുന്ന സമർപ്പിത ചരക്ക് ഇടനാഴി പോലുള്ള വൻകിട പദ്ധതിയെ സംബന്ധിച്ചിടത്തോളം ഈ പോർട്ടൽ കേവലം നിരീക്ഷണ ഉപാധിയല്ല; അടിസ്ഥാന പരിവർത്തനത്തിനുള്ള ചാലകശക്തിയായായി മാറി.

ദ്രുതഗതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും, വകുപ്പുകൾ തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കാനും, സമസ്ത തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കാനും പ്രഗതി സഹായിച്ചു എന്നത് സുവ്യക്തമാണ്. ഭാവിസജ്ജമായ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഒരു മാനദണ്ഡം സൃഷ്ടിക്കുന്നതിനൊപ്പം, സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ വിജയകരവും സമയബന്ധിതവുമായ പൂർത്തീകരണത്തിലും പ്രഗതി നിർണായക പങ്ക് വഹിക്കുന്നു.

(ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് മുൻ മാനെജിങ് ഡറക്റ്ററാണ് ലേഖകൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com