മാറ്റത്തിനും പശ്ചാത്താപത്തിനുമുള്ള വചനങ്ങൾ

മനുഷ്യന് മാറ്റത്തിനും പശ്ചാത്താപത്തിനും അവസരം നൽകുന്നതാണ് ബൈബിൾ സന്ദേശം എന്നാണ് ജോത്സ്യന് പറയാനുള്ളത്
Words of change and repentance

മാറ്റത്തിനും പശ്ചാത്താപത്തിനുമുള്ള വചനങ്ങൾ

file photo

Updated on

ജ്യോത്സ്യൻ| ഗ്രഹനില

""ദൈവം മനുഷ്യനെ മണ്ണിൽ നിന്ന് രൂപപ്പെടുത്തി ജീവന്‍റെ ശ്വാസം നൽകി. ഏദൻ തോട്ടത്തിൽ അവനെ പാർപ്പിച്ചു. അവന് കൂട്ടായി സ്ത്രീയെ സൃഷ്ടിച്ചു. അവർ നഗ്നരായിരുന്നെങ്കിലും ലജ്ജയില്ലാതെ ജീവിച്ചു. എന്നാൽ വിലക്കപ്പെട്ട കനി ഭക്ഷിച്ചതോടെ മനുഷ്യന്‍റെ ഉള്ളിലേക്ക് ലജ്ജയും ഭയവും കുറ്റബോധവും കടന്നു വന്നു''.

ബൈബിളിന്‍റെ പഴയ നിയമം നമ്മെ ഒരു അടിസ്ഥാന സത്യത്തിലേക്ക് നയിക്കുന്നു: മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് നന്മയ്ക്കും ബന്ധങ്ങളുടെ പരിശുദ്ധിക്കും വേണ്ടിയാണ്.മനുഷ്യ സ്വഭാവത്തെക്കുറിച്ച് ആഴത്തിൽ ഇവിടെ പ്രതിപാദിക്കുന്നു. മനുഷ്യൻ സ്വാർഥതയുടെയും പ്രലോഭനത്തിന്‍റെയും വഴിയിൽ വീഴുമ്പോൾ അവന്‍റെ ആത്മാവ് തകരുന്നു എന്നാണ് പഴയ നിയമം വ്യക്തമാക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് മനുഷ്യ ചരിത്രം മുഴുവൻ. അധികാരം, സമ്പത്ത്, സ്വാർഥത എന്നിവ ചേർന്നപ്പോൾ ദുർബലരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ട അനേകം സംഭവങ്ങൾ ലോകം കണ്ടിട്ടുണ്ട്.

അടുത്ത കാലത്ത് ലോകത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നാണ് അമെരിക്കൻ ധനകാര്യ പ്രവർത്തകനായ ജെഫ്റി എപ്സ്റ്റീനെ സംബന്ധിച്ച കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ലൈംഗിക ചൂഷണവും അതുമായി ബന്ധപ്പെട്ട പ്രഗത്ഭരായ വ്യക്തികളുടെ പേരുകളും പുറത്തുവന്നപ്പോൾ ലോകം നടുങ്ങി. സമ്പത്തും സ്വാധീനവും ഉപയോഗിച്ച് ദുർബലരെ ചൂഷണം ചെയ്യുന്നതിന്‍റെ ക്രൂര രൂപം അതിലൂടെ വെളിവായി.

ഈ പശ്ചാത്തലത്തിൽ യേശു ക്രിസ്തുവിന്‍റെ ശക്തമായ മുന്നറിയിപ്പ് പ്രസക്തമാകുന്നു. യേശു പറയുന്നു: ""എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെ പാപം ചെയ്യാൻ ആരെങ്കിലും ഇടയാക്കിയാൽ, അവന്‍റെ കഴുത്തിൽ ഒരു വലിയ തിരികല്ല് തൂക്കി കടലിന്‍റെ ആഴത്തിൽ മുക്കി കൊല്ലുന്നതാണ് നല്ലത്''.

അതുപോലെ, ""നിന്‍റെ കൈയോ കണ്ണോ നിന്നെ ഇടറിക്കുന്നുവെങ്കിൽ, അത് നീക്കിക്കളക'' എന്നും പറയുന്നു. ദുർബലരായവരെ തെറ്റായ പാതയിലേക്ക് നയിക്കുന്നതിന്‍റെ ഗൗരവത്തെക്കുറിച്ച് യേശു ക്രിസ്തു നൽകുന്ന ശക്തമായ മുന്നറിയിപ്പാണിത്.

ആദ്യകാല മാതാപിതാക്കളായ ആദവും ഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോൾ തുടങ്ങിയ വ്യാകുലതയിലും നാണക്കേടിലും അപമാനത്തിലും ഉറക്കം കിട്ടാതെ പല മനുഷ്യരും ഇപ്പോൾ ജീവിക്കുന്നു. പാപത്തിലേക്കും തെറ്റുകളിലേക്കും വീഴുന്നവർക്കുള്ള മുൻ വിധിയാണ് യേശുവിന്‍റെ വചനങ്ങൾ. പാപത്തിലേക്കു നയിക്കുന്ന കാരണങ്ങളെ തീർച്ചയായും ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇവിടെ ഊന്നിപ്പറയുന്നത്.

വിവാഹ ബന്ധങ്ങളും മനുഷ്യ ബന്ധങ്ങളും പരിശുദ്ധവും ഉത്തരവാദിത്തപരവും ആകണമെന്ന് ബൈബിൾ ആവർത്തിച്ച് പഠിപ്പിക്കുന്നു. സുപ്രീം കോടതി അടക്കമുള്ള ഉന്നത നീതിപീഠങ്ങൾ നൽകുന്ന മുന്നറിയിപ്പും ഇതു തന്നെയാണ്. മനുഷ്യന് മാറ്റത്തിനും പശ്ചാത്താപത്തിനും അവസരം നൽകുന്നതാണ് ബൈബിൾ സന്ദേശം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com