

എംഎസ്എംഇ: കരുത്തേകാന്‍ അടുത്തഘട്ട പരിഷ്കാരങ്ങള്‍
Representative image
കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭകത്വ മന്ത്രി
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വികസന (ഭേദഗതി) ബിൽ- 2026 പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയത് രാജ്യത്തെ എംഎസ്എംഇ നിയമനിർമാണ മേഖലയെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിന് അനുയോജ്യമാക്കി മാറ്റുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. മുൻ നിയമം നിലവിൽ വന്ന ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി ദശലക്ഷക്കണക്കിന് സംരംഭങ്ങളാണ് രാജ്യത്തിന്‍റെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായത്. ദേശീയ വളർച്ചയിലും കയറ്റുമതിയിലും തൊഴില്‍ സൃഷ്ടിയിലും വലിയ സംഭാവന നൽകുന്ന മേഖലയായി എംഎസ്എംഇ മാറുകയും ചെയ്തു. എംഎസ്എംഇ ആവാസവ്യവസ്ഥയെ കൂടുതൽ പ്രതികരണശേഷിയാര്‍ന്നതും പരസ്പര വിശ്വാസത്തിലധിഷ്ഠിതവുമാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ കൂടുതൽ ലളിതമാക്കുകയും തരംതിരിക്കലുകളിലെ സങ്കീര്‍ണത ഒഴിവാക്കുകയും ചെയ്യുന്ന ഈ ഭേദഗതി വായ്പാ ലഭ്യതയും സമയബന്ധിത കുടിശിക തീർപ്പാക്കലും സുഗമമാക്കുകയും തർക്കപരിഹാരം ഡിജിറ്റല്‍ രീതിയില്‍ വേഗത്തിലാക്കി നിയമപാലന ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.
സംരംഭങ്ങളുടെ സൗജന്യ സന്നദ്ധ രജിസ്ട്രേഷന് ഒരു ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഈ ഭേദഗതിയിലൂടെ വിഭാവനം ചെയ്യുന്നു. തടസങ്ങൾ ഒഴിവാക്കുന്ന ഈ നടപടി ആനുകൂല്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ഗവണ്‍മെന്‍റിനെ സഹായിക്കുന്നു. ഈ നിയമപ്രകാരം രജിസ്ട്രേഷൻ ഒരു സംരംഭത്തിന് നേടിയെടുക്കാവുന്ന അവകാശമാണ്, മറിച്ച് നിർബന്ധിത ബാധ്യതയല്ല.
പ്ലാന്‍റിലെയും യന്ത്രസാമഗ്രികളിലെയും ഉപകരണങ്ങളിലെയും നിക്ഷേപവും വിറ്റുവരവും ഉള്‍പ്പെടെ സംയുക്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ തരംതിരിക്കുന്ന വ്യക്തമായ ചട്ടക്കൂടും ഭേദഗതി നൽകുന്നു. സാങ്കേതികവിദ്യ, ചെലവുകൾ, വിപണികൾ, വ്യാപാര മാതൃകകൾ എന്നിവയിലെ മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ഈ തരംതിരിക്കൽ ചട്ടക്കൂട് സഹായിക്കുന്നു. കൂടാതെ, വിജ്ഞാപനത്തിലൂടെ ഇതിന്‍റെ പരിധികൾ നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുകയും ചെയ്യുന്നു.
ഭൂരിഭാഗം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സംബന്ധിച്ച് ഏറ്റവും പ്രധാന ആശങ്ക കൃത്യമായ പണലഭ്യതയാണ്. ചെറുകിട സംരംഭത്തിന് ബില്ലുകളില്‍ ലഭിക്കേണ്ട തുക വൈകുന്നത് ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകുന്നതിനെയും അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനെയും കൂടുതല്‍ ഓർഡറുകൾ സ്വീകരിക്കുന്നതിനെയുമെല്ലാം വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കും. അതിനാൽ, പണമടയ്ക്കുന്നതിലെ കാലതാമസം സംരംഭത്തിന്‍റെ പ്രവർത്തനത്തെയും വളർച്ചയെയും സാരമായി തടസപ്പെടുത്തും. പ്രതിരോധം, പരിഹാരം, നിര്‍വഹണം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഭേദഗതി ഇതിന് പരിഹാരം കാണുന്നത്.
പ്രതിരോധം: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംരംഭങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളുടെ തീർപ്പാക്കലും വെളിപ്പെടുത്തലും ട്രെഡ്സ് (TReDS) വഴി നടത്തുന്നത് നിർബന്ധമാക്കുന്ന ഭേദഗതി ഈ നടപടി സുതാര്യമാക്കി മാറ്റുന്നു. സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് ഈ രീതി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധകമാക്കാം. റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഒരു അംഗീകൃത ഇൻവോയ്‌സിന് ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കാൻ ട്രെഡ്സിന് സാധിക്കും. ഇത് വിതരണക്കാര്‍ക്ക് മുൻകൂറായി പണം ലഭിക്കാൻ വഴിയൊരുക്കുന്നു. അതേസമയം വാങ്ങുന്നവര്‍ നിശ്ചിത തീയതിയിൽ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ തുക തീർപ്പാക്കുകയും ചെയ്യുന്നു. ലഭിക്കേണ്ട തുക വിതരണക്കാര്‍ക്ക് പണലഭ്യതയുടെ സ്രോതസായി മാറുകയും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ബില്ലുകളടയ്ക്കാനും വളർച്ച കൈവരിക്കാനും സംരംഭത്തെ ഇത് സഹായിക്കുകയും ചെയ്യുന്നു.
പരിഹാരം: നിയമത്തിലെ തർക്കപരിഹാര ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഭേദഗതിയാണിത്. മധ്യസ്ഥതയ്ക്കും കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പിനും കൂടുതൽ 'സൂക്ഷ്മ-ചെറുകിട സംരംഭകത്വ സഹായക സമിതികള്‍' രൂപീകരിക്കാന്‍ ഇത് സംസ്ഥാന ഗവണ്‍മെന്‍റുകളെ പ്രാപ്തമാക്കുന്നു. മധ്യസ്ഥതയ്ക്കും കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പിനും നിശ്ചിത സമയപരിധി നിർദേശിക്കുകയും ഓൺലൈൻ തർക്കപരിഹാരത്തിന് നിയമപരമായ അംഗീകാരം നൽകുകയും ചെയ്യുന്നു. കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിലേക്ക് നയിക്കുന്ന ഈ നടപടി നടപടിക്രമങ്ങളെക്കുറിച്ചും സമയപരിധിയെക്കുറിച്ചും പൂർണ ഉറപ്പോടെ ന്യായമായ അവകാശവാദങ്ങളുമായി സംരംഭങ്ങള്‍ക്ക് മുന്നോട്ടുപോകാനാവുന്ന ഒരു സംവിധാനം സൃഷ്ടിക്കുന്നു.
നിര്‍വഹണം: സഹായക സമിതികളുടെ വിധിന്യായമനുസരിച്ച് ഭൂനികുതി കുടിശിക ഈടാക്കുന്നതുപോലെ തുക ഈടാക്കാം. സമിതിയുടെ വിധിയെ ചോദ്യം ചെയ്യാന്‍ വാങ്ങുന്നയാൾ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ തുകയുടെ 75 ശതമാനം കോടതിയിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഹര്‍ജി ആറ് മാസമായി തീർപ്പാകാതെ കിടക്കുകയാണെങ്കിൽ ആ നിക്ഷേപത്തിൽ നിന്ന് വിധിന്യായ തുകയുടെ പകുതി വിതരണക്കാരന് വിട്ടുനൽകാൻ കോടതിക്ക് സാധിക്കും. അതിനാൽ നീണ്ടുനിൽക്കുന്ന വ്യവഹാരങ്ങൾ മൂലം ന്യായമായ അവകാശവാദങ്ങൾ നിഷേധിക്കപ്പെടില്ല; കൂടാതെ, കോടതിയിൽ ചെലവഴിക്കുന്ന സമയം വാങ്ങുന്നവര്‍ക്ക് മാത്രം അനുകൂലമാവുകയുമില്ല.
സംരംഭങ്ങളുടെ നിയമപാലനത്തിൽ വിശ്വാസ്യതയിലൂന്നിയ സന്തുലിത സമീപനത്തിലേക്കുള്ള മാറ്റത്തെയും ഭേദഗതി പ്രതിഫലിപ്പിക്കുന്നു. ചെറിയ നിയമലംഘനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പാണ് നൽകുക; അത് ആവർത്തിച്ചാൽ മാത്രം ഘട്ടംഘട്ടമായി പിഴത്തുക ഈടാക്കുന്നു. നിയമപാലനം മുൻകൂര്‍ പ്രവചിക്കാവുന്നതും സങ്കീർണത കുറഞ്ഞതുമാക്കിയതോടെ സംരംഭങ്ങൾക്ക് അവരുടെ സംരംഭം പടുത്തുയര്‍ത്തുന്നതിലും വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവും. വ്യാപാരസംരംഭങ്ങള്‍ സുഗമമാക്കുന്നതിനെയും വിശ്വാസ്യതയിലൂന്നിയ ഭരണനിർവഹണത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.
ചുരുക്കത്തില്‍, സൂക്ഷ്മ- ചെറുകിട -ഇടത്തരം സംരംഭങ്ങളിലെ വിശ്വാസപ്രഖ്യാപനമാണ് ഈ ഭേദഗതി. കൂടുതൽ നൂതനാശയങ്ങൾ കൊണ്ടുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ വിപണികളിൽ പ്രവേശിക്കാനും കൂടുതൽ മത്സരശേഷി കൈവരിക്കാനും ഇത് സംരംഭങ്ങളെ ശക്തിപ്പെടുത്തും. കരുത്തുറ്റതും ചലനാത്മകവുമായ എംഎസ്എംഇ മേഖല വികസിത ഭാരത ലക്ഷ്യത്തിന്‍റെ സുപ്രധാന ചാലകശക്തിയായി മാറും.