പാർട്ടിയെ ഹൈജാക്ക് ചെയ്ത "പിണറായിസം'

സെക്രട്ടറിയെ മാറ്റാൻ മുറവിളി; സിപിഎമ്മിൽ ആഭ്യന്തര കലാപം
"Pinarayism" hijacked the party

പാർട്ടിയെ ഹൈജാക്ക് ചെയ്ത "പിണറായിസം'

Updated on

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സിപിഎമ്മിനുള്ളിൽ വൻ കലാപം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും രൂക്ഷവിമർശനമുയരുന്നു. സോഷ്യൽ മീഡിയയിലടക്കം പാർട്ടി സെക്രട്ടറിക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും പാർട്ടിക്കാരിൽ നിന്നടക്കം കടുത്ത ആക്ഷേപങ്ങളാണുയരുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സംസ്ഥാനങ്ങളിലും സിപിഎമ്മിന് സീറ്റ് നഷ്ടപ്പെട്ടതിനാൽ സിപിഎമ്മിന്‍റെ ദേശീയ രാഷ്‌ട്രീയ ഭാവിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സിപിഎം സംഘടനാ ചട്ടപ്രകാരം പാർട്ടി സെക്രട്ടറിക്കാണ് പരാമധികാരം. മുഖ്യമന്ത്രി പോലും പാർട്ടി സെക്രട്ടറിക്കു താഴെ എന്നതാണ് കീഴ്വഴക്കം. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ഈ കീഴ്വഴക്കം ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയായി പാർട്ടിയിലെ അവസാനവാക്ക്. കഴിഞ്ഞ പത്തു വർഷവും ശക്തമായ "പിണറായിയിസ'ത്തിലേക്ക് കേരളത്തിലെ പാർട്ടി ചുരുങ്ങി.

തുടർഭരണം ലഭിക്കുകയും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുകയും ചെയ്ത മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രിയാണ് ഏറ്റവും മോശം വിജയം സ്വന്തം പാർട്ടിക്കും മുന്നണിക്കും സമ്മാനിച്ച് അപമാനിതനായി പടിയിറങ്ങിയത്. എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് യോഗം കേൾക്കാനെത്തിയ പാർട്ടി പ്രവർത്തകന്‍റെ ചോദ്യത്തിന് "വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന ധിക്കാരം പറഞ്ഞ പിണറായി വിജയനെയും പാർട്ടിയെയും ജനം വീട്ടിലിരുത്തി.

പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ കനത്ത തോൽവിയാണ് നേതാക്കളെയും അണികളെയും ആകെ ഉലച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിനുമെതിരെ കണ്ണൂരിൽ വിവിധയിടങ്ങളിലായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. "മോറാഴ സഖാക്കൾ' എന്ന പേരിലാണ് ധർമശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

'പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക' എന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. പാർട്ടിക്ക് വലിയ സ്വാധീനമുള്ള ധർമശാലയിലും ആന്തൂരിലും ഇത്തരമൊരു പരസ്യ പ്രതിഷേധം ഉയർന്നത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. പയ്യന്നൂരിലെ ഫണ്ട് വിവാദവും തുടർന്നുണ്ടായ അച്ചടക്ക നടപടികളും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്‌തി ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം.

പയ്യന്നൂരിലെ പ്രമുഖ നേതാവ് വി.കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയും കെ.കെ. രാഗേഷിന്‍റെ നിലപാടുകളുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു. രാജ്യത്ത് കേരളത്തിൽ മാത്രം ഒതുങ്ങി നിന്ന സിപിഎമ്മിന്‍റെയും ചെങ്കൊടിയുടെയും നേതാക്കളുടെയും ഭാവി ഇനിയെന്തെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഈ വമ്പൻ തോൽവി പിണറായി വിജയനെ രാഷ്‌ട്രീയ വനവാസത്തിലേക്ക് നയിക്കുമോ, ഇനി സിപിഎമ്മിനെ ആര് നയിക്കും എന്നീ ചോദ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കമ്മ്യൂണിസ്റ്റ് ഉരുക്കുകോട്ടയായ ധർമടം മണ്ഡലത്തിൽ അ‍ഞ്ചു റൗണ്ടിൽ പിന്നിൽ പോയ പിണറായി വിജയന്‍റെ ജനകീയത എത്രത്തോളം താഴ്ന്നുവെന്നതാണ് കേരളം കണ്ടത്. വിഭാഗീയതയുടെ കാലഘട്ടത്തിൽ നിന്ന് പാർട്ടിയെ സ്വന്തം കേന്ദ്രമായി പടുത്തുയർത്തിയ പിണറായി വിജയൻ, 1998 മുതൽ 17 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന് സംഘടനയെ കൈപ്പിടിയിലാക്കി. പിന്നീട് മുഖ്യമന്ത്രിയായതോടെ സർക്കാരിന്‍റെയും പാർട്ടിയുടെയും നിയന്ത്രണം ഏറ്റെടുത്തു. താനല്ലാതെ മറ്റാരുമില്ലെന്ന പ്രതീതി പാർട്ടിക്കുള്ളിൽ സൃഷ്ടിച്ചു.

വി.എസ്. അച്യുതാനന്ദനെപ്പോലുള്ള കരുത്തരായ നേതാക്കൾ ഉയർത്തിയ വെല്ലുവിളികളെ അടിച്ചൊതുക്കിയും എതിർശബ്ദങ്ങളെ നിശബ്ദമാക്കിയും പിണറായി പാർട്ടിയിൽ പുതിയൊരു അധികാരക്രമം തന്നെ സൃഷ്ടിച്ചു. 2021ലെ ഭരണത്തുടർച്ചയോടെ, പാർട്ടിക്ക് അതീതനായി മാറി. പാർട്ടി വ്യക്തികേന്ദ്രീകൃതമാകുന്ന കാഴ്ചയാണു പിന്നീടുണ്ടായത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പിണറായിക്ക് ശേഷം ഒരു സുഗമമായ നേതൃമാറ്റം ഉറപ്പാക്കിയിരുന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാകാത്തതായിരുന്നു. പാർട്ടിക്ക് പുറത്തും വളരെയധികം സ്വീകാര്യത ഉണ്ടായിരുന്ന ഒരു നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ അഞ്ചു വർഷം ഭരണകൂടത്തിൽ കെ.കെ. ശൈലജ ഉണ്ടായിരുന്നെങ്കിൽ സിപിഎമ്മിനെ സംബന്ധിച്ച് ഇന്നത്തെയൊരു നേതൃദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. നിലവിലെ സാഹചര്യത്തിൽ, എം.വി ഗോവിന്ദന്‍റെ നേതൃത്വത്തെക്കുറിച്ച് തന്നെ സംശയങ്ങൾ ഉയരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഖ്യമന്ത്രിയേക്കാൾ പ്രാധാന്യം പാർട്ടി സെക്രട്ടറിക്കാണ്.

കോടിയേരിക്ക് ശേഷം സീനിയറായ ഇ.പി. ജയരാജനെ പരിഗണിക്കാതെ എം.വി. ഗോവിന്ദനെ ആ പദവിയിലേക്ക് ആനയിച്ചത് പിണറായി വിജയനാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പാർട്ടി പ്രവർത്തകർ പോലും തുറന്നു സമ്മതിക്കുന്ന കാര്യം, എം.വി ഗോവിന്ദനെ പോലൊരു ദുർബലനായ സെക്രട്ടറിയുടെ സാന്നിധ്യമാണ്. അടുത്ത അഞ്ചു വർഷത്തിനിടയിൽ പുതിയൊരു നേതാവ് ഉദിച്ചു വരുമെന്നും, അതിലൊരാൾ തിരുവിതാംകൂറിൽ നിന്നും മറ്റൊരാൾ മലബാറിൽ നിന്നുമാണെന്ന് പാർട്ടിക്കാർ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പദവികളിൽനിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ പക്ഷം. 2016ൽ പാർട്ടി ജയിച്ചത് വി.എസ്. അച്യുതാനന്ദന്‍റെ മുഖം കാട്ടിയാണെങ്കിൽ 2021ലെ തെരഞ്ഞെടുപ്പിൽ കൊവിഡ് മഹാമാരി, കിറ്റ്, ക്ഷേമ പെൻഷനുകൾ, ശൈലജയുടെ മുഖം ഇതെല്ലാം തന്നെ പിണറായിക്കൊപ്പം എൽഡിഎഫിന്‍റെ വോട്ടായിട്ട് മാറി. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി പിണറായി വിജയന്‍റെ മുഖമാണ് പാർട്ടി മുന്നോട്ടുവച്ചത്. പാർട്ടിയും മുന്നണിയും എട്ടുനിലയിൽ പൊട്ടാനുള്ള കാരണവും അതുതന്നെയാണെന്ന് കരുതുന്നവരുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താലും ഇതുവരെയുണ്ടായിരുന്ന പ്രതിച്ഛായ ആ പദവിയിൽ പിണറായിക്ക് ഉണ്ടാവില്ല. ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ എം.വി. ഗോവിന്ദൻ സെക്രട്ടറിയായി തുടരുമോ എന്ന് കണ്ടറിയണം.

സെക്രട്ടറിയെ "അലക്കി'സോഷ്യൽ മീഡിയ

തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി വിശകലനം ചെയ്തുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന പങ്കുവച്ചുകൊണ്ടുള്ള എം.വി. ഗോവിന്ദന്‍റെ ഫെയ്‌സ്ബുക്ക് പേജിന് താഴെ വിമര്‍ശന കമന്‍റുകളുടെ പ്രളയമാണ്.

സിപിഎം 62ല്‍ നിന്നും 26 സീറ്റിലേക്ക് ചുരുങ്ങി. സംസ്ഥാനത്ത് നേരിട്ടത് അപ്രതീക്ഷിത പരാജയമാണ്. പരാജയത്തെ അംഗീകരിച്ചുകൊണ്ട്, വന്ന പോരായ്മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനു താഴെയാണ് എം.വി. ഗോവിന്ദന്നോട് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച് ഇറങ്ങിപ്പോകാമോയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

"പാര്‍ട്ടി സെക്രട്ടറി ഇത്രയും പരാജയപ്പെട്ട അവസ്ഥ സിപിഎമ്മിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടല്ല. പാര്‍ട്ടിയെ അത്രമേല്‍ സ്‌നേഹിക്കുന്നത് കൊണ്ട് പറയുന്നതാണ്, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തല്‍സ്ഥാനത്തു നിന്ന് ഒന്ന് മാറാന്‍ പറ്റുമോ..'.എന്നാണ് ഒരു കമന്‍റില്‍ ചോദിക്കുന്നത്. 'തിരുത്തും എന്ന് പറയുന്നത് ആത്മാര്‍ഥതമായിട്ടാണെങ്കില്‍ ആദ്യത്തെ തിരുത്ത് നിങ്ങള്‍ തന്നെ ചെയ്യണം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം' എന്ന് മറ്റൊരാള്‍ പറയുന്നു.

"ഒന്ന് ഇറങ്ങി തന്ന് ഈ സ്ഥാനം സ്വരാജിന് കൊടുത്തു പാര്‍ട്ടിയേ രക്ഷിക്കു... ഇത് ഒരു സഖാവിന്‍റെ അപേക്ഷയാണ്...', "കഴിവുള്ള നട്ടെല്ലുള്ള ഒരു പാര്‍ട്ടി സെക്രട്ടറി വന്നാല്‍ എല്ലാം ശുഭം'. "ആദ്യം ഭാര്യമാര്‍ക്ക് എംഎൽഎ പെന്‍ഷന്‍ ഉണ്ടാക്കാന്‍ നോക്കിയ ആളുകളെ മാറ്റി നിര്‍ത്തുക. എം. സ്വരാജ് വരട്ടെ സെക്രട്ടറിയായി, ബാലഗോപാല്‍ അല്ലെങ്കില്‍ രവീന്ദ്രനാഥ് മാഷ് വരട്ടെ പ്രതിപക്ഷ നേതാവായി, ഇനിയും റിയാസിനെ ചുമക്കാന്‍ നിര്‍ബന്ധിച്ചു ഞങ്ങളെ തളര്‍ത്തരുത്, അപേക്ഷയാണ്'.

"പിബി മെമ്പര്‍മാര്‍ ഭാര്യമാര്‍ക്ക് സീറ്റ് ഒറപ്പിച്ച് വച്ചു, പെന്‍ഷനും അധികാരവുമാണ് മുഖ്യം. ഇരിങ്ങാലക്കുടയില്‍ സഖാവ് ശശിധരന്‍ ആയിരുന്നെങ്കില്‍ ഒരു സീറ്റ് നമ്മുടെ കൈയിലിരുന്നേനെ. തളിപ്പറമ്പിലും ഇതുതന്നെ അവസ്ഥ. ഏലത്തൂരൊക്കെ നമ്മുടെ കൈയില്‍ നിന്നും തട്ടിപ്പറിച്ചതല്ല, നമ്മള്‍ തന്നെ ഇട്ടു കൊടുത്തതാണ്. പഞ്ചായത്ത് ഇലക്‌ഷന് സൂചന കിട്ടിയതാണ്, പക്ഷേ പഠിച്ചില്ല. പൊടിക്കൈ കൊണ്ട് ഓട്ടയടക്കാമെന്ന് വിചാരിച്ചു. സോഷ്യല്‍ മീഡിയയില്‍ സത്യം പറഞ്ഞാല്‍ പാര്‍ട്ടി സെക്രട്ടറി പരിഹാസ്യനാണ്'. ഇങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com