IFFI: ആഘോഷിക്കാനുള്ള സമയം

ഐഎഫ്എഫ്‌ഐക്കു മാത്രം സൃഷ്ടിക്കാനാകുന്ന സിനിമയുടെ പുതിയ ആഗോള ആഖ്യാനങ്ങൾ
55th international film festival of india goa
ആഘോഷിക്കാനുള്ള സമയം
Updated on: 

##വാണി ത്രിപാഠി ടീക്കു

ഐഎഫ്എഫ്‌ഐ എന്നറിയപ്പെടുന്ന ഇന്ത്യയുടെ 55ാം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നവംബർ 28ന് പരിസമാപ്തിയായി. സമഗ്രവും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് നൂതനമായ അനുഭവവുമായിരുന്നു ഇന്ത്യയുടെ സ്വന്തം ചലച്ചിത്രമേള. ഇന്ത്യയുടെ പ്രശസ്ത ചലച്ചിത്രകാരൻ ശേഖർ കപൂറായിരുന്നു മേള ഡയറക്റ്റർ. അതോടൊപ്പം സ്റ്റിയറിങ് കമ്മിറ്റിയിൽ സിനിമാരംഗത്തെ പ്രമുഖ വ്യക്തികളായ ബോബി ബേദി, ഖുഷ്ബു സുന്ദർ, പ്രസൂൺ ജോഷി, ജെറോം പില്ലാർഡ് എന്നിവർക്കൊപ്പം ഞാനും അംഗമായിരുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സിനിമ വിപണിയായ ഫിലിം ബസാറിന്‍റെ 18ാം പതിപ്പിൽ വിവിധ തലങ്ങളിലുള്ള 350ലധികം സിനിമകളാണ് ഉണ്ടായിരുന്നത്. "മാർഷെ ഡു കാൻസ്' മുൻ മാർക്കറ്റ് ഹെഡ് ജെറോം പില്ലാർഡിന്‍റെ കീഴിൽ ബസാർ ടീം വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഫിലിം ബസാറിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു. സിനിമ എങ്ങനെ അവതരിപ്പിക്കാമെന്നും ബജറ്റ് എങ്ങനെ കൈകാര്യം ചെയ്യാമെന്നും ആഗോള വിജയമാക്കാമെന്നും വളർന്നുവരുന്ന ചലച്ചിത്ര പ്രതിഭകൾക്കു മാർഗനിർദേശം നൽകുന്നതായിരുന്നു ബസാർ. ഈ വർഷത്തെ ഫിലിം ബസാർ ഇതുവരെ ഉണ്ടായിരുന്നതിൽ ഏറ്റവും വലുതായിരുന്നു. 2000ലധികം പ്രതിനിധികളെ ഉൾക്കൊള്ളിച്ചുള്ള ബസാർ ഒരനുഭവം തന്നെയായിരുന്നു.

മേളയുടെ വിപുലമായ അന്താരാഷ്‌ട്ര പങ്കാളിത്തം തെളിയിച്ച് ഓസ്ട്രേലിയ, ഭൂട്ടാൻ, ബലറൂസ്, ഹോങ്കോങ്, ജപ്പാൻ, കിർഗിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, സ്പെയിൻ, ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. തനതായ സിനിമാ നിർമാണ സംസ്‌കാരം, സമീപനം എന്നിവയെക്കുറിച്ച് വിവരിച്ച്‌, അതിർത്തികൾ മറികടന്നുള്ള സിനിമാ മേഖലയിലെ സഹകരണത്തിന്‍റെ പ്രാധാന്യം പ്രതിനിധികൾ അടിവരയിട്ടു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിലൂടെ അന്താരാഷ്‌ട്ര വേദി എന്ന നിലയിലുള്ള ഫിലിം ബസാറിന്‍റെ പ്രവർത്തനത്തിനൊപ്പം, ആഗോള സിനിമയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും ആവശ്യമായ കാര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. ചലച്ചിത്ര നയവികസനം, ചിത്രീകരണ പ്രോത്സാഹനങ്ങൾ, ചലച്ചിത്ര നിർമാണത്തിന്‍റെ സാമ്പത്തിക നേട്ടങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തി. ഇതിലൂടെ ആഗോള സിനിമാ രംഗത്ത് അന്താരാഷ്‌ട്രവും പ്രാദേശികവുമായ സംഭാവനകളേകാനാകുമെന്നും ഉറപ്പാക്കി.

ഈ വർഷം ആഗോളതലത്തിൽ പുറത്തിറങ്ങിയ വലിയ ചിത്രങ്ങളിലൊന്നായ "ബെറ്റർ മാൻ' ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം. ഓസ്ട്രേലിയൻ ചലച്ചിത്രകാരൻ മൈക്കൽ ഗ്രേസി സംവിധാനം ചെയ്ത ബ്രിട്ടീഷ് പോപ്പ് ഗായകൻ റോബി വില്യംസിനെക്കുറിച്ചുള്ള അർധ- ജീവചരിത്ര ചിത്രം ഡിസംബർ 26ന് തിയെറ്ററുകളിൽ എത്തും. യൂറോപ്യൻ സിനിമകളിലെ നൂതനസൃഷ്ടികൾക്കും സമൂഹങ്ങളിൽ കാണുന്ന നഗര-‌ നാഗരിക പ്രതിസന്ധികളെക്കുറിച്ചുള്ള കാഴ്ചപ്പാടിനും പേരുകേട്ട ചെക്ക് സംവിധായകൻ ബോഹ്ദാൻ സ്ലാമയുടെ "ഡ്രൈ സീസൺ' ആയിരുന്നു മേളയുടെ സമാപന ചിത്രം.

സമഗ്ര സംഭാവനയ്ക്കുള്ള സത്യജിത് റേയുടെ പേരിലുള്ള ആജീവനാന്ത പുരസ്കാരം ഓസ്‌ട്രേലിയയുടെ ഇതിഹാസ സംവിധായകൻ ഫിലിപ്പ് നോയ്‌സിന് സമ്മാനിച്ചു. ബോൺ കലക്റ്റർ, ഡെഡ് കാം, സ്ലിവർ, റാബിറ്റ് പ്രൂഫ് ഫെൻസ് തുടങ്ങി, ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം നേരിട്ട് എത്തിയത് മേളയുടെ അണിയറപ്രവർത്തകരെ സംബന്ധിച്ച് വലിയ അംഗീകാരം കൂടിയായിരുന്നു.

12 സിനിമകളാണ് അന്താരാഷ്‌ട്ര വിഭാഗത്തിൽ വളരെ സജീവമായി സുവർണ മയൂര പുരസ്‌കാരത്തിനായി മത്സരിച്ചത്. 55ാം ഐഎഫ്എഫ്‌ഐയിലെ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ലിത്വാനിയൻ സംവിധായക സൗലെ ബ്ലിയുവൈത്തെയുടെ "ടോക്സിക്' എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം റൊമാനിയയുടെ ബോഗ്ദാൻ മുറെസാനുവിന് "ദി ന്യൂ ഇയർ ദാറ്റ് നെവർ കെയിം' എന്ന ചിത്രത്തിലൂടെ ലഭിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രം "ഹോളി കൗ'വിലെ പ്രകടനത്തിലൂടെ ക്ലെമന്‍റ് ഫാവ്യു കരസ്ഥമാക്കി. ഈ ചിത്രത്തിന്‍റെ സംവിധായകൻ ലൂയിസ് കോർവോയിസിയർക്ക് അരങ്ങേറ്റ ചിത്രത്തിൽ തന്നെ ജൂറിയുടെ പ്രത്യേക പരമർശവും ലഭിച്ചു. ടോക്‌സിക്കിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുസ്‌കാരം വെസ്റ്റ മാറ്റുൽയ്റ്റും ലെവ റൂപ്പെയ്‌കെയ്റ്റും പങ്കിട്ടു. അമേരിക്കയുടെ സാറ ഫ്രീഡ്‌ലാൻഡിന് മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരം "ഫെമിലിയർ ടച്ച്' എന്ന ചിത്രത്തിലൂടെ ലഭിച്ചു.

ഈ വർഷത്തെ മേളയിൽ ഓസ്ട്രേലിയയായിരുന്നു ഫോക്കസ് കൺട്രി. ഓസ്ട്രേലിയൻ സംഘം, ഫിലിം ബസാറിൽ ചലച്ചിത്ര നിർമാതാക്കളുടെ വട്ടമേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സഹനിർമാണ ഉടമ്പടികളെക്കുറിച്ചു ചർച്ച ചെയ്തു. 2023ൽ ഫലം കണ്ട സഹനിർമാണ ഉടമ്പടിയിൽ ഏറ്റവും പുതിയതായി ഒപ്പുവച്ചത് ഓസ്ട്രേലിയയാണ്. സ്‌ക്രീൻ ഓസ്ട്രേലിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗ്രെയ്ൻ ബ്രൺസ്ഡണും സിഇഒ ഡീഡ്രെ ബ്രണ്ണനും സംഘത്തിനു നേതൃത്വം നൽകി. നിരവധി നിർമാതാക്കളും പ്രോജക്റ്റുകൾ അവതരിപ്പിക്കാൻ എത്തി.

ഈ വർഷം 15 അന്താരാഷ്‌ട്ര പ്രീമിയറുകൾ ഉണ്ടായിരുന്നു. ഐഎഫ്എഫ്‌ഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്! മനോജ് ബാജ്പേയിയുടെ "ഡെസ്പാച്ച്’, ബോമൻ ഇറാനിയുടെ "മെഹ്ത ബോയ്‌സ്' തുടങ്ങി നിരവധി ജനപ്രിയ താരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെട്ട 55-ാമത് ഐഎഫ്എഫ്‌ഐയിൽ നിരവധി ആഭ്യന്തര ചിത്രങ്ങളുടെ പ്രീമിയറും നടന്നു.

ഇന്ത്യയുടെ വിഖ്യാതനായ ചലച്ചിത്രകാരൻ അഷുതോഷ് ഗൗവാരിക്കർ നേതൃത്വം നൽകിയ അന്താരാഷ്‌ട്ര ജൂറിയിൽ ആഗോളതലത്തിൽ പ്രശസ്തരായ നിരവധി അംഗങ്ങളും ഉൾപ്പെട്ടിരുന്നു. സ്ട്രിക്റ്റ്‌ലി ബോൾറൂം (1992), റോമിയോ ജൂലിയറ്റ് (1996), മൗലിൻ റൂഷ് (2002) തുടങ്ങിയ ബാസ് ലുഹ്റമാൻ സിനിമകൾ, ശേഖർ കപൂർ സിനിമകൾ തുടങ്ങിയവ എഡിറ്റ് ചെയ്ത ഓസ്‌കർ ജേതാവായ ഫിലിം എഡിറ്റർ ജിൽ ബിൽകോക്ക് ജൂറി അംഗമായിരുന്നു. അതോടൊപ്പം കാൻ ചലച്ചിത്രമേളയിൽ പുരസ്കാര ജേതാവായ ആന്‍റണി ചെനും ജൂറിയിൽ ഉൾപ്പെട്ടിരുന്നു. ആഗോളതലത്തിൽ സ്വതന്ത്ര സിനിമയുടെ പുതിയ ശബ്ദങ്ങളിലൊന്നായ സ്‌പെയിനിൽ നിന്നുള്ള ഫ്രാൻ ബോർജിയയും നിരവധി ബാഫ്റ്റ പുരസ്കാരങ്ങൾ നേടിയ യുകെയിലെ ചലച്ചിത്രകാരി എലിസബത്ത് കാൾസണും അന്താരാഷ്‌ട്ര ജൂറി അംഗങ്ങളായി.

"മാഡ് മാക്സ്: ഫ്യൂറി റോഡ്', "ദി ഇംഗ്ലീഷ് പേഷ്യന്‍റ്' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഫിലിപ്പ് നോയ്സ്, ഓസ്ട്രേലിയൻ അക്കാദമി അവാർഡ് നേടിയ ഛായാഗ്രാഹകൻ ജോൺ സീൽ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ അഭിസംബോധന ചെയ്ത മാസ്റ്റർ ക്ലാസുകളാണ് ചലച്ചിത്ര മേളയുടെ മറ്റൊരു പ്രധാന സവിശേഷത. ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്‌മാൻ മാസ്റ്റർ ക്ലാസിനെ അഭിസംബോധന ചെയ്യുകയും ഈ വർഷത്തെ ലതാ മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. റഹ്‌മാൻ ഒരുക്കിയ "ഹെഡ്ഹണ്ടിങ് ടു ബീറ്റ്ബോക്സിങ്' മ്യൂസിക്കൽ ഡോക്യുമെന്‍ററി മേളയിൽ ഏഷ്യ പ്രീമിയർ നടത്തി. വിധു വിനോദ് ചോപ്ര "ട്വൽത്ത് ഫെയിൽ’എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചു. ശബ്ദ വിവരണങ്ങളും ആംഗ്യ ഭാഷാ വ്യാഖ്യാനവും നൽകി ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. അനുപം ഖേർ മാസ്റ്റർ ക്ലാസിൽ "പരാജയത്തിന്‍റെ കരുത്ത്' എന്ന വിഷയത്തിൽ സംസാരിച്ചു. പതിറ്റാണ്ടുകളുടെ സിനിമാ- നാടക പരിചയമുള്ള അദ്ദേഹത്തെക്കാൾ മികച്ച ആർക്കാണ് ആ വിഷയത്തി‌ൽ സംസാരിക്കാനാകുക!

"സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തിലെ സെഷൻ മോഡറേറ്റ് ചെയ്യാൻ എനിക്കും അവസരം ലഭിച്ചു. ഇംതിയാസ് അലി, സുഹാസിനി മണിരത്‌നം, ഭൂമി പെഡ്നേക്കർ, ഖുശ്ബു സുന്ദർ തുടങ്ങിയവർ പങ്കെടുത്തു. ബോബി ബേദി മോഡറേറ്റ് ചെയ്ത മറ്റൊരു സെഷനിൽ പ്രശസ്ത എഴുത്തുകാരൻ ഫാറുഖ് ധോണ്ഡി, ഡോക്യുമെന്‍ററി നിർമാതാവ് ലൂസി വാക്കർ, സ്പാനിഷ് നിർമാതാവ് അന്ന സൗറ, അന്തർദേശീയ തലത്തിൽ പ്രശസ്തയായ നടി തനിഷ്ഠ ചാറ്റർജി എന്നിവരും ഞാനും "പ്രയാണം നടത്തുന്ന കഥകൾ' എന്ന വിഷയത്തിൽ സംസാരിച്ചു.

വിജ്ഞാന പരമ്പരയിൽ, മധ്യപ്രദേശിൽ നിന്നുള്ള സംഘം സജീവമായി പങ്കെടുത്തു. "സ്ത്രീ 2' ലെ അഭിനേതാവ് അഭിഷേക് ബാനർജി, സംവിധായകൻ അമർ കൗഷിക് എന്നിവരും ഓസ്‌കറിലേക്ക് നാമനിർദേശം ലഭിച്ച "ലാപതാ ലേഡീസി'ന്‍റെ ഭാഗമായ യുവസംഘവും എത്തി.

പ്രസാർ ഭാരതിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ "വേവ്‌സ്' ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടനച്ചടങ്ങിൽ സമാരംഭിച്ചു. ആഗോള തലത്തിലുള്ള പ്രേക്ഷകർക്കായി ഇന്ത്യയുടെ വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ "വേവ്സ്' കാഴ്ചവയ്ക്കും. എഫ്‌ഐസിസിഐ പിന്തുണയോടെയുള്ള ഗ്രാഫിക്‌സ് ആൻഡ് ടെക് പവിലിയൻ ഈ വർഷത്തെ മേളയുടെ മറ്റൊരു ശ്രദ്ധാകേന്ദ്രമായിരുന്നു. നെറ്റ്ഫ്‌ളിക്‌സും സോണിയും ഉൾപ്പെടെയുള്ളവർ അവരുടെ ഉൽപ്പന്നങ്ങൾ ടെക് പവലിയനിൽ അവതരിപ്പിച്ചു.

ഭിന്നശേഷിക്കാർ ഉൾപ്പെടെ പ്രത്യേക പരിഗണന ആവശ്യമുളളവർക്കായുള്ള സംവിധാനങ്ങളും മേളയിൽ ഒരുക്കിയിരുന്നു. ഉദ്ഘാടന- സമാപന ചടങ്ങുകളിലും വാർത്താ സമ്മേളനങ്ങളിലും ആംഗ്യഭാഷാ സഹായി പോലുള്ള സവിശേഷതകൾ ഉണ്ടായിരുന്നു. കാഴ്ച- ശ്രവണ വൈകല്യമുള്ളവർക്കായി "ട്വെൽത്ത് ഫെയിൽ' പോലുള്ള മുഖ്യധാരാ സിനിമകൾ പ്രദർശിപ്പിച്ചു.

പായൽ കപാഡിയയുടെ കാനിലെ ഗ്രാൻഡ് പ്രിക്സും കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് ലഭിച്ച ഓസ്കാർ ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങളും കൊണ്ട് ഇന്ത്യ ശ്രദ്ധാകേന്ദ്രമായതിനാൽ, മേളയ്ക്കു സൃഷ്ടിക്കാൻ കഴിയുന്ന പുതിയ ആഗോള ആഖ്യാനങ്ങൾ ആഘോഷിക്കേണ്ട സമയമാണിത്. ആഗോള തലത്തിലുള്ള ചലച്ചിത്ര നിർമാതാക്കൾക്കും സിനിമാ പ്രേമികൾക്കും അടുത്ത വർഷത്തെ മേള കൂടുതൽ മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരിക്കും എന്നു പ്രതീക്ഷിക്കാം.

വിവാ ലാ സിനിമ!

(അഭിനേതാവും നിർമാതാവും 55ാം ഐഎഫ്എഫ്ഐ സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ് ലേഖിക)