What's there in a name...

മുഹമ്മദ് കുട്ടി എന്ന പേരിനെന്തോ കുറവുണ്ടെന്നു തോന്നി കോളേജില്‍ ഒമര്‍ ഷെരീഫ് എന്നു പേരുമാറ്റി പറഞ്ഞ മഹാനടന്‍ മമ്മൂട്ടിയുടെ കഥ കൗതുകത്തോടെ നാം കേട്ടതാണ്.

MV Graphics

ഒരു പേരിലെന്തിരിക്കുന്നു...!

മമ്മൂട്ടിയുടെ ഒമര്‍ ഷെരീഫ് സ്വപ്നം മുതല്‍ ശേഖരനോവിച്ച് വൈദ്യരോസ്‌കിവരെ: പേരുകള്‍ പറയുന്ന കാലത്തിന്‍റെ കഥ

അനൂപ് കെ. മോഹന്‍

എണ്‍പതുകളിലാണ്. ആദ്യത്തെ കണ്‍മണി ആണായിരുന്നു. അനീഷ് എന്നു പേരു നല്‍കി. രണ്ടാമതു കുഞ്ഞു ജനിച്ചപ്പോള്‍ വിനീഷ് എന്നും പേരു നല്‍കി. ഒരു പെണ്‍പിറവി ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ കൊരുത്ത് മൂന്നാമതും ഗര്‍ഭം ധരിച്ചു. എന്നാല്‍, അതും ആണ്‍കുഞ്ഞു തന്നെ. 'ഷ്' എന്നവസാനിക്കുന്ന വെറൈറ്റി പേരു തന്നെ നല്‍കാമെന്ന തീരുമാനത്തില്‍ ആലോചനകള്‍ സജീവമായി.

നാട്ടിലെ ഒരു സഹൃദയനോട് പേരിന്‍റെ കാര്യത്തില്‍ അഭിപ്രായം ചോദിച്ചു. ആദ്യത്തേത് അനീഷ്, രണ്ടാമത്തെ വിനീഷ്... മൂന്നാമത്തതോടെ പ്രസവം നിര്‍ത്തുകയാണോ എന്നു സഹൃദയന്‍ ചോദിച്ചു. അതേ എന്നുത്തരം. എന്നാല്‍പ്പിന്നെ ഫിനിഷ് (finish) എന്നിട്ടോളൂ എന്നായിരുന്നു തീർപ്പ്!!

എങ്ങനെയുണ്ട്, വെറൈറ്റിയല്ലേ...?

പേരു നല്‍കുന്ന കാലത്ത് വളരെ വൈവിധ്യമെന്നു തോന്നിക്കുന്ന നാമങ്ങള്‍ കാലം കടന്നു പോകുമ്പോള്‍ അതിസാധാരണമായി മാറുന്നതാണ് പതിവ്. കേരളത്തില്‍ എണ്‍പതുകളില്‍ ജനിച്ചവരുടെ ഒരു സംഗമം സംഘടിപ്പിക്കുകയും പത്തു കല്ലുകള്‍ വലിച്ചെറിയുകയും ചെയ്താല്‍ അതില്‍ എട്ടെണ്ണം വീഴുന്നതും അനൂപ്, അഖില്‍, അരുണ്‍, അനീഷ്, ശ്രീജിത്ത്, രഞ്ജിത്ത്, അശ്വതി, ആരതി എന്നിവരുടെ തലയിലായിരിക്കും. പേരു നല്‍കുമ്പോള്‍ അ എന്ന അക്ഷരത്തില്‍ തുടങ്ങിയാല്‍ എല്ലാ കാര്യത്തിലും ആദ്യമാകുമെന്നൊരു അന്ധവിശ്വാസമാണ് 'അ'യില്‍ തുടങ്ങുന്ന പേരുകൾ ഇത്രയധികമാകാൻ കാരണം. ആ വിശ്വാസം തകര്‍ത്തെറിഞ്ഞവരും നിലനിര്‍ത്തിയവരും ധാരാളം.

മനുഷ്യനു പേരു നല്‍കിത്തുടങ്ങിയത് എന്നു മുതലായിരിക്കുമെന്ന് യുവാൽ നോവാ ഹരാരി പോലും പറഞ്ഞുതന്നിട്ടില്ലെന്നാണ് ഓർമ. ലിഖിതകാലത്തിനു വളരെ വളരെ മുൻപാണ് മനുഷ്യന്‍ പേരെടുത്തു തുടങ്ങിയതെന്നു ചാറ്റ് ജിപിടി എന്നു പേരുള്ളവന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സമൂഹത്തിലെ പ്രത്യേക വ്യക്തിയെ തിരിച്ചറിയാൻ സ്വഭാവസവിശേഷതകള്‍ കൊണ്ടോ, ആകാരത്താലോ മറ്റോ ആയിരിക്കാം പേരുകള്‍ ഇട്ടു തുടങ്ങിയത്. പിന്നീടങ്ങോട് മറ്റു പല കാര്യങ്ങളിലുമെന്നതു പോലെ പേരുകളുടെ കാര്യത്തിലും പരിണാമം സംഭവിച്ചു കൊണ്ടിരുന്നു. പ്രവര്‍ത്തനമേഖലകളും മതങ്ങളും ദൈവങ്ങളും ഈ മേഖലയിൽ കാര്യമായ സംഭാവനകള്‍ നൽകിയിട്ടുണ്ട്.

മലയാളത്തിന്‍റെ മഹാനടന്‍ ഒമര്‍ ഷെറീഫ്

സ്വന്തം പേര് ഇഷ്ടമുള്ളവരും ഇല്ലാത്തവരുമുണ്ട്. ഒരു പടി കൂടി കടന്ന് പേരു മാറ്റിയവരുമുണ്ട്. ശശിയുടെ പേര് സോമൻ എന്നാക്കിയ കഥ സിനിമയിലും കണ്ടതാണല്ലോ. മുഹമ്മദ് കുട്ടി എന്ന പേരിനെന്തോ കുറവുണ്ടെന്നു തോന്നി കോളേജില്‍ ഒമര്‍ ഷെരീഫ് എന്നു പേരുമാറ്റി പറഞ്ഞ മഹാനടന്‍ മമ്മൂട്ടിയുടെ കഥയും കൗതുകത്തോടെ നാം കേട്ടതാണ്.

പിന്നീട് കോളെജ് ഐഡിന്‍റിറ്റി കാര്‍ഡിലെ യഥാര്‍ഥ പേരു കണ്ട് ഒരു സുഹൃത്താണ്, ''നിന്‍റെ പേര് മമ്മൂട്ടീന്നാ?'' എന്നു ചോദിച്ചത്. അഭ്രപാളിയിലെ അനിഷേധ്യനായ ആണ്‍പിറപ്പിനു പേരു പിറന്ന കഥ എത്ര വിചിത്രമാണ്! മമ്മൂക്കയെ ഒമര്‍ ഷെരീഫ് എന്ന പേരില്‍ ഇന്നു നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.

ജവഹര്‍ ലാല്‍ ബൈജു

ആദ്യ പുത്രന് ജവഹര്‍ എന്നു പേരു വിളിച്ചു. രണ്ടാമത്തെയാള്‍ക്ക് ലാല്‍ എന്നും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ആരാധകനായ അച്ഛന്‍ പക്ഷേ മൂന്നാമത്തെ മകനു നല്‍കിയ പേര് ബൈജു എന്നായിരുന്നു. അങ്ങനെ ആ വീട്ടില്‍ ജവഹര്‍-ലാല്‍-ബൈജുമാര്‍ ഭാര്യയും മക്കളുമൊക്കെയായി സസുഖം വാഴുന്നുണ്ടിപ്പോഴും. പേരുകളുടെ പിറവിയുടെയും പരിണാമത്തിന്‍റെയും കഥ അവസാനിക്കുന്നേയില്ല. അശോകന്‍ അശോക് ആവുന്നതും, വിജയന്‍ വിജയ് ആവുന്നതും നാം കണ്ടു.

നാടു വിട്ടു പോകുന്ന മകന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരു സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം സിനിമകളും നമ്മില്‍ സ്വാധീനം ചെലുത്തി. സമൂഹ മാധ്യമങ്ങളുടെ ചാറ്റ് ബോക്‌സില്‍ പ്രണയവല വിരിക്കുന്ന കാന്താരിയെ അശ്വതി അച്ചു എന്നല്ലാതെ എന്തു വിളിക്കും!

വിദ്യാധരന്‍ മൂന്നാം ക്ലാസില്‍ തോറ്റ് പഠിത്തം അവസാനിപ്പിക്കുന്നതും, സുശീലന്‍ പോക്കറ്റടിക്കാരനായി മാറുന്നതുമൊക്കെ കാലം ചെയ്യുന്ന ക്രൂരതയെന്ന് ആശ്വസിക്കാം. പിറക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും നിഷ്‌കളങ്കരായിരിക്കുമല്ലോ. മനുഷ്യനു പേരുകള്‍ പിറന്ന് അധികം വൈകാതെ തന്നെ കളിപ്പേരുകളും വട്ടപ്പേരുകളും ഉണ്ടായിട്ടുണ്ടാവണം. അതുകൊണ്ടു തന്നെ വട്ടപ്പേരുകളുടെ കഥ കൂടി പറഞ്ഞ് അസാനിപ്പിക്കാം.

ശേഖരനോവിച്ച് വൈദ്യരോസ്‌കി

കുറുന്തോട്ടിക്കഷായത്തിന്‍റെ കൂട്ട് പറഞ്ഞു കൊടുക്കുമ്പോള്‍ ശേഖരന്‍ വൈദ്യര്‍ റഷ്യയെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. വാതപ്പനിയുമായി വന്നവനെ ബോള്‍ഷെവിക് നേതാവ് വ്ളാഡിമിര്‍ ലെനിന്‍റെ വിപ്ലവച്ചൂടിന്‍റെ കഥ പറഞ്ഞ് കുളിരണിയിച്ചു വൈദ്യര്‍. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നതു റഷ്യയിലായിരിക്കും. മരുന്നു മണം മാറാത്ത വൈദ്യശാലയുടെ ഇടനാഴിക്ക് റഷ്യന്‍ വോഡ്കയുടെ മണമാണെന്നു വിശ്വസിച്ചു വൈദ്യര്‍. അങ്ങനെ ശേഖരന്‍ വൈദ്യന്‍റെ റഷ്യന്‍ പ്രണയം നാട്ടാരറിഞ്ഞപ്പോള്‍ അവർ അദ്ദേഹത്തിനൊരു ഇരട്ടപ്പേരിട്ടു.... ശേഖരനോവിച്ച് വൈദ്യരോസ്‌കി.

ഇതു പറഞ്ഞുകേട്ട കഥ. വൈദ്യനും വൈദ്യന്‍റെ റഷ്യന്‍ പ്രേമം തിരിച്ചറിഞ്ഞ തലമുറയും നാടിന്‍റെ കളമൊഴിഞ്ഞു. വായ്മൊഴിയായി പകര്‍ന്നു കിട്ടിയതാണ് ഈ കളിപ്പേരുകഥ. കളിപ്പേരിടലിന്‍റെ അപാരഭാവന തുളുമ്പിയ നാമം നല്‍കിയ ആൾ ഇന്നും അജ്ഞാതനായ് തുടരുന്നു. വട്ടപ്പേര്, മറുപേര് എന്നിങ്ങനെ കളിപ്പേരിന്‍റെ മലയാള പരിഭാഷയ്ക്കും വൈവിധ്യമേറെ. ഇത്തരം പേരിടുന്നതില്‍ മലയാളിയോളം ഭാവനയും കഴിവുമുള്ള ജീവിവര്‍ഗം ദുനിയാവില്‍ വേറെയുണ്ടാകുമെന്നും തോന്നുന്നില്ല. ഇക്കാലമത്രയും കേട്ടറിഞ്ഞും വിളിച്ചും തഴമ്പിച്ച്, സ്വന്തം പേരു പോലും മറന്നു പോകുന്ന വിധത്തില്‍ മറുപേര് ആധിപത്യം സ്ഥാപിച്ച ഒരുപാടു പേരുണ്ട്. ഓര്‍മയില്‍ തെളിയുന്ന ചില വട്ടപ്പേരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.

അധ്യാപകര്‍ക്കു നല്‍കുന്ന പേരുകളില്‍ ഗുരുസ്മരണയുടെ കടപ്പാടില്ലാതെ അശ്ലീലത്തിന്‍റെ അംശമുണ്ടാകും. പ്രായത്തിന്‍റെ കുസൃതി എന്നാശ്വസിക്കാം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെക്കുറിച്ച് എപ്പോഴും പറയുന്ന ടീച്ചര്‍ക്ക് സ്‌കൂളിലെ ഒരു തലമുറ നല്‍കിയ പേരും കോമണ്‍ വെല്‍ത്ത് എന്നായിരുന്നു. പക്ഷേ, കാലമേറെക്കഴിഞ്ഞു, ആ തലമുറ സ്‌കൂള്‍ ഒഴിഞ്ഞു. പുതിയ വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ കോമണ്‍ വെല്‍ത്തിന് അർഥവ്യത്യാസമുണ്ടായി. പേരിലും ചെറിയ പരിഷ്കാരം വന്നു, അത് കോണോന്‍ ബെല്‍റ്റായി മാറി. അതിന്‍റെ പരിണാമസാദ്ധ്യതകള്‍ പരിശോധിച്ചിട്ടു കാര്യമില്ല. പേരു പറഞ്ഞുകൊടുക്കുമ്പോള്‍ എവിടെയോ സംഭവിച്ച നാക്കുപിഴയായിരിക്കാം. എന്തായാലും അത്തരമൊരു ബെല്‍റ്റിന്‍റെ നിര്‍മാണസാധ്യത തെളിയിക്കുകയായിരുന്നു ആ പേര്.

അനന്തപുരിയില്‍ ഒരു അധ്യാപകന്‍റെ മറുപേര് അമ്മാവന്‍ എന്നായിരുന്നു. കുട്ടികള്‍ ഒളിച്ചിരുന്ന് ''അമ്മാവാ...'' എന്നു നീട്ടി വിളിക്കുമ്പോള്‍, അദ്ദേഹം ചോദിക്കും. അമ്മാവനാണോ അച്ഛനാണോ എന്നു വീട്ടില്‍ ചെന്നു ചോദിക്കെടാ എന്ന്. ബറോഡയില്‍ പോയി ഡ്രോയിങ് പഠിച്ച അധ്യാപകന്‍റെ പേര് ബറോഡ എന്നു തന്നെയായി. പിന്നെ കുറെ സ്ഥിരം പേരുകള്‍, നിത്യഗര്‍ഭിണി, പോസ്റ്റ്.... അങ്ങനെയങ്ങനെ.

കോളെജിലേക്കു വരുന്ന വഴിയില്‍ പശു കുത്താന്‍ ഓടിച്ച പെണ്‍കുട്ടിക്ക് പിന്നീട് പശു എന്നു തന്നെയായി പേര്. സ്വഭാവത്തിന്‍റെ പ്രത്യേകത കൊണ്ട് കോഴി എന്നു പേരുണ്ടായിരുന്ന കോളേജ് കുമാരന്മാര്‍ ധാരാളം. കാലാന്തരത്തില്‍ അത്തരം നാമധാരിയായ കുമാരന്‍ അധ്യാപകനാവുന്നതും, വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവിനു ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ട്രൂ കോളറില്‍ പേരിനൊപ്പം കോഴി എന്നു തെളിഞ്ഞു വരുന്നതും ഈ കഥയുടെ ആന്‍റി ക്ലൈമാക്‌സ്.

റീലീസ് ദിവസം തന്നെ ഷക്കീല പടത്തിനു പോകുന്ന പയ്യനു പതിവ്രത എന്നു പേര്. ഏതു വാചകം തുടങ്ങിയാലും ''വാസ്തവം പറഞ്ഞാല്‍'' എന്നാരംഭിക്കുന്നയാളുടെ പേരിനു മുന്നിലും ആ വാക്കു ചേര്‍ന്നു നിന്നു. ചിലപ്പോള്‍ പേരു മറന്നു പോകുന്ന തരത്തില്‍ കളിപ്പേരിന്‍റെ ജനസ്വാധീനം വര്‍ധിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാള എന്നു പേരുണ്ടായിരുന്ന സഹപാഠിയെ കാലങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ എന്തു പേരു വിളിക്കുമെന്ന ആശങ്ക അനുഭവിച്ചവര്‍ ധാരാളം.

ജയിംസ്‌കോ മറിയന്‍

രസകരമായ ഒരു കളിപ്പേരിന്‍റെ കഥ കൂടി പറയാതെ അവസാനിപ്പിക്കാന്‍ വയ്യ....

വട്ടപ്പേര് ജയിംസ്‌കോ മറിയന്‍

പേരിനു പിന്നിലെ കഥയിങ്ങനെ:

ആലുവ, ദേശം, ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി റൂട്ടില്‍ ഓടുന്ന ബസിന്‍റെ പേരാണ് ജയിംസ്‌കോ. കഥാനായകൻ എന്നൊക്കെ ആ ബസില്‍ കയറിയിട്ടുണ്ടോ, അന്നൊക്കെ ആ ബസ് മറിഞ്ഞ് അപടകമുണ്ടായിട്ടുണ്ട്. പിന്നീട് അദ്ദേഹം കയറാന്‍ വരുമ്പോള്‍ ''പൊന്നുചേട്ടാ, വേറെ ബസ് പുറകില്‍ വരുന്നുണ്ട് അതില്‍ കയറിക്കോ'' എന്നു കിളി വിളിച്ചുപറയുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. അനന്തരം അദ്ദേഹം ജയിംസ്‌കോ മറിയന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് ആ ബസിന്‍റെ റൂട്ട് മാറി. പകരം മറ്റൊരു ബസ് ഓടിത്തുടങ്ങി. ഒരിക്കല്‍ ഒരു ബസ് അപകടം. ചുണ്ടിലൊരു മുറിവുമായി പഴയ ജയിംസ്‌കോ മറിയന്‍. ബസിന്‍റെ പേര് ആന്‍മേരി. പക്ഷേ ആദ്യത്തെ പേര് പുതുക്കിയില്ല നാട്ടുകാര്‍. ജയിംസ്‌കോ മറിയന്‍ ഇപ്പോഴും അതേ പേരിൽ അറിയപ്പെടുന്നു.

What's there in a name...

A rose by any other name would smell as sweet.

- William Shakespeare

MV Graphics

വില്യം ഷേക്‌സ്പിയറുടെ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ ഒരു വാചകമുണ്ട്, 'A rose by any other name would smell as sweet'. പനിനീര്‍ പൂവിനെ എന്തു പേരു വിളിച്ചാലും അതു സുഗന്ധം പരത്തുമല്ലോ. അതേ... ഒരു പേരിലെന്തിരിക്കുന്നു.

logo
Metro Vaartha
www.metrovaartha.com