സോജില തുരങ്കം: ലഡാഖിന്‍റെ പുതിയ ജീവനാഡി

കനത്ത മഞ്ഞുവീഴ്ച കാരണം വർഷത്തിൽ ആറു മാസം മാത്രം ഗതാഗതം സാധ്യമായിരുന്ന സോജില ചുരത്തിനു സമാന്തരമായി നിർമിക്കുന്ന തുരങ്ക പാത, ജമ്മു കശ്മീരിനെയും ലഡാഖിനെയും 365 ദിവസവും പരസ്പരം ബന്ധിപ്പിച്ചു നിർത്തും.
Zojila Tunnel: Ladakh's new lifeline

സോജില തുരങ്ക പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ അവസാന ഭാഗം.

Updated on

വി.കെ. സഞ്ജു

മഞ്ഞുകോട്ടയ്ക്കപ്പുറത്ത് കാർഗിലും ലഡാഖുമൊക്കെ കാശ്മീർ താഴ്‌വരയിൽ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുമെല്ലാം പൂർണമായി ഒറ്റപ്പെട്ട് തണുത്തുറഞ്ഞു കിടക്കുന്ന ആറുമാസം. സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില ചുരത്തിൽ 30 അടിയോളം മഞ്ഞ് വീണ് നാഷണൽ ഹൈവേ വർഷത്തിൽ ആറുമാസത്തോളം പൂർണമായി അടഞ്ഞുപോകും. വർഷം തോറും ആവർത്തിച്ചിരുന്ന ആ വിരഹകാലം അവസാനിക്കാൻ പോകുകയാണ്.

ജമ്മു കശ്മീരിലെ സൊനമാർഗ് മുതൽ ലഡാക്കിലെ മിനാമാർഗ് വരെ 13.15 കിലോമീറ്റർ നീളത്തിൽ ഹിമാലയൻ പാറക്കെട്ടുകൾ തുരന്നു പോകുന്ന സോജില തുരങ്കത്തിന്‍റെ നിർമാണം പകുതിയോളം പൂർത്തിയായിക്കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും നീളമേറിയ ബൈ-ഡയറക്ഷനൽ സിംഗിൾ-ട്യൂബ് മലയോര തുരങ്കമാണിവിടെ നിർമിക്കുന്നത്. മഞ്ഞുകോട്ടയ്ക്ക് ഇരുപുറവുമുള്ള രണ്ടു ലോകങ്ങളെ ബന്ധിപ്പിക്കുന്ന, 365 ദിവസവും തടസപ്പെടാത്ത ജീവനാഡിയായി അതു മാറും.

സോജില തുരങ്ക പദ്ധതി വിശദീകരിക്കുന്ന ടീം ലീഡർ യൂസഫ് എസ്ഹാഗ്പൂർ റഹിമാബാദി.

സോജില തുരങ്ക പദ്ധതി വിശദീകരിക്കുന്ന ടീം ലീഡർ യൂസഫ് എസ്ഹാഗ്പൂർ റഹിമാബാദി.

മഞ്ഞുമല കീഴടക്കിയ മനുഷ്യപ്രയത്നം

11,500 അടി ഉയരത്തിൽ ഇങ്ങനെയൊരു അദ്ഭുതം സൃഷ്ടിക്കുന്നത് വെറുമൊരു സാങ്കേതിക വെല്ലുവിളിയല്ല; മനുഷ്യന്‍റെ ഇച്ഛാശക്തി പരകോടിയിലെത്തുന്ന അതിജീവനത്തിന്‍റെ പോരാട്ടം കൂടിയാണത്.

താപനില പൂജ്യത്തിനു താഴെ 35 ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തുന്ന കൊടും ശൈത്യത്തിലും, മലയ്ക്കുള്ളിലെ ഇരുട്ടിൽ 24 മണിക്കൂറും ഒരൊറ്റ അപകടം പോലും സംഭവിക്കാതെ നിർമാണ ജോലികൾ തുടർച്ചയായി നടന്നു. അന്താരാഷ്ട്ര സാങ്കേതികവിദ്യയും തദ്ദേശീയ അധ്വാനശേഷിയും ഒരുമിക്കുന്ന മഹാപ്രയാണം.

തുരങ്കത്തിനുള്ളിൽ 100 വർഷം ചോർച്ച ഉണ്ടാകില്ലെന്നുറപ്പിക്കുന്ന പിവിസി ലെയർ.

തുരങ്കത്തിനുള്ളിൽ 100 വർഷം ചോർച്ച ഉണ്ടാകില്ലെന്നുറപ്പിക്കുന്ന പിവിസി ലെയർ.

ഭൗമസാങ്കേതിക വിദഗ്ധനായ (ജിയോടെക്നിക്കൽ സ്പെഷ്യലിസ്റ്റ്) യൂസഫ് എസ്ഹാഗ്പൂർ റഹിമാബാദി എന്ന എൻഎച്ച്ഐഡിസിഎൽ അഥോറിറ്റി എൻജിനീയറാണ് ഈ വമ്പൻ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 35 വർഷത്തെ ആഗോള അനുഭവസമ്പത്തുള്ള ഇറാൻകാരൻ. ഒറ്റനോട്ടത്തിൽ അത്യുത്സാഹിയായ ഒരു യൂറോപ്യൻ വിദഗ്ധനെന്നു തോന്നിക്കും. സംസാരിച്ചു തുടങ്ങിയാൽ ഒഴുക്കുള്ള ഹിന്ദിയിൽ അദ്ദേഹം തന്‍റെ ഇന്ത്യാ ബന്ധം വെളിപ്പെടുത്തും- ഭാര്യ കർണാടകയിലെ ഹുബ്ലി സ്വദേശിനിയാണ്. 'ജയ് ഹിന്ദ്' പറഞ്ഞ് ബ്രീഫിങ് അവസാനിപ്പിക്കും മുൻപ്, തന്‍റെ കരിയറിലെ ഏറ്റവും മികച്ച തുരങ്കം എന്നാണ് സോജില ടണലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

മലയ്ക്കുള്ളിലേക്ക് 500 മീറ്റർ താഴ്ചയിൽ നിർമിച്ചിരിക്കുന്ന അത്യാധുനിക വായുസഞ്ചാര സംവിധാനങ്ങളുടെ വലിയ ഡയഗ്രം ചൂണ്ടിക്കാട്ടി യൂസഫ് തുടർന്നു: "ഇതൊരു വെറും തുരങ്കമല്ല; വരുംതലമുറയ്ക്കുള്ള 100 വർഷത്തെ സുരക്ഷാ ഗ്യാരന്‍റിയാണ്. പ്രതിവർഷം ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം 3 ലക്ഷത്തിൽ നിന്ന് 7-8 ലക്ഷമായി കുതിച്ചുയരും. ഇനി ഒരു കുടുംബവും തണുപ്പുകാലത്ത് താഴ്‌വരകളിൽ ഒറ്റപ്പെട്ടു പോകില്ല."

നിർമാണം പുരോഗമിക്കുന്ന സോജില തുരങ്കത്തിലെ പ്രധാന ഭാഗത്തിൻ്റെ പ്രവേശന കവാടം.

നിർമാണം പുരോഗമിക്കുന്ന സോജില തുരങ്കത്തിലെ പ്രധാന ഭാഗത്തിൻ്റെ പ്രവേശന കവാടം.

കുതിരാനുമപ്പുറം: തുരങ്ക സുരക്ഷയിലെ പുതിയ ഏട്

തുരങ്ക നിർമാണത്തിൽ ഇന്ത്യയ്ക്ക് കയ്പേറിയ അനുഭവങ്ങൾ പലതാണ്. കേരളത്തിലെ തൃശൂർ-പാലക്കാട് പാതയിലെ കുതിരാൻ തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ, പ്രവൃത്തികൾ പലപ്പോഴും അനിശ്ചിതമായി വൈകിയതും, ചോർച്ചാ പ്രശ്നങ്ങളും, സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളുമൊക്കെ ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കോഴിക്കോട്-വയനാട് തുരങ്കപാതയും പരിസ്ഥിതി-സുരക്ഷാ ആശങ്കകളിൽ നിന്ന് മുക്തമല്ല.

എന്നാൽ, സോജില തുരങ്കം ലോകോത്തര സുരക്ഷാ നിലവാരത്തിലാണ് ഒരുങ്ങുന്നത് (New Austrian Tunnelling Method - NATM). ഓരോ 125 മീറ്ററിലും ഓട്ടോമേറ്റഡ് അഗ്നിശമന സംവിധാനങ്ങളുണ്ട്. അപകടങ്ങളോ വാഹന തകരാറുകളോ ഉണ്ടായാൽ ആളുകൾക്കും വാഹനങ്ങൾക്കും പുറത്തു കടക്കാനുള്ള സംവിധാനങ്ങൾ. തുരങ്ക കവാടങ്ങളിൽ മഞ്ഞുവീഴ്ച കാരണം റോഡ് മൂടിപ്പോകാതിരിക്കാൻ പ്രത്യേകമായി നിർമിച്ച എട്ട് കട്ട് ആൻഡ് കവർ ഗാലറികളും മഞ്ഞുവീഴ്ചയ്ക്കൊപ്പം വരുന്ന ശക്തമായ കാറ്റിനെ തടുത്തു നിർത്തിൻ വിൻഡ് ബ്ലാസ്റ്റ് വോളുകളും തയാറാകുന്നു.

ലൈനിങ് പുരോഗമിക്കുന്ന തുരങ്കത്തിൻ്റെ ഉൾവശം.

ലൈനിങ് പുരോഗമിക്കുന്ന തുരങ്കത്തിൻ്റെ ഉൾവശം.

ജീവിതം തിരുത്തിയെഴുതുന്ന 20 മിനിറ്റ്

വെള്ളിമേഘങ്ങൾ കൂടുകൂട്ടിയ മലമടക്കുകളിലേക്ക് വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന എൻഎച്ച്-1. വഴിയരികിൽ വണ്ടിയൊതുക്കി അമൻ ദൂരേയ്ക്കു വിരൽ ചൂണ്ടി. ''ഞങ്ങളുടെ സ്വപ്നഭൂമിയായിരുന്നു സോനമാർഗ്...ഇതുവഴിയാണ് ഞങ്ങൾ സ്ഥിരമായി ബൈക്കിൽ പോയിരുന്നത്'', അവന്‍റെ ശബ്ദത്തിൽ വിരഹം. തെളിഞ്ഞ നീലാകാശത്തേക്ക് കടുംപച്ചക്കുതിപ്പുകൾ പോലെ കൂർത്തു നിൽക്കുന്ന പൈൻ മരങ്ങൾ. അമൻ ഭട്ടിന് ശ്രീനഗറിൽ നിന്ന് ലഡാഖിലേക്കു നീളുന്ന ദേശീയപാത വെറുമൊരു റോഡല്ല; ഓരോ വളവിലും പ്രണയത്തിന്‍റെ മുദ്രകൾ പേറുന്ന മധുരനൊമ്പരപ്പാതയാണ് അവനത്. ഓർമകളിലെ ശരത്കാല സായാഹ്നങ്ങളിൽ ഒരു ബൈക്കിന്‍റെ മുരൾച്ച. ജാക്കറ്റിനു മുകളിലൂടെ ചുറ്റിപ്പിടിച്ച കൈകൾ, കുപ്പിവളകളെക്കാൾ ഉച്ചത്തിൽ മുഴങ്ങുന്ന പൊട്ടിച്ചിരികൾ.

സോജില തുരങ്കം തുടങ്ങുന്ന സോനമാർഗ്.

സോജില തുരങ്കം തുടങ്ങുന്ന സോനമാർഗ്.

പ്രണയാതുരമായ ഓർമകളിൽനിന്നു സ്വയം വീണ്ടെടുത്ത് അമൻ വർത്തമാനം തുടർന്നു, "പക്ഷേ, അക്കാലത്ത് ഓരോ നവംബറും വന്നത് നെഞ്ചകം തകരുന്ന വേദനയുമായായിരുന്നു. തണുപ്പുകാലം തുടങ്ങിയാൽപ്പിന്നെ മലനിരകൾ അവരുടെ വാതിലുകൾ കൊട്ടിയടച്ചുകളയും..." ശ്രീനഗർ സ്വദേശിയാണ് അമൻ. അവന്‍റെ കൂട്ടുകാരി ലഡാഖ് സ്വദേശിനിയും. അവരെപ്പോലെ ഒരുപാടു പേർക്ക് സോജിലയിലെ ശൈത്യകാലം ക്രൂരമായൊരു അർധവിരാമമായിരുന്നു.

കുത്തനെയുള്ള മലഞ്ചെരുവുകളിലെ ഹെയർപിൻ വളവുകളിലൂടെ ജീവൻ കൈയിൽ പിടിച്ച് 3 മുതൽ 4 മണിക്കൂർ വരെ നീണ്ടുപോകുന്ന സോജില ചുരത്തിലെ സാഹസിക യാത്രയ്ക്കു പകരം, ഇനി വെറും 20 മിനിറ്റ് കൊണ്ട് സോജില തുരങ്കം കടന്നുപോകാം.

ഏകദേശം 6,800 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി, ഇന്ധനലാഭത്തിലൂടെയും തടസമില്ലാത വ്യാപാരത്തിലൂടെയും വെറും 16 മാസത്തെ പ്രവർത്തന കാലയളവ് കൊണ്ട് നിർമാണച്ചെലവിന് തുല്യമായ സാമ്പത്തിക നേട്ടം രാജ്യത്തിന് തിരികെ നൽകുമെന്ന് യൂസഫ് ഉറപ്പിച്ചു പറയുന്നു.

പണ്ടൊക്കെ റോഡ് അടച്ചാൽ കാർഗിലിലേക്കും ലെയിലേക്കും അവശ്യ സാധനങ്ങളും മരുന്നുകളും വിമാനമാർഗം വൻ തുക ചെലവാക്കിയാണ് എത്തിച്ചിരുന്നത്. തുരങ്കം വരുന്നതോടെ കുറഞ്ഞ ചെലവിൽ ചരക്ക് ലോറികൾക്ക് വർഷം മുഴുവൻ സർവീസ് നടത്താം.

അതിർത്തി മേഖലയായ കാർഗിലിലേക്ക് സൈനിക നീക്കം സുഗമമാകും. ചൈന, പാകിസ്ഥാൻ അതിർത്തികൾ ലക്ഷ്യമാക്കി സൈനിക വ്യൂഹങ്ങൾക്കും പ്രതിരോധ സാമഗ്രികൾക്കും തടസമില്ലാതെ വേഗത്തിലെത്താൻ സോജില തുരങ്കം വഴിമൊരുക്കുന്നു.

മഞ്ഞുമലകൾക്കിടയിലെ പ്രണയപാത

തുരങ്കത്തിന്‍റെ ഒരറ്റത്ത് സൊനമാർഗിന്‍റെ പൈൻമരക്കാടുകളും പച്ചപ്പും; മറ്റേയറ്റത്ത് ലഡാക്കിൽ ചന്ദ്രോപരിതലം പോലെ വെളുത്ത തരിശുഭൂമിയും മരുഭൂമികളും.

വെറുമൊരു കോൺക്രീറ്റ് നിർമിതിയല്ല സോജില തുരങ്കം. പ്രകൃതി സൗന്ദര്യത്തിന്‍റെ രണ്ടു പറുദീസകളെ കൂട്ടിയിണക്കുന്ന, മനുഷ്യ മനസുകളുടെ വസന്തപാതയാണത്; വിരഹത്തിന്‍റെ മഞ്ഞുകാലങ്ങളെ വകഞ്ഞുമാറ്റുന്ന പ്രണയത്തിന്‍റെ ഇളംചൂടാണ്; ഹിമാലയസാനുക്കളോടു പൊരുതി ജയിച്ച മനുഷ്യന്‍റെ ഐതിഹാസിക വീരഗാഥയുമാണ്....

logo
Metro Vaartha
www.metrovaartha.com