

പ്രതാപം വീണ്ടെടുക്കുന്ന ബംഗാൾ
ഹർദീപ് സിങ് പുരി
ഏഷ്യയുടെ ഷെഫീൽഡ് എന്നാണ് ഒരുകാലത്തു പശ്ചിമ ബംഗാളിലെ ഹൗറ അറിയപ്പെട്ടിരുന്നത്. ഹൂഗ്ലി നദീതീരത്തെ ചണ മില്ലുകൾ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സംഘടിത വ്യവസായ കേന്ദ്രങ്ങളായിരുന്നു. കോൽക്കത്തയാകട്ടെ, ഇന്ത്യയുടെ വാണിജ്യ തലസ്ഥാനവും. ബിർള, ടാറ്റ, ഐടിസി, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് എന്നിവയുടെയെല്ലാം ആസ്ഥാനമായിരുന്നു ഈ നഗരം. ബേൺപുരിലെ ഐഐഎസ്‌സിഒ 1918ലും ദുർഗാപുർ സ്റ്റീൽ പ്ലാന്‍റ് രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലത്തും സ്ഥാപിതമായതാണ്. 1950-51 കാലഘട്ടത്തിൽ രാജ്യത്തെ നിർമാണ മേഖലയുടെ മൊത്തം ഉത്പാദനത്തിന്‍റെ ഏകദേശം 27% ബംഗാളാണു സംഭാവന ചെയ്തിരുന്നത്.
ആ കൊൽക്കത്തയെ എനിക്കറിയാമായിരുന്നു. വിദേശകാര്യ സർവീസിൽ ചേരും മുമ്പ് എന്‍റെ ആദ്യത്തെ ജോലികളിലൊന്ന് ഈ നഗരത്തിലെ ഹിന്ദുസ്ഥാൻ ലിവറിലായിരുന്നു. ട്രങ്ക് പെട്ടികളുമായി വന്നിറങ്ങുന്ന ഒരു യുവാവിന് രാജ്യത്തിന്‍റെ വാണിജ്യ ഇടപാടുകൾ നടക്കുന്ന സ്ഥലത്താണ് താൻ എത്തിയിരിക്കുന്നത് എന്ന് ഉറച്ചുവിശ്വസിക്കാൻ കഴിയുന്ന ഒരിടമായിരുന്നു അന്നത്തെ കോൽക്കത്ത. അവിടെ തെരുവുവിളക്കുകൾ അണഞ്ഞിരുന്നില്ല. ട്രാമുകൾ ഓടിക്കൊണ്ടിരുന്നു. കമ്പനികൾ ഉദ്യോഗാർഥികളെ നിയമിച്ചുകൊണ്ടിരുന്നു.
ഒരു നൂറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത ആ സംവിധാനം തകർത്തത് വെറും സാമ്പത്തിക കെടുകാര്യസ്ഥത എന്നതിനേക്കാൾ ബോധപൂർവമായ മറ്റു ചില നീക്കങ്ങളായിരുന്നു. 1977ൽ അധികാരമേറ്റ ഇടതു മുന്നണി 34 വർഷം ഭരണം തുടർന്നു. തൊഴിലാളിവർഗ പ്രസംഗങ്ങൾക്കിടയിൽ സംഘടിത സമാന്തര ഭരണ സംവിധാനം അവിടെ വേരുപിടിച്ചു. കെട്ടിടം നിർമിക്കാനോ കട നടത്താനോ ചൂള സ്ഥാപിക്കാനോ ഗതാഗത പാത രജിസ്റ്റർ ചെയ്യാനോ, എന്തിനേറെ പറയുന്നു, പഞ്ചായത്ത് യോഗം ചേരാൻ പോലും അനുമതിക്കായി നിശ്ചിത വിഹിതം നൽകേണ്ടി വന്നു. കേഡർമാർ പണം പിരിക്കുകയും പാർട്ടി അതു സമാഹരിക്കുകയും ചെയ്തു. മൂലധനത്തെ പുറന്തള്ളിയ യൂണിയൻ പ്രവർത്തനങ്ങൾ പുറമേ ദൃശ്യമായിരുന്നുവെങ്കിൽ, പൗരന്മാരെ പുറന്തള്ളുന്ന കൊള്ളയടി ക്യാമറക്കണ്ണുകൾക്ക് അന്യമായിരുന്നു. 2000ൽ ഇടതു മുന്നണി തന്നെ ഈ നയം മാറ്റാൻ ശ്രമിക്കുകയും ടാറ്റ മോട്ടോഴ്സിനെ സിംഗൂരിലേക്കു കൊണ്ടുവരികയും ചെയ്തപ്പോൾ പ്രതിപക്ഷത്തായിരുന്ന തൃണമൂൽ കോൺഗ്രസ് നടത്തിയ നിരാഹാര സമരം 2008ൽ ആ പദ്ധതിയെ ഗുജറാത്തിലേക്ക് എത്തിച്ചു. മാഫിയകൾ നിറം മാറിയതല്ലാതെ ഇല്ലാതായില്ല.
2011ൽ "പരിബോർത്തൻ' (മാറ്റം) എന്ന വാഗ്ദാനവുമായാണു തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നത്. എന്നാൽ പിന്നീടു കണ്ടത്, പഴയ അതേ സംവിധാനം പുതിയ യൂണിഫോമിൽ തുടരുന്നതാണ്. കമ്മിഷൻ എന്നതു "കട്ട് മണി'യായി മാറി. കേഡർമാർ "സിൻഡിക്കറ്റു'കളായി. ദേശീയ നിർമാണ ഉത്പാദനത്തിൽ ബംഗാളിനുണ്ടായിരുന്ന 27% പങ്ക് ഇന്ന് 5%ത്തിനു താഴെയായി. ഒരു കാലത്ത് ദേശീയ ശരാശരിയുടെ 127% ആയിരുന്ന പ്രതിശീർഷ വരുമാനം 84%ത്തിലേക്കു കൂപ്പുകുത്തി. രജിസ്റ്റർ ചെയ്ത 6,000ത്തിലധികം കമ്പനികൾ ആസ്ഥാനം കൊൽക്കത്തയ്ക്കു പുറത്തേക്കു മാറ്റി. ഒരു കാലത്ത് ഹൗറയിലോ സാൾട്ട് ലേക്കിലോ ജോലി ചെയ്യേണ്ടിയിരുന്ന ബംഗാളിന്‍റെ മക്കൾ ഇന്നു ബംഗളൂരുവിലും ഹൈദരാബാദിലും പുനെയിലുമാണു വസിക്കുന്നത്. ജോലിയും സമ്പാദ്യവും സംസ്ഥാനത്തിനു പുറത്തേക്കു പോകുന്നതു നോക്കി നിൽക്കേണ്ടി വന്ന വോട്ടർക്കു കണക്കുതീർക്കാൻ അവസരമുണ്ടായിരുന്നു; അതു നിർവഹിക്കാൻ കൈയിൽ ബാലറ്റും.
ഈ കണക്കുതീർക്കലിന്‍റെ കേന്ദ്ര ബിന്ദു, സ്വതന്ത്ര ഇന്ത്യയിൽ ഇന്നുവരെ മറ്റൊരു ഭരണാധികാരിക്കും പ്രതിരോധിക്കേണ്ടി വന്നിട്ടില്ലാത്ത അത്രയും മോശമായ സ്ത്രീസുരക്ഷാ റെക്കോഡായിരുന്നു. വനിതാ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. 2024 ഓഗസ്റ്റിലാണ് ആർ ജി കർ മെഡിക്കൽ കോളെജിലെ പിജി ട്രെയ്‌നി ഡോക്റ്റർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിന്നാലെ, രാത്രി ഒരു സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് അതിക്രമം അഴിച്ചു വിട്ടു. എന്നാൽ പൊലീസിന് അതു തടയാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ചു വനിതകളടക്കമുള്ള നിരവധി ജൂനിയർ ഡോക്റ്റർമാർ 42 ദിവസം നീണ്ട സമരം നടത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു കണ്ടെത്തിയ ഹൈക്കോടതി അന്വേഷണം സിബിഐക്കു കൈമാറി.
സന്ദേശ്‌ഖാലി, 2024 ജനുവരി: 55 ദിവസത്തോളം ഒളിവിൽ കഴിഞ്ഞിട്ടും സ്ത്രീപീഡകനായ തൃണമൂൽ ജില്ലാ കൗൺസിൽ അംഗത്തിനെതിരേ പൊലീസ് ഒരു നടപടിയും എടുക്കാതിരുന്ന പശ്ചാത്തലത്തിൽ സുന്ദർബൻസിലെ ഒരു ദ്വീപിലെ സ്ത്രീകൾ തെരുവിലിറങ്ങി. ഒരിക്കൽ സ്വന്തം പ്രസ്ഥാനത്തിലൂടെ "പരിബോർത്തനെ'ക്കുറിച്ചു സംസാരിച്ച മുഖ്യമന്ത്രിയുടെ ഭരണത്തിനു കീഴിൽ, സ്വന്തം സംസ്ഥാനത്തെ സ്ത്രീകൾക്ക് അവരുടെ തന്നെ കേഡർമാർക്കെതിരെ കോടതികളിലും കേന്ദ്ര ഏജൻസികളിലും തെരുവുകളിലും അഭയം തേടേണ്ടി വന്നു.
ബംഗാളിലെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തോട് ചേർന്നു നിൽക്കുന്നതായിരുന്നു അവിടുത്തെ യുവാക്കൾക്കു നഷ്ടപ്പെടുത്തേണ്ടി വന്ന കാര്യങ്ങളും. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ ആദ്യ റെയ്ഡ് നടന്ന രാത്രിയിൽ സാൾട്ട് ലേക്കിലെ ഒരു ഫ്ലാറ്റിൽ നിന്നു മാത്രം പിടിച്ചെടുത്തത് 21 കോടി രൂപയാണ്. ഇതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിൽ നിന്നു നടത്തിയ പിടിച്ചെടുക്കലുകൾ കൂടി ചേർത്തപ്പോൾ ആകെ തുക 50 കോടി കടന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തു പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷനു നേതൃത്വം നൽകിയിരുന്ന ക്യാബിനറ്റ് അംഗം പാർഥ ചാറ്റർജിയുടെ അറസ്റ്റ് തുടർന്നുണ്ടായി. നിയമവിരുദ്ധമെന്നു കണ്ടെത്തിയ നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച 25,753 അധ്യാപകർ, ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജീവനക്കാർ എന്നിവരുടെ നിയമനങ്ങൾ 2024 ഏപ്രിലിൽ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഈ വിധി സുപ്രീം കോടതിയിൽ എത്തുകയും 2025ൽ കോടതി അതു ശരിവയ്ക്കുകയും ചെയ്തു.
ബംഗാളിലെ യുവാക്കൾക്കു ജീവിതത്തിൽ കൈത്താങ്ങാകേണ്ടിയിരുന്ന സ്കൂൾ നിയമന പ്രക്രിയ തസ്തികകൾ വിറ്റഴിക്കുന്ന കൗണ്ടറായി മാറി. അവിടെ അർഹരായ ഉദ്യോഗാർഥികൾക്ക് എത്താൻ പോലും കഴിഞ്ഞില്ല. ആ അഴിമതിക്കു മുകളിലായി നിലവിലെ ക്യാബിനറ്റിലെ മറ്റൊരംഗം ജ്യോതിപ്രിയ മല്ലിക്കിനെ കുടുക്കിയ റേഷൻ അഴിമതിയും അരങ്ങേറി. അതിനും മുകളിലായി കന്നുകാലി കടത്ത് അഴിമതി, "കട്ട് മണി' സംസ്കാരം, സിൻഡിക്കേറ്റ് രാജ് എന്നിവയും തഴച്ചുവളർന്നു. ഇതിനെയെല്ലാം കൂട്ടിയിണക്കുന്ന കണ്ണികൾ വോട്ടർമാർ തിരിച്ചറിഞ്ഞു. ഒരു മാഫിയ ഭരിക്കുന്ന സംസ്ഥാനത്ത് ആദ്യം ദുരിതമനുഭവിക്കുന്നത് കൈക്കൂലി നൽകാൻ വിസമ്മതിക്കുന്ന പൗരനാണല്ലോ.
ഈ മോശം റെക്കോഡിനു നേർവിപരീതമായി നിൽക്കുന്നത് മറ്റുതരം നേട്ടങ്ങളാണ്. കഴിഞ്ഞ ദശകത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ പൂർത്തിയാക്കിയ 4.21 കോടി വീടുകൾ; 2019ൽ 3 കോടിയായിരുന്ന സ്ഥാനത്തു നിന്ന് ഇന്ന് 15 കോടിയിലെത്തി നിൽക്കുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള ടാപ്പ് കണക്‌ഷനുകൾ; പ്രതിവർഷം 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയോടെ 55 കോടി ഗുണഭോക്താക്കൾക്കു തണലാകുന്ന ആയുഷ്മാൻ ഭാരത്; ബംഗാളിലെ ഓരോ ക്ഷേമപദ്ധതിയുടെയും ശാപമായിരുന്ന പണച്ചോർച്ച ഇല്ലാതാക്കിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) തുടങ്ങിയവ. ഇവയൊന്നും വെറും സങ്കൽപ്പങ്ങളല്ല. ബംഗാളിൽ ബിജെപിയുടെ ഓരോ പ്രവർത്തകനും വോട്ടു ചോദിക്കുമ്പോൾ അവരുടെ ആത്മവിശ്വാസത്തിനു പിന്നിലുണ്ടായിരുന്ന കരുത്ത് ഈ നേട്ടങ്ങളാണ്.
ആ കരുത്തിനു പിന്നിൽ വലിയ ശൃംഖലയുണ്ടായിരുന്നു. പാർട്ടിയുടെ ബൂത്തു തലത്തിലുള്ള കേഡർമാർ, "പന്നാ പ്രമുഖു'മാർ, ഓരോ തെരഞ്ഞെടുപ്പു കാലത്തും ഭീഷണികളെയും അക്രമങ്ങളെയും അതിജീവിച്ച പ്രവർത്തകർ തുടങ്ങിയവർ. മറ്റു പാർട്ടികൾ ഉപേക്ഷിച്ച സാഹചര്യങ്ങളിലും വോട്ടർമാരെ രജിസ്റ്റർ ചെയ്യാനും യാത്രാസൗകര്യം ഒരുക്കാനും പോളിങ് സ്റ്റേഷനുകളിൽ എത്തിക്കാനുമുള്ള ശ്രമകരമായ ജോലികൾ അവർ നിർവഹിച്ചു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരായ ഭീഷണികൾ, കേന്ദ്ര സേന മടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ, മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളിൽ പൊലിഞ്ഞ ജീവനുകൾ എന്നിവയൊന്നും ഒരു പ്രവർത്തകനെയും ആരും ഓർമിപ്പിക്കേണ്ടി വന്നില്ല. കാരണം അവരത് അനുഭവിച്ചറിഞ്ഞവരാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്‍റെ കേഡർമാർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഓരോ ജില്ലയിലും നേരിട്ടെത്തി. ഒരേ നഗരത്തിൽ ആഴ്ചകൾക്കുള്ളിൽ അദ്ദേഹം വീണ്ടും സന്ദർശനം നടത്തി. ലക്ഷ്യമിട്ടതു വെറും തെരഞ്ഞെടുപ്പു വിജയമായിരുന്നില്ല; മറിച്ച് ഒരു കോട്ട തകർക്കൽ കൂടിയായിരുന്നു.
ഈ മുന്നേറ്റത്തിന്‍റെ മുഖങ്ങൾ അവരുടേതായ കഥകൾ വിളിച്ചുപറയുന്നുണ്ട്. ആർ ജി കർ ഇരയുടെ അമ്മയും പാനിഹാട്ടിയിലെ ബിജെപി സ്ഥാനാർഥിയായുമായിരുന്ന രത്‌ന ദേബ്നാഥ് 15 വർഷത്തെ തൃണമൂൽ കോട്ട തകർത്തു വലിയ ഭൂരിപക്ഷത്തിനാണു മുന്നേറിയത്. ഭരണയന്ത്രം തനിക്കു നിഷേധിച്ച നീതിക്കു വേണ്ടി സന്ദേശ്‌ഖാലിയിലെ മണ്ണിൽ ഉറച്ചുനിന്നു പോരാടുകയും ആ പോരാട്ടം ഹിംഗൽഗഞ്ജ് മണ്ഡലത്തിലെ മത്സരത്തിലേക്ക് എത്തിക്കുകയും ചെയ്തു രേഖ പാത്ര. 30 വർഷം ഇടതുപക്ഷത്തിനൊപ്പവും 15 വർഷം തൃണമൂലിനൊപ്പവും നിന്ന ജില്ലകളിലെ വോട്ടർമാർ ഇതാദ്യമായി താമര ചിഹ്നത്തിലേക്കു തിരിഞ്ഞു. 2026 മെയ് 4 ഞായറാഴ്ച ബംഗാൾ എല്ലാ കണക്കും തീർത്തു. പ്രഖ്യാപിച്ച 293 സീറ്റുകളിൽ 206ലും ബിജെപി വിജയിച്ചു. തുടർച്ചയായ 2 യൂണിഫോമുകളിലായി നീണ്ട 49 വർഷത്തെ മാഫിയ ഭരണത്തിന് അന്ത്യമായിരിക്കുന്നു. ഇതു തെരഞ്ഞെടുപ്പു വിധി മാത്രമല്ല, ധാർമിക വിധി കൂടിയാണ്.
ഈ മുന്നേറ്റത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുകയാണ്. 15 വർഷമായി അനധികൃതമായി കടന്നുകൂടിയ 90 ലക്ഷം അനർഹരെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്ത പ്രത്യേക തീവ്ര പരിഷ്കരണ നടപടിയെ (എസ്ഐആർ) വോട്ടർമാരെ തഴയുന്ന നടപടി എന്നാണ് പരാജയപ്പെട്ട കക്ഷി ചിത്രീകരിക്കുന്നത്. എന്നാൽ, കണക്കുകൾ ഈ വാദത്തെ ഖണ്ഡിക്കുന്നു. ഏറ്റവും കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ട 20 മണ്ഡലങ്ങളിൽ 13 ഇടത്തും തൃണമൂൽ കോൺഗ്രസാണു വിജയിച്ചത്. ഏറ്റവും കൂടുതൽ ഒഴിവാക്കലുകൾ നടന്ന സംസർഗഞ്ജ്, ലാൽഗോള, ഭഗബംഗോള, രഘുനാഥ്‌ഗഞ്ജ്, മെറ്റിയാബുരൂസ് എന്നീ 5 മണ്ഡലങ്ങളിലും 2021ലും 2026ലും തൃണമൂലുകാരെയാണു തെരഞ്ഞെടുത്തത്. പട്ടിക പരിഷ്കരണവേളയിൽ നീക്കം ചെയ്ത വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയം നിർണയിക്കപ്പെട്ട 49 മണ്ഡലങ്ങളിൽ 26 ഇടത്ത് ബിജെപിയും 21 ഇടത്ത് തൃണമൂൽ കോൺഗ്രസും രണ്ടെണ്ണത്തിൽ കോൺഗ്രസുമാണു വിജയിച്ചത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പുറന്തള്ളലായിരുന്നു ഇതെങ്കിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ഇത്രയും തുല്യമായ വിഭജനം ഉണ്ടാകില്ലായിരുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 92.93% എന്നത് വോട്ടർ പട്ടികയുടെ വിശ്വാസ്യതയിലെ സംശയം ദൂരീകരിച്ചുകഴിഞ്ഞു. വോട്ടർമാർ നൽകിയ വിധിയെ ചോദ്യം ചെയ്യുന്നതിലൂടെ, വോട്ടർമാർ തള്ളിക്കളഞ്ഞ അതേ "ദാദാ ഗിരി' (ഗുണ്ടായിസം) വീണ്ടും ഉറപ്പിക്കുകയാണു പരാജയപ്പെട്ട പാർട്ടി ചെയ്യുന്നത്.
ബംഗാൾ വോട്ടു ചെയ്തു കഴിഞ്ഞു; സംസ്ഥാനം അതിന്‍റെ തീരുമാനം എടുത്തുകഴിഞ്ഞു. വോട്ടർമാർ എന്താണ് ആവശ്യപ്പെട്ടതെന്നു വായിച്ചെടുക്കുക പ്രയാസമല്ല.
സമാധാനം: തെരുവുകളിൽ നിഴൽ വീഴ്ത്തിയ അക്രമങ്ങളിൽ നിന്നുള്ള മോചനം.
ഐശ്വര്യം: സ്വന്തം നഗരത്തിലേക്കു തൊഴിലിന്‍റെ തിരിച്ചുവരവ്.
സ്ഥിരത: സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നതിനു വിഹിതം ചോദിക്കാത്ത ഭരണം.
നവോത്ഥാനം: രാജ്യത്തിന് അതിന്‍റെ ആദ്യത്തെ വ്യവസായ മേഖലയും വാണിജ്യ തലസ്ഥാനവും ദേശീയ ഭരണ സംവിധാനത്തിന്‍റെ ആദ്യ കാല ശിൽപ്പികളെയും നൽകിയ ഈ സംസ്ഥാനത്ത്, ഒരു സാംസ്കാരിക- സാമ്പത്തിക നവോത്ഥാനം.
ഞാൻ ജോലി ചെയ്തിരുന്ന ആ കോൽക്കത്തയെ വീണ്ടെടുക്കാൻ കഴിയും. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്കു സംഭാവനകൾ നൽകാൻ ബംഗാൾ സജ്ജമായിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിലെ ഓരോ ക്ഷേമപദ്ധതി വിതരണത്തിനും അടിസ്ഥാനസൗകര്യ വികസന തീരുമാനങ്ങൾക്കും പിന്നിൽ പൗരനെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കാണുന്ന ഒരു പ്രധാനമന്ത്രിയുണ്ട്. ആ പൗരനിൽ വിശ്വാസമർപ്പിച്ചതിനുള്ള പ്രതിഫലം ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
(കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രിയാണ് ലേഖകൻ)