

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഭക്ഷണം മാത്രം മതിയോ?
ഡോ. ശരത് ഗോപാലൻ
അടുത്തിടെ അഞ്ചു വയസുകാരിയായ ഒരു പെൺകുട്ടിയെ എന്‍റെ ക്ലിനിക്കിൽ കൊണ്ടുവന്നു. സംസാരിക്കാൻ വൈകുകയും മറ്റുള്ളവരോട് ഇടപഴകുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്ന അവള്‍ ആ പ്രായത്തിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയുടെ വഴികളില്‍ പിന്നിലാണെന്നു തോന്നി. വളര്‍ച്ചാ വികാസം സംബന്ധിച്ച വിലയിരുത്തലിൽ അവൾ മൂന്നു വയസുകാരിയുടെ വളർച്ചാ തലത്തിലാണെന്ന് കണ്ടെത്തി. കുട്ടിയുടെ അമ്മ വലിയ ആശങ്കയിലായിരുന്നു. കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമില്ല. പ്രത്യേകിച്ചൊരു രോഗനിർണയത്തിലേക്കും വിരൽ ചൂണ്ടാനുമില്ല.
എന്നാൽ കൊവിഡ്-19 കാലത്തെ 2 വർഷങ്ങളെക്കുറിച്ച് സംസാരിച്ചതോടെ ചിത്രം കൂടുതൽ വ്യക്തമായി. ലോക്ക്ഡൗൺ കാരണം ദീർഘകാലം സ്‌കൂളുകൾ അടച്ചിട്ടതോടെ കുട്ടിക്ക് കൂടുതലും വീടിനകത്തു തന്നെ ചെലവഴിക്കേണ്ടി വന്നു. കളിക്കൂട്ടുകാർക്ക് പകരം മൊബൈല്‍ ഫോണിന്‍റെയും ടെലിവിഷന്‍റെയും സ്ക്രീനുകൾ കൂട്ടിനെത്തി. ആഹാര രീതിയാകട്ടെ വൈവിധ്യങ്ങളില്ലാത്തതും ലളിതവുമായി മാറി. നിശബ്ദമായ ആ വർഷങ്ങളിൽ തലച്ചോറിന്‍റെ വളർച്ചയ്ക്ക് ആവശ്യമായതൊന്നും വേണ്ട രീതിയിൽ ലഭിച്ചില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ക്ലിനിക്കുകളിലുടനീളം ശിശുരോഗ വിദഗ്ധരും വളർച്ചാ വൈകല്യ വിദഗ്ധരുമെല്ലാം സമാന മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആരോഗ്യവാന്മാരായ കുട്ടികൾ വളർച്ചയിൽ പിന്നിലാകുന്നു. ഇത് വൈറസ് മൂലമല്ല, മറിച്ച് അതിനു ശേഷമുണ്ടായ ജീവിത സാഹചര്യങ്ങൾ കാരണമാണ്.
ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം തലച്ചോറിന്‍റെ വികാസം 90 ശതമാനവും നടക്കുന്നത് അഞ്ചു വയസിന് മുൻപാണ്. അതിനാൽ കുട്ടിയുടെ ബുദ്ധിപരവും വൈകാരികവും സാമൂഹ്യവുമായ ഭാവി രൂപപ്പെടുത്താൻ ഏറ്റവും വലിയ അവസരം ഈ ആദ്യകാല വർഷങ്ങളാണ്. ഇക്കാലയളവിൽ തലച്ചോറിൽ രൂപപ്പെടുന്ന നാഡീവ്യൂഹങ്ങളാണ് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പഠനശേഷിയും ഭാഷാ പരിജ്ഞാനവും ഓർമശക്തിയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുമെല്ലാം ശക്തിപ്പെടുത്തുന്നത്.
ഈ പ്രായത്തില്‍ ശരിയായ പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്ന്. തലച്ചോറിന്‍റെ ആരോഗ്യകരമായ വളർച്ചയ്ക്കും പ്രവർത്തനത്തിനും അനിവാര്യമായ ഇരുമ്പും സിങ്കും സെലീനിയവും ഉള്‍പ്പെടെ സൂക്ഷ്മ പോഷകങ്ങളെ പലപ്പോഴും "ന്യൂറോ ന്യൂട്രിയന്‍റുകൾ' എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ലഭ്യമായ കണക്കുകൾ ആശങ്കാജനകമായ ചിത്രമാണ് നൽകുന്നത്. രാജ്യത്ത് 5 വയസിൽ താഴെ ഏകദേശം 50% കുട്ടികളെയും ശരീരത്തിലെ ഇരുമ്പിന്‍റെ അപര്യാപ്തത ബാധിക്കുന്നുണ്ടെന്ന് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വെ വ്യക്തമാക്കുന്നു. മുൻപത്തെ സർവെയെ അപേക്ഷിച്ച് 5 വയസിൽ താഴെ കുട്ടികളിലെ വിളർച്ച 67.1%ത്തിലേക്ക് ഉയർന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. 12 മുതൽ 59 മാസം വരെ പ്രായക്കാരായ കുട്ടികളിൽ ദേശീയ തലത്തിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് 60%ത്തിലേറെ കുട്ടികളിലും വിളർച്ചയോടു കൂടിയോ അല്ലാതെയോ സൂക്ഷ്മപോഷകങ്ങളുടെ കുറവുണ്ടെന്നാണ്. ഹീമോഗ്ലോബിൻ പരിശോധനയിലൂടെ മാത്രം കണ്ടെത്താവുന്നതിനേക്കാൾ വലിയ പോഷകാഹാര വിടവ് രാജ്യത്തെ കുട്ടികളിലുണ്ട് എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ഒമേഗ-3 ഫാറ്റി ആസിഡ് വിഭാഗത്തിലെ ഡോകോസഹെക്സെനോയിക് ആസിഡ് തലച്ചോറിന്‍റെ ഘടനയെയും ഓർമശക്തിയെയും കാഴ്ചശക്തി വികാസത്തെയും സഹായിക്കുന്നു. മറ്റൊരു പ്രധാന പോഷകമായ കോളിൻ തലച്ചോറിന്‍റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇപ്പോൾ കണക്കാക്കുന്നു. ഗർഭകാലത്ത് അമ്മമാർ കോളിൻ അടങ്ങിയ ആഹാരം കഴിക്കുന്നത് കുട്ടികളിലെ ആരോഗ്യകരമായ ജീൻ പ്രവർത്തനങ്ങളെയും കോശഘടനയെയും സഹായിക്കുന്നതിനൊപ്പം ഓർമശക്തിക്കും ചിന്താശേഷിക്കും ആധാരമായ തലച്ചോറിലെ പ്രധാന ഭാഗങ്ങളുടെ വളർച്ചയ്ക്കും വഴിയൊരുക്കുന്നു. ഈ പോഷകങ്ങൾ കുട്ടിയുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട അധിക ഘടകങ്ങളല്ല, മറിച്ച് അവരുടെ ഭാവി സാധ്യതകളുടെ ആധാരശിലയാണ്.
ഒരു കുട്ടിയുടെ ജീവിതത്തില്‍ പോഷകാഹാരവുമായി ബന്ധപ്പെട്ട സുപ്രധാന ഇടപെടലിന് തുടക്കം കുറിക്കുന്നത് ജനനത്തിന് മുൻപാണ്. തലച്ചോറിന്‍റെ വികാസം തുടങ്ങുന്നത് ഗർഭകാലത്താണ്. അമ്മയുടെ പോഷകാഹാര നിലവാരം കുഞ്ഞിന്‍റെ നാഡീവ്യൂഹത്തിന്‍റെ വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്നു. ഗർഭപാത്രത്തിനകത്ത് നാഡീവ്യൂഹങ്ങളുടെ വികാസത്തിന് ഡോകോസഹെക്സെനോയിക് ആസിഡ് സഹായിക്കുന്നു. ഗർഭകാലത്ത് ഇരുമ്പും ഫോളിക് ആസിഡും ശരീരത്തിലെത്തുന്നത് ജനന സമയത്തെ കുറഞ്ഞ തൂക്കം, വളർച്ചാ വൈകല്യങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. എങ്കിലും രാജ്യത്തെ ഗർഭിണികളിൽ 44% പേർ മാത്രമാണ് 180 ദിവസമോ അതിലധികമോ ഇരുമ്പിന്‍റെയും ഫോളിക് ആസിഡിന്‍റെയും നിർദിഷ്ട ഗുളികകൾ കഴിക്കുന്നതെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വെ പറയുന്നു. വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന മേഖലയാണിത്.
കൗമാരപ്രായക്കാരായ പെൺകുട്ടികള്‍ക്കായി നടത്തുന്ന നിക്ഷേപം വരുംതലമുറയ്ക്ക് നല്‍കുന്ന വലിയ നിക്ഷേപമാകുന്നതും ഇക്കാരണത്താലാണ്. മികച്ച പോഷകാഹാരം ലഭിക്കുന്ന ഒരു പെൺകുട്ടി ആരോഗ്യവതിയായ അമ്മയായി മാറുകയും തന്‍റെ കുഞ്ഞിന് ഏറ്റവും മികച്ച കുട്ടിക്കാലം ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ കൗമാരക്കാരായ പെൺകുട്ടികളിൽ 59% പേർ വിളർച്ച ബാധിതരാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളുകൾ വഴിയും സാമൂഹ്യതല പരിപാടികള്‍ സംഘടിപ്പിച്ചും കൃത്യമായ പോഷക ലഭ്യത ഉറപ്പാക്കുന്നത് മികച്ച ഇടപെടലുകളിലൊന്നാണ്.
പോഷകാഹാരം പോലെ തലച്ചോറിന്‍റെ വികാസത്തിന് ആവശ്യമായ മറ്റു രണ്ട് ഘടകങ്ങളാണ് പോഷക സമൃദ്ധമായ ആഹാരവും വൈകാരിക- സാമൂഹ്യ ഉത്തേജനവും. കൊവിഡ് കാലം ഇത് നമ്മെ വ്യക്തമായി ബോധ്യപ്പെടുത്തി. ലോകത്ത് ഏഴിലൊരു കുട്ടി കൊവിഡ് കാലത്ത് ഗൗരവകരമായ വളര്‍ച്ചാവികാസ- പഠന പ്രതിസന്ധികള്‍ നേരിട്ടതായി യുനിസെഫ് വിലയിരുത്തുന്നു. ഇത് രോഗം കാരണമല്ല, കൂട്ടുകാരുമായി ഇടപെടാനും സംസാരിക്കാനും കളിക്കാനും അവസരം നഷ്ടപ്പെട്ടത് മൂലമാണ്. മൊബൈൽ, ടെലിവിഷന്‍ സ്ക്രീനുകൾ വന്നതോടെ ഭാഷാ വളർച്ചയെയും ചലനശേഷിയെയും സാമൂഹ്യ വികാസത്തെയും ദോഷകരമായി ബാധിച്ചു.
പോഷകാഹാര പിന്തുണയും വളര്‍ച്ചാ വികാസത്തിനാവശ്യമായ ഉത്തേജനവും ഒരുപോലെ നൽകുന്ന ശിശുക്ഷേമ പദ്ധതികൾക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഇന്ത്യയിലെ നിലവിലെ പദ്ധതികളുടെ ഘടന ഇത്തരം പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്. പോഷണ്‍ അഭിയാൻ, പി.എം പോഷണ്‍ തുടങ്ങിയ പദ്ധതികൾ ദശലക്ഷക്കണക്കിന് അമ്മമാരിലേക്കും കുട്ടികളിലേക്കും എത്തിച്ചേരുന്നുണ്ട്. പോഷണ്‍ പക്ഷാചരണം പോലുള്ള സംരംഭങ്ങൾ പോഷകാഹാരവുമായി ബന്ധപ്പെട്ട് സമൂഹത്തെ എങ്ങനെ അണിനിരത്താമെന്നതിന് മികച്ച ഉദാഹരണമാണ്. അങ്കണവാടി ശൃംഖലകളും മുൻനിര പ്രവർത്തകരും ഉൾപ്പെടുന്ന രാജ്യത്തെ വിതരണ സംവിധാനം സുശക്തമാണ്. അതുവഴി നൽകുന്ന സേവനങ്ങളെ കൂടുതൽ ആഴത്തിലാക്കാം.
ശരിയായ പരിശീലനവും പിന്തുണയും നല്‍കാന്‍ സാധിച്ചാല്‍ കുട്ടികളുടെ ശാരീരിക വളർച്ച നിരീക്ഷിക്കുന്നതിനൊപ്പം ആദ്യകാല ഉത്തേജനം, ക്രിയാത്മക പരിരക്ഷണം, കുട്ടികളുടെ വളര്‍ച്ചാ വികാസത്തിന്‍റെ പ്രായോഗിക രീതികൾ എന്നിവയിൽ വഴികാട്ടാന്‍ മാതാപിതാക്കൾക്കു സാധിക്കും. പോഷകാഹാരം, ആരോഗ്യം, സുരക്ഷ, പ്രാരംഭഘട്ട പഠനം, പരിരക്ഷ എന്നിവയെ ഒരു ചട്ടക്കൂടിൽ കൊണ്ടുവരുന്ന ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്‍റെയും "പരിപാലന പരിരക്ഷാ ചട്ടക്കൂട്' ഇതിന് ശാസ്ത്രീയ മാർഗരേഖ നൽകുന്നു. കേവലം ആഹാരം നൽകുക എന്നതിലുപരി കുട്ടികളുടെ സർവതോമുഖ ഉന്നമനമാണ് ഇത് ലക്ഷ്യമിടുന്നത്.
കുട്ടികളുടെ പോഷകാഹാരത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുക എന്നത് ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. വികസിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ തലച്ചോറിന് ആവശ്യമായ സൂക്ഷ്മപോഷകങ്ങളും ശരിയായ പരിചരണവും ആവശ്യമായ ഉത്തേജനവും ലഭിക്കുമ്പോൾ അതിന്‍റെ ഗുണഫലങ്ങൾ ആജീവനാന്തം നിലനിൽക്കുന്നു.
"വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. അതിന് കൃത്യമായ സംവിധാനങ്ങളും ശാസ്ത്രീയ പിന്തുണയുമുണ്ട്. കുട്ടികളുടെ പോഷകാഹാരത്തെ കേവലം ക്ഷേമപദ്ധതിയായി മാത്രം കാണാതെ ഭാവി പടുത്തുയർത്തുന്ന ആധാരശിലയായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനാണ് കാലം ആവശ്യപ്പെടുന്നത്.
(ന്യൂഡൽഹിയിലെ മധുകർ റെയിൻബോ കുട്ടികളുടെ ആശുപത്രിയിലെ ശിശുരോഗ, ഉദരരോഗ വിഭാഗം സീനിയർ കൺസൾട്ടന്‍റും ന്യൂട്രീഷൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്‍റുമാണ് ലേഖകൻ).