

വിവരാവകാശത്തിലെ ഇളവുകൾ
ജോസഫ് എം. പുതുശ്ശേരി|വീണ്ടുവിചാരം
""ജനാധിപത്യ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാന ഘടകം, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും അവരുടെ പ്രകടനത്തെക്കുറിച്ച് അറിവിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനും പൗരന് കഴിയുക എന്നതാണ്''- 25 മേയ് 11ന് വിവരാവകാശ നിയമത്തെ കുറിച്ചു ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിത്.
സാധാരണയായി വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള സുരക്ഷാ, ഇന്റലിജൻസ് ഏജൻസികൾക്കുപോലും അഴിമതി ആരോപണങ്ങളോ മനുഷ്യാവകാശ ലംഘനങ്ങളോ സംബന്ധിച്ച കേസുകളിൽ വിവരങ്ങൾ വെളിപ്പെടുത്താനുള്ള ബാധ്യതയുണ്ടെന്നും അതേ പ്രസംഗത്തിൽ അദ്ദേഹം തുടർന്നു പറഞ്ഞു.
ഇതു ജനങ്ങളുടെ നിയമമായി മാറിയിരിക്കുന്നുവെന്നാണ് വിവരാവകാശ നിയമത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച ദേശീയ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. അറിയാനുള്ള അവകാശം മനുഷ്യന്റെ അന്തസും ജനാധിപത്യ ഭരണത്തിന്റെ ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിൽ അടിസ്ഥാനപരമായ പങ്കുവഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005 മേയ് 10ന് ലോക്സഭയിൽ വിവരാവകാശ ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര പെഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് സഹമന്ത്രി സുരേഷ് പച്ചൗരി നിയമത്തിന്റെ ലക്ഷ്യം വിശദീകരിച്ചതിങ്ങനെ- ""ഭരണത്തിൽ സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും ഒരു പുതിയ യുഗം ആരംഭിക്കുകയാണ്. അഴിമതി ആരോപണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കാര്യത്തിൽ ഈ ഏജൻസികൾക്കുപോലും നിയമത്തിലെ ഒഴിവാക്കൽ ബാധകമാകില്ല''.
ഏതു പാർട്ടിയുടെ സർക്കാർ അധികാരത്തിലിരുന്നാലും, ഓരോ പൗരനും നിയമപ്രകാരം സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനും മറുപടി പ്രതീക്ഷിക്കാനും അവകാശമുണ്ടെന്നാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയത്.
വിപുലമായ കൂടിയാലോചനകൾക്കുശേഷം തയാറാക്കുകയും പാർലമെന്റ് ഏകകണ്ഠമായി പാസാക്കുകയും ചെയ്ത ഈ നിയമം ഇന്ന് ഇല്ലാതാകുന്നതിന്റെ വക്കിലാണെന്നു ഭേദഗതിയിലൂടെ വിവരാവകാശ നിയമത്തെ ദുർബലമാക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തിയ നീക്കത്തെക്കുറിച്ച് 2019 ജൂലൈ 23നു സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യ ഭരണക്രമത്തിലെ വിപ്ലവകരമായ നിയമ നിർമാണങ്ങളിൽ ഒന്നായ വിവരാവകാശ നിയമത്തെക്കുറിച്ച് അതു നടപ്പിലാക്കിയവരുടെ കാഴ്ചപ്പാടും ഉദ്ദേശ്യവും വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനകൾ അത്രയും. എന്നാൽ അതിന്റെ ഉദ്ദേശ്യലക്ഷ്യവും അന്തഃസത്തെയും ചോർത്തി കളയുന്ന നടപടിയാണ് കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടായത്.
അഴിമതി തടയുന്നതിനും പൊതുഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞ 22ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ കടുംകൈ കാട്ടിരിക്കുന്നത്. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവരുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഈ നിയമവിരുദ്ധ നടപടിക്ക് പ്രാധാന്യം ഉണ്ടാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും.
സർക്കാരിന്റെ ഈ നടപടി ഗുരുതരമായ നിയമപരവും ജനാധിപത്യപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. വിവരാവകാശ നിയമം, 2005ലെ വകുപ്പ് 24(4) പ്രകാരമാണ് ഈ ഒഴിവാക്കൽ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഇന്റലിജൻസ്, സുരക്ഷ അന്വേഷണ വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ 2006ലെ വിജ്ഞാപനത്തിന്റെ തുടർച്ചയാണ് പുതിയ വിജ്ഞാപനം എന്നാണ് സർക്കാർ ഭാഷ്യം. വിജിലൻസ് അന്വേഷണത്തിന് രഹസ്യ സ്വഭാവമുള്ളതിനാലാണ് വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്നും ഈ ഏജൻസിയുടെ അന്വേഷണത്തിനും പ്രവർത്തനത്തിനും രഹസ്യാത്മകത ആവശ്യമാണെന്നുമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്ന് നിയമത്തിന്റെ സൂതി കർമിണികൾ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമപരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന വിഭാഗങ്ങൾക്ക് പോലും അഴിമതിയോ മനുഷ്യാവകാശ ലംഘനമോ ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒഴിവില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയും പാർലമെന്റിൽ നിയമം അവതരിപ്പിച്ച മന്ത്രിയും അതിനു കാർമികത്വം വഹിച്ച യുപിഎ അധ്യക്ഷയും സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെയെങ്ങനെ അവരുടെ അനുയായികൾക്ക് ഈ ന്യായവാദം ബാധകമാകും! മോദി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ എതിർത്തുകൊണ്ട് 2019ൽ സോണിയ ഗാന്ധി പറഞ്ഞ ഇത് നിയമത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന വാദമുഖത്തെ ഇവർക്ക് എങ്ങനെ വിസ്മരിക്കാനാവും?
വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരം ഒരു സ്ഥാപനത്തെ ഒഴിവാക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നത് ശരിയാണ്. എന്നാൽ അത്തരം ഒഴിവാക്കലിനും നിയമം വ്യക്തമായി നിർദേശിച്ചിട്ടുള്ള പരിധികളും വ്യവസ്ഥകളും ബാധകമാണ്. ഒഴിവാക്കപ്പെടുന്നവയ്ക്കും അതേ വകുപ്പിലെ വ്യവസ്ഥകൾ അഴിമതി ആരോപണങ്ങളുമായും മനുഷ്യാവകാശ ലംഘനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളെ ആ ഒഴിവാക്കലിൽനിന്ന് വ്യക്തമായി സംരക്ഷിക്കുന്നു. ഈ നിയമപരമായ നിയന്ത്രണത്തെ മറികടക്കാൻ കഴിയുന്ന തരത്തിൽ ഒരു വിജ്ഞാപനവും വ്യാഖ്യാനിക്കാനാവില്ല. അതിനാൽ വിജിലൻസ് ടി1, ടി2 സെക്ഷനുകളെ ഒഴിവാക്കിയ വിജ്ഞാപനം ഈ നിർബന്ധിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതല്ല. ഈ സെക്ഷനുകളുടെ പേരിൽ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജന പരിശോധനയിൽനിന്ന് മറച്ചുവയ്ക്കുന്നുവെങ്കിൽ, അത് നിയമം അനുവദിച്ച ഒഴിവാക്കലിന്റെ പരിധി ലംഘിക്കുന്നതായിരിക്കും.
സർക്കാരിന് ഒഴിവാക്കൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ അധികാരമുണ്ടോ എന്ന ചോദ്യം മാത്രമല്ല, ആ അധികാരം ഉപയോഗിച്ചുകൊണ്ട് നിയമം വ്യക്തമായി സംരക്ഷിച്ചിരിക്കുന്ന വിവരങ്ങളും മറച്ചുവയ്ക്കാൻ കഴിയുമോ എന്നതാണ് ഇവിടെ ഉയരുന്ന യഥാർഥ നിയമപ്രശ്നം. നിയമത്തിലെ 8(1) (എച്ച്) വകുപ്പ് പ്രകാരം അന്വേഷണം, കുറ്റവാളികളെ കണ്ടെത്തൽ, പ്രോസിക്യൂഷൻ എന്നിവയെ ബാധിക്കുന്ന വിവരങ്ങൾ തടഞ്ഞുവയ്ക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഒരു വിവരം വെളിപ്പെടുത്തിയാൽ അന്വേഷണം തടസപ്പെടുമെന്ന് നിയമപരമായി വിലയിരുത്തുന്നതും ഒരു സെക്ഷനിലെ എല്ലാ രേഖകളെയും പൊതു ഒഴിവാക്കലിൽ ഉൾപ്പെടുത്തുന്നതും വ്യത്യസ്തമാണ്.
സ്റ്റേറ്റ് പബ്ലിക് ഇൻഫൊർമേഷൻ ഓഫിസറും സ്റ്റേറ്റ് ഇൻഫൊർമേഷൻ കമ്മിഷനുമായുള്ള കേസിൽ 2021 മാർച്ച് 17ലെ കേരള ഹൈക്കോടതിയുടെവിധിയിൽ, വകുപ്പ് 24(4) പ്രകാരം ഒഴിവാക്കിയിട്ടുള്ള സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കാര്യത്തിലും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പൊതു ഒഴിവാക്കൽ നൽകാനാവില്ലെന്ന നിലപാടാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത് .
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കുകയും പൊതുഅധികാരികളെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാക്കുകയും ചെയ്യുക എന്നതാണ്. കേരള സർക്കാരിന്റെ വിവരാവകാശ കൈപ്പുസ്തകവും ഈ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു.
വിജിലൻസ് അഴിമതിക്കെതിരേ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നിയമാനുസൃതമായി വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറയുമ്പോൾ മൂന്ന് പ്രധാന അപകടങ്ങൾ ഉയരുന്നു:
1) പൊതുജന പരിശോധന ദുർബലമാകുന്നു. വിജിലൻസ് അന്വേഷണങ്ങളിൽ അനാവശ്യമായ കാലതാമസമുണ്ടോ, പരാതികളിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ, അന്വേഷണങ്ങൾ പൂർത്തിയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിയമാനുസൃതമായി പരിശോധിക്കാനുള്ള അവസരം കുറയാം.
ഇത് അഴിമതിക്കാരുടെ സംരക്ഷണത്തിന് അവസരം ഒരുക്കും. പിഎസ്സി കേസിൽ ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉയർത്തിയ 'ഭായ്, ഭായ് 'ബന്ധം കൂടിയായാൽ അഴിമതിക്കാർക്ക് പിന്നെ ഒരു നടപടിയെയും പേടിക്കേണ്ടി വരില്ല.
2) അധികാരത്തിലുള്ളവരോടുള്ള വ്യത്യസ്ത സമീപനത്തെക്കുറിച്ച് സംശയങ്ങൾ ഉയരാം. ഉന്നത രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംബന്ധിക്കുന്ന കേസുകളിൽ ഒരേ മാനദണ്ഡമാണോ പ്രയോഗിക്കുന്നതെന്ന് പൊതുജനങ്ങൾക്ക് വിലയിരുത്താൻ കഴിയേണ്ടതുണ്ട്.
3) സ്ഥാപനത്തിലുള്ള പൊതുജനവിശ്വാസം ദുർബലപ്പെടാം. അഴിമതി തടയാൻ നിയോഗിക്കപ്പെട്ട സ്ഥാപനത്തിന്റെ പ്രവർത്തനം തന്നെ സുതാര്യതയിൽനിന്ന് അകലുന്നു എന്ന ധാരണ രൂപപ്പെട്ടാൽ അത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. വിജ്ഞാപനത്തിന്റെ വ്യാപ്തിയും നടപ്പാക്കുന്ന രീതിയും കാരണം ഇത്തരം അപകടസാധ്യതകൾ ഏറെയാണ്.
വിപ്ലവകരമായ ഒരു നിയമത്തിന്റെ പല്ലു പറിക്കുമ്പോൾ ഉയരുന്ന അത്യന്തം ആശങ്കാജനകവും ആപത് കരവുമായ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യത സർക്കാരിനുണ്ട്.
2022ൽ ഒഴിവാക്കൽ പിൻവലിക്കേണ്ട സാഹചര്യം എന്തായിരുന്നു?
അന്നു നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയശേഷം ഉണ്ടായ പ്രായോഗിക പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ആ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ചുകൂടി പരിമിതമായ മാർഗങ്ങൾ സ്വീകരിക്കാമായിരുന്നില്ലേ?
രണ്ട് സെക്ഷനുകളെ പൂർണമായി ഒഴിവാക്കുന്നതിനു പകരം, നിയമത്തിൽ നിലവിലുള്ള ഒഴിവാക്കൽ വ്യവസ്ഥകൾ പ്രയോഗിച്ചാൽ മതിയാകുമായിരുന്നില്ലേ? അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമപരമായി ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ എന്ത് സംവിധാനമാണ് വിജ്ഞാപനത്തിലുള്ളത്?
ഈ ചോദ്യങ്ങൾക്ക് വ്യക്തവും രേഖാപരവുമായ മറുപടി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
നിയമപരിധിയിൽ നിന്ന് വിജിലൻസ് സെക്ഷനുകളെ ഒഴിവാക്കാൻ ഉള്ള തീരുമാനം വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നു മുൻ അഡിഷണൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധിയോ എത്ര വലിയ ഉദ്യോഗസ്ഥരോ ആകട്ടെ അവർ അഴിമതി നടത്തിയാൽ അതേക്കുറിച്ചുള്ള വിവരങ്ങൾ ജനം അറിയണം. അതു മറച്ചുവയ്ക്കാനാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതുതന്നെയാണ് പൊതു അഭിപ്രായവും യുക്തിയും. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യവും അതു തന്നെയാണ്. അതിൽ വെള്ളം ചേർക്കുന്നത് എന്തിനാണ്? ആരെ രക്ഷിക്കാനാണ്? അഴിമതിക്കാരുടെ മുഖംമൂടി വലിച്ചുകീറപ്പെടുമ്പോഴല്ലേ അഴിമതിയുടെ കരാള ഹസ്തത്തിൽ നിന്നുള്ള മോചന മാർഗത്തെക്കുറിച്ച് നമുക്ക് ചെറുതായെങ്കിലും പ്രതീക്ഷ വയ്ക്കാനാകൂ.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു അഴിമതിയാണ്. അത് ജനാധിപത്യ ശരീരത്തെ അർബുദമെന്നോണം കാർന്നുതിന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനു തടയിടേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുള്ളതാണ്, പ്രത്യേകിച്ചും ഭരണാധികാരികൾക്ക്. നിയമത്തെ ദുർബലപ്പെടുത്തി അവർ തന്നെ അഴിമതിക്കാർക്ക് കുടപിടിച്ചാലോ!
സ്വജന പക്ഷപാതവും അഴിമതിയും മറ്റും അന്വേഷിക്കാൻ രൂപവൽക്കരിക്കപ്പെട്ട ലോകായുക്തയുടെ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് ആ ജുഡീഷ്യൽ സംവിധാനത്തിന്റെ പല്ലും നഖവും പറിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ നീക്കവും നമ്മുടെ ഓർമയിലുള്ളതാണ്. അന്ന് അതിനെതിരേ ശക്തമായ പ്രതികരണവും എതിർപ്പും പ്രകടിപ്പിച്ച അന്നത്തെ പ്രതിപക്ഷം ഇന്ന് അധികാരത്തിൽ ഇരിക്കുമ്പോൾ അഴിമതിക്കാർക്ക് സംരക്ഷണത്തിന് ഇട വരുത്തുകയും ജനങ്ങളെ ഇരുട്ടിൽ നിർത്തുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങൾക്കു കാർമികരാവുന്നത് ഒരു കാരണവശാലും ഭൂഷണമല്ല, നീതീകരിക്കത്തക്കതുമല്ല.
വിവരാവകാശ നിയമം സർക്കാർ നൽകുന്ന ഒരു സൗജന്യമല്ല; ജനാധിപത്യ ഭരണത്തിൽ പൗരന്മാർക്കുള്ള നിയമപരമായ അവകാശമാണ്. പൊതുഅധികാരികളുടെ പ്രവർത്തനം പരിശോധിക്കാനും പൊതുപണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന് അറിയാനും അധികാരദുർവിനിയോഗം ചോദ്യം ചെയ്യാനും ഈ നിയമം ജനങ്ങൾക്ക് അവസരം നൽകുന്നു.
അഴിമതി തടയേണ്ട വിജിലൻസ് സംവിധാനത്തിൽ രഹസ്യസ്വഭാവമുള്ള രേഖകൾ ഉണ്ടെന്ന ന്യായേന പൊതുതാത്പര്യമുള്ള വിവരങ്ങൾ നിയമാനുസൃതമായി പരിശോധിക്കാനുള്ള അവസരം തന്നെ ഇല്ലാതാക്കുന്ന സാഹചര്യം അങ്ങേയറ്റം ആപത്കരമാണ്. വിവരാവകാശ നിയമത്തിലെ ഇളവുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതുപോലെയുള്ള തന്ത്രപ്രധാന രഹസ്യങ്ങൾ സംരക്ഷിക്കാനാണ്; അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് അധികാരികളെ സംരക്ഷിക്കാനും അതുവഴി അവർ നടത്തിവരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള ലൈസൻസായി ഉപകരിക്കപ്പെടാനുമുള്ളതല്ല. ഒരിക്കലും അങ്ങനെ ആവുകയുമരുത്.