

മോദിയും നെതന്യാഹുവും
തരുൺ വിജയ്
1950 സെപ്റ്റംബർ 17ന് അന്നത്തെ ബോംബെ സംസ്ഥാനത്തിലെ വഡ്നഗർ പട്ടണത്തിൽ ഒരു കുഞ്ഞ് ജനിച്ചു. പിന്നീട് ആ കുഞ്ഞ് ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി. അതേ വർഷം, അതേ ദിവസം, അന്ന് രൂപീകൃതമായി വെറും രണ്ടുവർഷം മാത്രം പിന്നിട്ട, നിലനിൽപ്പിനായി പോരാടിക്കൊണ്ടിരുന്ന ഇസ്രയേൽ രാഷ്‌ട്രത്തിന് നിയമപരമായ അംഗീകാരം നൽകുന്ന ഔദ്യോഗിക രേഖയിൽ ഇന്ത്യ സർക്കാർ ഒപ്പുവച്ചു.
നരേന്ദ്ര മോദിയുടെ ജനനവും ഇസ്രയേലിന് ഇന്ത്യ നൽകിയ ഔദ്യോഗിക അംഗീകാരവും ഒരേ വർഷം മാത്രമല്ല, ഒരേ തീയതിയും പങ്കിടുന്നു. 76 വർഷങ്ങൾക്കുശേഷം, അതേ തീയതിയിൽ ജനിച്ച പ്രധാനമന്ത്രി ഇന്ത്യ- ഇസ്രയേൽ ബന്ധത്തെ തന്‍റെ മുൻഗാമികളിൽ ആരേക്കാളും കൂടുതൽ പരിവർത്തനം ചെയ്തു. അദ്ദേഹം ഈ ബന്ധത്തെ വെറുതെ കൂടുതൽ ശക്തമാക്കിയതല്ല; അതിന്‍റെ സ്വഭാവം തന്നെ മാറ്റി. പതിറ്റാണ്ടുകളായി ഈ ബന്ധത്തെ നിയന്ത്രിച്ചിരുന്ന ഒരു നിബന്ധന അദ്ദേഹം നീക്കി. അതിലൂടെ പ്രതിരോധം, സാങ്കേതിക വിദ്യ, കൃഷി, പ്രതിസന്ധികൾക്ക് മുന്നിൽ തകരാൻ വിസമ്മതിക്കുന്ന പങ്കിട്ട ദൃഢനിശ്ചയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ സവിശേഷ തന്ത്രപരമായ പങ്കാളിത്തം (Special Strategic Partnership) സാധ്യമാക്കി.
1950 മുതൽ 2014 വരെ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഇടപെടലുകൾ പലപ്പോഴും പലസ്തീൻ വിഷയത്തോടൊപ്പം ചേർത്താണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. സ്വയംനിർണയ അവകാശത്തോടുള്ള ഇന്ത്യയുടെ ആദ്യകാല പ്രതിബദ്ധത, ചേരിചേരാ പ്രസ്ഥാനത്തിലെ അതിന്‍റെ പങ്ക്, ഗൾഫ് സമ്പദ്‌വ്യവസ്ഥകളിലുടനീളം ജോലി ചെയ്തിരുന്ന ഏകദേശം 80 ലക്ഷം ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ട നയതന്ത്ര യാഥാർഥ്യങ്ങൾ എന്നിവയായിരുന്നു ഇതിനു പിന്നിൽ. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള ഓരോ ചുവടിനൊപ്പവും റാമല്ലയിലേക്കും ദൃശ്യമായ ഒരു ചുവട് ആവശ്യമായിരുന്നു. ഇസ്രയേലുമായുള്ള ബന്ധത്തെ അതിന്‍റെ സ്വന്തം പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം സമീപിച്ചിരുന്നില്ല.
പലസ്തീനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ഉപേക്ഷിക്കാതെയാണ് പ്രധാനമന്ത്രി മോദി ഈ സമീപനം മാറ്റിയത്. ചർച്ചകളിലൂടെ കൈവരിക്കേണ്ട ദ്വിരാഷ്‌ട്ര പരിഹാരത്തെ (Two- state solution) ഇന്ത്യ ഇന്നും പിന്തുണയ്ക്കുന്നു. എന്നാൽ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തെ മറ്റൊരു ചർച്ചയുടെ പുരോഗതിയുമായി നിർബന്ധമായി ബന്ധിപ്പിച്ചിരുന്ന പ്രവർത്തനപരമായ നിബന്ധന അദ്ദേഹം നീക്കി. ഒരു പരമാധികാര രാഷ്‌ട്രവുമായും ഒരു നാഗരികതാപരമായ സഖ്യകക്ഷിയുമായുമുള്ള ബന്ധമായാണ് അദ്ദേഹം ഇന്ത്യ- ഇസ്രയേൽ ബന്ധത്തെ കാണാൻ തുടങ്ങിയത്. മറ്റേതെങ്കിലും ചർച്ചയുടെ പുരോഗതിക്ക് ബന്ദിയാക്കാതെ, സ്വന്തം അടിത്തറയിലും പ്രാധാന്യത്തിലുമാണ് ആ ബന്ധത്തെ വിലയിരുത്തിയത്.
ഹദേരയിൽ നെതന്യാഹുവിനൊപ്പം കടൽത്തീരത്ത് നഗ്നപാദനായി മോദി
ഈ മാറ്റത്തിന്‍റെ ഏറ്റവും വ്യക്തമായ സൂചന 2017 ജൂലൈയിൽ വന്നു. റാമല്ലയിലേക്കുള്ള അനുബന്ധ സന്ദർശനം കൂടാതെ ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ഹദേരയിൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം കടൽത്തീരത്ത് നഗ്നപാദനായി നടന്ന അദ്ദേഹം ഇന്ത്യയും ഇസ്രയേലും ""സ്വാഭാവിക പങ്കാളികൾ'' ആണെന്ന് പ്രഖ്യാപിച്ചു. യാദ് വഷേമിൽ അദ്ദേഹം നിശബ്ദമായി പുഷ്പചക്രം അർപ്പിച്ചു. Bene Israel സമൂഹത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം 2,000 വർഷത്തോളം യഹൂദ സമൂഹങ്ങൾ ഇന്ത്യയുടെ മണ്ണിൽ പീഡനങ്ങളില്ലാതെ ജീവിച്ച ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ യഹൂദ ജീവിതത്തെ തകർത്ത സംഘടിതമായ സാമൂഹിക ബഹിഷ്കരണ സംവിധാനങ്ങൾ ഇന്ത്യയിൽ അവർക്കെതിരേ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി, ജല സാങ്കേതിക വിദ്യ, ബഹിരാകാശം എന്നീ മേഖലകളിൽ ഇരു നേതാക്കളും കരാറുകളിൽ ഒപ്പുവച്ചു. പഴയ നിബന്ധനകൾ അവസാനിച്ചുവെന്ന സന്ദേശം യാതൊരു അവ്യക്തതയുമില്ലാതെ ആ സന്ദർശനം നൽകി.
ഈ De- hyphenation, അതായത് ഇസ്രയേലുമായുള്ള ബന്ധത്തെ പലസ്തീൻ വിഷയവുമായി നിർബന്ധമായി ബന്ധിപ്പിക്കാതിരിക്കുന്ന സമീപനം, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്തുമെന്ന് വിമർശകർ വാദിച്ചു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. 2020ലെ "അബ്രഹാം അക്കോഡ്സ് ' ഇസ്രയേലും യുഎഇ, ബഹ്റൈൻ, സുഡാൻ, മൊറോക്കോ എന്നിവയും തമ്മിലുള്ള ബന്ധങ്ങൾ സാധാരണവത്കരിച്ചു. ഗൾഫ് രാജ്യങ്ങൾ ഇസ്രയേലിലേക്കു നീങ്ങിയപ്പോൾ ഇന്ത്യ അവിടെ ഇതിനകം തന്നെ ഉണ്ടായിരുന്നു.
ഇന്ത്യ, ഇസ്രയേൽ, യുഎഇ, അമെരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന I2U2 ഫ്രെയിംവർക്ക് ഈ ഒത്തുചേരലിന്‍റെ സ്ഥാപനപരമായ രൂപമാണ്. ഇന്ത്യയെയും ഇസ്രയേലിനെയും ഒരു പ്രധാന ഗൾഫ് പങ്കാളിയെയും ഒരേ പ്രവർത്തന ചട്ടക്കൂടിനുള്ളിൽ ഇത് കൊണ്ടുവരുന്നു. 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് എക്കണോമിക് കോറിഡോർ (ഐഎംഇസി) ഈ പ്രക്രിയയെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നു. സൗദി അറേബ്യയും യുഎഇയും വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ ഇസ്രയേൽ നിർണായക കണ്ണിയാണ്. പഴയ ഹൈഫെനേറ്റഡ് സമീപനം തുടർന്നിരുന്ന ലോകത്ത് ഐഎംഇസി സാധ്യമാകുമായിരുന്നില്ല.
2023 ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രയേലിലുടനീളം സാധാരണക്കാരെ ആക്രമിച്ച് 1,200ലധികം പേരെ കൊലപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി മോദി ആക്രമണങ്ങളെ ഉടൻ തന്നെ യാതൊരു ഉപാധികളുമില്ലാതെ അപലപിച്ചു. 2025 ഏപ്രിലിൽ പഹൽഗാമിലെ പുൽമേടുകളിൽ വിനോദ സഞ്ചാരികളെ തടഞ്ഞുനിർത്തി അവരുടെ മതം പരിശോധിച്ചശേഷം വെടിവച്ചപ്പോൾ, ഇസ്രയേലും വൈകാതെ ആക്രമണത്തെ അപലപിച്ചു. 2025 മേയിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി മറുപടി നൽകി. ഇസ്രയേൽ നിർമിത ഹാരോപ് ലോയിറ്ററിങ് മ്യുണീഷ്യൻസ്, സ്പെസ്-250 ഗ്ലൈഡ് ബോംബ് കിറ്റ്സ് എന്നിവ ഈ ഓപ്പറേഷനിൽ ഉപയോഗിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഇസ്രയേൽ നൽകിയ പിന്തുണയ്ക്ക്മോദി പ്രധാനമന്ത്രി നെതന്യാഹുവിന് ഔദ്യോഗികമായി നന്ദി അറിയിച്ചു. യഥാർഥ പ്രവർത്തന സാഹചര്യങ്ങളിലും ഈ പങ്കാളിത്തം ഉറച്ചുനിന്നു.
2026 ഫെബ്രുവരിയിലെ ജറുസലേം ഉച്ചകോടി ഉഭയകക്ഷി ബന്ധത്തെ സവിശേഷമായ തന്ത്രപരമായ സമാധാന, നൂതനാവിഷ്കരണ, സമൃദ്ധി സഹകരണത്തിലേക്ക് ഉയർത്തി. പ്രതിരോധം, വ്യാപാരം, ബഹിരാകാശം, ഊർജം, സൈബർ സുരക്ഷ, കൃഷി, ശാസ്ത്രീയ ഗവേഷണം എന്നിവ ഇതിന്‍റെ പരിധിയിൽ ഉൾപ്പെട്ടു. സജീവമായ ഇസ്രയേൽ- ഇറാൻ സംഘർഷത്തിനിടയിലും പ്രധാനമന്ത്രി മോദി ഈ ബന്ധത്തെ കൂടുതൽ ഉയർത്തി. അതേസമയം ഗൾഫ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതകളും ഗാസ സമാധാന ശ്രമങ്ങൾക്കുള്ള പിന്തുണയും നിലനിർത്തി. ഐഎംഇസി, 12യു2 എന്നിവയിൽ കൂടുതൽ അടുത്ത സഹകരണത്തിനും ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരായി. ഇതാണ് പ്രയോഗത്തിലുള്ള ഇന്ത്യയുടെ സ്ട്രാറ്റജിക് ഓട്ടോണമി, അഥവാ തന്ത്രപരമായ സ്വയംഭരണം.
മോദി നടപ്പാക്കിയ ഈ ഡീ- ഹൈഫെനേഷൻ എളുപ്പമായിരുന്നില്ല. പലസ്തീൻ രാഷ്‌ട്രത്തിനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിനൊപ്പം ഇസ്രയേലുമായുള്ള ശക്തവും ഉപാധികളില്ലാത്തതുമായ പങ്കാളിത്തം നിലനിർത്തേണ്ടതുണ്ടായിരുന്നു. ഇതു രണ്ടും പരസ്പരവിരുദ്ധമല്ലെന്ന് തെളിയിക്കുകയും വേണമായിരുന്നു. അതിന് വേണ്ടത് ഇന്ത്യൻ ദേശീയ താത്പര്യങ്ങളെ വ്യക്തമായി കാണാനുള്ള അച്ചടക്കവും ഒരു ബന്ധത്തെ മറ്റൊന്നിന്‍റെ ബന്ദിയാക്കാതിരിക്കാനുള്ള ദൃഢനിശ്ചയവുമാണ്. കഴിഞ്ഞ 12 വർഷമായി അദ്ദേഹം രണ്ടും ഒരുമിച്ച് നിലനിർത്തിയിട്ടുണ്ട്.
12 വർഷമായി അദ്ദേഹം കെട്ടിപ്പടുത്ത ഈ പങ്കാളിത്തം ഏതെങ്കിലും ഒരു സർക്കാരിനെയും, ഏതെങ്കിലും ഒരു സംഘർഷത്തെയും, അന്താരാഷ്‌ട്ര അഭിപ്രായത്തിന്‍റെ ഏതെങ്കിലും ഒരു കാലഘട്ടത്തെയും അതിജീവിക്കും. ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ച തീയതിയും പ്രധാനമന്ത്രി മോദിയുടെ ജന്മദിനവും ഒന്നായിരിക്കുന്നത് ഇനി വെറും യാദൃച്ഛികത മാത്രമല്ല; അദ്ദേഹത്തിന്‍റെ സർക്കാരിന്‍റെ വിദേശനയ പാരമ്പര്യത്തിലെ ശ്രദ്ധേയമായ ഒരു അടയാളമായി അത് മാറിയേക്കാം.
(മുൻ പാർലമെന്‍റ് അംഗവും ഇന്ത്യ- ഇസ്രയേൽ സൗഹൃദത്തെ ആസ്പദമാക്കിയ ഇന്ത്യയിലെ "നമസ്തേ ശാലോം' മാസികയുടെ സ്ഥാപക എഡിറ്ററുമാണ് ലേഖകൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ ഹിന്ദി വാരികയായ "പാഞ്ചജന്യ'യുടെ മുൻ പത്രാധിപരായിരുന്നു)