

ഒന്നിൽ നിന്ന് രണ്ടു ലക്ഷത്തിലേക്ക്
കേന്ദ്ര ഭക്ഷ്യ സംസ്കരണ, വ്യവസായ മന്ത്രി
2020ൽ കൊവിഡ്19 മഹാമാരി ജീവനെയും ഉപജീവന മാർഗങ്ങളെയും തകിടം മറിച്ചപ്പോൾ, വീണ്ടെടുക്കൽ വൻകിട വ്യവസായങ്ങളിൽ മാത്രം ഒതുങ്ങാതെ ഏറ്റവും ചെറിയ ഉത്പാദകരിലേക്കും സംരംഭങ്ങളിലേക്കും, പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും പ്രവർത്തിക്കുന്നവരിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞു.
ഈ ലക്ഷ്യത്തോടെയാണ് പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രൊസസിങ് എന്‍റർപ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി ആ വർഷം ആത്മനിർഭർ ഭാരത് അഭിയാന് കീഴിൽ ആരംഭിച്ചത്. ഔപചാരിക സാമ്പത്തിക സഹായവും സ്ഥാപനപരമായ പിന്തുണയും ലഭിക്കാതെ ഏറെക്കാലമായി പിന്തള്ളപ്പെട്ടു കിടന്ന ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുബന്ധമായാണ് ഇത് ആരംഭിച്ചത്.
അതായത്, കുറച്ചുപേർക്ക് തൊഴിൽ നൽകി സ്വന്തമായി ഉത്പന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന, എന്നാൽ വളർച്ചയ്ക്ക് ആവശ്യമായ മൂലധനമോ മാർഗനിർദേശമോ ഇല്ലാത്ത സൂക്ഷ്മ സംസ്കരണ സംരംഭകരിൽ നിന്ന്. സ്വന്തമായി സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളിൽ നിന്ന്, അതായത് അടിത്തട്ടിൽ നിന്നാണ് ഇന്ത്യയുടെ വളർച്ച ആരംഭിക്കേണ്ടതെന്ന പ്രധാനമന്ത്രിയുടെ ദൃഢമായ വിശ്വാസത്തെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.
പിഎംഎഫ്എംഇ പദ്ധതിയുടെ ക്രെഡിറ്റ്- ലിങ്ക്ഡ് വിഭാഗത്തിൽ അനുവദിച്ച വായ്പകളുടെ എണ്ണം ഇപ്പോൾ രണ്ടുലക്ഷം കടന്നിരിക്കുകയാണ്. ഔപചാരിക വായ്പാ വിപണിയിലേക്ക് കടന്നുവരികയും ബിസിനസ് കെട്ടിപ്പടുക്കാൻ യഥാർഥ അവസരം ലഭിക്കുകയും ചെയ്ത സംരംഭകരാണ് ഇതിന് പിന്നിൽ എന്നതുകൊണ്ട് തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമർഹിക്കുന്നു. ആഘോഷിക്കപ്പെടേണ്ട ഒരു നേട്ടവും, ഇത് സാധ്യമാക്കിയവരെ ആദരിക്കേണ്ട ഒരു നിമിഷവുമാണിത്.
ഇതിൽ ആദ്യത്തെയാൾ ജമ്നാലാൽ പാട്ടിദാർ ആയിരുന്നു. അദ്ദേഹത്തിന്‍റെ അപേക്ഷയാണ് പിഎംഎഫ്എംഇ പദ്ധതിക്ക് കീഴിൽ ആദ്യമായി അംഗീകരിക്കപ്പെട്ടത്. ഭക്ഷ്യ സംസ്കരണ രംഗത്ത് മുൻപരിചയമൊന്നുമില്ലാത്ത 10ാം ക്ലാസ് പാസായ ഈ സംരംഭകൻ 10 ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് മല്ലി സംസ്കരണ യൂണിറ്റ് ആരംഭിച്ചത്. പദ്ധതിയുടെ പിന്തുണ ലഭിച്ചതോടെ സാമ്പത്തിക സഹായവും യന്ത്രസാമഗ്രികളും മാർഗനിർദേശവും അദ്ദേഹത്തിന് ലഭ്യമായി. ഇന്ന് അഞ്ചിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വിജയകരമായ സംരംഭമായി അദ്ദേഹത്തിന്‍റെ സംരംഭം വളർന്നു.
അദ്ദേഹത്തിന്‍റെ കഥ ലളിതമായ ഒരു കാര്യമാണ് വ്യക്തമാക്കുന്നത്. സംരംഭകത്വം എന്നത് ഉന്നത കുലത്തിൽ ജനിച്ചവരുടെയോ, ഉന്നത വിദ്യാഭ്യാസം നേടിയവരുടെയോ മാത്രം അവകാശമല്ല. അത് ആശയമുള്ള വ്യക്തിക്ക്, അത് പ്രാവർത്തികമാക്കാൻ ആവശ്യമായ സാമ്പത്തിക സഹായവും സാങ്കേതികവിദ്യയും പിന്തുണയും ലഭിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണക്കാരായ ഇന്ത്യക്കാരെ സംരംഭങ്ങൾ കെട്ടിപ്പടുക്കാനും മറ്റുള്ളവർക്ക് തൊഴിൽ നൽകാനും പ്രാപ്തരാക്കുന്നതിലൂടെ, തൊഴിൽ അന്വേഷിക്കുന്നവരെ തൊഴിൽ ദാതാക്കളാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പിഎംഎഫ്എംഇ മുന്നോട്ട് കൊണ്ടുപോകുന്നത്.
വൈവിധ്യമാർന്ന പ്രാദേശിക ഉത്പന്നങ്ങൾ നിർമിക്കുന്ന ദശലക്ഷക്കണക്കിന് നൈപുണ്യമുള്ള സൂക്ഷ്മ സംസ്കരണ സംരംഭകരുടെ നാടാണ് ഇന്ത്യ. ചെലവുകുറഞ്ഞ വായ്പകൾ, ആധുനിക സാങ്കേതികവിദ്യ, ഗുണനിലവാര സർട്ടിഫിക്കേഷൻ, വിപണികളിലേക്കുള്ള പ്രവേശനം എന്നിവയുടെ അഭാവമായിരുന്നു ഇവരിൽ പലരും നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ക്രെഡിറ്റ് ലിങ്ക്ഡ് സഹായം, ശേഷി വികസനം, പൊതു അടിസ്ഥാന സൗകര്യങ്ങൾ, ബ്രാൻഡിങ്, മാർക്കറ്റ് കണക്റ്റിവിറ്റി എന്നിവയിലൂടെ ഈ വിടവുകൾ നികത്താനും, അനൗപചാരിക സംരംഭങ്ങളെ യഥാർഥ വളർച്ചാ സാധ്യതയുള്ള ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരാനുമാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്.
ഈ മാറ്റത്തിന്‍റെ പ്രധാന വക്താക്കൾ സ്ത്രീകളാണ്. അനുവദിച്ച രണ്ടുലക്ഷം വായ്പകളിൽ 44 ശതമാനവും ലഭിച്ചത് സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്കാണ്. കൂടാതെ, 4 ലക്ഷത്തിലധികം സ്വയംസഹായ സംഘാംഗങ്ങൾക്ക് തങ്ങളുടെ ബിസിനസ് ശക്തമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സീഡ് ക്യാപിറ്റൽ ലഭിച്ചു. മൊത്തത്തിൽ, ഈ പദ്ധതി 20,300 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും ഏകദേശം ആറ് ലക്ഷത്തോളം ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഉദ്യം രജിസ്ട്രേഷൻ, എഫ്എസ്എസ്എഐ, ജിഎസ്ടി അനുമതികൾ എന്നിവയിലൂടെ 75,000ത്തിലധികം യൂണിറ്റുകൾ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് വന്നു.
പല സ്ത്രീകൾക്കും, വീടുകളിലോ പ്രദേശങ്ങളിലോ പരിശീലിച്ചിരുന്ന കഴിവുകളെ സാമ്പത്തികം, സാങ്കേതികവിദ്യ, വിശാലമായ വിപണികൾ എന്നിവ ലഭ്യമാകുന്ന അംഗീകൃത സംരംഭങ്ങളാക്കി മാറ്റാൻ ഇത് സഹായകരമായി. കൂടുതൽ ആളുകളെ ഈ മാറ്റത്തിലേക്ക് നയിക്കുക എന്നത് വരുന്ന ഘട്ടത്തിലും പ്രധാന ലക്ഷ്യമായി നിലനിൽക്കണം.
ഈ ഓരോ കണക്കുകൾക്കും പിന്നിൽ വലിയൊരു നേട്ടമുണ്ട്. പ്രവർത്തിക്കുന്ന ഒരു സംരംഭം കർഷകന്‍റെ ഉത്പന്നങ്ങൾ വാങ്ങുകയും, ഓരോ വിളവെടുപ്പിനു ശേഷവും ഉണ്ടാകാറുള്ള നഷ്ടം കുറയ്ക്കുകയും, ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന് സമീപം തന്നെ കൂടുതൽ മൂല്യം നിലനിർത്തുകയും ചെയ്യുന്നു. ഒരു പ്രാദേശിക വിള ബ്രാൻഡഡ് ഉത്പന്നമായി മാറുന്നു. ഒരു കുടുംബത്തിന്‍റെ കഴിവ് സ്ഥിരമായ തൊഴിലായി മാറുന്നു. കാലക്രമേണ, ഒരു ജില്ല അത് നിർമിക്കുന്ന ഉത്പന്നങ്ങളിലൂടെ അറിയപ്പെടാൻ തുടങ്ങുന്നു. ഓരോ സംരംഭങ്ങളിലൂടെയായി "വോക്കൽ ഫോർ ലോക്കൽ' പ്രായോഗികമാകുന്നത് ഇപ്രകാരമാണ്.
ഈ നേട്ടം രണ്ടുലക്ഷത്തിലേക്ക് എത്തിച്ച വായ്പ ലഭിച്ചത് റാഞ്ചിയിലെ ഇന്ദർജീത് സിങ്ങിനാണ്. ഒരു ബേക്കറി നിർമാണ യൂണിറ്റ് ആരംഭിക്കുന്ന ഇദ്ദേഹം, തന്‍റെ കേക്കുകളും പേസ്ട്രികളും ഒരുനാൾ ഝാർഖണ്ഡ് മുഴുവൻ അറിയപ്പെടുമെന്ന സ്വപ്നത്തിലാണ്. മുമ്പ് പാട്ടിദാറിനെ പോലെ തന്നെ, ചെറിയൊരു സംരംഭവും വലിയൊരു ലക്ഷ്യവുമായാണ് ഈ പദ്ധതിയുടെ പിന്തുണയോടെ ഇദ്ദേഹവും തുടക്കം കുറിക്കുന്നത്.
പിഎംഎഫ്എംഇ പദ്ധതിയിലൂടെ ഇപ്പോൾ ഒരു ആദ്യ അനുമതിയിൽ നിന്ന് വിജയകരമായ ഒരു വലിയ സംരംഭത്തിലേക്ക് മുന്നേറുന്ന ആയിരക്കണക്കിന് ഒന്നാം തലമുറ സംരംഭകരിൽ ഒരാളാണ് ഇദ്ദേഹം. പാട്ടിദാറിന്‍റെ കഥ ഈ യാത്ര എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന് കാണിച്ചുതരുമ്പോൾ, ഈ യാത്ര കൂടുതൽ വേഗമാർജിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇന്ദർജീത് സിങ്ങിന്‍റെ കഥ വ്യക്തമാക്കുന്നത്.
ഈ പാതയുടെ ഭാവിയാണ് ഇതിലൂടെ തെളിയുന്നത്. സൂക്ഷ്മ സംസ്കരണ സംരംഭകർക്ക് ഔപചാരിക വായ്പകൾ ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. അതിലും പ്രയാസകരവും സംതൃപ്തി നൽകുന്നതുമായ ചുമതല, അനുവദിച്ച ഓരോ വായ്പയും ലഭ്യമാക്കുക എന്നതും, അതിലൂടെ സ്ഥിരമായി നിലനിൽക്കുന്ന ബിസിനസുകൾ കെട്ടിപ്പടുക്കാൻ സഹായിക്കുക എന്നതുമാണ്. അനുവദിച്ച വായ്പ എന്നത് മുന്നോട്ടുള്ള വഴിയാണ് തുറന്നുനൽകുന്നത്; ആ വഴിയിലൂടെ മുന്നേറാനും നിലനിൽപ്പുള്ള സംരംഭങ്ങൾ കെട്ടിപ്പടുക്കാനും ഓരോ സംരംഭകനെയും സഹായിക്കുക എന്നതാണ് നമ്മുടെ ദൗത്യം.
ഇതായിരിക്കണം പിഎംഎഫ്എംഇ പദ്ധതിയുടെ അടുത്ത ഘട്ടത്തിന്‍റെ മുഖമുദ്ര. കൂടുതൽ പ്രതീക്ഷയുള്ള സംരംഭങ്ങൾക്ക് അതിവേഗം വായ്പകൾ ലഭ്യമാക്കുകയും, മികച്ച സാങ്കേതികവിദ്യയും പാക്കിങ് രീതികളും സ്വീകരിക്കാൻ അവരെ സഹായിക്കുകയും, വിപണിയിലെ സാന്നിധ്യം വർദ്ധിപ്പിക്കുകയും, ആഭ്യന്തര- വിദേശ വിപണികളിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി കൂടുതൽ സംരംഭകരെ സജ്ജരാക്കുകയും ചെയ്യും. കൂടാതെ, വായ്പ അനുവദിക്കുന്നതിന് മുമ്പു മാത്രമല്ല, അതിനു ശേഷവും നമ്മൾ നമ്മുടെ സംരംഭകർക്കൊപ്പം നിൽക്കും; ആദ്യ വായ്പയെ സ്ഥിരമായ ഉപജീവനമാർഗമാക്കി മാറ്റാൻ സഹായിക്കുന്ന തുടർച്ചയായ പിന്തുണ ഇതിലൂടെ ഉറപ്പാക്കും.
മൊത്തത്തിൽ നോക്കുമ്പോൾ, ഈ രണ്ട് ലക്ഷം വായ്പകൾ എന്നത് വെറുമൊരു ഭരണപരമായ നേട്ടം മാത്രമല്ല. കെട്ടിപ്പടുക്കപ്പെടുന്ന ഓരോ സംരംഭവും അതിനു ചുറ്റുമുള്ള പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുന്നു. അത് തൊട്ടടുത്തുള്ള കൃഷിയിടങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുകയും, വീടുകൾക്ക് സമീപം തന്നെ വരുമാനം സൃഷ്ടിക്കുകയും, സ്വന്തമായി സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ കൂടുതൽ സ്ത്രീകൾക്കും യുവാക്കൾക്കും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
പാട്ടിദാറിന്‍റെ മല്ലി സംസ്കരണ യൂണിറ്റിലേക്ക് നാം നോക്കുമ്പോൾ നാം മനസിലാക്കേണ്ട പാഠം ലളിതമാണ്. പിഎംഎഫ്എംഇ പ്രകാരം ആദ്യ അനുമതി ലഭിച്ചത് ഒരു ഫാക്റ്ററിയോ പ്രത്യേക ബിരുദമോ ഇല്ലാത്ത ഒരു വ്യക്തിക്കാണ്. അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു ആശയവും അധ്വാനിക്കാനുള്ള മനസും മാത്രമായിരുന്നു; പദ്ധതി അദ്ദേഹത്തിന് നൽകിയത് അവസരങ്ങളിലേക്കുള്ള വഴിയായിരുന്നു. രണ്ട് ലക്ഷം വായ്പകൾ പിന്നിടുമ്പോൾ, ആ അവസരം രാജ്യത്തുടനീളമുള്ള സംരംഭകരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അവർ നിർമിക്കുന്ന സ്ഥലങ്ങളിൽ തന്നെ മൂല്യം സൃഷ്ടിക്കുന്നതും മറ്റുള്ളവർക്ക് തൊഴിൽ നൽകുന്നതുമായ, സ്ഥിരതയുള്ള ബിസിനസുകൾ കെട്ടിപ്പടുക്കാൻ അവരിൽ കൂടുതൽ ആളുകളെ സഹായിക്കുക എന്നതാണ് ഇനി നമ്മുടെ ദൗത്യം.