

ജലസംരക്ഷണത്തിന് സഹകരിക്കാം
കേന്ദ്ര ജലശക്തി മന്ത്രി
എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു അമൂല്യ വിഭവമാണ് ജലം. അതിരുകള്‍ക്കോ ഭരണപരമായ വിഭജനങ്ങള്‍ക്കോ ജലത്തിന്‍റെ ഒഴുക്കിനെയും ഉപയോഗത്തെയും തടയാനാകില്ല. ഇന്ന് ലഭിക്കുന്ന മഴവെള്ളം നാളെയുടെ കുടിവെള്ളമായും കൃഷിക്കാവശ്യമായ ജലമായും ഭൂഗര്‍ഭജലമായും നദികളിലെ ജലമായും മാറുന്നു. അതിനാല്‍, ജലം പൊതുസ്വത്താണെന്ന് യാഥാർഥ്യം നാം തിരിച്ചറിയണം. ജലസ്രോതസുകള്‍ സംരക്ഷിക്കുകയും ജലം വിവേകത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നത് ഭാവി തലമുറകള്‍ക്ക് ആവശ്യമായ ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്.
സഹകരണത്തിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും മനോഭാവത്തോടെ, ഇന്നു മുതല്‍ 26 വരെ ന്യൂഡല്‍ഹിയില്‍ ജല്‍ ശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന ഒന്‍പതാമത് "ഇന്ത്യ അന്താരാഷ്‌ട്ര ജലവാര'ത്തില്‍ ലോകമെമ്പാടുമുള്ള വിദഗ്ധരെയും പ്രതിനിധികളെയും ഇന്ത്യ സ്വാഗതം ചെയ്യും. "കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലപരിപാലനം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ശക്തമാകുന്നതിനനുസരിച്ച് മഴയും ജലലഭ്യതയും ജലചക്രവും പ്രവചനാതീതമാകുന്ന സാഹചര്യത്തില്‍, ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ശേഷിയും ദീര്‍ഘകാല സുസ്ഥിരതയും ആധാരമാക്കി ജലപരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയാണ് പ്രമേയം ഉയര്‍ത്തിക്കാട്ടുന്നത്.
"ഇന്ത്യ അന്താരാഷ്‌ട്ര ജലവാരം' കേവലമൊരു സമ്മേളനമല്ല; സര്‍ക്കാരുകള്‍, വിദഗ്ധര്‍, വ്യവസായ മേഖല, പ്രാദേശിക സമൂഹങ്ങള്‍, അന്താരാഷ്‌ട്ര പങ്കാളികള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന് അവരുടെ അനുഭവങ്ങളും സാങ്കേതികവിദ്യകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനും ഭാവിയിലേക്കുള്ള സഹകരണങ്ങളും പങ്കാളിത്തങ്ങളും രൂപപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദി കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിലൂന്നി അടുത്തിടെ സംഘടിപ്പിച്ച ജലമേഖലയിലെ വകുപ്പുതല ഉച്ചകോടിയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും അനുഭവപാഠങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
ജലവിതരണവും ശുചിത്വവുമായി ബന്ധപ്പെട്ട വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇന്ത്യയ്ക്ക് സമൃദ്ധമായ അനുഭവസമ്പത്തുണ്ട്. "ജല്‍ ജീവന്‍ ദൗത്യം' ഗ്രാമപ്രദേശങ്ങളിലെ വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പൈപ്പ് വെള്ള കണക്‌ഷന്‍ സ്വന്തമായുള്ള ഗ്രാമീണ കുടുംബങ്ങളുടെ എണ്ണം 2019ല്‍ 3.23 കോടിയായിരുന്നതില്‍ നിന്ന് 15.9 കോടിയിലധികമായി ഉയർന്നു. ഗ്രാമീണ ജലവിതരണ സംവിധാനങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുകയും ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുന്നതിലാണ് ജല്‍ ജീവന്‍ ദൗത്യം 2.0 പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്കും അവയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമ ജല-ശുചിത്വ സമിതികള്‍ക്കും പ്രാദേശിക ജലവിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്വവും അധികാരവും നല്‍കുന്നു.
ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ കുടിവെള്ള സേവന വിലയിരുത്തല്‍ സംവിധാനമായ "ജല സേവ ആങ്കലന്‍' മുഖേന കുടിവെള്ള സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്താന്‍ സാധിക്കുന്നു. "ജന്‍ ഭാഗിദാരി' അഥവാ ജനപങ്കാളിത്തത്തിലൂടെ, ഹര്‍ ഘര്‍ ജല്‍ ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം കൃത്യമായും പര്യാപ്തമായും ഗുണമേന്മയോടെയും സുസ്ഥിരമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഗ്രാമസ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും പ്രധാന പങ്കുണ്ട്.
നമാമി ഗംഗേ പദ്ധതിയിലൂടെ ഗംഗാ നദിയെയും അതിന്‍റെ പോഷകനദികളെയും പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സമഗ്രമായ ഒരു സമീപനമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 527ലധികം പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതില്‍ 367 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 4,263 ദശലക്ഷം ലിറ്റര്‍ മലിനജലം സംസ്കരിക്കുന്നതിനുള്ള ശേഷിയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഗംഗാ നദിയുടെ ജലഗുണനിലവാരവും പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനൊപ്പം, ജൈവവൈവിധ്യം സംരക്ഷിക്കുകയും നദിയുടെ ദീര്‍ഘകാല സംരക്ഷണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ശുചിത്വ പദ്ധതികള്‍ ജനങ്ങളുടെ ജീവിതനിലവാരം എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നതിന്‍റെ മികച്ച ഉദാഹരണമാണ് സ്വച്ഛ് ഭാരത് ദൗത്യം-ഗ്രാമീണ്‍. ഗ്രാമപ്രദേശങ്ങളില്‍ 12 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മിച്ചതിലൂടെ ശുചിത്വ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വനിതകളുടെ അന്തസും സ്വകാര്യതയും സംരക്ഷിക്കാനും സാധിച്ചു. രണ്ടാം ഘട്ടത്തില്‍, ഖര-ദ്രവ മാലിന്യ സംസ്കരണത്തിനും പ്രത്യേക ശ്രദ്ധ നല്‍കുന്നു. ഇതിന്‍റെ ഭാഗമായി വീടുകളിലും സാമൂഹികതലത്തിലും കുളി, വസ്ത്രം അളക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന ഗ്രേ വാട്ടര്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ നടപടികളും നടപ്പാക്കുന്നു. ഈ പദ്ധതികളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ആശയമാണ് "ജന്‍ ഭാഗിദാരി' അഥവാ ജനപങ്കാളിത്തം.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഇതേ ജനപങ്കാളിത്ത സമീപനമാണ് പിന്തുടരുന്നത്. "ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി', "ക്യാച്ച് ദി റെയ്‌ന്‍' തുടങ്ങിയ സംരംഭങ്ങളിലൂടെ ജലസംരക്ഷണം ഒരു സര്‍ക്കാര്‍ പദ്ധതിയായി മാത്രം ഒതുങ്ങാതെ, ജനങ്ങളുടെ ദൈനംദിന ശീലമായും കൂട്ടായ പ്രസ്ഥാനമായും മാറ്റുകയാണ് ലക്ഷ്യം. ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി "ക്യാച്ച് ദി റെയ്ന്‍' ഗാനവും അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.
ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് എല്ലായിടത്തും ഒരേ രീതിയിലുള്ള പരിഹാരം സാധ്യമല്ലെന്നാണ് ഇന്ത്യയുടെ അനുഭവം പഠിപ്പിക്കുന്നത്. ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കും പ്രാദേശിക സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ജലത്തിന്‍റെ ആവശ്യകതകളും വെല്ലുവിളികളും വ്യത്യസ്തമാണ്. ഈ വൈവിധ്യം ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഭൂഗര്‍ഭജല റീചാര്‍ജ്, ജലസേചന കാര്യക്ഷമത വര്‍ധിപ്പിക്കല്‍, ജനപങ്കാളിത്തത്തോടെ കുടിവെള്ള സംവിധാനങ്ങളുടെ പരിപാലനം, മലിനജല പുനരുപയോഗം തുടങ്ങിയ മേഖലകളില്‍ സമ്പന്നമായ അനുഭവസമ്പത്ത് പ്രദാനം ചെയ്യുന്നു.
സഹകരണത്തിന്‍റെ ഈ ആശയം അന്താരാഷ്‌ട്ര തലത്തിലും പ്രസക്തമാണ്. ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ പരിഹാരങ്ങളും ഒരു രാജ്യത്തിനും ഒറ്റയ്ക്ക് കണ്ടെത്താനാകില്ല; ഓരോ രാജ്യത്തിനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവരില്‍ നിന്ന് പഠിക്കാനും കഴിയുന്ന വിലപ്പെട്ട അറിവും അനുഭവങ്ങളും സാങ്കേതികവിദ്യകളും ആശയങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ, "ഇന്ത്യ അന്താരാഷ്‌ട്ര ജല വാരം' മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിലുപരി പരസ്പര സഹകരണത്തിനും അറിവു പങ്കുവയ്ക്കുന്നതിനും പഠനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. സുസ്ഥിര ജലപരിപാലനം, നൂതന സാങ്കേതികവിദ്യ, ധനസഹായം, കാലാവസ്ഥാ അപകടസാധ്യതാ മാനെജ്മെന്‍റ് തുടങ്ങിയ മേഖലകളിലെ അന്താരാഷ്‌ട്ര അനുഭവങ്ങളും ഇന്ത്യയുടെ സ്വന്തം അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനും ചര്‍ച്ച ചെയ്യാനും ഈ വേദി അവസരമൊരുക്കും.
ഭക്ഷ്യോത്പാദനം, പൊതുജനാരോഗ്യം, ഉപജീവനമാര്‍ഗങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയുമായി ജലസുരക്ഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ജലപരിപാലനത്തെ ഒറ്റപ്പെട്ട വിഷയമായി പരിഗണിക്കാനാകില്ല. ഈ സാഹചര്യത്തില്‍, "ഇന്ത്യ അന്താരാഷ്‌ട്ര ജലവാര' വേദിയിലെ ചര്‍ച്ചകള്‍ വിപുലമായ വിഷയങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. നദീതട-ഭൂഗര്‍ഭജല വിഭവങ്ങളുടെ സമഗ്ര പരിപാലനം, ശുദ്ധീകരിച്ച മലിനജലത്തിന്‍റെ പുനരുപയോഗം, ജലത്തിന്‍റെ കാര്യക്ഷമമായ വിനിയോഗം, ജലവുമായി ബന്ധപ്പെട്ട അപകടസാധ്യതകളുടെ മുന്‍കൂര്‍ പ്രവചനം, മുന്നറിയിപ്പ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍, ആരോഗ്യകരമായ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനാവശ്യമായ എന്‍വയോണ്‍മെന്‍റല്‍ ഫ്ലോ ഉറപ്പാക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
ഇന്ത്യയുടെ ജലപരിപാലന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്ക് നിര്‍ണായക പങ്കുണ്ട്. കൃത്യമായ ഡേറ്റ, കംപ്യൂട്ടര്‍ അധിഷ്ഠിത മോഡലിങ്, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലൂടെ ജലലഭ്യതയിലെ മാറ്റങ്ങള്‍ മനസിലാക്കാനും അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കാനും ജലത്തിന്‍റെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കാനുമാകും. ജല്‍ ജീവന്‍ ദൗത്യത്തിന്‍റെ സ്ഥാപനപരമായ പരിഷ്കാരങ്ങളുടെ ഭാഗമായി, "സുജലം ഭാരത്' ഡേറ്റയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥ, ജല ആസൂത്രണം മെച്ചപ്പെടുത്തുന്നതിനും ജലസ്രോതസുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പൗരകേന്ദ്രീകൃത ഭരണനിര്‍വഹണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍, വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജലപദ്ധതികള്‍ക്കുള്ള ധനസഹായ സംവിധാനങ്ങളിലും കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. സര്‍ക്കാര്‍ നിക്ഷേപം തുടര്‍ന്നും നിര്‍ണായകമായി തുടരുമെങ്കിലും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജല അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നൂതന ധനസമാഹരണ മാര്‍ഗങ്ങളും സ്വകാര്യ മേഖലയുടെ ഉത്തരവാദിത്വപൂര്‍ണമായ പങ്കാളിത്തവും വിവിധ മേഖലകളിലെ ശക്തമായ സഹകരണവും ആവശ്യമാണ്.
നദികള്‍, തണ്ണീര്‍ത്തടങ്ങള്‍, ഭൂഗര്‍ഭജല സ്രോതസുകള്‍, മറ്റു പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ എന്നിവയെ ജല അടിസ്ഥാന സൗകര്യങ്ങളുടെ അവിഭാജ്യ ഘടകങ്ങളായി കാണണം. ജലസംഭരണം, ജലലഭ്യത ഉറപ്പാക്കല്‍, പ്രകൃതിദത്ത ജലചംക്രമണത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തല്‍ എന്നിവയില്‍ ഇവ നിര്‍ണായക പങ്കുവഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മഴയുടെ രീതികളെ കൂടുതല്‍ പ്രവചനാതീതമാക്കുകയും അതിതീവ്രമഴ, ദീര്‍ഘകാല വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂഗര്‍ഭജല സ്രോതസുകളിലെ സമ്മർദം എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ജലസ്രോതസുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കണം.
ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി ഭരണരംഗത്തെ പ്രമുഖര്‍, ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, സാങ്കേതികവിദ്യാ രംഗത്തെ പ്രതിനിധികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുസമൂഹം എന്നിവരെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കുക എന്നതാണ് "ഇന്ത്യ അന്താരാഷ്‌ട്ര ജല വാരത്തി'ന്‍റെ പ്രധാന ലക്ഷ്യം.
ഇന്നു മുതല്‍ 26 വരെ ഭാരത് മണ്ഡപം ഇതിനായുള്ള വേദിയൊരുക്കും. ജലവിഭവ പരിപാലനത്തിലും വന്‍തോതിലുള്ള ജലപദ്ധതികളുടെ നടത്തിപ്പിലുമുള്ള ഇന്ത്യയുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളുടെയും വിദഗ്ധരുടെയും അറിവുകളും അനുഭവങ്ങളും നൂതന ആശയങ്ങളും ഉള്‍ക്കൊള്ളുന്നതിനും സമ്മേളനം അവസരമൊരുക്കും. മികച്ചതും സുസ്ഥിരവുമായ ജലപരിപാലനം ഉറപ്പാക്കുന്നതിനായി അന്താരാഷ്‌ട്ര സഹകരണം, അറിവിന്‍റെ കൈമാറ്റം, പരസ്പര പഠനം എന്നിവ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനം മഴയുടെയും ജലലഭ്യതയുടെയും പ്രവചനാതീത സ്വഭാവം വര്‍ധിപ്പിച്ചേക്കാം. എന്നാല്‍, അതിനോടുള്ള നമ്മുടെ പ്രതികരണം വ്യക്തവും ശാസ്ത്രീയവും ദീര്‍ഘകാലീനവുമായിരിക്കണം. ജലവിഭവങ്ങളുടെ സംരക്ഷണവും സുരക്ഷിതമായ ഭാവിയും സര്‍ക്കാരുകള്‍ക്കോ ഏതെങ്കിലും ഒരു സ്ഥാപനത്തിനോ രാജ്യത്തിനോ മാത്രം നിര്‍വഹിക്കാനാകില്ല. എല്ലാവരുടെയും വിഭവമായ ജലത്തിന്‍റെ ലഭ്യതയും സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുക എന്നത് കൂട്ടായ ഉത്തരവാദിത്വമാണ്.
അതിനു സര്‍ക്കാരുകള്‍, സ്ഥാപനങ്ങള്‍, സമൂഹങ്ങള്‍, രാജ്യങ്ങള്‍ എന്നിവയുടെ സഹകരണവും സജീവ പങ്കാളിത്തവും അനിവാര്യമാണ്. ഭാവി തലമുറകള്‍ക്കായി ഓരോ തുള്ളി ജലവും സംരക്ഷിക്കുകയും, 2047ഓടെ വികസിത ഭാരതം സാക്ഷാത്കരിക്കുകയെന്ന പ്രധാനമന്ത്രിയുടെ ദര്‍ശനത്തിനു കരുത്തേകുകയും ചെയ്യുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം.