മലയാളിയുടെ മണിപ്പേഴ്സിൽ എത്രയുണ്ട്?

മൂന്നു നേരം കഞ്ഞി കുടിക്കാനും ജീവിതം ആഘോഷിക്കാനും വകയുള്ള ഒരു സമൂഹം ഉണ്ടാകുന്നതു പുരോഗതിയുടെ ലക്ഷണമാണ്
 How much is in a Malayali's money purse?

മലയാളിയുടെ മണിപ്പേഴ്സിൽ എത്രയുണ്ട്?

Updated on: 

മൂന്നു നേരം കഞ്ഞി കുടിക്കാനും ജീവിതം ആഘോഷിക്കാനും വകയുള്ള ഒരു സമൂഹം ഉണ്ടാകുന്നതു പുരോഗതിയുടെ ലക്ഷണമാണ്. പക്ഷെ, നാട്ടിൽ ഒരിക്കൽ നിലനിന്നിരുന്ന മിതവ്യയശീലം. വിനയം, ഒത്തൊരുമ, ലളിതവും സൗമ്യവും ദീപ്തവുമായ ജീവിതവീക്ഷണം തുടങ്ങിയ മേന്മകൾ പിന്നിലേക്കും ദുര, പ്രകടനപരത, ഉപഭോഗാസക്തി, മാനവികതയുടെ നിരാസം തുടങ്ങിയ തിന്മകൾ മുന്നിലേക്കും മാറിയെന്ന ആരോപണം കണ്ടില്ലെന്നു നടിക്കരുതെന്നു മാത്രം.

കെ.ആർ. പ്രമോദ്|ക്വാറന്‍റൈൻ

"ഞാൻ കഴിഞ്ഞ കുറെ മാസങ്ങളായി കേരളത്തിലെല്ലായിടത്തും യാത്ര ചെയ്യുകയാണ്. എനിക്ക് പിടികിട്ടാത്ത ഒരു കാര്യമുണ്ട് - മലയാളി മാത്രം എങ്ങനെയാണു ജീവിതം അടിപൊളിയാക്കി ആഘോഷിക്കുന്നത്? ഇവിടെ സാധാരണക്കാരുടെ മണിപ്പേഴ്സിൽ പോലും കുറഞ്ഞത് ആയിരം രൂപയങ്കിലും കാണും. അതവർ ഇഷ്‌ടംപോലെ ചെലവാക്കുകയും ചെയ്യും. ഇന്ത്യയിൽ മറ്റൊരിടത്തും ഈ ലൈഫ്സ്റ്റെൽ ഞാൻ കണ്ടില്ല. എന്താണിതിന്‍റെ പിന്നിലെ കാര്യം?'- ഡെൻമാർക്കിൽ നിന്നു വന്ന സഞ്ചാരിയായ യുവസുഹൃത്ത് അടിയനോടു ചോദിച്ചു. ഇതിന് ഉത്തരം പറയാനാവാതെ അടിയൻ ആദ്യമൊന്നു കുഴങ്ങി. പിന്നെ, അടിയന്‍റെ അയൽക്കാരനായ നാരായണന്‍റെ കഥ ഒരു ദൃഷ്ടാന്തമായി സായ്പ്പിന് പറഞ്ഞു കൊടുത്തു.

നാരായണായ നമഃ

നാരായണൻ എന്നും അതിരാവിലെ ഉണരും. അങ്ങനെ ഉണരാതെ തരമില്ല. നാട്ടിലെ എംഎൽഎയേക്കാൾ തിരക്കുള്ള തെങ്ങുകയറ്റക്കാരനാണ് ഇദ്ദേഹം.ഒരു ദിവസം മൂപ്പർ ഇരുപതു തെങ്ങിൽ കയറും. ഒരു തെങ്ങിന് 150 രൂപയാണ് കൂലി. അങ്ങനെ വെയിലുറയ്ക്കും മുമ്പ് അദ്ദേഹം മൂവായിരം ഇന്ത്യൻ റുപ്പിക സമ്പാദിക്കും. നാരായണന്‍റെ ഭാര്യയും ദിവസവും ജോലിക്ക് പോകുന്നുണ്ട്. ഈ വകയിൽ ദിവസം 800 രൂപയും ചെലവും കിട്ടും. ചുരുക്കത്തിൽ, നാരായണന്‍റെ കുടുംബത്തിന് ഒരു ദിവസം 3800 രൂപ ഉറപ്പാണ്.

ഒരു മാസത്തിൽ 20 ദിവസം മാത്രമേ നമ്മുടെ കഥാനായകൻ തെങ്ങുകയുറുന്നുളളൂ. എന്നിട്ടും മാസം 60,000 രൂപ കിട്ടും. ഭാര്യയ്ക്ക് 20 ദിവസം കൊണ്ട് 16,000 രൂപയും ക്ലീനായി ലഭിക്കും. രണ്ടുപേരും മാസം പത്തു ദിവസം ജോലിയൊന്നും ചെയ്യുന്നില്ലെന്നും ഓർക്കണം. അപ്പോൾ പ്രൊലറ്റേറിയനായ നാരായണന്‍റെ കുടുംബത്തിന്‍റെ മാസവരുമാനം എത്രയാണ്? 76,000 രൂപ! നാരായണന്‍റെ മടിശ്ശീല നിറയാതിരിക്കുന്നതെങ്ങനെ? മൂപ്പർ കാശു ചെലവാക്കാതിരിക്കുന്നതെങ്ങനെ? കാശ് ചെലവാക്കാനുള്ളതല്ലേ?!

നാരായണന്‍റെ പണം

ഈ വിധം ദിവസം കിട്ടുന്ന വരുമാനത്തിൽ നിന്ന് ദിവസം 1,000 രൂപയെങ്കിലും പ്രഭുത്വത്തിന്‍റെ ഉന്മാദത്താൽ ചെലവാക്കി പട്ടണത്തിലെ ബാറിൽ പോയി നിത്യവും ബീഫും ചിക്കനും ജവാനും കഴിക്കാൻ ഭരണഘടനപ്രകാരം നാരായണന് സൗകര്യവും അവകാശവും സമ്പത്തുമുണ്ട്. എന്നിട്ടും ഭാര്യയുടെ ദിവസ വരുമാനം മിച്ചമാണ്.

എന്നു മാത്രമോ?- റേഷനരി സൗജന്യം, ആട്ട സൗജന്യം, മരുന്നും ചികിത്സയും സൗജന്യം! ഇത് പാവം തെങ്ങുകയറ്റക്കാരനായ നാരായണന്‍റെയും ഭാര്യയുടെയും കഥ. വിദഗ്‌ധ തൊഴിലാളി കുടുംബങ്ങളുടെ അവസ്ഥ ഇതിലും കിടിലനാണ്. അവർക്ക് ഒരു ദിവസം 1,500 മുതൽ 3,000 രൂപ വരെയാണ് പ്രതിദിന ശമ്പളം. ഇതൊരു നല്ല കാര്യമാണ്.

ഒരു സാധാരണക്കാരനു പോലും മികച്ച രീതിയിൽ ജീവിക്കാനുള്ള സാഹചര്യങ്ങളും അവസരങ്ങളും ഇന്ന് ഇവിടെയുണ്ടെന്നാണ് ഇതിനർഥം. സമ്പന്നർക്ക് മാത്രം ലഭിച്ചിരുന്ന വിനോദങ്ങളും സൗകര്യങ്ങളും സാധാരണക്കാർക്കും ലഭ്യമാകുന്നതും അവർക്ക് കുടുംബത്തോടൊപ്പം മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനും മദ്യപിക്കാനും വിനോദയാത്രകൾ നടത്താനും കഴിയുന്നത് മോശമായ കാര്യമാണോ?

എന്തായാലും നാരായണന്‍റെ കഥ കേട്ടതോടെ അടിയന്‍റെ സുഹൃത്തായ സായ്പ്പിന് തൃപ്തിയായി. എന്നാൽ, ഒരു ശരാശരി മലയാളിയുടെ മണിപ്പേഴ്സിലെ പണത്തിന്‍റെ വരവും പോക്കും ഇതിലും കൂടുതൽ വിശദീകരണം അർഹിക്കുന്നില്ലേ?

ഇത് ജീവിതത്തിന്‍റെ ഉത്സവം

ഇടത്തരക്കാരായ തുച്ഛ വരുമാനക്കാരുടെ കദന കഥ മാറ്റിനിർത്തിയാൽ മലയാളി ഇപ്പോൾ നമ്മുടെ നാരായണനെപ്പോലെ അടിച്ചു പൊളിക്കുകയാണെന്ന് തോന്നാം. പെരുന്നാളുകളിൽ, ഹോട്ടലുകളിൽ, സിനിമാശാലകളിൽ, മദ്യശാലകളിൽ, തുണിക്കടകളിൽ, സ്വർണക്കടകളിൽ, ദേവാലയങ്ങളിൽ- എല്ലായിടങ്ങളിലും മനുഷ്യർ അറമാദിക്കുകയാണെന്നും മിക്കവരുടെയും മണിപ്പേഴ്സിൽ ധാരാളം പണമുണ്ടെന്നും തോന്നാം.

ഒരു പരിധി വരെ ഈ തോന്നൽ ശരിയാണ്. പല വീടുകളിലും രണ്ടും മൂന്നും വാഹനങ്ങളുണ്ട്. കുട്ടികൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്നുണ്ട്. അവർക്കെല്ലാം നല്ല വിലകൂടിയ ഉടുപ്പുകളും വാച്ചും കുടയും മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളുമുണ്ട്.

എന്‍റെ ഗ്രാമം, എന്‍റെ നഗരമാണ്!

പഴയ കാലമല്ല ഇത്. അർബനൈസേഷന്‍റെ ഫലമായി ഗ്രാമവും നഗരവും ഒരുപോലെ വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ പഴയ അർഥത്തിൽ ഗ്രാമ ജീവിതം ഇല്ല. നാട്ടിൻപുറം നന്മകളാൽ സമൃദ്ധവുമല്ല. കവി കുറ്റിപ്പുറത്തു കേശവൻ നായർ ക്ഷമിക്കട്ടെ! നഗരത്തിന്‍റെ ഉപഭോഗ ശീലങ്ങളും സൗകര്യങ്ങളും "ഗ്രാമീണർ' എന്നു വിവക്ഷിക്കുന്നവരും ഇപ്പോൾ പിന്തുടരുന്നു. പഴയകാലത്തെ "സാധാരണക്കാരന്‍റെ ജീവിതം' ഇന്നത്തെ കേരളത്തിൽ കണ്ടെത്താൻ സാധിക്കുമോയെന്ന് സംശയം. ഒരു ഗതകാല തമാശ പോലെ അവിടെയുമിവിടെയും പഴയ ഗ്രാമ ക്ഷേത്രങ്ങൾ ഉണ്ടായേക്കാമെന്നു മാത്രം. പഞ്ചനക്ഷത്ര ദേവാലയങ്ങളും ബാർ ഹോട്ടലുകളും വലിയ മാളുകളുമാണ് ഗ്രാമ- നഗരങ്ങൾക്ക് അഴകും പ്രൗഢിയും പകരുന്നത്. വലിയ വീടുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഇരവിഴുങ്ങികളായ സ്വകാര്യ ആശുപത്രികൾ, വിദ്യാഭ്യാസക്കച്ചവട സ്ഥാപനങ്ങൾ എന്നിവ ഏതു കോണിലുമുണ്ട്. ഇന്‍റർനെറ്റും ഓൺലൈൻ സേവനങ്ങളും ഒറ്റപ്പെട്ട ജീവിതങ്ങളുടെ ഭാഗമായിരിക്കുന്നു.

പ്രകൃതിക്കും പ്രകൃതത്തിനും ഗുണം ചെയ്യാത്ത പാശ്ചാത്യ വിശ്വാസ പ്രമാണങ്ങൾ ഉപഭോക്തൃ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുന്നതിനാൽ ജീവിത വീക്ഷണവും സംഭാഷണ രീതികളും വസ്ത്രധാരണ മര്യാദകളും മാറിക്കഴിഞ്ഞു. പല കുടുംബങ്ങളും ഭക്ഷണം, മദ്യപാനം, വിനോദം, യാത്ര തുടങ്ങിയവയ്ക്കായി ഇഷ്ടം പോലെ ധനം ചെലവഴിക്കാൻ തയാറാണ്.

ഇനി, ഒരാളുടെ കൈയിൽ തത്കാലം പണമില്ലെങ്കിലും പേടിക്കേണ്ട - ആഡംബരജീവിതം സാധ്യമാക്കുന്ന വായ്പാ - പണയ സംവിധാനങ്ങളും സുലഭമാണ്. സ്മാർട്ട്‌ ഫോൺ, ടിവി, ഫ്രിഡ്ജ് എന്നിവ മുതൽ കാറുകൾ വരെ മാസത്തവണകളായി വാങ്ങാൻ സാധാരണക്കാർക്ക് എളുപ്പം സാധിക്കുന്നു. ബാങ്കുകളും ഇതര സാമ്പത്തിക സ്ഥാപനങ്ങളും പെട്ടെന്ന് ലോണുകൾ അനുവദിക്കുന്നു. സ്വർണം വാങ്ങാനും വിൽക്കാനും പണയം വയ്ക്കാനും സ്വർണക്കട മുതലാളിമാർ കിടിലൻ പരസ്യങ്ങളിലൂടെ നമ്മളെ പ്രേരിപ്പിക്കുന്നു. ബാർ ഹോട്ടലുകളും വിദേശ (ശവ)വിഭവങ്ങൾ നിറഞ്ഞ ഭക്ഷണശാലകളും ആഡംബര വാഹനങ്ങളും നമ്മുടെ ഇടത്തരക്കാരുടെ ആസുരമായ ആസക്തികളെ ജ്വലിപ്പിക്കുന്നുണ്ടെന്നും ഓർക്കണം. ഈ ആസക്തി വലിയ പൊല്ലാപ്പുകൾ സൃഷ്ടിക്കുന്നുണ്ടെന്നു പത്രങ്ങളും ചാനലുകളും നോക്കിയാൽ മനസിലാക്കാം.

കേരള മോഡൽ മോഡേണിസം

ഒരു കാര്യം പറയട്ടെ- നിശ്ചിത വരുമാനക്കാരായ ഇടത്തരക്കാരുടെ നീറുന്ന കഥ മറ്റൊരു വിഷയമാണ്. പി.എ. ബക്കറുടെ "സംഘഗാനം' എന്ന സിനിമയിൽ 70കളിൽ തന്നെ ഇക്കാര്യം ചർച്ച ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നടൻ ശ്രീനിവാസന്‍റെ ആദ്യസിനിമയാണിത്. പിന്നീടാണ് അദ്ദേഹം തിരക്കഥാകൃത്തും സംവിധായകനുമായി ശോഭിച്ചത്.

ഈ ഇടത്തരക്കാരെ ഒഴിവാക്കിയാൽ, നിശ്ചിത, തുച്ഛ വരുമാനക്കാരല്ലാത്തവർക്ക് എവിടുന്നാണ് പണം വരുന്നതെന്ന് നാരായണൻ എന്ന മനുഷ്യന്‍റെ ഉദാഹരണത്തിലൂടെ നമ്മൾ മനസിലാക്കിയല്ലോ. ഈ അവസ്ഥയിലേക്ക് കേരളം എങ്ങനെയെത്തിയെന്നത് ചരിത്രമാണ്.

കമ്യൂണിസ്റ്റ് രാഷ്‌ട്രീയവും ഭൂസമരങ്ങളും ഭൂപരിഷ്കരണവും കുടുംബാസൂത്രണവും മിഷണറി പ്രവർത്തനവും സാക്ഷരതായജ്ഞവും ചേർന്നുണ്ടാക്കിയ "കേരള മോഡൽ വികസനം' നമ്മുടെ നാരായണനെപ്പോലുള്ള സാധാരണക്കാർക്ക് വലിയ ഗുണം വരുത്തിയെന്നതാണ് ആദ്യത്തെ വസ്തുത. ഇതോടെ വിദ്യാഭ്യാസ- തൊഴിൽ- ആരോഗ്യ മേഖലകൾ ശക്തമായി. ഗൾഫ് കുടിയേറ്റം, സാമ്പത്തിക ഉദാരവത്കരണം, ആഗോള ഉപഭോഗ സംസ്കാരം എന്നിയും ഈ മുന്നേറ്റത്തെ സഹായിച്ചു.

ഇപ്പോൾ ഗൾഫിൽ നിന്ന് വരുന്ന പണവും സാധാരണക്കാരിലേക്ക് വിവിധ ജോലികളിലൂടെ പരോക്ഷമായി ഒഴുകിയെത്തുന്നു. വലിയ വീടുകളുടെ നിർമാണം, കല്യാണങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നാട്ടിൽ നടക്കുമ്പോൾ അവിടെ പെയിന്‍റിങ്, പ്ലംബിങ്, ഇലക്‌ട്രിക്കൽ, വാർക്കപ്പണി, ഡ്രൈവിങ്, കാറ്ററിങ് തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കും കുടുംബശ്രീ വഴിയുള്ള സംരംഭങ്ങൾ, അക്ഷയസെന്‍ററുകൾ, സൂപ്പർമാർക്കറ്റുകൾ, തുണിക്കടകൾ, ഹോംനഴ്സിങ്, ചെറുകിട ബിസിനസ്സുകൾ എന്നിവയിലൂടെ സ്ത്രീകൾക്കും മികച്ച വരുമാനം ലഭിക്കാറുണ്ട്. കുട്ടികൾ പഠനത്തോടൊപ്പം പാർട്ട്ടൈം ജോലികൾ ചെയ്യാൻ തുടങ്ങിയതും ഗുണകരമായി മാറി.

സൗജന്യ റേഷൻ, ക്ഷേമനിധി പെൻഷനുകൾ, കാരുണ്യ പോലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ എന്നിവയും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത വർധിപ്പിച്ചു. കൈയിൽ കിട്ടുന്ന വരുമാനം മറ്റാവശ്യങ്ങൾക്കായി ധൈര്യമായി ചെലവഴിക്കാൻ തന്മൂലം സാധാരണക്കാർക്ക് സാധിക്കുന്നു.

മണിപ്പേഴ്സ് ഇല്ലാതിരുന്ന കാലം

ഒന്നും രണ്ടും ലോകമഹായുദ്ധ കാലങ്ങളിലും കേരളപ്പിറവിയുടെ കാലത്തും മലയാളികൾ അനുഭവിച്ചിരുന്ന പട്ടിണിയെക്കുറിച്ച് ഇപ്പോൾ ചരിത്രത്തിൽ പോലും പറയുന്നില്ല. അക്കാലത്ത് "കാൽച്ചക്രത്തിന്' വഴിയില്ലാത്തവരായിരുന്നു ഏറെയും. മടിയിൽ കനമില്ലാത്ത ജന്മിമാർക്കു പോലും ഒരു മണിപ്പേഴ്സ് ഉണ്ടായിരുന്നോയെന്ന് സംശയമാണ്. മുറുക്കാൻ പൊതിയും, പാളപ്പൊതിയും പലരുടെയും ബാങ്കായി വർത്തിച്ചു.

അര നൂറ്റാണ്ടു മുമ്പു വരെ പ്രഭു കുടുംബങ്ങളിൽപ്പോഴും ശൗചാലയങ്ങൾ പോലും വിരളമായിരുന്നു. ഓലമേഞ്ഞ്, ചാണകം മെഴുകിയ പുരകളായിരുന്നു ഭൂരിപക്ഷവും. ഇത്തരം സത്യങ്ങൾ നമ്മൾ മറന്നുപോയിരിക്കുന്നു. അക്കാലത്ത് പശുക്കളെപ്പോറ്റി പാലും ചാണകവും വിറ്റാണ് പല കുടംബങ്ങളും കഴിഞ്ഞിരുന്നത്. പക്ഷെ, ഇപ്പോൾ ശൗചാലയങ്ങളെയും പശുക്കളെയും ചാണകത്തെയുമൊക്കെ പലർക്കും പുച്ഛമാണ്!

പണവും പാക്കനാരും

പാശ്ചത്യ ജീവിതരീതികളും ഉപഭോക്തൃ സംസ്ക്കാരവും സ്വാർഥ മോഹങ്ങളും അടിസ്ഥാനമൂല്യങ്ങളുടെ നിരാസവും പണത്തോടുള്ള ആർത്തിയും പുരോഗമനപരവും ശുഭകരവുമായ വർത്തമാനകാല മാറ്റങ്ങളുടെ കടയ്ക്കൻ കത്തിവയ്ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഇന്നു കാണുന്ന പണത്തിന്‍റെ ഒഴുക്ക് നിലച്ചാൽ നാടിന്‍റെ സ്ഥിതി പരുങ്ങലിലാകുമെന്നത് ആരുമറിയുന്നില്ല.

"കിട്ടും പണമെങ്കിൽ ഇപ്പോൾ മനുഷ്യർക്ക് ദുഷ്ടത കാട്ടുവാൻ ഒട്ടും മടിയില്ല' എന്ന് കുഞ്ചൻ നമ്പ്യാരും "പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും' പൂന്താനവും "പണം ആളെക്കൊല്ലി'യാണെന്ന് പാക്കനാരും പറഞ്ഞുതന്നത് ഇപ്പഴാണ് കൂടുതൽ പ്രസക്തമാകുന്നത്.

സമ്പന്നത നല്ല കാര്യമാണ്

സമ്പന്നനാകുന്നത് തെറ്റാണ് എന്നല്ല ഇതിനർഥം. മൂന്നുനേരം കഞ്ഞി കുടിക്കാനും ജീവിതം ആഘോഷിക്കാനും പവറുള്ള സമൂഹം രൂപമെടുക്കുന്നത് പുരോഗതിയുടെ ലക്ഷണമായിത്തന്നെ മനസിലാക്കണം. പക്ഷെ, നാട്ടിൽ ഒരിക്കൽ നിലനിന്നിരുന്ന മിതവ്യയ ശീലം, വിനയം, ഒത്തൊരുമ, ലളിതവും സൗമ്യവും ദീപ്തവുമായ ജീവിതം തുടങ്ങിയ നന്മകൾ പിന്നിലേക്കും ദുര, പ്രകടനപരത, ഉപഭോഗാസക്തി, മാനവികതയുടെ നിരാസം തുടങ്ങിയ തിന്മകൾ മുന്നിലേക്കും മാറിയെന്ന ആരോപണം കണ്ടില്ലെന്നു നടിക്കരുതെന്നു മാത്രം. ജീവിതത്തിന്‍റെ ലക്ഷ്യം വെറും ഉപഭോഗങ്ങളുടെ ആസ്വാദനമായി ചുരുങ്ങുന്ന ബാലിശമായ മനോഭാവത്തെ സാമൂഹിക വ്യാധിയായി കണക്കാക്കേണ്ടതുണ്ട്.

പണക്കാരനാകാൻ ശ്രമിക്കുന്നതിനിടെ മനുഷ്യനല്ലാതായി പോകുന്നതാണ് യഥാർഥ പരാജയമെന്നും നമ്മൾ ഊതിപ്പെരുപ്പിച്ച സ്വപ്നലോകം എപ്പോൾ വേണമെങ്കിലും തകർന്നു പോകാൻ സാധ്യതയുണ്ടെന്നും ഓർക്കണം. നമ്പ്യാരും പൂന്താനവും പാക്കനാരും പറഞ്ഞുതന്ന ഗുണപാഠങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നത് അതുകൊണ്ടാണ്.

(9447809631)

logo
Metro Vaartha
www.metrovaartha.com