
ഹിരോഷിമ- നാഗസാക്കി ദിനാചരണവും കുഞ്ഞുങ്ങളുടെ കൂട്ട നിലവിളിയും
അഡ്വ. ജി. സുഗുണന്‍
ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും പല രാജ്യങ്ങളിലും മാരക യുദ്ധങ്ങളും മനുഷ്യക്കുരുതികളും സാധാരണ സംഭവമായി മാറുന്ന സ്ഥിതിയാണുളളത് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കൂടുതലായി തുടരുന്ന യുക്രെയ്ന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. തായ്‌വാന്‍- ചൈനീസ് സംഘര്‍ഷങ്ങളും അതില്‍ അമെരിക്കയുടെയും ചില പാശ്ചാത്യ ശക്തികളുടെയും ഇടപെടലും യുദ്ധസമാനമായ ഒരു സാഹചര്യത്തിലേക്ക് ആ മേഖലയെ കൊണ്ടുപോകുകയാണ്. ഇസ്രയേൽ- ഹമാസ് പ്രശ്നം വേറെ. യൂദ്ധസമാന സാഹചര്യങ്ങള്‍ ഇതുപോലെ ലോകത്തെ ഭൂരിപക്ഷം ഭൂഖണ്ഡങ്ങളിലും കാണാം.
പശ്ചിമേഷ്യയിലെ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷങ്ങളും ഏറ്റവും സങ്കീര്‍ണമായ ഒരു സാഹചര്യത്തിലേക്കു നീങ്ങുകയാണ്. അമെരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഇസ്രയേലിനെ സഹായിക്കുന്ന നിലപാട് ആ മേഖലയിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് സാഹചര്യമൊരുക്കുന്നത്. ആയിരക്കണക്കിനു കുട്ടികളെയും, സ്ത്രീകളെയും ഇസ്രേയേല്‍ കൊന്നൊടുക്കുകയാണ്.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളും കൂട്ടക്കുരുതികളും ഭയാനകമായ അന്തരീക്ഷമാണ് ലോകത്തൊട്ടാകെ സൃഷ്ടിച്ചത്. ഗാസയിലെ ആയിരങ്ങളെ കൊന്നൊടുക്കിയ ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിച്ചു. പൈശാചികമായി മരണപ്പെട്ടവരില്‍ നൂറുണക്കിനു കുട്ടികളും ഉണ്ടായിരുന്നു. ഒടുവില്‍ ഭക്ഷണമില്ലാതെ പിടഞ്ഞുമരിച്ച കുട്ടികളുടെ ദൈന്യത നിറഞ്ഞ ചിത്രങ്ങള്‍ ഹൃദയമുള്ളവര്‍ക്കൊന്നും താങ്ങാന്‍ കഴിയില്ല.
അക്രമങ്ങളും ഹിംസയും യുദ്ധവുമില്ലാത്ത ഒരു ലോകം മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എല്ലാത്തരം ഹിംസയുടെയും അഭാവമാണ് സമാധാനം. ഇന്ന് ഹിംസയുടെ വ്യത്യസ്ത രൂപങ്ങള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ട്. ജാതിയും മതവും വര്‍ഗവും വംശീയതയും പ്രദേശീകതയും സ്ത്രീ-പുരുഷ വ്യത്യാസങ്ങളുമെല്ലാം അക്രമങ്ങളുടെയും ഹിംസയുടെയും ഉപകരണങ്ങളായി മാറുന്നു.
ഒരു നൂറ്റാണ്ടില്‍ തന്നെ രണ്ടു ലോകമഹായുദ്ധങ്ങളും നിരവധി ചെറുയുദ്ധങ്ങളും നാം കണ്ടുകഴിഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നു. വികസിത രാജ്യങ്ങളുടെ ആയുധപ്പുരകളില്‍ അത്യാധുനിക ആയുധങ്ങള്‍ കുന്നുകൂടി കിടക്കുന്നു. സാമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല. ലഹള, കൂട്ടക്കൊല, കൊലപാതകം, കായികാക്രമണം തുടങ്ങിയ എല്ലാ അക്രമ പ്രവര്‍ത്തനങ്ങളുടെയും അഭാവമാണ് സമാധാനം. എല്ലാ യുദ്ധങ്ങളും സമാധാനത്തെ തകര്‍ക്കുന്നു.
പിന്നാക്ക ജനവിഭാഗങ്ങള്‍ നീതികരണമില്ലാത്ത ചൂഷണമാണ് വിവിധ രാജ്യങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗ വിവേചനവും വര്‍ണ വിവേചനവും അസമത്വം തന്നെയാണ്. ഹിംസയുടെ മറ്റൊരു കാരണം വികസിത, വികസ്വര സമൂഹങ്ങളിലെ തൊഴിലാളികളും, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു എന്നുളളതാണ്. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നില്ല. തൊഴില്‍രഹിതരുടെ എണ്ണവും വർധിക്കുന്നു. ഇത്തരം വര്‍ഗവ്യത്യസങ്ങള്‍ ആക്രമണങ്ങളിലേക്കും ഹിംസയിലേക്കും നയിക്കുന്നു.
പുരുഷാധിപത്യ ലോകക്രമവും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഹിംസയുടെ മറ്റു കാരണങ്ങളിലൊന്നാണ്. കോളനിവത്കരണവും തദ്ദേശീയ ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തലും ഹിംസയുടെ പ്രത്യക്ഷ രൂപങ്ങളാണ്. പരമ്പരാഗത രൂപത്തിലുളള കോളനിവത്കരണം ഇല്ലാതായെങ്കിലും പുതു കോളനിവത്കരണത്തിന്‍റെയും, പുത്തന്‍ സാമ്രാജ്യത്വത്തിന്‍റെയും ഫലമായി ഹിംസ പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നു. പലസ്തീനില്‍, ഇറാഖില്‍, അഫ്ഗാനിസ്ഥാനില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിലതിലും നവ കോളോണിയല്‍ ചൂഷണങ്ങള്‍ ഇപ്പോഴും തുടരുന്നു.
കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളില്‍ ലക്ഷോപലക്ഷം ജൂതന്മാരെ കൂട്ടക്കൊലചെയ്യാന്‍ ഹിറ്റ്‌ലറെയും, ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്താനും കൂട്ടക്കൊല ചെയ്യാനുമുള്ള വെളളക്കാരുടെ ഭരണകൂടവും, പലസ്തീനിലെ പതിനായിരക്കണക്കിനു മുസ്‌ലിങ്ങളെ കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഭരണകൂടവും ഉപയോഗിച്ചത് വംശീയത തന്നെയാണ്.
സാമൂഹിക തിന്മകളെയും ഹിംസയെയും ഉന്മൂലനം ചെയ്യുാൻ ഒരു ജനാധിപത്യ സമൂഹം അത്യാവശ്യമാണ്. വിവേചനരഹിതയും നീതിയുക്തവുമായ ഒരു സമൂഹ നിര്‍മിതിയിലൂടെ മാത്രമേ യഥാർഥ സമാധാനം സ്ഥാപിക്കാനാവൂ. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന വാദമാണ് ഹിംസയിലൂടെ സമാധാനം സ്ഥാപിക്കാനാകുമെന്ന വാദം. "ലക്ഷ്യം മാര്‍ഗത്തെപ്പോലെ പരിശുദ്ധമായിരിക്കണം'- അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ വാക്കുകളാണിത്. ഏതു മാര്‍ഗത്തിലൂടെയും ലക്ഷ്യം നേടാമെന്ന വാദഗതിയെ ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നു. സമാധാനം ലോകത്തെ എല്ലാ മനുഷ്യരുടെയും രാജ്യങ്ങളുടെയും ആവശ്യമാണ്.
ഐക്യരാഷ്‌ട്ര സഭയുടെ രൂപീകരണത്തിനു ശേഷം മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാനുളള സാധ്യതകളെ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുദ്ധവും, യുദ്ധസമാന സാഹചര്യവും ശക്തമായി നിലനില്‍ക്കുകയാണ്. ഐക്യരാഷ്‌ട്ര സഭയുടെ നയ സമീപനങ്ങളെ വന്‍ ശക്തികള്‍ ചോദ്യം ചെയ്യുകയും ക്രമേണ സഭ ഇവരുടെ കൈയിലെ പാവയായി മാറുകയും ചെയ്യുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റും അമെരിക്ക നടത്തിയ അധിനിവേശങ്ങളെ ചോദ്യം ചെയ്യാനാവതെ സഭ വളരെ ദുര്‍ബലമായി മാറി എന്ന അഭിപ്രായവും ശക്തിപ്പെട്ടിട്ടുണ്ട്. ലോക യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ഈ സഭ വെറും നോക്കുകുത്തിയായി മാറുകയാണോ?
വംശഹത്യയും കലാപങ്ങളും ഭീകരവാദവും ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി മാനവികതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ആധുനിക സാങ്കേതികവിദ്യയും ആയുധവും ഉപയോഗപ്പെടുത്തി നടത്തുന്ന ഭീകരവാദം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുന്നു. അമെരിക്കയിലെ പെന്‍റഗണ്‍ ആക്രമണം, ഇന്ത്യയിലെ മുംബൈ ആക്രമണം എന്നിവയെല്ലാം ആഗോള ഭീകരവാദത്തിന്‍റെ തെളിവുകളാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില വംശഹത്യയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. 1994ല്‍ റുവാണ്‍ടയില്‍ നടന്ന ഹുടു- ടുട്‌സി വംശീയ കലാപങ്ങളില്‍ അഞ്ചുലക്ഷം ടുട്‌സി വംശജര്‍ കൊല്ലപ്പെട്ടു. ബോംബാക്രമണങ്ങളും മിസൈല്‍ വര്‍ഷവും അവിടെ നിത്യസംഭവമായിരുന്നു. അണുവായുധങ്ങളും രാസ- ജൈവ ആയുധങ്ങളും ലോകത്തങ്ങോളമിങ്ങോളമുളള ആയുധപ്പുരകളില്‍ നിറഞ്ഞിരിക്കുകയാണ്.
മൂന്നാം ലോകമഹാ യുദ്ധം ഉണ്ടായാല്‍ അതില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തെന്നു പ്രവചിക്കാൻ എനിക്കാവില്ലെന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുളളത്. യുദ്ധവും അസമാധാന സാഹചര്യങ്ങളും ഒഴിവാക്കുക എന്നതാണു സമാധാന സ്ഥാപനത്തിനുളള ഏക മാര്‍ഗം.
ലോകത്തു കടുത്ത സംഘര്‍ഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും കൂടുതല്‍ ശക്തിപ്പെടുകയാണ്. പലപ്പോഴും യുദ്ധം ഒഴുവാക്കാനായി സ്ഥാപിക്കപ്പെട്ട ഐക്യരാ്‌ട്ര സഭ വെറും നോക്കുകുത്തിയായി മാറുന്നത് സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു. ലോകത്തെ പ്രമുഖമായ പല സമാധാന പ്രസ്ഥാനങ്ങള്‍ക്കും ഫലത്തില്‍ ഇപ്പോള്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യവുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഘടനകള്‍ നിര്‍ജീവമാകുന്ന സ്ഥിതിയും വളര്‍ന്നുവരികയാണ്.
നിര്‍ഭാഗ്യവശാല്‍ വിവധ രാജ്യങ്ങളിലെ ഫാസിസ്റ്റ് - സ്വച്ഛാധിപത്യ സര്‍ക്കാരുകള്‍ യുദ്ധം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കങ്ങൾ ഇപ്പോഴും നടത്തിവരികയാണ്. യുദ്ധങ്ങള്‍ സൃഷ്ടിച്ച് അതില്‍ നിന്നും രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ചില ഭരണാധികാരികളുടെ കരുനീക്കങ്ങള്‍ എതിര്‍ത്തു തോല്‍പ്പിക്കപ്പെടേണ്ടതാണ്.
രണ്ടാം ലോകമഹാ യുദ്ധത്തില്‍ ലോകത്തെ ഞെട്ടിവിറപ്പിക്കുകയും, ഭയചകിതരാക്കുകയും ചെയ്ത കിരാതമായ സംഭവമാണു ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമെരിക്ക നടത്തിയ അണുബോബ് ആക്രമണം. ലക്ഷങ്ങള്‍ പിടഞ്ഞു മരിക്കാന്‍ ഇടയായ ആ കൂട്ട നരഹത്യ 1945 ഓഗസ്റ്റ് 6നും 9നുമാണ് നടന്നത്. 1945 ഓഗസ്റ്റ് 6 ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഏറ്റവും പൈശാചികമായ ദിനമാണ്. അന്നേദിവസം ഹിരോഷിമ നഗരത്തിനുമേല്‍ അമെരിക്ക നടത്തിയ അണുബോംബ് വര്‍ഷത്തില്‍ മരണമടഞ്ഞത് 1,40,000ത്തോളം വരുന്ന നിരപരാധികളായ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള മനുഷ്യരാണ്. അവരുടെ ഓര്‍മയ്ക്കായി അണുബോംബ് പതിച്ച സ്ഥലത്ത് ഒരു ഉദ്യാനം നിര്‍മിച്ചിട്ടുണ്ട്. അണുവായുധങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓര്‍മിപ്പിക്കുന്ന ഒരു സ്മാരകമായി അതു നിലകൊള്ളുന്നു. ഹിരോഷിമ- നാഗസാക്കി ദിനങ്ങള്‍ സമചിതമായി ആചരിക്കാനും വ്യാപകമായ നിലയില്‍ യുദ്ധവിരുദ്ധ പ്രചരണങ്ങള്‍ നടത്താനും അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി തീരുമാനിച്ചിരിക്കുകയാണ്.
ദുഃഖങ്ങളും കടുത്ത യാതനങ്ങളും മാത്രം അവിശേഷിപ്പിക്കുന്ന യുദ്ധമെന്ന ചോരക്കളി ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ എന്നതാണ് ലോകത്തെ സമാധാന കാംക്ഷികളും ജനാധിപത്യവാദികളുമായ ഏവരുടേയും പ്രാർഥന.
(ലേഖകന്‍ അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി ദേശീയ സമിതി അംഗമാണ്. ഫോണ്‍: 9847132428)