

ഭരണത്തിൽ 4,399 ദിവസം പൂർത്തിയാക്കി മോദി യാത്ര തുടരുന്നു
ഉപരാഷ്‌ട്രപതി
2026 ജൂൺ 10ന് നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിൽ 4,399 ദിവസത്തെ തുടർ സേവനം പൂർത്തിയാക്കി. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ആ പദവി വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി അദ്ദേഹം മാറിയതോടെ ഭാരതത്തിന്‍റെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കപ്പെട്ടു.
ആ ദീർഘമായ ഭരണകാലം രാഷ്‌ട്രനിർമാണത്തിനും വികസനത്തിനും പൊതുജനക്ഷേമത്തിനുമുള്ള അദ്ദേഹത്തിന്‍റെ സമർപ്പണത്തെയും ജനങ്ങൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയും പിന്തുണയെയും പ്രതിഫലിപ്പിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും അഭിലാഷങ്ങൾക്കും വേണ്ടി നിലകൊള്ളാനുള്ള അചഞ്ചലമായ സമർപ്പണത്തിന്‍റെ പ്രതിഫലനം കൂടിയാണിത്.
പ്രയാണം തുടരുന്നു
രാഷ്‌ട്രത്തിന്‍റെ പ്രധാന സേവകനായ നരേന്ദ്ര മോദി അഭൂതപൂർവമായ പരിവർത്തനത്തിന്‍റെ ഒരു യുഗത്തിന് തുടക്കമിട്ടു. സദ്ഭരണം, രാഷ്‌ട്രത്തിന് പ്രഥമ പരിഗണന (രാഷ്‌ട്രം പ്രഥമം) എന്നീ തത്വങ്ങളാലാണ് അദ്ദേഹം നയിക്കപ്പെടുന്നത്. അടിമത്തത്തിന്‍റെ സാമൂഹിക വിപത്ത് അവസാനിപ്പിക്കാനും ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കാനും ഉറച്ച നേതൃത്വം നൽകി എന്ന കാരണത്താൽ യുഎസ് ചരിത്രം എക്കാലവും എബ്രഹാം ലിങ്കനെ ആദരിക്കുന്നതു പോലെ, 25 കോടിയിലധികം പാവപ്പെട്ടവരെ സമ്പൂർണ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിന് ഭാവി തലമുറകൾ നരേന്ദ്ര മോദിയെ സ്മരിക്കും.
അദ്ദേഹത്തിന്‍റെ ദർശനം, അക്ഷീണ പരിശ്രമങ്ങൾ, പരിവർത്തനാത്മക ഭരണനിർവഹണം എന്നിവയിലൂടെ, എണ്ണമറ്റ കുടുംബങ്ങൾക്ക് അവസരങ്ങൾ, അന്തസ്, പ്രത്യാശ എന്നിവ ലഭ്യമാക്കി ശാക്തീകരിച്ചു. സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെയും ഉജ്വലമായ ഭാവിയുടെയും വാഗ്ദാനങ്ങൾ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കി. മാനവരാശിയ്‌ക്കായി നൽകിയ സേവനത്തിൽ നാഴികക്കല്ലായി മാറിയ നേട്ടമെന്ന നിലയിൽ അദ്ദേഹത്തിന്‍റെ സംഭാവനകൾ ചരിത്രത്തിന്‍റെ ഏടുകളിൽ മുദ്രിതമാകും.
മാത്രമല്ല, അദ്ദേഹത്തിന്‍റെ പരിവർത്തനാത്മക സംരംഭങ്ങൾ വിദ്യാഭ്യാസം, പാർപ്പിടം, ശുചിത്വം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അന്തസും സാമൂഹിക സുരക്ഷയും ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 44 കോടിയിലധികം പൗരന്മാർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. ജൽ ജീവൻ മിഷനിലൂടെ 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ കുടിവെള്ളം ലഭ്യമാക്കി.
2020 മുതൽ, സൗജന്യ ഭക്ഷ്യധാന്യങ്ങൾ തുടർച്ചയായി നൽകുന്നത് ഏകദേശം 80 കോടി ആളുകളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഒരു ദുർബല പൗരനും പിന്നിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. 4 കോടിയിലധികം കുടുംബങ്ങൾക്ക് സുരക്ഷിതവും സ്ഥിരവുമായ ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും അവരുടെ സുരക്ഷ, അന്തസ്, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ സംരംഭങ്ങൾ ഒട്ടാകെ, കാരുണ്യപൂർണമായ ഭരണത്തിന്‍റെയും ഓരോ ഇന്ത്യക്കാരന്‍റെയും ക്ഷേമത്തിനായുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ശാശ്വത പ്രതീകങ്ങളാണ്.
മോദിയുടെ ദർശനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും- വനിതകൾ, യുവാക്കൾ, കർഷകർ, പിന്നാക്കവിഭാഗങ്ങൾ - ശാക്തീകരിച്ചു. 3 കോടിയിലധികം ലാഖ്പതി ദീദികളുടെ ഉദയം വനിതകൾ നയിക്കുന്ന വികസനം എന്ന അദ്ദേഹത്തിന്‍റെ ദർശനത്തിന് ശക്തമായ ദൃഷ്ടാന്തമാണ്. നാരീശക്തിയുടെ കീഴിലുള്ള സംരംഭങ്ങൾ വനിതകൾക്ക് രാഷ്‌ട്രനിർമാണത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ വഴിയൊരുക്കി. പുതിയ ഐഐടികൾ, എയിംസ്, മെഡിക്കൽ കോളെജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാപനത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖല പരിവർത്തനം ചെയ്തു, ഇത് യുവാക്കൾക്ക് അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിച്ചു.
ഒപ്പം, ഭാരതം ശ്രദ്ധേയമായ ഒരു അടിസ്ഥാന സൗകര്യ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു. വന്ദേ ഭാരത് ട്രെയ്‌നുകൾ, വിമാനത്താവളങ്ങൾ, ദേശീയ പാതകൾ, അത്യാധുനിക റെയ്‌ൽവേ സ്റ്റേഷനുകൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വികാസം മുതൽ വിദൂര ദേശങ്ങളിലെത്തിയ പരിവർത്തനാത്മക കണക്റ്റിവിറ്റി പദ്ധതികൾ വരെ, അദ്ദേഹത്തിന്‍റെ നേതൃത്വം ആധുനികവും പരസ്പര ബന്ധിതവും അഭിലാഷപൂർണവുമായ ഒരു ഇന്ത്യയ്ക്ക് അടിത്തറ പാകി. ഈ നേട്ടങ്ങൾ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ മേഖലയിൽ ആഗോള നിലവാരം വർധിപ്പിച്ചുകൊണ്ട്, ഡിജിറ്റൽ നൂതനാശയങ്ങൾ, സെമി-കണ്ടക്റ്റർ, ബഹിരാകാശ സാങ്കേതികവിദ്യ, വാക്സിൻ വികസനം, മൊബൈൽ നിർമാണം എന്നിവയിൽ ആഗോള നേതൃത്വത്തിലേക്ക് ഭാരതം ഉയർന്നുവന്നിട്ടുണ്ട്.
വികാസ് ഭീ, വിരാസത് ഭീ: തമിഴ് പൈതൃകത്തിന് ആദരം
നരേന്ദ്ര മോദിയെ സമകാലിക നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പുരോഗതിയും പൈതൃകവും പരസ്പരം മത്സരിക്കേണ്ട ദർശനങ്ങളല്ല, മറിച്ച് പരസ്പരപൂരക ശക്തികളാണെന്ന അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസമാണ്. "വികാസ് ഭീ, വിരാസത് ഭീ' എന്ന തന്‍റെ ദർശനാത്മക തത്ത്വചിന്തയിലൂടെ, ഒരു രാഷ്‌ട്രത്തിന് അതിന്‍റെ സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരുറപ്പിച്ചു കൊണ്ട് അതിവേഗ ആധുനികവത്കരണം പിന്തുടരാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, നിർമാണം, സാമൂഹിക ക്ഷേമം എന്നിവയിൽ പരിവർത്തനാത്മകമായ വികസനത്തിന് ഭാരതം സാക്ഷ്യം വഹിച്ചു. ഒപ്പം അതിന്‍റെ പൗരാണിക സംസ്കാരം, ഭാഷകൾ, ആത്മീയ പാരമ്പര്യങ്ങൾ, ചരിത്ര പാരമ്പര്യം എന്നിവയിൽ പുതിയ ഒരു അഭിമാനം അനുഭവവേദ്യമായി. പുണ്യസ്ഥലങ്ങളുടെ പുനഃസ്ഥാപനമായാലും, സാംസ്കാരിക ചിഹ്നങ്ങളുടെ പുനരുജ്ജീവനമായാലും, ശ്രേഷ്ഠ ഭാഷകളുടെ ആഘോഷമായാലും, അമൂല്യമായ കലാസൃഷ്ടികളുടെ സംരക്ഷണമായാലും, അദ്ദേഹത്തിന്‍റെ ഭരണം ആധുനിക അഭിലാഷങ്ങളുടെയും കാലാതീതമായ മൂല്യങ്ങളുടെയും അപൂർവ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു.
യഥാർഥ വികസനം അളക്കുന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്‍റെ പൈതൃകം സംരക്ഷിക്കാനും, പരിപാലിക്കാനും, ഭാവി തലമുറകൾക്ക് കൈമാറാനുമുള്ള ശേഷി അടിസ്ഥാനമാക്കി കൂടിയാണ് എന്ന് തെളിയിച്ചുകൊണ്ട് മോദിയുടെ സമീപനം രാഷ്‌ട്രനിർമാണത്തെ പുനർനിർവചിച്ചു. "വികാസ് ഭീ, വിരാസത് ഭീ' എന്ന അദ്ദേഹത്തിന്‍റെ ദർശനം, ആത്മവിശ്വാസത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഭാരതത്തിന് ഒരു മാർഗനിർദേശക തത്വമായി മാറി- മഹത്തായ ഭൂതകാലത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ഭാവിയിലേക്ക് ധൈര്യത്തോടെ മുന്നേറുന്ന സമീപനം.
ഈ ദർശനത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ തമിഴ്‌നാടും ആഗോള തമിഴ് സമൂഹവും ഉൾപ്പെടുന്നു. മോദിയുടെ നേതൃത്വത്തിൽ അവരുടെ സമ്പന്നമായ ഭാഷാ, സാംസ്കാരിക, നാഗരിക പൈതൃകത്തിന് അഭൂതപൂർവമായ അംഗീകാരവും ആഘോഷവും പിന്തുണയും നേടാനായി. ചെന്നൈ മെട്രൊ റെയ്‌ൽ വികസനം, ചെന്നൈ- ബെംഗളൂരു എക്സ്പ്രസ് വേ, തമിഴ്‌നാട് പ്രതിരോധ വ്യാവസായിക ഇടനാഴി, തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും നവീകരണം, ദേശീയ പാതകളുടെ വികസനം, റെയ്‌ൽവേ സ്റ്റേഷനുകളുടെ പുനർവികസനം, പുതിയ പാമ്പൻ റെയ്‌ൽ പാലം എന്നിവയുൾപ്പെടെ പ്രധാനമന്ത്രിയുടെ കീഴിൽ നടപ്പാക്കിയ സംരംഭങ്ങളിൽ നിന്ന് തമിഴ്‌നാടിന് വളരെയേറെ പ്രയോജനം ലഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമായ പുതിയ പാമ്പൻ റെയ്‌ൽ പാലത്തിന്‍റെ ഉദ്ഘാടനം ഒരു നാഴികക്കല്ലായി നിലകൊള്ളുന്നു, രാമേശ്വരത്തേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുകയും ഇന്ത്യയുടെ എൻജിനീയറിങ് മികവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിർഭർ ഭാരത് എന്ന ദർശനത്തിന്‍റെ സാക്ഷാത്ക്കാരം മുഖേന ഇലക്‌ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഐ ഫോൺ നിർമാണം എന്നിവയുടെ മുൻനിര കേന്ദ്രമായും തമിഴ്‌നാട് ഉയർന്നുവന്നു.
നരേന്ദ്ര മോദിയെപ്പോലെ ദേശീയ, അന്തർദേശീയ തലങ്ങളിൽ തമിഴ് ഭാഷ, സംസ്കാരം, പൈതൃകം എന്നിവയെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും തമിഴ് നാഗരികതയ്ക്ക് കൂടുതൽ ദൃശ്യപരതയും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത മറ്റൊരു പ്രധാനമന്ത്രിയില്ല. ലോകമെമ്പാടുമുള്ള നിരവധി തമിഴ്നാട്ടുകാർ ഭാവാത്മകമായി കാണുന്ന തമിഴിന്‍റെ പുരാതന ചരിത്രത്തെയും സാഹിത്യ പാരമ്പര്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ മതിപ്പാണ് ഇത് എടുത്തുകാണിക്കുന്നത്.
ഐക്യരാഷ്‌ട്ര സഭയിൽ തമിഴ് കവിയും തത്ത്വചിന്തകനുമായ കണിയൻ പൂങ്കുന്‍റനാറിന്‍റെ പ്രശസ്തമായ വാക്കുകളായ "യാദും ഊരേ, യാവരും കേളിർ' ("എല്ലാ സ്ഥലവും എന്‍റെ ജന്മനാടാണ്; എല്ലാ ആളുകളും എന്‍റെ ബന്ധുക്കളാണ്') എന്ന ഉദ്ധരണി അദ്ദേഹം പരാമർശിച്ചത് തമിഴ് സംസ്കാരത്തിന്‍റെ മാനവികവും സർവസ്പർശിയുമായ മൂല്യങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിച്ചു. സാർവത്രിക സാഹോദര്യം, "ഏക മാനവീയത്' തുടങ്ങിയ ആശയങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴ് ചിന്തയിൽ പ്രകടമായിരുന്നെന്നും "വസുധൈവ കുടുംബകം' എന്ന ആശയം ആഗോള ഐക്യത്തിന്‍റെയും മാനവികതയുടെയും സമാനമായ ഒരു തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.
കാശി തമിഴ് സംഗമം, സൗരാഷ്‌ട്ര തമിഴ് സംഗമം തുടങ്ങിയ സംരംഭങ്ങൾ സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുന്ന നിലനിൽക്കുന്ന സംകാരിക ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തു. നമ്മുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചത് ഇന്ത്യയുടെ ജനാധിപത്യ, സാംസ്ക്കാരിക പൈതൃകത്തിന് തമിഴ്‌നാട് നൽകിയ സംഭാവനകൾക്ക് ഉചിതമായ അംഗീകാരമാണ്.
ചോളരുടെ പൈതൃകം എടുത്തുകാണിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഗംഗൈകൊണ്ട ചോളപുരം സന്ദർശനവും, അനൈമംഗലം ചോള കാലഘട്ടത്തിലെ ചെമ്പ് ഫലകങ്ങൾ ഉൾപ്പെടെ വിദേശത്ത് നിന്ന് വിലമതിക്കാനാവാത്ത പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാനുള്ള സംരംഭങ്ങളും വ്യാപകമായി പ്രശംസിക്കപ്പെട്ടു. ക്ഷേത്രങ്ങൾ, പൈതൃക സ്ഥലങ്ങൾ, ക്ലാസിക്കൽ സാഹിത്യം, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്‍റെ പിന്തുണയ്‌ക്കൊപ്പം, ഈ ശ്രമങ്ങൾ തമിഴ് നാഗരികതയുടെ ആഗോള നിലവാരം ഉയർത്തുകയും തമിഴ് ഭാഷയോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്‍റെ നിലനിൽക്കുന്ന ആദരവിനെ പ്രതിഫലിപ്പിക്കുകയും ചെയ്തു.
ഉപസംഹാരം
ദർശനം, പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവ ചരിത്രഗതിയെ രൂപപ്പെടുത്തുകയും ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന, കാലത്തിന്‍റെ അതിരുകൾ ഭേദിക്കുന്ന നേതാക്കളുടെ ആവിർഭാവത്തിന് ഓരോ കാലവും സാക്ഷ്യം വഹിക്കാറുണ്ട്. ഒരു രാഷ്‌ട്രത്തിന്‍റെ വിധി രൂപപ്പെടുത്തുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനാൽ അത്തരം വ്യക്തികളെ "യുഗ പുരുഷൻ' എന്ന് വിളിക്കുന്നു.
അദ്ദേഹത്തിന്‍റെ പരിവർത്തനാത്മക നേതൃത്വം, ദേശീയ വികസനത്തോടുള്ള പ്രതിബദ്ധത, ജനങ്ങൾക്കായുള്ള അക്ഷീണ സേവനം എന്നിവയിലൂടെ, അദ്ദേഹം സമകാലിക ഭാരതത്തിന്‍റെ യഥാർഥ "യുഗ പുരുഷൻ' ആയി മാറിയിക്കുന്നു. അദ്ദേഹത്തിന്‍റെ കഴിവുറ്റ നേതൃത്വം 2047ൽ രാഷ്‌ട്രത്തെ ഒരു വികസിത ഭാരതത്തിലേക്ക് നയിക്കുമെന്ന് എനിക്കുറപ്പുണ്ട്.