വൈരുദ്ധ്യങ്ങളുടെ ഇടതുപക്ഷ വിരുന്ന്

വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പതാകവാഹകരായിരുന്ന സിപിഎം, ഇപ്പോൾ തത്വശാസ്ത്രങ്ങൾക്കും പ്രായോഗികതയ്ക്കും ഇടയിൽ വീർപ്പുമുട്ടുകയാണ്.
വൈരുദ്ധ്യങ്ങളുടെ ഇടതുപക്ഷ വിരുന്ന് | LDF - CPM Kerala change of stands

സിപിഎം നയം മാറ്റങ്ങളുടെ തുടർക്കഥ.

Representative image

Updated on
Summary

ഒരുകാലത്ത് വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പതാകവാഹകരായിരുന്ന സിപിഎം, ഇപ്പോൾ തത്വശാസ്ത്രങ്ങൾക്കും പ്രായോഗികതയ്ക്കും ഇടയിൽ വീർപ്പുമുട്ടുകയാണ്. 'അന്ധവിശ്വാസങ്ങൾക്കെതിരേ' ചുരുട്ടിയുയർത്തിയ മുഷ്ടികൾ നിവർത്തി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചുകൊണ്ട്, സഖാക്കൾ വൈരുദ്ധ്യത്തെ ഒരു കലയാക്കി മാറ്റിയിരിക്കുന്നു.

അജയൻ

വിട്ടുവീഴ്ച ഒരു കലയും സ്വന്തം വാക്കുകൾ വിഴുങ്ങുന്നത് ഒരു രാഷ്ട്രീയ വിനോദവുമാണെങ്കിൽ, കേരളത്തിലെ സിപിഎം ആ രംഗത്തെ ചോദ്യം ചെയ്യപ്പെടാത്ത വിദ്വാൻമാരാകും. പഴയ പ്രൗഢമായ പ്രഖ്യാപനങ്ങൾ ഓർക്കുക: പ്രവാചകന്‍റെ മുടി 'ബോഡി വേസ്റ്റ്' എന്ന് നിരാകരിച്ചത്, അന്തരിച്ച പാർട്ടി നേതാവിനെ വിശ്വാസിയെന്നു വിളിച്ച ബിഷപ്പിനെ ശാസിച്ചത്, ശബരിമലയിൽ ലിംഗസമത്വത്തിനായി നടത്തിയ തീപ്പൊരി പോരാട്ടങ്ങൾ, ഹൈന്ദവ ദൈവങ്ങളെ വെറും കെട്ടുകഥകളായി കണ്ടത്, വിദ്യാർഥികളുടെ വസ്ത്രധാരണ രീതി വിശ്വാസത്തിന്‍റെ യുദ്ധക്കളമാക്കി മാറ്റിയത്, ക്ലാസ്മുറികളിൽ നിന്ന് 'മതച്ചുവയുള്ള കപടശാസ്ത്രങ്ങളെ' തുടച്ചുനീക്കാൻ നടത്തിയ പരിശ്രമങ്ങൾ. ഉച്ചസ്ഥായിയിൽ ഉയർന്ന വിപ്ലവ മുദ്രാവാക്യങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായിട്ടൊന്നുമില്ല - നിങ്ങൾ മതങ്ങളിലേക്കു പടരുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്കു പടരുമത്രെ! ഒരു മ്യൂസിയത്തിൽ സൂക്ഷിക്കാൻ മാത്രം വരും വൈരുദ്ധ്യങ്ങളുടെ മഹാഘോഷയാത്ര!

സിപിഎമ്മിന്‍റെ രാഷ്ട്രീയ അഭ്യാസത്തിലെ ഏറ്റവും പുതിയ ട്വിസ്റ്റ്, സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള പിഎം ശ്രീ പദ്ധതി, ഇരുട്ടിവെളുത്തപ്പോൾ സ്വീകാര്യമായതാണ്. കുറച്ചു മുൻപുവരെ 'അന്ധവിശ്വാസത്തിന്‍റെയും അശാസ്ത്രീയ ചിന്തയുടെയും' വാഹനമായിരുന്നു സിപിഎമ്മിനു പിഎം ശ്രീ പദ്ധതി; സംഘപരിവാർ പ്രത്യയശാസ്ത്രം ഒളിച്ചു കടത്താനുള്ള ട്രോജൻ കുതിരയായിരുന്നു! എന്നിട്ടും, ക്യാബിനറ്റിൽ ചർച്ച പോലും ചെയ്യാതെ, ഭരണ മുന്നണിക്കുള്ളിലെ എതിരഭിപ്രായങ്ങളൊന്നും വകവയ്ക്കാതെ, കേന്ദ്ര പദ്ധതി അംഗീകരിക്കാൻ പാർട്ടി തിടുക്കം കാട്ടി. സാമ്പത്തിക സഹായം മുടങ്ങില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് പുറമേക്ക് പറയുന്നുണ്ട്. അതു മാത്രമാണോ കാരണം? നിലവറയിലെ അസ്ഥികൂടങ്ങൾ പറയുന്ന രഹസ്യം പരസ്യമായാലോ എന്ന് ആശങ്കയുണ്ടാവും കേന്ദ്രത്തെ പിണക്കാൻ പേടിയുണ്ടാവും. ദുർബലമായ പ്രതിരോധം മുഖമുദ്രയാക്കിയിട്ടുള്ള സിപിഐ പതിവു പോലെ നിഷ്ഫലമായി ഒച്ച വച്ചു. സ്വകാര്യവത്കരണത്തിനും വലതുപക്ഷ വ്യതിയാനങ്ങൾക്കുമെതിരേ ഒരുകാലത്ത് ഇടിമുഴക്കം പോലെ പ്രതിരോധമുയർത്തിയിരുന്ന സിപിഎമ്മിന്‍റെ, പഴയ എതിർപ്പുകളുടെ ഇടിമുഴക്കങ്ങൾ സൗകര്യപ്രദമായ നിശബ്ദതയിൽ അലിഞ്ഞുപോയിരിക്കുന്നു. നിലനിൽപ്പും സാമ്പത്തിക ലാഭവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തത്വങ്ങൾ വിലപേശലിനു വശംവദമാകുമെന്നു വ്യക്തം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, സാധാരണ വോട്ടർക്ക് പോലും ഈ വിട്ടുവീഴ്ചയുടെ നാടകം തിരിച്ചറിയാൻ കഴിയും. ഈ പെട്ടെന്നുള്ള വഴക്കം ബോധ്യത്തിൽനിന്നല്ല, ഭയത്തിൽനിന്നാണ് ഉടലെടുക്കുന്നത്—അധികാരത്തിലുള്ളവരെ വേട്ടയാടുന്ന അഴിമതികളുടെ നീണ്ട നിരയിലുള്ള ഭയം. പിണറായി വിജയന്‍റെ മകളുടെ ബിസിനസ് സംരംഭത്തിനെതിരായ എസ്എഫ്ഐഒ അന്വേഷണം, മകന് ഇഡി നൽകിയ നോട്ടിസ്, മുൻ സഹായി ശിവശങ്കറിന്‍റെ ജയിൽവാസത്തിനു ശേഷം മുഖ്യ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ ഹൈക്കോടതി ഉത്തരവിട്ട സിബിഐ അന്വേഷണം എന്നിങ്ങനെ പട്ടിക നീളുകയാണ്: സ്വർണക്കടത്ത് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്, വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസ്, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, വിട്ടുവീഴ്ചകളിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഭരണനിർവഹണത്തിനുപരി സ്വയരക്ഷയ്ക്കുള്ള പ്രവൃത്തി മാത്രമായി മാറുന്നു. കേന്ദ്രമൊരുക്കുന്ന ഒരു സുരക്ഷാകവചത്തിന് ആയിരം തത്വങ്ങളെക്കാൾ മൂല്യമുണ്ടെന്നർഥം.

ഇപ്പോൾ ശബരിമലയിലെ സ്വർണമോഷണ വെളിപ്പെടുത്തലുകളും വന്നുകഴിഞ്ഞു—അയ്യപ്പഭക്തരുടെ രക്ഷകരായി സ്വയം അവരോധിക്കാൻ പാർട്ടി ശ്രമിച്ചതിനു തൊട്ടുപിന്നാലെ വന്ന വെളിപ്പെടുത്തലുകൾ. ഈ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്, കാരണം അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോവുകയാണെങ്കിൽ, ഈ വലയിൽ കുടുങ്ങുന്ന സഖാക്കളുടെ എണ്ണം ക്ഷേത്രം മുതൽ സെക്രട്ടേറിയറ്റ് വരെ നീണ്ടേക്കാം.

അധികാരം നേടാനുള്ള ശ്രമത്തിൽ പ്രത്യയശാസ്ത്രം എത്ര സമർഥമായി വഴങ്ങിക്കൊടുക്കുന്നുവെന്ന് പാർട്ടിയുടെ മുൻകാല രാഷ്ട്രീയ വളച്ചൊടിക്കലുകൾ കാണിച്ചുതരുന്നു. അന്തരിച്ച മത്തായി ചാക്കോ വിശ്വാസിയായിരുന്നു എന്ന് പറഞ്ഞതിന് ഒരു ബിഷപ്പിനെ 'നികൃഷ്ടജീവി' എന്ന് ആക്ഷേപിച്ച അതേ നേതൃത്വം, ഇപ്പോൾ സമുദായ നേതാവ് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായിയെ വിശ്വാസിയെന്ന് വിളിക്കുമ്പോൾ സൗമ്യമായൊരു പുഞ്ചിരിയാണു പ്രതികരണം. വിരോധാഭാസം കൂടുതൽ രൂക്ഷമാകുന്നു—ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ഉറപ്പാക്കാൻ ഒരിക്കൽ തീർത്ത 'നവോത്ഥാന മതിലി'നു വിപരീതമായി, അയ്യപ്പ സംഗമത്തിലേക്കുള്ള യാത്രാമധ്യേ ഇരുവരും ഒരേ കാറിലിരിക്കുന്നു. ബിഷപ് കോപം ക്ഷണിച്ചുവരുത്തിയെങ്കിൽ, വർഗീയ വിദ്വേഷത്തിനും മ്ലേച്ഛമായ നാടകീയതകൾക്കും കുപ്രസിദ്ധനായ വെള്ളാപ്പള്ളി കേരളത്തിന്‍റെ മഹത്തായ വെളിച്ചമായി ആഘോഷിക്കപ്പെടുന്നു. പാർട്ടി അണികൾ ഈ നേതാവിനു വേണ്ടി സ്തുതിഗീതങ്ങൾ ആലപിക്കാൻ നിർബന്ധിതരാകുന്നു.

ഒരു ചുവടു മുന്നോട്ട്, രണ്ടും—വേണ്ടിവന്നാൽ മൂന്നും—ചുവടുകൾ പിന്നോട്ട് എന്നതാണ് പുതിയ ഭരണ താളക്രമം. അതിജീവനത്തിനായി നിറം മാറുന്ന ഓന്തിനെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ ഹിജാബ് പോലുള്ള വിഷയങ്ങളിലെ 'യു-ടേണുകളുടെ' വേഗം, ബോധ്യങ്ങളുടെ ശോഷണമാണ് തുറന്നുകാട്ടുന്നത്. ഒരു വിഭാഗത്തിന്‍റെ താത്പര്യങ്ങൾക്കായി സ്കൂൾ സമയമാറ്റത്തിൽ നിന്നു പിന്മാറിയതു മുതൽ, ഭിന്നശേഷിക്കാർക്കുള്ള നിയമനങ്ങളിലെ സംവരണത്തിന്‍റെ കാര്യത്തിൽ സമുദായ ലോബികൾക്കു വഴങ്ങിയതു വരെ..., കീഴടങ്ങലുകളുടെ പട്ടിക നീളുകയാണ്.

ഇതിനോടൊപ്പം, മദ്യ ലോബിയോടുള്ള സർക്കാരിന്‍റെ ഐക്യദാർഢ്യം കൂടി ചേർത്തുവായിക്കാം—കേരളത്തെ മദ്യവിമുക്തമാക്കുക എന്ന പഴയ ഉദാത്ത മുദ്രാവാക്യം കുഴിച്ചുമൂടി, വമ്പൻമാരുടെ താത്പര്യങ്ങൾക്കനുസരിച്ച് ദീർഘകാല അബ്കാരി നയം എക്‌സൈസ് മന്ത്രി ആസൂത്രണം ചെയ്യുന്നു. വിശ്വസ്തരായ സിപിഎം അനുഭാവികളെന്ന നിലയിൽ ആ പഴയ ക്യാംപെയ്നു ശബ്ദം നൽകിയ ഇന്നസെന്‍റും കെപിഎസി ലളിതയും തങ്ങൾ എത്രമാത്രം വഞ്ചിക്കപ്പെട്ടുവെന്നു തിരിച്ചറിയും മുൻപേ വിടപറഞ്ഞത് അവരുടെ ഭാഗ്യം! എന്നാൽ, ഈ രാഷ്ട്രീയ അരങ്ങിൽ, ഓരോ തത്വത്തിനും അതിന്‍റേതായ വിലയുണ്ട്—അതിന്‍റെ അളവുകോൽ വോട്ടല്ലാതെ മറ്റൊന്നുമല്ലതാനും.

ഒരുകാലത്ത് തീവ്രമായ ആശയങ്ങൾ പ്രസംഗിച്ച പാർട്ടി, ഇപ്പോൾ സ്വന്തം ആദർശങ്ങളുടെ കനലിൽ വിരുന്നുണ്ണുന്നു—മാറ്റത്തിനല്ല, നിലനിൽപ്പിനാണ് അവർ വിട്ടുവീഴ്ചകൾ ചെയ്യുന്നത്. "വിപ്ലവം ഒരു അത്താഴവിരുന്നല്ല" എന്ന് മാവോ പറഞ്ഞു. എന്നിട്ടും കേരളത്തിന്‍റെ രാഷ്ട്രീയ അടുക്കളയിൽ, ഇന്ന് അതു മാത്രമാണു കാണാനുള്ളത്—ആഡബരപൂർണവും, തെരഞ്ഞെടുപ്പടിസ്ഥാനത്തിലുള്ളതും, കാപട്യം മേമ്പൊടി ചേർത്തതുമായ ഒരു വിരുന്ന്...!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com