ചരിത്രമാകാന്‍ ധീവര സഭ സുവർണ ജൂബിലി സമ്മേളനം

കടലോരത്തിന്‍റെ കാവലാളായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Dheevara Sabha Golden Jubilee Conference to make history

ചരിത്രമാകാന്‍ ധീവര സഭ സുവർണ ജൂബിലി സമ്മേളനം

file photo

Updated on

പൂന്തുറ ശ്രീകുമാര്‍

തീരദേശത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും പുതിയൊരു വികസന അധ്യായത്തിലേക്ക് ചുവടുവയ്ക്കുകയാണ്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടം നയിച്ച ധീവര സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് കൊച്ചിയില്‍ നടക്കുന്ന അഖില കേരള ധീവര സഭാ സമ്മേളനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമ്പോള്‍, അത് ഒരു ജനതയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി മാറുന്നു. 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അടിച്ചമര്‍ത്തപ്പെട്ടും വിസ്മരിക്കപ്പെട്ടും കഴിഞ്ഞിരുന്ന ഒരു ജനതയെ ആധുനികതയുടെ വെളിച്ചത്തിലേക്ക് നയിച്ച ആത്മീയവും സാമൂഹികവുമായ ഉണര്‍വിന്‍റെ കഥയാണ് ധീവര സഭയുടേത്.

വേദവ്യാസനും പണ്ഡിറ്റ് കറുപ്പനും മാതാ അമൃതാനന്ദമയിയും

ധീവര സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യം സ്മരിക്കേണ്ട പേര് പണ്ഡിറ്റ് കെ.പി. കറുപ്പന്‍റേതാണ്. "കേരളത്തിലെ ലിങ്കണ്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, സവര്‍ണ മേധാവിത്വത്തിനും അയിത്തത്തിനുമെതിരേ അറിവിനെ ആയുധമാക്കി പോരാടിയ ധീരനായിരുന്നു.

1912ല്‍ അദ്ദേഹം സ്ഥാപിച്ച "അരയ വംശോദ്ധാരിണി സഭ'യാണ് പില്‍ക്കാലത്ത് ധീവര സഭയായി വളര്‍ന്നത്. കടലോരങ്ങളില്‍ അക്ഷര വെളിച്ചം എത്തിക്കാനും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ക്ക് സമാനതകളില്ല. അക്കാലത്ത് സാമൂഹികമായി ഏറ്റവും താഴേക്കിടയിലായിരുന്ന ധീവര വിഭാഗത്തിന് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള കരുത്തു നല്‍കിയതും പണ്ഡിറ്റ് കെ.പി. കറുപ്പന്‍റെ "ജാതിക്കുമ്മി' പോലുള്ള കൃതികളാണ്.

കൊച്ചി നിയമസഭാംഗമായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ തീരദേശ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ പീഠികയായിരുന്നു. പണ്ഡിറ്റ് കറുപ്പനില്‍ ആരംഭിച്ച് ഇന്ന് ലോകത്തിന് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശം നല്‍കുന്ന മാതാ അമൃതാനന്ദമയീദേവി വരെ എത്തിനില്‍ക്കുന്ന മഹത്തായ വ്യക്തിത്വങ്ങളുടെ നിര തന്നെ ഈ സമൂഹത്തിനുണ്ട്.

കരുനാഗപ്പള്ളിയിലെ സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച് ലോകം ആദരിക്കുന്ന ആത്മീയ ഗുരുവായി മാറിയ അമ്മ, ഈ ജനതയുടെആത്മബലത്തിന്‍റെ പ്രതീകമാണ്. പ്രകൃതിക്ഷോഭങ്ങള്‍ക്കും മനുഷ്യനിര്‍മിത വിക്ഷോഭങ്ങള്‍ക്കും ആശ്വാസമായി. ഐക്യരാഷ്‌ട്ര സഭയെയും ലോക ജനതയെ മുഴുവനും അഭിസംബോധന ചെയ്ത് ജാതി- മത- രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ദേശ- ഭാഷാ വ്യത്യാസമില്ലാതെ നോവുന്ന മനസുകളില്‍ സാന്ത്വനത്തിന്‍റെ മധുരം അമ്മ തൂവുന്നു.

അഖില കേരള ധീവര സഭ രൂപം കൊള്ളും മുമ്പ് തന്നെ കേരളത്തില്‍ ധീവര സമൂഹം സാമൂഹിക പരിഷ്‌കരണ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അതിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം കൊടുക്കാന്‍ പണ്ഡിറ്റ് കെ.പി. കറുപ്പനും ഡോ. വേലുക്കുട്ടി അരയനുമായിരുന്നു.

ഹീനവും പൈശാചികവുമായ ജാതീയതയ്‌ക്കെതിരേ ആഞ്ഞടിച്ച ആദ്യ സാഹിത്യകാരന്‍ പണ്ഡിറ്റ് കറുപ്പനാണ്. ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാന വിരുന്ന് തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം ജാതി വ്യവസ്ഥയെയും രാജാവിന്‍റെ യുക്തിരഹിതമായ കല്‍പ്പനകളെയും ചോദ്യം ചെയ്തു. കുമാരനാശാന്‍റെ ദുരവസ്ഥയും ആര്‍ച്ച് ഡീക്കണ്‍ കോശിയുടെ പുല്ലേലി കുഞ്ചുവും പ്രസിദ്ധീകരിക്കുന്നതിന് മുമ്പായിയിരുന്നു മഹാകവി കറുപ്പന്‍ സവര്‍ണാധിപത്യത്തിനെതിരേ ഏഴുതിയത് എന്നോര്‍ക്കുമ്പോള്‍ മനസിലാകുന്നത് ഋഷികുല പരമ്പരയില്‍പ്പെട്ട കവിക്ക് ഒന്നിനെയും ഭയമില്ലായിരുന്നുവെന്നതാണ്. ചലച്ചിത്ര ഗാനങ്ങള്‍ വരെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പണ്ഡിറ്റ് കറുപ്പന്‍റെ കൃതികള്‍ അക്കാദമിക്ക് കൗണ്‍സിലിന്‍റെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ധീവര സമൂഹത്തിന് ശ്രേഷ്ഠമായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. മഹർഷി വേദവ്യാസന്‍റെ വംശാവലിയില്‍പ്പെട്ടവരാണ് ധീവര സഭാംഗങ്ങളുടെ പിതാമഹന്മാര്‍. അതിനെ സാധൂകരിക്കും വിധത്തിലാണ് അവരുടെ ജീവിതശൈലിയും കര്‍മ പദ്ധതികളും. ഒരിക്കലും അടിയാളരായി ജീവിക്കാന്‍ തയാറാകാത്ത ഇവര്‍ സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി കുതിക്കുമ്പോഴും അവശത അനുഭവിക്കുന്ന മറ്റുള്ളവരെക്കൂടി സമുദ്ധരിക്കാന്‍ പണ്ടു മുതല്‍ക്കേ ശ്രദ്ധിച്ചിരുന്നു.

യമുനാ നദിക്കരയ്ക്ക് ചുറ്റുമുള്ള പ്രദേശത്തെ രാജാവായിരുന്ന ദാശ രാജാവിന്‍റെ കാലം മുതല്‍ക്ക് ധീവരര്‍ക്ക് ഈ സ്വഭാവഗുണം ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ദാശ രാജാവിന്‍റെ വളര്‍ത്തു പുത്രിയായ സത്യവതിയുടെ മകനായ വേദവ്യാസനെ കുലഗുരുവായി സങ്കല്‍പ്പിച്ചു ജീവിക്കുന്ന ധീവര സമുദായത്തിന്‍റെ പിന്നീടുള്ള ജീവിത പരിസരം പരിശോധിച്ചാലും മൂല്യങ്ങള്‍ക്ക് അമിത പ്രധാന്യം കൊടുക്കുന്നവരും ദേശഭക്തരുമാണെന്ന് മനസിലാക്കാം.

കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തിലും ധീവര സഭയുടെ പങ്ക് സ്വര്‍ണലിപികളാല്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. വൈദേശിക ആക്രമണങ്ങള്‍ക്കെതിരേ പൊരുതാനും ജാതി- വര്‍ണ വൈകൃതങ്ങളെ ഉന്മൂലനം ചെയ്യാനും അതിന്‍റെ തുടക്കം മുതല്‍ക്ക് ധീവര സഭാ നേതാക്കൾ മുന്‍നിരയിലുണ്ടായിരുന്നു. ധീരന്മാരും ആയോധന വീരന്മാരുമായ ധീവര യുവത ആക്രമോത്സുകരായി കടന്നുവന്ന പരദേശികളോട് സന്ധിയില്ലാ സമരം ചെയ്തു. കൊച്ചി രാജവംശത്തിന്‍റെയും തിരുവിതാകൂര്‍ രാജാവിന്‍റെയും നാവികസേനാ നായകരായിരുന്നത് ധീവരന്മാരായിരുന്നു. അമ്പലപ്പുഴ കേന്ദ്രമാക്കി ഭരിച്ചിരുന്ന ചെമ്പകശേരി രാജവംശത്തിന്‍റെ നാവിക സേനയെ നയിച്ചിരുന്നത് വിക്രമശാലിയായ പുറക്കാട് അരയനായിരുന്നു.

കടലിലെ ഒഴുക്കും കാലാവസ്ഥാ വ്യതിയാനവും അറിയാവുന്ന അരയ സമുദായത്തിന്‍റെ അറിവ് ഉപയോഗിച്ച് മികച്ച ഒരു നാവിക സേനയ്ക്ക് രുപം കൊടുക്കാന്‍ രാജാവിനെ സഹായിച്ച പുറക്കാട് അരയന്‍ സമുദായത്തിന്‍റെ അന്തസ് വാനോളം ഉയര്‍ത്തി.

16ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് യാത്രികനായ ബാര്‍ബോസ തന്‍റെ യാത്രാവിവരണങ്ങളില്‍ പുറക്കാട് അരയന്‍റെ നാവിക മികവ് രേഖപ്പെടുത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെ നോക്കി ദിക്ക് നിര്‍ണയിക്കാനും ലക്ഷ്യം പിഴക്കാതെ കപ്പലിന്‍റെ ഗതാഗതം നിയന്ത്രിക്കാനും സമര്‍ഥനായ പുറക്കാട് അരയന്‍ ശൗര്യത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും നാവികാധിപത്യത്തിന്‍റെയും പ്രതീകം കൂടിയാണ്.

1809ല്‍ ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ വേലുത്തമ്പ ദളവ നടത്തിയ ഐതിഹാസിക പേരാട്ടത്തില്‍ നാവിക സേനയ്ക്ക് നേതൃത്വം കൊടുത്ത മറ്റെരു യോദ്ധാവായിരുന്നു ചെമ്പില്‍ അനന്ത പത്മനാഭന്‍ വലിയ അരയന്‍. ബുദ്ധി കൊണ്ടും കായിക ശക്തി കൊണ്ടും പ്രബലരായ ധീവരന്മാരെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു സേനാ വ്യൂഹം സജ്ജമാക്കാന്‍ നാടുവാഴികളും നാട്ടുരാജാക്കന്മാരും അന്ന് തയാറായിരുന്നില്ല. അഭിമാനികളായ ധീവരര്‍ അൽപ്പലാഭത്തിനും അപ്പക്കഷണത്തിനുമായി ഒരിക്കലും വിശ്വാസ വഞ്ചന ചെയ്തിരുന്നില്ല എന്നതാണ് അതിനു കാരണം. അരയന്‍റെ കരളുറപ്പും ബാഹുബലവും ജനാധിപത്യ കേരളത്തിലെ ഹൈന്ദവ സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു.

മോഡി സര്‍ക്കാര്‍: തീരദേശത്തിന്‍റെ രക്ഷാകവചം

ഒരു പതിറ്റാണ്ടായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ പദ്ധതിയും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധീവര സഭയുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി എത്തുന്നത് ആ ജനതയോടുള്ള കേന്ദ്രത്തിന്‍റെ കരുതലിന്‍റെ തെളിവാണ്.

സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ആദ്യമായി മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്. 2019ല്‍ രൂപീകരിച്ച "ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി' മന്ത്രാലയം ഈ മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായി.

പി.എം മത്സ്യസമ്പദ യോജന: മത്സ്യബന്ധന മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ 20,050 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. ഇതിലൂടെ ബോട്ടുകളുടെ നവീകരണം, ഐസ് പ്ലാന്‍റുകള്‍, ആഴക്കടല്‍ മത്സ്യബന്ധന സാങ്കേതിക വിദ്യകള്‍ എന്നിവ ലഭ്യമാക്കി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: മുമ്പ് കര്‍ഷകര്‍ക്ക് മാത്രമായിരുന്ന ഈ സൗകര്യം മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കി. ഇത് ബ്ലേഡ് പലിശക്കാരുടെ ചൂഷണത്തില്‍ നിന്നും അവരെ രക്ഷിച്ചു.

സാഗര്‍ പരിക്രമ: തീരദേശ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ തീരങ്ങളിലെത്തുന്ന ഈ പരിപാടി സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറച്ചു.

പിന്നേക്ക വിഭാഗങ്ങളുടെ ശക്തീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സബ്കാ സാത്ത് സബ്കാ വികാസ്' എന്ന മുദ്രാവാക്യം കേവല മുദ്രാവാക്യമല്ല, പ്രായോഗിക പ്രവര്‍ത്തനമാണ്. സമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്‍റെ മുന്‍നിരയിലെത്തിക്കാന്‍ അദേഹം നടത്തുന്ന ശ്രമങ്ങള്‍ നിരവധിയാണ്.

പി.എം വിശ്വകര്‍മ പദ്ധതി: പാരമ്പര്യമായി കൈത്തൊഴില്‍ ചെയ്യുന്ന പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തികമായും സാങ്കേതികമായും ഉയര്‍ത്താനുള്ള 13,000 കോടി രൂപയുടെ പദ്ധതിയാണിത്.

ഒബിസി കമ്മിഷന് ഭരണഘടനാ പദവി: പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത് മോദി സര്‍ക്കാരിന്‍റെ ചരിത്രപരമായ തീരുമാനം.

സാമൂഹിക നീതി: കേന്ദ്ര മന്ത്രിസഭയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ച റെക്കോഡ് പ്രാതിനിധ്യം ഈ ജനതയുടെ രാഷ്‌ട്രീയമായ ശക്തീകരണത്തിന് തെളിവാണ്. മുന്‍കാലങ്ങളില്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമായിരുന്നെങ്കില്‍ ഇന്ന് വികസനം ഒരോ വീടുകളിലേക്കും എത്തുന്ന കാഴ്ച്ചയാണ്. ശുചിമുറി നിര്‍മാണം, ഉജ്വല യോജന വഴിയുള്ള പാചകവാതക കണക്‌ഷന്‍, ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് എന്നിവയെല്ലാം ധീവര കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

വികസനത്തിന്‍റെ നീല വിപ്ലവം

കടലില്‍ പണിയെടുക്കുന്നവര്‍ക്ക് കടലില്‍ തന്നെ അധികാരം ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്ര പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ സാധിക്കുന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്‍റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുക തീരദേശ സമൂഹത്തിനായിരിക്കും.

പണ്ഡിറ്റ് കറുപ്പന്‍ വിതച്ച സാമൂഹിക പരിഷ്‌കരണത്തിന്‍റെ വിത്തുകള്‍ ഇന്ന് വികസനത്തിന്‍റെ മഹാവൃക്ഷമായി വളര്‍ന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ഒരു ഭരണകൂടം കൂടെയുണ്ടെന്ന ബോധ്യം ധീവര സമൂഹത്തിന് പുതിയ ആത്മവിശ്വാസം നല്‍കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്‍റെ തീരദേശ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

വികസനത്തിന്‍റെ മുഖ്യധാരയില്‍ നിന്നും ആരം മാറ്റിനിര്‍ത്തപ്പെട്ടരുത് എന്ന നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയം ധീവരസഭാ ഗോൾഡൻ ജൂബിലി സമ്മേളനത്തിന് പുതിയൊരു ഊര്‍ജം പകരുന്നു. ഇത് ഒരു സമ്മേളനം മാത്രമല്ല, നവഭാരത നിര്‍മിതിയില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ തയാറെടുക്കുന്ന ഒരു സമൂഹത്തിന്‍റെ പ്രഖ്യാപനം കൂടിയാണ്.

(അഖില കേരള ധീവര സഭ സീനിയര്‍ വൈസ് പ്രസിഡന്‍റും ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകന്‍)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com