

വെറ്റ് ബൾബ് ടെംപെറേച്ചർ
file photo
അജയൻ
കേരളത്തിലെ തീരദേശങ്ങളിൽ വേനൽമഴയുടെ ഇടവേളകളിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗങ്ങൾ കൂടുതൽ അപകടകരമാകുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഈർപ്പത്തിന്‍റെ അളവ് കൂടുന്ന (Humid heatwaves) ഇത്തരം സാഹചര്യങ്ങൾ ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
യുകെയിലെ റീഡിങ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. പ്രശസ്തമായ "ക്ലൈമറ്റ് ഡയനാമിക്സ്' ജേർണലിൽ പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെറ്റ് ബൾബ് ടെംപെറേച്ചർ
വരണ്ട ചൂടിനെക്കാൾ മനുഷ്യശരീരത്തിന് അപകടകരമാണ് അന്തരീക്ഷത്തിൽ ഈർപ്പം അധികമായുള്ള ചൂട്. ഇതിനെ അളക്കാൻ "വെറ്റ് ബൾബ് ടെംപെറേച്ചർ'എന്ന സങ്കേതമാണ് ഉപയോഗിക്കുന്നത്.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുമ്പോൾ ശരീരത്തെ തണുപ്പിക്കാനുള്ള സ്വാഭാവിക പ്രക്രിയയായ വിയർപ്പ് ആവിയാകുന്നത് തടസപ്പെടുന്നു എന്നതാണ് ഇതിലെ അപകടം. വിയർപ്പ് ആവിയാകാതെ വരുമ്പോൾ ശരീരോഷ്മാവ് അപകടകരമായി ഉയരുകയും ഹൃദയരക്തധമനികളിൽ സമ്മർദം വർധിക്കുകയും ചെയ്യുന്നു. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നതിനു കാരണമായേക്കാം.
പ്രധാന കണ്ടെത്തലുകൾ
യുകെ മെറ്റ് ഓഫിസ്, ലീഡ്സ് യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി എന്നിവിടങ്ങളിലെ ഗവേഷകരുടെ സഹകരണത്തോടെ, ഡോ. അക്ഷയ് ദേവറസ് ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. 1940 മുതൽ 2023 വരെ, 84 വർഷത്തെ അന്തരീക്ഷ വിവരങ്ങളാണ് ഇതിനു വേണ്ടി വിശകലനം ചെയ്തത്.
മൺസൂൺ ഒരു ഇടവേള ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗ സാധ്യത വർധിക്കുന്നതെന്ന് ഇതിൽ വ്യക്തമായി. ഉൾനാടൻ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തീരദേശത്താണ് ഇതിന്‍റെ ആഘാതം കൂടുതലുണ്ടാകുക.
മുൻകരുതൽ അനിവാര്യം
ഇത്തരം ഉഷ്ണസമ്മർദങ്ങൾ നാല് ആഴ്ചകൾക്ക് മുൻപേ പ്രവചിക്കാൻ കഴിയുമെന്നതാണ് ആശ്വാസകരമായ കാര്യം. ഇതുവഴി ആശുപത്രികളിൽ ആവശ്യമായ ജീവനക്കാരെയും സജ്ജീകരണങ്ങളെയും ക്രമീകരിക്കാൻ സാധിക്കും. സ്കൂൾ സമയത്തിൽ മാറ്റം വരുത്താം. നഗരങ്ങളിൽ ശീതീകരണ കേന്ദ്രങ്ങൾ തുറക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സമയം ലഭിക്കും. വൈദ്യുതി ഉപയോഗം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങൾക്ക് മുൻകൂട്ടി തയാറെടുക്കാനും സമയം കിട്ടും.
"ഇന്ത്യയിൽ വരണ്ട ഉഷ്ണതരംഗങ്ങളെക്കുറിച്ച് ആളുകൾ ബോധവാന്മാരാണ്. എന്നാൽ, ഈർപ്പമുള്ള ചൂടിനെക്കുറിച്ച് അത്ര അവബോധമില്ലാത്തതിനാൽ അത് കൂടുതൽ അപകടകരമാണ്," ഡോ. അക്ഷയ് ദേവറസ് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ഗവേഷകസംഘം വ്യക്തമാക്കുന്നു.