ആവശ്യകത, തൊഴിൽ, ആത്മനിർഭരതയിലൂന്നിയ വളർച്ച

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന തുണിത്തര- വസ്ത്ര മേഖല
Textile and apparel sector shaping India's future

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന തുണിത്തര- വസ്ത്ര മേഖല

file photo

Updated on

ഗിരിരാജ് സിങ്

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി

ഓരോ ഇന്ത്യൻ വസ്ത്ര, തുണിത്തര ഉത്പന്നത്തിനു പിന്നിലും പ്രചോദനാത്മകമായ ഒരു കഥയുണ്ട്. ധൈര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ശാന്തമായ പരിവർത്തനത്തിന്‍റെയും കഥ. അഭിമാനപൂർവം തൊഴിൽ ലോകത്തേക്ക് പ്രവേശിച്ച ഒരു വനിതയുടെ കഥ; സ്ഥിരവരുമാനത്തിലൂടെ സുരക്ഷയും സമൃദ്ധിയും കണ്ടെത്തിയ ഒരു കുടുംബത്തിന്‍റെ കഥ.

നൈപുണ്യത്തെ സ്വയംപര്യാപ്തതയിലേക്ക് പരിവർത്തനം ചെയ്യുന്നതിലൂടെ പുതുതലമുറ സംരംഭക സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നത്തിൽ ഈ മേഖല നിർണായക പങ്ക് വഹിക്കുന്നു. 11 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക, ദാർശനിക നേതൃത്വത്തിൽ ഇന്ത്യയുടെ വസ്ത്ര, തുണിത്തര നിർമാണ മേഖല ഒരു പൈതൃക വ്യവസായമെന്നതിലുപരി, ആത്മനിർഭര ഭാരതത്തിന്‍റെ യഥാർഥ ആത്മാവിനെ ഉൾക്കൊള്ളുകയും വിപുലമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജന കേന്ദ്രീകൃത വളർച്ചയുടെ എൻജിനായി മാറുകയും ചെയ്തു.

വളർച്ചയുടെ അടിസ്ഥാനശിലകൾ

ശക്തമായ ആഭ്യന്തര ആവശ്യകതയും വർധിക്കുന്ന ഉപഭോഗവുമാണ് ഇന്ത്യയുടെ വസ്ത്ര, തുണിത്തര നിർമാണ മേഖലയുടെ പുനരുജ്ജീവനത്തിന് ആധാരം. യുവത്വവും അഭിലാഷവും ഒത്തുചേർന്ന്, നഗര- ഗ്രാമ ഭേദമന്യേ ഉയർന്നു വരുന്ന 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വസ്ത്ര വിപണികളിൽ ഒന്നാണ്. നമ്മുടെ ആഭ്യന്തര തുണിത്തര വിപണി, കേവലം 5 വർഷത്തിനുള്ളിൽ ഏകദേശം 8.4 ലക്ഷം കോടിയിൽ നിന്ന് 13 ലക്ഷം കോടി രൂപയായി വളർന്നു. കഴിഞ്ഞ ദശകത്തിൽ പ്രതിശീർഷ തുണിത്തര ഉപഭോഗം ഏതാണ്ട് ഇരട്ടിയായി, 2014-15ലെ ഏകദേശം ₹3,000ൽ നിന്ന് ₹6,000ലധികമായി ഇത് ഉയർന്നു, 2024-25 ൽ ₹12,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

കയറ്റുമതിയിലും സമാനമായ പുരോഗതി കണ്ടു. കൊവിഡ് ബാധിതമായ 2019-20-ലെ ₹2.49 ലക്ഷം കോടിയിൽ നിന്ന് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി 2024-25ൽ ഏകദേശം ₹3.5 ലക്ഷം കോടിയായി. കൊവിഡിനു ശേഷമുള്ള കാലയളവിൽ മേഖല 28% വളർച്ച രേഖപ്പെടുത്തി. ആഗോള ആവശ്യകത വീണ്ടും വർധിക്കുമ്പോൾ ഉത്പാദനം ത്വരിതപ്പെടുത്താനും, നിർണായകമായ വസ്ത്ര- തുണിത്തര നിർമാണ മൂല്യ ശൃംഖലയിലുടനീളമുള്ള കയറ്റുമതി വളർച്ചയെ തൊഴിലവസരങ്ങളായി പരിവർത്തനം ചെയ്യാനുമുള്ള ഇന്ത്യയുടെ ശേഷി ഈ ശക്തമായ തിരിച്ചുവരവ് വെളിവാക്കുന്നു.

തൊഴിൽ ശക്തിയുടെ പുനരുജ്ജീവനം

ഇന്ത്യയുടെ തൊഴിൽ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വസ്ത്ര, തുണിത്തര നിർമാണ മേഖല തുടരുന്നു. ഇന്ന് കൃഷി കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽദാതാവാണ് ഈ മേഖല. 2023-24ലെ കണക്കനുസരിച്ച് ഏകദേശം 5.6 കോടി പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. 2014ന് ശേഷം ഈ തൊഴിൽ ശക്തി ഇരട്ടിയായി. കൊവിഡിനു ശേഷം 2020 മുതൽ സംഘടിത മേഖലയിൽ മാത്രം കയറ്റുമതി അധിഷ്ഠിത വളർച്ചയിലൂടെ ഏകദേശം 1.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വിപുലമായ അസംഘടിത ആവാസവ്യവസ്ഥ കൂടി കണക്കിലെടുക്കുമ്പോൾ, സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ അതിലും ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും സ്ഥിരതയാർന്നതുമായ ഉപജീവനമാർഗങ്ങളിലൊന്നാണ് വസ്ത്ര, തുണിത്തര നിർമാണ മേഖല.

കാര്യക്ഷമത, തയ്യൽ മെഷീന്‍റെ സ്വാധീനം

കയറ്റുമതി മേഖലയിലെ ഈ പ്രതിരോധ ശേഷിയുടെ പിന്നിൽ കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള വളർച്ച നിർണായകമായി വർത്തിക്കുന്നു. കഴിഞ്ഞ ദശകത്തിലെ വസ്ത്ര, തുണിത്തര നിർമാണ മേഖലയിലെ ബൃഹത്തായ വളർച്ചയ്ക്ക് കരുത്ത് പകർന്നത് അധികമാരും അറിയാത്ത ഒരു നായകനാണ്: തയ്യൽ മെഷീൻ. ഒരു യന്ത്രം എന്നതിലുപരിയായി, വളർച്ചയ്ക്കുള്ള പ്രേരകശക്തിയായി ഇത് മാറിയിരിക്കുന്നു.

ചിലപ്പോഴെങ്കിലും വിപുലമായ തൊഴിലവസരങ്ങളും വ്യാവസായിക പരിവർത്തനവും ആരംഭിക്കുന്നത് ചെറിയ യന്ത്രങ്ങളിൽ നിന്നാണെന്ന് ഇത് തെളിയിക്കുന്നു. കൊവിഡിന് ശേഷം മാത്രം 1.8 കോടിയിലധികം തയ്യൽ മെഷീനുകൾ ഇന്ത്യയുടെ ഉത്പാദന ആവാസവ്യവസ്ഥയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. 2024-25ൽ, ഇറക്കുമതി റെക്കോർഡ് സൃഷ്ടിക്കുകയും 61 ലക്ഷം മെഷീനുകളിലെത്തുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. വസ്ത്ര, തുണിത്തര നിർമാണ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 1.7 തൊഴിലാളികൾക്ക് ഓരോ മെഷീനും തൊഴിൽ നൽകുന്നു. കൊവിഡിനു ശേഷം തയ്യൽ മെഷീൻ ഇറക്കുമതിയിലുണ്ടായ കുതിച്ചുചാട്ടം മേഖലയിലുടനീളം 3 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

അന്താരാഷ്‌ട്ര രംഗത്തെ വസ്ത്ര, തുണിത്തര വ്യാപാരികൾ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചെത്തിയപ്പോൾ നമ്മുടെ ഫാക്റ്ററികൾ സുസജ്ജമായിരിക്കാൻ കാരണമെന്താണെന്ന് ശേഷിയിലെ ഈ കുതിച്ചുചാട്ടം വിശദീകരിക്കുന്നു. ഉയർന്ന ഉത്പാദനം, ഓർഡർ ചെയ്ത ശേഷമുള്ള കാത്തിരിപ്പ് സമയത്തിലെ കുറവ് (Lead times), ശക്തമായ അനുവർത്തനം എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞു. തൊഴിലവസര സൃഷ്ടി ആധുനിക ഫാക്റ്ററികളിൽ അവസാനിക്കുന്നില്ല. യൂണിറ്റുകൾ നവീകരിക്കുമ്പോൾ, പഴയ മെഷീനുകൾ വീണ്ടും വിപണിയിലെത്തുകയും (Grey market) ചെറുകിട സംരംഭങ്ങൾ, തയ്യൽ യൂണിറ്റുകൾ, ഗാർഹിക ബിസിനസുകൾ എന്നിവയിലൂടെ പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നു, ഇത് അടിസ്ഥാനതലത്തിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നു.

വനിതകൾ, ഗ്രാമീണ യുവാക്കൾ, ഒന്നാം തലമുറ സംരംഭകർ എന്നിവരാണ് ഈ വികേന്ദ്രീകൃത വികാസത്തിന്‍റെ കേന്ദ്രബിന്ദു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലിന്‍റെ പൂർണ തോത് തിരിച്ചറിയാനും കണക്കാക്കാനും, ജില്ലാ തല ടെക്സ്റ്റൈൽസ് ട്രാൻസ്ഫോർമേഷൻ (District Led Textiles Transformation- DLTT) സംരംഭം സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഫാക്റ്ററികളിൽ നിന്ന് കരകൗശല വിദഗ്ധരിലേക്ക്

2030ലേക്കുള്ള നമ്മുടെ ദർശനം സുവ്യക്തമാണ്: തൊഴിലിന്‍റെയും സമഗ്ര വളർച്ചയുടെയും ഏറ്റവും ശക്തമായ എൻജിനുകളിൽ ഒന്നായി ഇന്ത്യയിലെ വസ്ത്ര, തുണിത്തര നിർമാണ മേഖലയെ സ്ഥാപിക്കുക എന്നതാണ് ആ ദർശനം. ഫാസ്റ്റ് ഫാഷൻ പുതിയ ചാലകശക്തിയായി ഉയർന്നുവരുന്നു. ഇന്ന് 20 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ആഗോള ഫാസ്റ്റ് ഫാഷൻ വിപണി 2030 ആകുമ്പോഴേക്കും 60 ബില്യനിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചടുലമായ ഉത്പാദനത്തിനും അതിവേഗ വളർച്ചയ്ക്കുമുള്ള സാധ്യതകൾ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇതുമൂലം അടുത്ത 4 വർഷത്തിനുള്ളിൽ 40 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പിഎം മിത്ര പാർക്കുകളിലൂടെ മാത്രം 20 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാം. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി മുഖേന പുതിയ ഫാക്റ്ററികളിലൂടെയും പുതിയ നിക്ഷേപങ്ങളിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും 3 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. വിശാലമായ തുണിത്തരങ്ങളുടെ മൂല്യ ശൃംഖല ഏകദേശം 50 ലക്ഷം അധിക ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ തുണിത്തരങ്ങളുടെ കയറ്റുമതിയും തൊഴിലവസരങ്ങളും വർധിപ്പിക്കും. ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പുതിയ വിപണികൾ തുറക്കും, മത്സരശേഷി വർധിപ്പിക്കും, ഒരു തൊഴിൽ തരംഗം തന്നെ സൃഷ്ടിക്കും.

വ്യാവസായിക വളർച്ചയ്‌ക്കൊപ്പം കൈത്തറി, കരകൗശല മേഖലയും സുസ്ഥിരമായ തൊഴിൽ ഉറപ്പാക്കുന്നത് തുടരുകയാണ്. 65 ലക്ഷത്തിലധികം കരകൗശല വിദഗ്ധരെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുന്ന ഈ മേഖല, പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള ഉത്പന്നങ്ങളുടെ ആഗോള ആവശ്യകതയ്ക്ക് അനുപൂരകമാണ്. നിലവിൽ കയറ്റുമതി ഏകദേശം 50,000 കോടി രൂപയാണ്, 2032 ആകുമ്പോഴേക്കും ഇരട്ടിയിലേക്ക്, അതായത് 1 ലക്ഷം കോടി രൂപയിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്രീകൃത പദ്ധതികളിലൂടെയും വിപണി പ്രവേശന ഇടപെടലുകളിലൂടെയും 2030ഓടെ 20 ലക്ഷം കരകൗശല വിദഗ്ധരെയും നെയ്ത്തുകാരെയും തൊഴിൽ ശക്തിയിൽ സംയോജിപ്പിക്കാം.

ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നു

വിപുലവും വൈവിധ്യപൂർണവും സർവാശ്ലേഷിയുമായ തൊഴിലവസരങ്ങളാണ് ടെക്സ്റ്റൈൽ രംഗത്തെ ഇന്ത്യയുടെ വിജയഗാഥയെ രൂപപ്പെടുത്തുന്നത്. കൊവിഡിന് ശേഷം, 2020 മുതൽ 2030 വരെയുള്ള ദശകത്തിൽ മേഖലയെ പുനർനിർവചിക്കാനും സംഘടിത, അസംഘടിത മേഖലകളിലായി 5 കോടിയിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഒരുങ്ങുകയാണ് ഇന്ത്യൻ വസ്ത്ര, തുണിത്തര നിർമാണ മേഖല. ഇത് ഒന്നാം തലമുറ സംരംഭകരെ വളർത്തിയെടുക്കും, വനിതകൾക്ക് സ്ഥിരതയാർന്ന തൊഴിലവസരങ്ങളൊരുക്കും, ഗ്രാമീണ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കും.

2047ൽ വികസിത ഭാരതം സാക്ഷാത്ക്കരിക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യ മുന്നേറുമ്പോൾ, ആധുനീകരിക്കപ്പെട്ട ഉത്പാദന ശേഷി, നൈപുണ്യമുള്ള തൊഴിലാളികൾ, ശക്തവും സ്ഥിരതയാർന്നതുമായ ആവശ്യകത എന്നിവ സമന്വയിപ്പിച്ച് ആഗോളതലത്തിൽ മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും മാന്യമായ വളർച്ച ഉറപ്പാക്കുന്നതിലും വസ്ത്രഋ തുണിത്തര നിർമാണ മേഖല സുപ്രധാന പങ്ക് വഹിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com