പുതു തലമുറ ജിഎസ്ടിയും ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയും

നിരക്കുകളിലെ മാറ്റങ്ങൾ 2025 സെപ്റ്റംബർ 22ന് പ്രാബല്യത്തിൽവന്നു
New Generation GST and India's Next Phase of Growth

പുതു തലമുറ ജിഎസ്ടിയും ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയും

Updated on: 

നിർമല സീതാരാമൻ

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി

വികസിത ഭാരതമായി മാറാനുള്ള രാജ്യത്തിന്‍റെ ലക്ഷ്യത്തിന് ഏതു തരം സംരംഭങ്ങൾക്കും അവ ഏതു തലത്തിൽ നിന്നു തുടങ്ങിയാലും, വളരാൻ സാധിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ ആവശ്യമാണ്. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ, അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ സർക്കാർ ശ്രമിച്ചിട്ടുണ്ട്. 2017ൽ ജിഎസ്ടിയുടെ ആവിർഭാവം പരോക്ഷ നികുതിക്കായി ഒരു പൊതു ദേശീയ ചട്ടക്കൂട് സ്ഥാപിച്ചു. ഒമ്പതു വർഷത്തെ പരിചയവും നികുതിദായകരുടെയും സംസ്ഥാനങ്ങളുടെയും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ട് അടുത്ത തലമുറ ജിഎസ്ടി (നെക്സ്റ്റ് ജെൻ ജിഎസ്ടി) ആ ശ്രമങ്ങളെ മുന്നോട്ടുനയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, അടുത്ത തലമുറ ജിഎസ്ടി രണ്ടു പരസ്പരബന്ധിതമായ ലക്ഷ്യങ്ങളോടെയാണ് വിഭാവനം ചെയ്തത്: നികുതി നിരക്കുകൾ കുറയ്ക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക, നികുതി സംബന്ധമായ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയാണവ. നിരക്കുകളിലെ മാറ്റങ്ങൾ 2025 സെപ്റ്റംബർ 22ന് പ്രാബല്യത്തിൽവന്നു. പ്രക്രിയ പരിഷ്കരണങ്ങളുടെ അടുത്ത ഘട്ടം വൈകാതെ തന്നെ ജിഎസ്ടി കൗൺസിലിന് മുന്നിലെത്തും. കുടുംബങ്ങൾക്ക് ആശ്വാസം നൽകുക, ബിസിനസുകൾക്ക് കൂടുതൽ ഉറപ്പു നൽകുക, അനാവശ്യ ബുദ്ധിമുട്ടുകളില്ലാതെ ബാധ്യതകൾ നിറവേറ്റാൻ കഴിയുന്ന ഒരു സംവിധാനം നികുതിദായകർക്കായി ഒരുക്കുക എന്നിവയാണ് ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഈ പ്രക്രിയയിലുടനീളം സംസ്ഥാനങ്ങൾ പങ്കാളികളായിരുന്നു. അവർ തങ്ങളുടെ മുൻഗണനകളും അനുഭവങ്ങളും കൗൺസിലിലേക്ക് കൊണ്ടുവരികയും തീരുമാനങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുകയും അവ നടപ്പിലാക്കാൻ മുന്നോട്ടുവരികയും ചെയ്തു. ആ പ്രതിബദ്ധതയ്ക്ക് ഞാൻ അവരോട് നന്ദി പറയുന്നു. ഓരോ ഗവൺമെന്‍റിന്‍റെയും ഉത്തരവാദിത്തങ്ങളെ മാനിച്ചുകൊണ്ടുതന്നെ ഒരു പൊതു ദേശീയ ലക്ഷ്യത്തിനായി മുന്നോട്ടുപോകാനുള്ള സന്നദ്ധതയിലാണ് ജിഎസ്ടിയുടെ പുരോഗതി നിലകൊള്ളുന്നത്. ഇതിന്‍റെ ഫലങ്ങൾ ആത്മവിശ്വാസത്തിന് വക നൽകുന്നു. 2025 ഒക്റ്റോബറിനും 2026 ജൂലൈയ്ക്കും ഇടയിൽ, റിപ്പോർട്ട് ചെയ്ത നികുതിയോഗ്യമായ സാധന, സേവന വിതരണത്തിന്‍റെ മൂല്യം മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 25.8% വർധിച്ചു. ലളിതമായ നിരക്ക് ഘടനയോടൊപ്പം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗണ്യമായ വികാസവും ഉണ്ടായിട്ടുണ്ട്. സംരംഭങ്ങളെയും പൊതു ധനകാര്യത്തെയും ഒരുപോലെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കരണത്തിന് ഇതൊരു പ്രോത്സാഹജനകമായ അടിത്തറയാണ്.

ആ പ്രതിരോധശേഷി ഏറ്റവും പുതിയ റവന്യൂ കണക്കുകളിൽ പ്രകടമാണ്. 2026 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ മൊത്തം ജിഎസ്ടി വരുമാനം 12.46 ലക്ഷം കോടി രൂപയിലെത്തി. ഇതു കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 11.6% കൂടുതലാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഓരോ മാസത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തി. ഈ നാലു മാസങ്ങളിലെ മൊത്തം വരുമാനത്തിൽ ഏകദേശം 15 ശതമാനം വർധനയുണ്ടായി. റീഫണ്ടുകൾക്ക് ശേഷമുള്ള അറ്റവരുമാനവും അർധ വാർഷിക കാലയളവിൽ 10.4% വളർച്ച കൈവരിച്ചു. നികുതിദായകർക്കുള്ള ആശ്വാസവും വികസന പ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങളുടെ വളർച്ചയും ഒരുമിച്ച് മുന്നേറുകയാണ്.വളർച്ചയുടെ വ്യാപ്തി പോലെ തന്നെ അതിന്‍റെ വിശാലതയും പ്രധാനമാണ്. നികുതി വിധേയമായ വിതരണങ്ങൾ 11 മേഖലകളിലും എല്ലാ പ്രധാന സംസ്ഥാനങ്ങളിലും വളർച്ച രേഖപ്പെടുത്തി. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ ഈ വ്യാപനം ഏറെ ശ്രദ്ധേയമാണ്. മേഖലകളിലുടനീളമുള്ളതും പ്രാദേശികവുമായ ഈ വളർച്ച, കൂടുതൽ ബിസിനസുകൾക്ക് വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ പങ്കാളികളാകാനും അതിന്‍റെ ഫലമായുണ്ടാകുന്ന ആവശ്യകത, നിക്ഷേപം, തൊഴിൽ എന്നിവയുടെ പ്രയോജനം കൂടുതൽ ജനവിഭാഗങ്ങൾക്ക് ലഭിക്കാനും അവസരമൊരുക്കുന്നു.

പരിഷ്കരണത്തിനുശേഷമുള്ള കണക്കുകൾ പ്രകാരം ഉപഭോക്താക്കൾക്കുള്ള നേരിട്ടുള്ള വിൽപ്പനയിലും (ബിടുസി) 26.7% വർധനവുണ്ടായി. നികുതി ഇളവുകൾ വിലകളിൽ പ്രതിഫലിക്കുമ്പോൾ, കുടുംബങ്ങൾക്ക് മറ്റ് ആവശ്യങ്ങൾ നിറവേറ്റാനോ പണം സമ്പാദിക്കാനോ കൂടുതൽ സാഹചര്യമൊരുങ്ങുന്നു. ഉപഭോക്താക്കൾക്കുള്ള ആശ്വാസവും സംരംഭങ്ങളുടെ വളർച്ചയും പരസ്പരബന്ധിതമാണ്: കുടുംബങ്ങളുടെ വാങ്ങൽ ശേഷിയാണ് ബിസിനസുകൾ ലഭ്യമാക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യം നിലനിർത്തുന്നത്. ഇതിന്‍റെ പ്രയോജനം വീടുകളിൽ നിന്ന് തുടങ്ങി റീട്ടെയ്‌ലർമാർക്കും വിതരണക്കാർക്കും നിർമാതാക്കൾക്കും വരെ ലഭിക്കുന്നു.

ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ തൊട്ടടുത്ത പ്രദേശങ്ങൾക്കപ്പുറമുള്ള ഉപഭോക്താക്കളിലേക്ക് പ്രായോഗികമായ വഴി തുറന്നുനൽകുന്നു എന്നതിലാണ് ഒരു ദേശീയ വിപണിയുടെ മൂല്യം നിലകൊള്ളുന്നത്. ടയർ-2, ടയർ-3 നഗരങ്ങളിലെ ബിസിനസുകൾക്ക് തദ്ദേശീയമായി നിക്ഷേപം നടത്താനും തൊഴിൽ നൽകാനും സാധിക്കുന്നതോടൊപ്പം ഇത്തരം ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയണം. ഈ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന സംരംഭങ്ങൾക്ക് പ്രാദേശിക വിതരണക്കാർക്കും ഏജന്‍റുമാർക്കുമായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ജിഎസ്ടിയുടെ പൊതുവായ ചട്ടക്കൂട് ഈ ബന്ധങ്ങളെ പിന്തുണയ്ക്കുന്നു. കൂടുതൽ ലളിതമായ ഭരണനിർവഹണം അവയുടെ നിലനിൽപ്പ് എളുപ്പമാക്കണം.ഈ ചട്ടക്കൂടിലുള്ള പങ്കാളിത്തം വളരെ വലുതാണ്. കേന്ദ്ര-സംസ്ഥാന പരിധിയിലുള്ള മൊത്തം ജിഎസ്ടി രജിസ്ട്രേഷനുകൾ ഓഗസ്റ്റ് അവസാനത്തോടെ ഏകദേശം 1.71 കോടിയായി ഉയർന്നു. ഇതു ഒരു വർഷം മുൻപത്തെ അപേക്ഷിച്ച് 15% വർധനയാണ്. 2026 ഏപ്രിൽ-ജൂലൈ കാലയളവിൽ, നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിച്ച ജിഎസ്ടിആർ-ത്രീബി റിട്ടേണുകൾ കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 12.6% കൂടുതലായിരുന്നു. ഈ പുരോഗതി ഭരണസംവിധാനത്തിന് തുല്യമായ ഒരു ഉത്തരവാദിത്തം നൽകുന്നു. വിശ്വസനീയമായ സേവനം, വ്യക്തമായ മാർഗനിർദേശം, ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കൽ എന്നിവയിലൂടെ കൃത്യമായ നികുതി പാലനം ഉറപ്പാക്കേണ്ടതുണ്ട്.

ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്‍റെ പ്രവർത്തനം ഇതിന്‍റെ മറ്റൊരു പ്രധാന ഭാഗമാണ്. നികുതി ബാധ്യത തീർപ്പാക്കുന്നതിൽ ക്രെഡിറ്റുകളുടെ പങ്ക് വർധിച്ചതായും, നികുതിയോഗ്യമായ വിതരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സഞ്ചിത ക്രെഡിറ്റ് കുറഞ്ഞതായും പരിഷ്കരണത്തിന് ശേഷമുള്ള കണക്കുകൾ വ്യക്തമാക്കുന്നു. അർഹമായ ക്രെഡിറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന ബിസിനസുകൾക്ക് ഇതു പ്രോത്സാഹജനകമാണ്. ഒരു ചെറിയ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം, അതിന്‍റെ പ്രവർത്തന മൂലധനമാണ് എത്ര എളുപ്പത്തിൽ സാധനങ്ങൾ വാങ്ങാനും ഒരു ഓർഡർ പൂർത്തിയാക്കി അടുത്തതിലേക്ക് കടക്കാനും സാധിക്കുമെന്നത് നിർണയിക്കുന്നത്.

റീഫണ്ടുകൾക്കും തുല്യമായ പ്രാധാന്യമുണ്ട്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഏകദേശം 1.80 ലക്ഷം കോടി രൂപയാണ് റീഫണ്ടായി നൽകിയത്. ബിസിനസുകൾക്ക് അർഹമായ തുക തിരികെ നൽകുന്നത് കൃത്യമായി പ്രവർത്തിക്കുന്ന ഒരു നികുതി വ്യവസ്ഥയുടെ ഭാഗമാണ്. ഈ പ്രക്രിയയിൽ കൂടുതൽ വ്യക്തതയും കൃത്യതയും ഉണ്ടാകുന്നത് വാങ്ങലുകളും ഉത്പാദനവും കൂടുതൽ ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാൻ സംരംഭങ്ങളെ സഹായിക്കും. അർഹമായ റീഫണ്ട് സമയബന്ധിതമായി നികുതിദായകന് ലഭിക്കുക എന്നത് ഭരണനിർവഹണക്ഷമതയുടെ പ്രധാനപ്പെട്ട മാനദണ്ഡമാണ്.

സംസ്ഥാനങ്ങളുടെ വരുമാന സ്ഥിതിയും കൂടുതൽ ശക്തമാണ്. ഐജിഎസ്ടി വിഹിതം ഉൾപ്പെടെയുള്ള അവയുടെ മൊത്തം എസ്ജിഎസ്ടി വരുമാനം ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഏകദേശം 16% ഉയർന്നു. ഈ വിഭവങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുസേവനങ്ങളിലുമുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നു. ഇതു കുടുംബങ്ങൾക്കും സംരംഭങ്ങൾക്കും തങ്ങളുടെ ലക്ഷ്യങ്ങൾ പിന്തുടരുന്നതിനുള്ള മികച്ച സാഹചര്യമൊരുക്കുന്നു. അതിനാൽ, ഈ നേട്ടങ്ങൾക്ക് പരസ്പരം ശക്തിപകരാൻ കഴിയും: കുടുംബങ്ങൾക്കുള്ള ആശ്വാസം ആവശ്യകതയെ പിന്തുണയ്ക്കുന്നു, സംരംഭങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു, പൊതു വരുമാനം വികസന പ്രവർത്തനങ്ങൾ നിലനിർത്താൻ സഹായിക്കുന്നു.

മുന്നോട്ടുള്ള പ്രവർത്തനങ്ങളിലേക്കും ഈ അനുഭവം വിരൽചൂണ്ടുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതി, ചെറിയ പങ്കാളികൾക്ക് അതു വരുത്തിവയ്ക്കുന്ന ചെലവുകളെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കണം. അവരുടെ സമയവും വിഭവങ്ങളും പരിമിതമാണ്. റിട്ടേൺ സമർപ്പണം, ക്രെഡിറ്റ് അല്ലെങ്കിൽ റീഫണ്ടുകൾ എന്നിവയിലെ ഓരോ പുരോഗതിയും ബിസിനസ് നടത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ആ വിഭവങ്ങൾ കൂടുതൽ വിനിയോഗിക്കാൻ അവരെ അനുവദിക്കണം.ഒക്റ്റോബർ 7ന് കൗൺസിലിനു മുന്നിൽവരുന്ന നിർദേശങ്ങൾ സംസ്ഥാനങ്ങളുമായുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയാണ് രൂപപ്പെടുത്തിയത്. രജിസ്ട്രേഷൻ, റിട്ടേണുകൾ, റീഫണ്ടുകൾ, തർക്കങ്ങൾ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്‍റെ തടസമില്ലാത്ത ലഭ്യത എന്നിവ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അതുവഴി നികുതി പാലനത്തിനായുള്ള സമയവും ചെലവും കുറയ്ക്കാനും ഇവ ലക്ഷ്യമിടുന്നു. നികുതിദായകരുടെ അനുഭവങ്ങൾ തന്നെയാവണം തുടർന്നുള്ള പ്രവർത്തനങ്ങൾക്കും വഴികാട്ടിയാകേണ്ടത്.

ജിഎസ്ടിയുടെ വളർന്നുവരുന്ന പക്വത, പരിഷ്കരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ശക്തമായൊരു അടിത്തറ നൽകുന്നു. വ്യക്തത, നിശ്ചയദാർഢ്യം, നികുതിദായകരോടുള്ള ബഹുമാനം എന്നീ കാര്യങ്ങളിലുള്ള അതേ പ്രതിബദ്ധത തന്നെയാണ് പ്രത്യക്ഷ നികുതികളിലെ പ്രവർത്തനങ്ങൾക്കും വഴികാട്ടുന്നത്. വിശ്വസനീയമായ ഒരു നികുതി വ്യവസ്ഥ, തങ്ങളുടെ തത്സമയ ബാധ്യതകൾക്കപ്പുറം ചിന്തിക്കാനും ഫലം തരാൻ സമയമെടുക്കുന്ന അവസരങ്ങളിൽ നിക്ഷേപിക്കാനും സംരംഭങ്ങളെ പ്രാപ്തരാക്കുന്നു. അവർ എവിടെ പ്രവർത്തിച്ചാലും അവർക്കുണ്ടാകുന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസിത ഭാരതത്തിന്‍റെ സാമ്പത്തിക കരുത്ത് കെട്ടിപ്പടുക്കാൻ സഹായിക്കും.

logo
Metro Vaartha
www.metrovaartha.com