

ഇന്ത്യ- ഇയു കരാർ: വസ്ത്രവ്യാപാര മേഖലയിൽ ചരിത്ര മുന്നേറ്റം
file photo
ഗിരിരാജ് സിങ്
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി
ലോകത്തിന് അവഗണിക്കാനാകാത്ത വിധം ഇന്ത്യ ആഗോള വേദിയിലേക്കു ചുവടുവയ്ക്കുന്നു. 16ാമത് ഉച്ചകോടിയിൽ ഇന്ത്യ- യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്‍റ് -എഫ്ടിഎ) ഔദ്യോഗികമായി പൂർത്തീകരിച്ചു. ദശാബ്ദങ്ങളായുള്ള ദീർഘവീക്ഷണത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ സാമ്പത്തിക നേതൃത്വത്തിന്‍റെയും ഫലമായി പിറവിയെടുത്ത ചരിത്ര നിമിഷമാണിത്.
ലോകത്തെ നാലാമത്തെയും രണ്ടാമത്തെയും വലിയ സാമ്പത്തിക ശക്തികളായ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ആഗോള ജിഡിപിയുടെ ഏകദേശം 25% കൈയാളുന്നു. ഈ രണ്ടു സാമ്പത്തിക ഭീമന്മാരും "ഇന്ത്യ- ഇയു സ്വതന്ത്ര വ്യാപാര കരാറിൽ' ഒപ്പുവച്ചപ്പോൾ, അത് വെറും വ്യാപാര ഉടമ്പടി എന്നതിലുപരി, വ്യാപ്തിയിലും തന്ത്രപരമായ പ്രാധാന്യത്തിലും എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവായി മാറി. ഈ കരാറിലേക്കുള്ള ഈ യാത്ര ഭരണ നിർവഹണത്തിലെ പ്രകടമായ വ്യത്യാസം എടുത്തുകാട്ടുന്നു. 2014നു മുമ്പു കേവലം 19 രാജ്യങ്ങളുമായി മാത്രം വ്യാപാര ലഭ്യത ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 56 രാജ്യങ്ങളിലേക്ക് വളർന്നു. ഇന്ത്യ- ഇയു കരാറിലൂടെ മാത്രം ഉയർന്ന മൂല്യമുള്ള 27 വിപണികളാണു തുറക്കപ്പെടുന്നത്. ഇതു വ്യക്തവും ഫലപ്രാപ്തിയിൽ അധിഷ്ഠിതവുമായ ഭരണനിർവഹണത്തിന്‍റെ പ്രതിഫലനമാണ്.
ഗിരിരാജ് സിങ്
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി
file photo
ലോകത്തെ തുണിത്തര- വസ്ത്രവ്യാപാര മേഖല ഇന്ന് 1.1 ട്രില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ളതാണ്. ഇത് ആഗോളതലത്തിലുള്ള ആവശ്യകതയുടെ വ്യാപ്തിയും ചലനാത്മകതയും പ്രതിഫലിപ്പിക്കുന്നു. ആഗോള ഇറക്കുമതി 2001ലെ 366.8 ശതകോടി ഡോളറിൽ നിന്ന് 2024ൽ ഏകദേശം 800 ശതകോടി ഡോളറായി ഇരട്ടിയിലധികം വർധിച്ചു. അന്താരാഷ്‌ട്ര വ്യാപാരത്തിലെ സുസ്ഥിര വികാസമാണ് ഇത് അടിവരയിടുന്നത്. ഈ പശ്ചാത്തലത്തിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ക്രമാനുഗതമായി കരുത്തുറ്റതാക്കി. മൊത്തത്തിലുള്ള വസ്ത്രവ്യാപാര കയറ്റുമതി 10 ശതകോടി ഡോളറിൽ നിന്ന് ഏകദേശം 40 ശതകോടിയായി ഉയർന്നു. ഇത് ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ സാന്നിധ്യത്തിൽ വലിയ വർധന രേഖപ്പെടുത്തുന്നു.
ആഭ്യന്തര തലത്തിലും ഈ മുന്നേറ്റം അതുപോലെ കരുത്തുറ്റതാണ്. ഉപഭോക്തൃ ആവശ്യകതയും വർധിച്ചുവരുന്ന വാങ്ങൽശേഷിയും കാരണം ഇന്ത്യയുടെ വസ്ത്രവ്യാപാര വിപണി 138 ശതകോടി ഡോളറിൽ നിന്ന് 2025ൽ 190 ശതകോടി ഡോളറായി വികസിച്ചു. ഉത്പാദനം ആധുനികവത്കരിക്കുകയും മൂല്യശൃംഖലകൾ ശക്തിപ്പെടുത്തുകയും ആഗോള മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്ത ഘടനാപരമായ പരിഷ്കാരങ്ങളും നയപരമായ ഇടപെടലുകളും ഈ വളർച്ചയ്ക്കു പിന്തുണ നൽകി. ഈ സാഹചര്യത്തിലാണ് ഇന്ത്യ- ഇയു സ്വതന്ത്ര വ്യാപാര കരാർ ചരിത്രപരമായ പ്രാധാന്യം നേടുന്നത്. 24 ട്രില്യൺ ഡോളർ മൂല്യമുള്ള മുഴുവൻ യൂറോപ്യൻ യൂണിയൻ വിപണിയിൽ ഉടനീളമുള്ള ഏകദേശം 200 കോടി ഉപഭോക്താക്കളിലേക്ക് ഈ കരാർ വഴി പ്രവേശനം ലഭിക്കുന്നു. മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കയറ്റുമതിയുടെ 99%ത്തിലധികം മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കുന്നതിലൂടെയും, ഏകദേശം 33 ശതകോടി ഡോളർ മൂല്യമുള്ള ചരക്കുകളുടെ 10-12% വരുന്ന തീരുവ ഒഴിവാക്കുന്നതിലൂടെയും ലോകത്തിലെ ഏറ്റവും സുപ്രധാന വിപണികളിലൊന്നിൽ ഇന്ത്യയുടെ ചെലവു മത്സരക്ഷമത ഈ കരാർ ഗണ്യമായി വർധിപ്പിക്കുന്നു.
കഴിഞ്ഞ 2 വർഷമായി ജിഡിപി, ആവശ്യകതാ പ്രവണതകൾ, ജനസംഖ്യാ തോത്, പ്രതിശീർഷ വരുമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി പുതിയ വിപണി വൈവിധ്യവത്കരണ തന്ത്രം നാം വ്യവസ്ഥാപിതമായി തയാറാക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. തന്ത്രപരമായ ആ പ്രവർത്തനങ്ങൾ ഇപ്പോൾ വ്യക്തമായ ഫലങ്ങൾ നൽകിത്തുടങ്ങി. ആഗോള വെല്ലുവിളികൾക്കിടയിലും, 2025ൽ 100ലധികം രാജ്യങ്ങളിൽ ഇന്ത്യൻ വസ്ത്രവ്യാപാര കയറ്റുമതിയിൽ അനുകൂലമായ വളർച്ച രേഖപ്പെടുത്തി. ഇതു നമ്മുടെ ആഗോള സാന്നിധ്യത്തിന്‍റെ നിർണായക വികാസത്തെ അടയാളപ്പെടുത്തുന്നു. ഈ ലക്ഷ്യാധിഷ്ഠിത സമീപനത്തിനു കീഴിൽ കയറ്റുമതി കുത്തനെ ഉയർന്നു. അർജന്‍റീനയിൽ 77%, പരാഗ്വേയിൽ 45%, ഈജിപ്തിൽ 30% വർധനയുണ്ടായി. വസ്ത്രനിർമാണ ശേഷിയിലുണ്ടായ പതിറ്റാണ്ടു നീണ്ട വികാസത്തിന്‍റെ പിന്തുണയോടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മേഖലയാണ് ഈ മുന്നേറ്റത്തിനു നേതൃത്വം നൽകിയത്. 10 വർഷത്തിനിടെ ഇന്ത്യയുടെ ഉത്പാദന മേഖലയിലേക്ക് 2 കോടിയിലധികം തുന്നൽ യന്ത്രങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇത് ഉത്പന്നങ്ങളുടെ ലഭ്യത ഗണ്യമായി വർധിപ്പിക്കുകയും ഉത്പാദനക്ഷമത കൂട്ടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കരുത്തുറ്റ നയപരമായ പിന്തുണ ഈ വികാസത്തിനു ശക്തിപകരുന്നു.
ബൃഹത്തായ വസ്ത്രമേഖലാ പാർക്കുകൾ, സംയോജിത മൂല്യശൃംഖലകൾ, സുസ്ഥിരതാ സംരംഭങ്ങൾ, സമർഥ് 2.0 പദ്ധതിക്കു കീഴിലുള്ള നൈപുണ്യവികസനം എന്നിവയിലൂടെ 2026-27ലെ കേന്ദ്ര ബജറ്റ്, വസ്ത്രവ്യാപാര മേഖലയെ ഇന്ത്യയുടെ വളർച്ചാതന്ത്രത്തിന്‍റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നു. ഇതിനനുബന്ധമായി പ്രധാന ക്ലസ്റ്ററുകളിൽ പ്രവർത്തിക്കുന്ന വസ്ത്ര കയറ്റുമതി കേന്ദ്രങ്ങൾ, കയറ്റുമതിക്കാർക്കുള്ള വിപണി വിവരങ്ങൾ, എഫ്ടിഎ മാർഗനിർദേശങ്ങൾ, നിയന്ത്രണങ്ങൾ സംബന്ധിച്ച പിന്തുണ, മറ്റു സേവനങ്ങൾ എന്നിവ ഏകീകൃത പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.
ഇന്ത്യയുടെ വസ്ത്രവ്യാപാര കയറ്റുമതി കൃത്യമായ വളർച്ചാപാതയിലാണ്. 2019-20 കാലയളവിലെ 2.5 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25-ൽ 3.5 ലക്ഷം കോടിയായി ഇതു വർധിച്ചു. 5 വർഷത്തിനിടെ 28%ത്തിന്‍റെ വർധന ഇതിലുണ്ടായി. അടുത്ത ഘട്ടത്തിൽ കയറ്റുമതിക്കാർക്കു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒന്നാമതായി, നിലവിലുള്ള എഫ്ടിഎ വിപണികളിൽ കയറ്റുമതിക്കാർ സ്വാധീനം വർധിപ്പിക്കണം. ക്ലസ്റ്ററുകളുമായി യോജിച്ചുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരം വിപണികളിൽ 20-25% വരെ അധിക കയറ്റുമതി വളർച്ച കൈവരിക്കാൻ സാധിക്കും. രണ്ടാമതായി, പങ്കാളിത്ത രാജ്യങ്ങളിലെ ഉത്പന്ന വിടവുകൾ വ്യവസ്ഥാപിതമായി തിരിച്ചറിയണം. ഇന്ത്യയ്ക്കു നിലവിൽ മത്സരസാധ്യത കുറഞ്ഞതോ ഇല്ലാത്തതോ ആയ രാജ്യങ്ങളിൽ, ആ രാജ്യങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ബ്രിട്ടൻ വലിയ തോതിൽ സോക്സുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യൻ കയറ്റുമതിക്കാർ അവിടുത്തെ മുൻനിര വിതരണക്കാരിലില്ല. ഇത്തരം വിടവുകൾ കൃത്യമായ അവസരങ്ങളാണ്. മൂന്നാമതായി, കയറ്റുമതിക്കാരുടെ എണ്ണം വർധിപ്പിക്കണം. നിലവിലുള്ള പ്രമുഖ കയറ്റുമതിക്കാർ ഓരോ വസ്ത്രവ്യാപാര ക്ലസ്റ്ററുകളിൽ നിന്നുമുള്ള പുതിയ കയറ്റുമതിക്കാരെ സഹായിക്കുകയും അവരെ ആഗോള വ്യാപാരത്തിന്‍റെ ഭാഗമാക്കുകയും വേണം.
ശ്രദ്ധേയമായ കാര്യം, 100ലധികം രാജ്യങ്ങളിലുണ്ടായ സമീപകാല വളർച്ചയിൽ വലിയൊരു പങ്ക് അന്താരാഷ്‌ട്ര വിപണിയിലേക്കു പുതുതായി കടന്നുവന്ന കയറ്റുമതിക്കാരുടെ സംഭാവനയാണ് എന്നതാണ്. ഈ വികാസത്തിന് ഗവണ്മെന്‍റ് സജീവമായ പിന്തുണ നൽകുന്നു. 2030ഓടെ 100 ശതകോടി ഡോളർ കയറ്റുമതി ലക്ഷ്യമിടുന്ന ഇന്ത്യയുടെ വസ്ത്രവ്യാപാര തന്ത്രം വലിയ വ്യാപ്തിയും വേഗതയും ആഗോളതലത്തിലുള്ള ലക്ഷ്യങ്ങളുമാണു പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ- ഇയു കരാർ ഈ മുന്നേറ്റത്തിനു കൂടുതൽ കരുത്തേകുന്നു. ഇതു വ്യാപാര കരാർ എന്നതിലുപരി, 2030ഓടെ നിലവിലുള്ള 179 ശതകോടി ഡോളറിന്‍റെ ഇടപാടുകൾ 350 ശതകോടിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന തന്ത്രപരമായ പങ്കാളിത്തമാണ്. ഇന്ത്യ ഇന്ന് ആഗോള വ്യാപാരത്തിന്‍റെ ഭാഗം മാത്രമല്ല; മറിച്ച്, പുതിയ ദിശാബോധം നൽകി അതിനെ മുന്നോട്ടു നയിക്കുകയുമാണ്.
(അഭിപ്രായങ്ങൾ വ്യക്തിപരം)