

ആത്മനിർഭർ മെഡ്‌ടെക്
കഴിഞ്ഞ ദശകത്തിൽ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ അഭൂതപൂർവമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. സർക്കാർ- സ്വകാര്യ മേഖലകളിലെ ആശുപത്രികൾ, നഗര- ഗ്രാമ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഡയഗണോസ്റ്റിക് സെന്‍ററുകൾ, മെഡിക്കൽ കോളെജുകൾ എന്നിവയുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർധന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഭാരത സർക്കാരിന്‍റെ പൗരകേന്ദ്രീകൃത നയത്തിന് തെളിവായി വർത്തിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാ പൗരന്മാർക്കും ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. ഈ ഉദ്യമങ്ങളുടെ ഫലമായി, പരിമിതമായ പണം മാത്രമേ സ്വന്തം പോക്കറ്റിൽ നിന്ന് ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങൾക്ക് ചെലവഴിക്കേണ്ടിവരുന്നുള്ളൂ. സർക്കാർ ആഭിമുഖ്യത്തിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നതിന് ഉദാഹരണമായി ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ (ഒഒപിഇ) ഏകദേശം 65%ൽ നിന്ന് 43% ആയി കുറഞ്ഞത് ചൂണ്ടിക്കാട്ടപ്പെടുന്നു.
ആധുനിക ആരോഗ്യ സംരക്ഷണത്തിലെ അനിവാര്യ ഘടകമാണ് മെഡിക്കൽ ഉപകരണങ്ങൾ. അവ ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിനെ പരിചരിക്കുന്നതു മുതൽ തൃതീയ പരിചരണ കേന്ദ്രത്തിലെ കാൻസർ രോഗിയെ ചികിത്സിക്കുന്നതിൽ വരെ ഉപയോഗിക്കുന്നു. ലബോറട്ടറികൾ നവീകരിക്കുക, നിർണായക ആരോഗ്യ പരിചരണ സേവനങ്ങൾ ശക്തിപ്പെടുത്തുക, രോഗ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, "പ്രധാൻ മന്ത്രി - ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം' മുഖേന മെച്ചപ്പെട്ട അടിയന്തര പ്രതികരണ സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയിലൂടെ ഭാരത സർക്കാർ ഗ്രാമ- നഗര ഭേദമന്യേ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു. 2047ഓടെ വികസിത രാഷ്‌ട്രമായി മാറുകയെന്ന ലക്ഷ്യവുമായി ഇന്ത്യ മുന്നേറുമ്പോൾ ചെലവ് കുറഞ്ഞതും പ്രാപ്യവും സ്ഥിരതയാർന്നതുമായ ഒരു ആത്മനിർഭർ മെഡ്‌ടെക് ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുൻകാലങ്ങളിൽ നൂതനവും സങ്കീർണവുമായ മെഡിക്കൽ ഉപകരണങ്ങൾക്കു മറ്റു രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യകൾ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ സഹായിച്ചെങ്കിലും, അവ പലപ്പോഴും ചെലവേറിയതായിരുന്നു. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇത് ഉപകരണ ലഭ്യത കുറയ്ക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയ്ക്കുള്ളിൽ നൂതന മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനം വർധിപ്പിക്കുക എന്നതാണ് ദേശീയ മെഡിക്കൽ ഉപകരണ നയം- 2023ലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉത്പാദനം, ഗവേഷണം, നൂതനാശയങ്ങൾ, നിക്ഷേപം എന്നിവയെ പിന്തുണയ്ക്കാൻ ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി, മെഡിക്കൽ ഉപകരണ പാർക്കുകൾ, ഫാർമ- മെഡ്‌ടെക്ക് ഗവേഷണ- നൂതനാശയ പ്രോത്സാഹനത്തിനുള്ള പദ്ധതി തുടങ്ങിയ ഒട്ടേറെ പരിപാടികൾ സർക്കാർ അവതരിപ്പിച്ചു. ഉത്പാദനം, നൂതനാശയങ്ങൾ, നിക്ഷേപം, ആഗോള മത്സരശേഷി എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു ആവാസവ്യവസ്ഥ ഈ സംരംഭങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നു.
ഫലങ്ങൾ പ്രോത്സാഹജനകമാണ്. പിഎൽഐ സ്കീമിന് കീഴിൽ 50ലധികം ഉന്നത നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചു. ഈ മേഖലയിലേക്കുള്ള സുസ്ഥിരമായ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പ്രതിഫലിക്കുന്ന ആഗോള നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസം പ്രധാനമാണ്. ആഗോള മെഡ്‌ടെക് മൂല്യ ശൃംഖലയിൽ ഇന്ത്യ വിശ്വസനീയ പങ്കാളിയായി ഉയർന്നുവരുന്നു.
ഒരു നിർമാണ കേന്ദ്രമായി മാറുകയെന്നതിലുപരി, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മെഡിക്കൽ സാങ്കേതികവിദ്യയിലെ പുരോഗതിയെ അതിവേഗം സ്വാംശീകരിക്കുന്നു. നൂതന ഡയഗ്നോസ്റ്റിക് പരിശോധനകൾ, ഇമേജിങ് മെഷീനുകൾ, മെഡിക്കൽ ഇംപ്ലാന്‍റുകൾ, തീവ്രപരിചരണ ഉപകരണങ്ങൾ, ഡിജിറ്റൽ ആരോഗ്യ സംരക്ഷണ സേവനങ്ങൾ എന്നിവയുടെ ചെലവ് കുറയുന്നതും സുഗമമായ ലഭ്യതയും രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും യഥാസമയം മികച്ച ചികിത്സ ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യയ്ക്കുള്ളിൽ ഈ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്നത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കും, അടിയന്തര സാഹചര്യങ്ങളിലും തടസങ്ങളിലും ആരോഗ്യ സംരക്ഷണ വിതരണ ശൃംഖലയെ കൂടുതൽ വിശ്വസനീയമായി നിലനിർത്തും, കാര്യക്ഷമമായ ആഭ്യന്തര ഉത്പാദനം ചെലവ് കുറയ്ക്കും.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായം, ശക്തമായ എൻജിനീയറിങ് നൈപുണ്യം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഊർജസ്വലമായ സ്റ്റാർട്ട്- അപ്പ് ആവാസ വ്യവസ്ഥ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി എന്നിവയിലൂടെ പുതുതലമുറ മെഡിക്കൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് ശക്തമായ അടിത്തറ പാകുന്നു. നിർമിത ബുദ്ധി, സോഫ്റ്റ്‌വെയർ ആസ് എ മെഡിക്കൽ ഡിവൈസ്, കണക്റ്റഡ് മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടിക്സ്, റിമോട്ട് ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകൾ എന്നിവ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങൾ ഇന്ത്യയ്ക്ക് പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള രോഗികൾക്കുമായി നൂതനവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഈ സാങ്കേതിക വിദ്യകൾക്ക് ഇന്ത്യയെ സഹായിക്കാനാകും.
ഇന്ത്യൻ മെഡിക്കൽ ഉപകരണ നിർമാതാക്കൾ അന്താരാഷ്‌ട്ര വിപണികളിൽ പ്രവേശിക്കുകയും വളരുകയും ചെയ്യുമ്പോൾ തന്നെ, ആഗോള മെഡിക്കൽ സാങ്കേതിക മേഖലയിൽ ബ്രാൻഡ് ഇന്ത്യ മെഡ്‌ടെക്ക് ഉന്നത നിലവാരം നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്. അതിനാൽ, മെഡിക്കൽ ഉപകരണങ്ങൾക്കായുള്ള നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനും, അംഗീകൃത പരിശോധനാ ലബോറട്ടറികളുടെ എണ്ണം വർധിപ്പിക്കാനും, ക്ലിനിക്കൽ തെളിവുകൾ ശേഖരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും, ഇന്ത്യൻ മെഡിക്കൽ ഉപകരണങ്ങൾ അന്താരാഷ്‌ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ ശ്രദ്ധ ചെലുത്തുന്നു.
ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു മെഡ്‌ടെക് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സർക്കാർ, വ്യവസായ മേഖല, അക്കാദമിക മേഖല, ആരോഗ്യ സംരക്ഷണ ദാതാക്കൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ എന്നിവരുടെ സഹകരണം ആവശ്യമാണ്. ആശയങ്ങൾ ലബോറട്ടറികളിൽ നിന്ന് നിർമാണ സൗകര്യങ്ങളിലേക്കും രോഗികളിലേക്കും സുഗമമായി നീങ്ങുമ്പോഴാണ് നൂതനാശയങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നത്. ഗവേഷണം, നിക്ഷേപം, സാങ്കേതിക പങ്കാളിത്തം, ബിസിനസ് സുഗമമാക്കുക എന്നിവ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിരവും സുതാര്യവുമായ ഒരു നയ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യ ഒരു വികസിത രാഷ്‌ട്രമായി മാറുമ്പോൾ, ആരോഗ്യ സംരക്ഷണവും സാമ്പത്തിക വളർച്ചയും പരസ്പര പൂരകമായി മുന്നേറും. ശക്തമായ മെഡിക്കൽ ഉപകരണ വ്യവസായത്തിന് മികച്ച ഉത്പാദനം, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, കയറ്റുമതി സാധ്യത, പുതിയ സാങ്കേതികവിദ്യകൾ എന്നിവ സൃഷ്ടിക്കാൻ കഴിയും, അതോടൊപ്പം ആരോഗ്യ സംരക്ഷണത്തെ ചെലവ് കുറഞ്ഞതും പ്രാപ്യവും വിശ്വസനീയവുമാക്കുന്നു.
ഏഷ്യയിലെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യയുടെ മെഡ്‌ടെക് മേഖല, ആഗോളതലത്തിൽ മികച്ച 20 വിപണികളിൽ ഒന്നാണിത്. നിലവിൽ ഏകദേശം 15–16 ബില്യൺ ഡോളർ മൂല്യം ഈ വിപണിയ്ക്കുണ്ട്, പ്രതിവർഷം ഏകദേശം 12% വളർച്ച കൈവരിക്കുന്നു, ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഉത്പാദന മേഖലകളിലൊന്നാണിത്. വികസിത ഭാരതം എന്ന ദർശനത്തിന്‍റെ ഭാഗമായി, ഗുണനിലവാരം, നൂതനാശയങ്ങൾ, ആരോഗ്യ സംരക്ഷണത്തിലേക്കുള്ള തുല്യ പ്രവേശനം എന്നിവയിൽ അധിഷ്ഠിതമായ മെഡിക്കൽ സാങ്കേതികവിദ്യയിൽ ആഗോള നേതൃത്വത്തിലേക്ക് ഇന്ത്യ ഉയരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. മാതൃ-ശിശു ആരോഗ്യം, കാൻസർ, ഹൃദ്രോഗങ്ങൾ, അടിയന്തര പരിചരണം, സാംക്രമികേതര രോഗങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ദാർശനിക നേതൃത്വത്തിൽ, ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കുക മാത്രമല്ല, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം സമയബന്ധിതമായി ലഭ്യമാക്കി ഓരോ പൗരനെയും ശാക്തീകരിക്കുക, ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുക, മാനവരാശിക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നതിൽ രാജ്യത്തെ വിശ്വസനീയമായ ആഗോള പങ്കാളിയാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
(കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ, രാസവസ്തു, രാസവളം മന്ത്രിയാണ് ലേഖകൻ)