

അങ്കിത ശർമ ഐപിഎസ്
ഛത്തീസ്ഗഢിലെ റായ്പുരിൽ ദസറയോടനുബന്ധിച്ചുള്ള ആയുധപൂജാ ചടങ്ങിനിടെ എകെ 47 തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ വിവാദത്തിലായ ഛത്തീസ്ഗഢ് കേഡറിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് അങ്കിത ശർമ. സാരിയുടുത്തുള്ള വെടിവയ്പ്പ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അങ്കിത ശർമയുടെ പശ്ചാത്തലം അറിയാനുള്ള ഉദ്വേഗത്തിലാണ് ഏവരും.
ഛത്തീസ്ഗഢിലെ ദുർഗ് സ്വദേശിയായ അങ്കിത ശർമ 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ദുർഗിലെ സെന്‍റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസിൽ കണക്കിന് 50ൽ അഞ്ച് മാർക്ക് മാത്രമാണ് ലഭിച്ചത്. ആദ്യകാലത്ത് ശരാശരി വിദ്യാർഥിയായിരുന്ന അങ്കിതയുടെ പഠനത്തിൽ ഒൻപതാം ക്ലാസോടെയാണ് മാറ്റമുണ്ടായത്. പിന്നീട് പത്താം ക്ലാസ് പരീക്ഷയിൽ 92 ശതമാനവും പ്ലസ് ടുവിന് 90 ശതമാനവും മാർക്ക് നേടി.
ഭിലായിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അങ്കിത പിന്നീട് എംബിഎ പഠനത്തിന് ചേർന്നു. എന്നാൽ സിവിൽ സർവീസിൽ പ്രവേശിക്കണമെന്ന ആഗ്രഹം ശക്തമായതോടെ പഠനം ഉപേക്ഷിച്ച് യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലേക്ക് തിരിയുകയായിരുന്നു.
രണ്ട് പരാജയങ്ങൾക്കു ശേഷം വിജയം
യുപിഎസ്‌സി പരീക്ഷയിലെ ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷയിൽ 15 മാർക്കിന് പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിൽ പ്രിലിമിനറി പരീക്ഷയും കടക്കാനായില്ല. എന്നാൽ ശ്രമം ഉപേക്ഷിക്കാതെ തയ്യാറെടുപ്പിൽ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോയ അങ്കിത മൂന്നാം ശ്രമത്തിൽ വിജയം നേടി. 2018ലെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 203-ാം റാങ്ക് സ്വന്തമാക്കി ഐപിഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഭട്ടാപാരയിലായിരുന്നു ആദ്യ നിയമനം. പിന്നീട് റായ്പുരിലെ ആസാദ് ചൗക്ക് മേഖലയിൽ സിറ്റി സൂപ്രണ്ട് ഓഫ് പൊലീസ് ആയി സേവനമനുഷ്ഠിച്ചു. 2022 മേയിൽ ഖൈരാഗഢ് പൊലീസ് സൂപ്രണ്ടായി നിയമിതയായ അങ്കിത, ജില്ലയുടെ ആദ്യ വനിതാ പൊലീസ് സൂപ്രണ്ടാവുകയും ചെയ്തു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ബസ്തറിൽ ഡിഎസ്പിയായും അങ്കിത പ്രവർത്തിച്ചിരുന്നു. പൊതുജനങ്ങൾക്കിടയിൽ 'ലേഡി സിംഗം' എന്ന വിശേഷണമാണ് അങ്കിതയ്ക്കുള്ളത്. നിലവിൽ രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് സൂപ്രണ്ടാണ് അങ്കിത.
എകെ 47 വെടിവയ്പ്പ്
വിജയദശമിയോടനുബന്ധിച്ച് രാജ്നന്ദ്ഗാവിലെ പൊലീസ് ലൈനിൽ നടന്ന ശസ്ത്രപൂജാ ചടങ്ങിനിടെയാണ് സാരിയുടുത്ത അങ്കിത എകെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. ഒൻപത് റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. വീഡിയോ വൈറലായതോടെ ആയുധം കൈകാര്യം ചെയ്ത രീതിയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നതും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നു. ചിലർ അങ്കിതയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ചപ്പോൾ മറ്റുചിലർ വെടിവയ്പ്പിന്‍റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്തു.