കൃഷി എന്ന പാഠം

തലസ്ഥാനത്ത് ഇപ്പോൾ നെല്ലുകുത്ത് മില്ലുകളില്ല എന്നാണ് ഇവർ അന്വേഷിച്ചപ്പോൾ മനസിലായത്. പിന്നീട്, നെല്ല് ആറ്റിങ്ങലിൽ കൊണ്ടുപോയി അരിയാക്കേണ്ടിവന്നു
കൃഷി എന്ന പാഠം

വിഷുവിന്‍റെ തലേന്ന് മലയാളം പള്ളിക്കൂടത്തിലെ ജെസി നാരായണനും ഗോപി നാരായണനും കൂടി വന്നു. അവരുടെ കൈയിലെ തുണി സഞ്ചിയിൽ പുന്നെല്ലരി!

“വിഷുവിന് പായസം വയ്ക്കാനാണ്’-ജെസി പറഞ്ഞു. ഇതുവരെ ഇങ്ങനെയൊരു കൈനീട്ടം കിട്ടിയിട്ടില്ല. അതും വിഷുവിന്‍റെ തലേന്ന്!

ഇത് ആവണിപ്പാടത്ത് കൃഷിചെയ്തുണ്ടാക്കിയ നെല്ലാണ്. ഒഎൻവി കുറുപ്പിന്‍റെ കവിതയാണല്ലോ അത്. ആ കവിതയുടെ പേരുതന്നെ മലയാളം പള്ളിക്കൂടത്തിന്‍റെ പാടത്തിനും നൽകി.

ആറ്റിങ്ങൽ അവനവഞ്ചേരി പിരപ്പമൺകോട് പാടശേഖരത്തിലാണ് കൃഷി. അവിടെ 50 ഏക്കർ തരിശായി കിടക്കുകയായിരുന്നു. നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും അധ്യാപകരും അതിനെതിരെ രംഗത്തിറങ്ങി. അങ്ങനെ പാടശേഖരസമിതി രൂപീകൃതമായി. അവിടെ 14 സെന്‍റ് വീതമുള്ള രണ്ട് പാടമാണ് മലയാളം പള്ളിക്കൂടം പാട്ടത്തിനെടുത്തത്. അതിന്‍റെ ചെലവിനായി വിദ്യാർഥികളിൽനിന്ന് 300 രൂപ പിരിച്ചു. അതിനുള്ള നെല്ല് അവർക്ക് നൽകി.

നെല്ല് കുട്ടികൾക്ക് നൽകാൻ തീരുമാനിച്ചത് ബോധപൂർവമാണെന്ന് ജെസി പറഞ്ഞു. കാരണം, അരിയായി നൽകിയാൽ നെല്ല് അരിയാക്കുക എങ്ങനെയെന്ന് അവർ അറിയാതെ പോവും. അതു പക്ഷേ, പ്രശ്നമായി. തലസ്ഥാനത്ത് ഇപ്പോൾ നെല്ലുകുത്ത് മില്ലുകളില്ല എന്നാണ് ഇവർ അന്വേഷിച്ചപ്പോൾ മനസിലായത്. പിന്നീട്, നെല്ല് ആറ്റിങ്ങലിൽ കൊണ്ടുപോയി അരിയാക്കേണ്ടിവന്നു.

വട്ടപ്പറമ്പിൽ പീതാംബരനാണ് മലയാളം പള്ളിക്കൂടത്തിന്‍റെ മുഖ്യഗുരുനാഥൻ. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഇദ്ദേഹം സർക്കാർ സർവീസിൽ അധ്യാപകനായി മൂന്ന് ദശകത്തിലേറെ പ്രവർത്തിച്ച് ഹെഡ്മാസ്റ്ററായി വിരമിച്ചു. നാടൻപാട്ട് രചയിതാവും ഗായകനുമാണ്. നാടകകൃത്തും നടനും സംവിധായകനുമാണ്. നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡു ലഭിച്ച “നാടകവിജ്ഞാനകോശ’ത്തിന്‍റെ കർത്താവായ അദ്ദേഹത്തിന്‍റെ രണ്ട് കൃതികൾ സ്വന്തം കൈപ്പടയിലാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയത്. അദ്ദേഹം തോർത്ത് തലയിൽ കെട്ടി ഞാറ്റുപാട്ടുകൾ പാടി കുട്ടികളെ വയലിലിറക്കി വിത്തു വിതയ്ക്കുന്നതിനും കള പറിക്കുന്നതിനും നേതൃത്വം നൽകിയത് മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികൾക്ക് പുതിയ അനുഭവമായിരുന്നു. എന്തായാലും ഈ കുട്ടികൾക്ക് ഇനി അരി ഉൽപാദിപ്പിക്കുന്നത് മാർജിൻ ഫ്രീ മാർക്കറ്റുകളാണെന്ന് പറയേണ്ടിവരില്ല. പാൽ തരുന്നത് മിൽമയാണെന്നും ഇവർ പറയില്ല.

അവിടെ ഏറുമാടമുണ്ട്. വാമനപുരം ആറൊഴുകുന്നത് പാടത്തിനരികിലൂടെയാണ്. കൃഷി ഇവർക്ക് അവിസ്മരണീയ അനുഭവമായി. വയൽച്ചെളി കണ്ട് അറപ്പോടെ മാറി നിൽക്കേണ്ടതല്ലെന്നും അത് അന്നം വിളയിക്കുന്നതാണെന്നും ഈ കുട്ടികൾ ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു.

ഈ പാടശേഖരത്തിൽ വേറെയും സ്കൂളുകൾ കൃഷി ചെയ്യുന്നുണ്ട്. ഗവ. ഹൈസ്കൂളുകളായ അവനവഞ്ചേരി, തോന്നയ്ക്കൽ, ഗവ. എൽപിഎസ് ഇടയ്ക്കോട്, എംജിഎം ഇടയ്ക്കോട് എന്നിവയൊക്കെ കുട്ടികൾക്ക് നെൽകൃഷി അനുഭവമാക്കാൻ മുന്നിട്ടിറങ്ങി. വിവരമറിഞ്ഞ് തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂളും കൃഷി ചെയ്യാനായി പാടശേഖര സമിതിയുമായി ബന്ധപ്പെട്ടു കഴിഞ്ഞു.

ഇടയ്ക്കോട് എൽപിഎസിലെ ഹെഡ്മാസ്റ്റർ ജയകുമാറിന്‍റെ നേതൃത്വത്തിലാണ് കൃഷിക്ക് മുന്നിട്ടിറങ്ങിയത്. സ്കൂൾ മാനെജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും അധ്യാപകരുമായ 14 പേർ 2,000 രൂപ വീതം കൈയിൽ നിന്ന് മുടക്കി. കൃഷി ലാഭകരമാണ്. 3,500 രൂപയുടെ നെല്ല് ഇത്തവണ ഓരോരുത്തർക്കും കിട്ടി. ഈ നെല്ലിന്‍റെ ഒരു പങ്ക് മാറ്റിവച്ചിരിക്കുകയാണ്. “സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ചോറും പായസവും ഉണ്ടാക്കി നൽകണം’- ജയകുമാർ പറഞ്ഞു.

കഴിഞ്ഞ വർഷം തരിശായി കിടന്ന 50 ഏക്കറിലായിരുന്നു കൃഷി. 7 ഏക്കർ കൂടി വെട്ടിത്തെളിച്ച് രണ്ടാം തവണ വിസ്തൃതി വർധിപ്പിച്ചു. ഇപ്പോൾ മൂന്നാം കൃഷിക്ക് ഒരുക്കം തുടങ്ങിയതായി കിളിമാനൂർ ആർആർവി സ്കൂൾ റിട്ട. അധ്യാപകനും പാടശേഖര സമിതി പ്രസിഡന്‍റുമായ വി.ആർ. സാബു പറഞ്ഞു.

പിരപ്പമൺകാട് ഏലായിലെ കർഷകരുടെ ഒരു യോഗം കൂടിയതോടെയാണ് ഭാഗികമായി മാത്രം കൃഷി ഉണ്ടായിരുന്ന ഈ പാടശേഖരത്തിലെ മുഴുവൻ വയലുകളും കൃഷിയോഗ്യമാക്കുന്നതിനും കൃഷി ആരംഭിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞാറിന്‍റെ ലഭ്യത ഉറപ്പുവരുത്താൻ പൊതു ഞാറ്റടി തയ്യാറാക്കി. വർഷങ്ങളായി വലിയ രീതിയിൽ കാട് വളർന്ന് കിടന്ന മുഴുവൻ വയലുകളിലേക്കും ട്രാക്റ്റർ ഓടിച്ച് മാറ്റിയെടുത്തു. തുടർന്ന് ഈ പ്രദേശങ്ങളിൽ പുല്ല് അഴുകുന്നതിന് വെള്ളം അടച്ചിട്ടു. വിവിധ പ്രദേശങ്ങളിൽ പോയി, ഞാറ് നടാൻ അറിയുന്ന ആളുകളെ കണ്ടെത്തി വയലിലേക്ക് എത്തിച്ചു. നാട്ടുകാരെ വയലിലേക്കും വയൽക്കാഴ്ചകളിലേക്കും എത്തിക്കുന്നതിനുമായി നടത്തിയ “വയലോര നടത്തം “ വേറിട്ട കാഴ്ചയായി. പത്തേക്കർ കൃഷി ചെയ്ത ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ കൂട്ടായ്മ, കർഷകസംഘം , നിറവ് പൂർവ വിദ്യാർഥി കൂട്ടായ്മ എന്നിവരുടെ സാന്നിധ്യം എടുത്തു പറയണം.

ഇതിനിടെ, പാടങ്ങൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങി. കരിമ്പാല അണക്കെട്ടിന് സമീപമുള്ള പമ്പ് ഹൗസ് പ്രവർത്തിപ്പിക്കുന്നതിന് വലിയ ശ്രമങ്ങൾ വേണ്ടിവന്നു. പാടശേഖര സമിതിക്കു വേണ്ടി വയലിന് നടുവിൽ സൗഹൃദ സംഘം നിർമിച്ചു നൽകിയ ഏറുമാടം വിനോദ സഞ്ചാരികളുടെ അറിയപ്പെടുന്ന ഷൂട്ടിങ് കേന്ദ്രമാണ്. നൂറുകണക്കിനാളുകൾ വയലിലേക്ക് കാഴ്ചക്കാരായി എത്തുന്ന സന്ദർഭത്തിലാണ് ചാഴിയുടെ രൂക്ഷമായ ആക്രമണം ഉണ്ടായത്. ചാഴിയെ പ്രതിരോധിക്കാൻ മരുന്നു തളിക്കുന്നതിനും വയൽക്കരയിൽ തീ കൂട്ടുന്നതിനുമുള്ള ശ്രമങ്ങളായി പിന്നീട്. ആ ഘട്ടവും കടന്ന് വയലുകളിൽ നെല്ല് പാകമായപ്പോൾ ഒറ്റരാത്രിയിലെ പെരുമഴ പാടശേഖരത്തെ മുഴുവൻ വെള്ളത്തിലാഴ്ത്തിയത് നാടിനെ നടുക്കി. ഒറ്റരാത്രി കൊണ്ട് വെള്ളം ഇറങ്ങിപ്പോയതോടെ നാട്ടുകാർക്ക് ആശ്വാസമായി. അതോടെ, കൊയ്ത്തുത്സവം നാടിന്‍റെ ഉത്സവമായി. 80,000 കിലോ നെല്ല് കൊയ്തെടുത്തു. ഇതിൽ 20,000 കിലോ സപ്ലൈകോയ്ക്ക് കൈമാറി. കഴിഞ്ഞ ആഴ്ച നടന്ന കൊയ്ത്തിൽ ഒരു ലക്ഷത്തോളം കിലോ നെല്ല് കിട്ടിയതായാണ് കണക്ക്. കഴിഞ്ഞ തവണ 48 സെന്‍റ് പറ കണ്ടത്തിൽ നിന്ന് സമിതി പ്രസിഡന്‍റിന് 90 പറ നെല്ല് കിട്ടിയപ്പോൾ ഇക്കുറി അത് 115 പറയായി.

ഒന്നാം കൃഷി നൽകിയ ആവേശം അല്പവും ചോരാതെയായിരുന്നു രണ്ടാം കൃഷി. പുതുതായി അനേകം കൂട്ടായ്മകൾ കൃഷിയിലേക്ക് കടന്നു വന്നു. ഞാറു നടീൽ അവസാനിക്കുന്ന ദിവസം പാരമ്പര്യ സമ്പ്രദായം ഓർമിപ്പിച്ചുകൊണ്ട് മുഴുവൻ കർഷകർക്കും വയൽക്കരയിൽ സദ്യ ഒരുക്കി. ആദ്യ കൃഷിക്കാലത്തെ വെള്ളപ്പൊക്ക അനുഭവ പശ്ചാത്തലത്തിൽ ഇത്തവണ വയലുകൾ ഇൻഷ്വറൻസ് ചെയ്യുന്നതിന് ആദ്യമേ തന്നെ സമിതി നേതൃത്വം നൽകി. വളം സബ്സിഡി എല്ലാവർക്കും ലഭ്യമാക്കി. ഇപ്പോൾ മൂന്നാം കൃഷിക്കൊരുങ്ങുകയാണ് പാടശേഖരം.

ഒരു നാടും പഞ്ചായത്തും കൃഷിവകുപ്പും ജനപ്രതിനിധികളും ഒറ്റക്കെട്ടായപ്പോൾ നെൽകൃഷി തിരിച്ചുപിടിച്ച അഭിമാനവിജയമാണ് പിരപ്പമൺകാടിന് പറയാനുള്ളത്. ഈ കൂട്ടത്തിൽ അധ്യാപകർ കൂടി ഉൾപ്പെട്ടപ്പോൾ പുതിയ തലമുറയ്ക്ക് കാർഷികജീവിതവും സംസ്കാരവും പകർന്നു നൽകുക എന്ന മാതൃകാ പ്രവർത്തനവും ഇവിടെ കാണാനായി. പലേടത്തും കാടുപിടിച്ചും തരിശായും കിടക്കുന്ന ഭൂമിയെ കൃഷിയിലൂടെ തിരിച്ചുപിടിക്കാൻ സാധിക്കണം. അതിന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് അധ്വാനിക്കണം.

കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞത് 2022ലാണ്. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി തൃശൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന “കൃഷി പാഠം’ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ നിര്‍വഹിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രസംഗം. പക്ഷെ, മന്ത്രി പറഞ്ഞ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്താനുള്ള ഇടപെടൽ കാര്യമായി ഉണ്ടായതിന്‍റെ തെളിവുകളൊന്നും കാണാനില്ല.

കൃഷി കേവലം പാഠം മാത്രമല്ല, അത് സംസ്കാരം കൂടിയാണ്. അത് പുതിയ കുട്ടികളെ അനുഭവിപ്പിച്ച് പഠിപ്പിക്കണം. പിരപ്പമൺകോടിന്‍റെ പാടം കേരളത്തിന് പാഠമായി പടരട്ടെ...

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com