സോഷ്യൽ വർക്കും സംരംഭകത്വവും സുവർണ മുദ്രകളണിയിച്ച ജീവിതം

തൊട്ടതെല്ലാം പൊന്നാക്കിയ വിജയശില്പിയെന്ന വിശേഷണം അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്
സോഷ്യൽ വർക്കും സംരംഭകത്വവും സുവർണ മുദ്രകളണിയിച്ച ജീവിതം

#ഡോ. എം.പി. ആന്‍റണി

തള്ളക്കോഴിയിൽ നിന്നും ഒറ്റപ്പെട്ടുപോയ കോഴിക്കുഞ്ഞ് കരഞ്ഞുകൊണ്ട് ഓടി നടക്കുന്നതും കാക്കകൾ അതിനെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതുമൊക്കെ കണ്ടുവളർന്ന ബാലനായ ജോസ് അലക്സ് കോഴിക്കുഞ്ഞിനെ രക്ഷിച്ച് തള്ള കോഴിയുടെ അടുത്ത് എത്തിച്ചു. ഈ ബാലൻ മുതിർന്ന് ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി സിഎംഐ ആയപ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിന് അനാഥ കുഞ്ഞുങ്ങൾക്ക് ജനിച്ച നാട്ടിൽ തന്നെ ദത്തെടുക്കപ്പെടാൻ അവസരമൊരുക്കി സുരക്ഷിതരും സനനാഥരുമാക്കി.

ചെറുപ്പം മുതൽ വൈദികൻ ആകണമെന്ന മോഹത്തിന്‍റെ സാക്ഷാത്കാരമായി സിഎംഐ സഭയിൽ സന്യാസ വൈദികനായി. തുടർന്ന് മിഷനറി ആകാൻ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഫാ. ഫ്രാൻസിസ് സാലസ് നിർദേശിച്ചത് എംഎ സോഷ്യൽ വർക്ക് പഠിക്കാൻ മുംബൈയിൽ പോകാനാണ്. പിന്നീട് മിഷനറിയുടെ ജീവിത സമീപനങ്ങൾ വലിയ പരിധി വരെ പ്രൊഫഷണൽ സോഷ്യൽ വർക്കിന്‍റെ കർമ മേഖലകളിൽ യാഥാർഥ്യമാക്കാൻ ഫാ. ജോസ് അലക്സിന് കഴിഞ്ഞു.

ആഗ്രഹിച്ചതൊന്നും അദ്ദേഹത്തെ വിട്ടു പോയില്ല. പഠിച്ചതിലേറെ കാര്യങ്ങൾ ഭാവനാപൂർവമായി പ്രാവർത്തികമാക്കുവാൻ കഴിയുകയും ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കിയ വിജയശില്പിയെന്ന വിശേഷണം അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്. മുംബൈ ടാറ്റാ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പഠനം പൂർത്തിയാക്കി വന്ന ശേഷം രാജഗിരി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്കിൽ ബർസാർ, വാർഡൻ, ലക്ചറർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് രാജഗിരി കോളെജ് ഓഫ് സോഷ്യൽ സയൻസസ് ആയി ഉയർന്നപ്പോൾ 13 വർഷം അതിന്‍റെ പ്രിൻസിപ്പലായി.

സാമൂഹ്യ പ്രവർത്തനം ഒരു പ്രൊഫഷനായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ തിരിച്ചറിയാതിരുന്ന കാലഘട്ടത്തിൽ അതിന് ഊടും പാവും നൽകി ശ്രദ്ധേയമാക്കിയത് അദ്ദേഹമാണ്. അധ്യാപകനായ പ്രൊഫഷണൽ സോഷ്യൽ വർക്കർ ആയിരുന്നതു കൊണ്ട് അദ്ദേഹത്തിന്‍റെ ചിന്തകളിലും പ്രവർത്തനങ്ങളിലും ശിഷ്യഗണങ്ങൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു. പ്രോജക്റ്റുകൾ ഏറ്റെടുക്കുമ്പോഴും മറ്റ് അവസരങ്ങളിലും ഡെലഗേഷനിലൂടെ അവരെ വളർത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു. മറ്റുള്ളവരെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശൈലി അദ്ദേഹത്തെ സൗഹൃദങ്ങളുടെ രാജാവാക്കി.

രാജഗിരി ഔട്ട്റീച്ചിനെ ഒരു പരീക്ഷണശാലയാക്കി സോഷ്യൽ വർക്ക് രംഗത്ത് പുതിയ ജാലകങ്ങൾ തുറന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നപ്പോൾ തന്‍റെ കാഴ്ചപ്പാടുകൾ പരക്കെ പരിചയപ്പെടുത്താനും അതിന് പറ്റിയ പ്രവർത്തന മേഖലകൾ കണ്ടെത്തുവാനും കഴിഞ്ഞു. വിദ്യാഭ്യാസവും ശാസ്ത്ര നേട്ടങ്ങളും സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രയോജനപ്പെടുന്നതായി മാറണം എന്നതായിരുന്നു ചിന്ത. സ്വാശ്രയ എൻജിനീയറിങ് കോളെജുകൾ ആരംഭിച്ചപ്പോൾ കേരളത്തിലെ യുവതലമുറയ്ക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കണം എന്നതായി ലക്ഷ്യം. സമൂഹത്തിൽ ചെലുത്താൻ കഴിഞ്ഞ ആഴത്തിലുള്ള സ്വാധീനം സിഎംഐ കൊച്ചി തിരുഹൃദയ പ്രൊവിൻസിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 3 പ്രാവശ്യം പ്രൊവിൻഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ തുടർച്ചയായി 2 ടേം (6 വർഷം) പ്രവർത്തിച്ചപ്പോൾ വിദ്യാഭ്യാസ രംഗത്ത് പ്രവശ്യയ്ക്ക് അതിശയകരമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞു. കാക്കനാട് രാജഗിരി വാലിയുടെ ശില്പി എന്ന വിശേഷണം അദ്ദേഹത്തിന് ഏറെ ഇണങ്ങും. 2001ൽ എൻജിനീയറിങ് കോളെജും 2005ൽ മാനെജ്മെന്‍റ് കോളജും ഉയർന്നു വന്നതോടെ രാജഗിരി വാലി സുവർണ ദീപ്തിയാർന്നു. 1999ൽ ഇവിടെ ക്രിസ്തുജയന്തി സ്കൂൾ സ്ഥാപിക്കപ്പെട്ടിരുന്നു. രാജഗിരി സെന്‍റർ ഫോർ ബിസിനസ് സ്റ്റഡീസ് ആരംഭിക്കുമ്പോൾ രാജഗിരി വിദ്യാപീഠം ഡയറക്റ്ററായിരുന്നു അദ്ദേഹം.

മൂന്നാം തവണ വഹിച്ച പ്രൊവിൻഷ്യൽ സ്ഥാനം 2014ൽ ഒഴിയുമ്പോൾ അച്ചനെ കാത്തിരുന്നത് രാജഗിരി ഹോസ്പിറ്റൽ എന്ന വലിയ സ്ഥാപനത്തിന്‍റെ പ്രഥമ സംരംഭകരിൽ ഒരാൾ ആകാനുള്ള നിയോഗമാണ്. ഏറെ മികവാർന്ന ഒരു ആശുപത്രി അച്ചന്‍റെ സ്വപ്നങ്ങളിൽ ഇടംപിടിച്ച കാലമായിരുന്നു അത്. സ്വന്തം രോഗാവസ്ഥയും ചികിത്സാനുഭവങ്ങളും ശിഷ്യനും ക്രിസ്ത്യൻ എൻജിനീയറിങ് കോളെജ് മാനെജ്മെന്‍റ് അസോസിയേഷൻ കോ-ഓർഡിനേറ്ററുമായിരുന്ന പി.ജെ. ഇഗ്നേഷ്യസുമായുള്ള ചർച്ചകളും പിന്നീട് തന്‍റെ ആശുപത്രി സ്വപ്നങ്ങളുടെ രേഖാ ചിത്രങ്ങൾക്ക് മിഴിവ് പകർന്നു.

രാജഗിരി ആശുപത്രിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ഡയറക്റ്റർ ഫാ. ജോൺസൺ വാഴപ്പള്ളി, ഫാ. ഓസ്റ്റിൻ മുളരിക്കൽ, ഫാ. ജോയ് കിളിക്കുന്നേൽ എന്നിവരോടൊപ്പം ഫിനാൻസ് ഡയറക്റ്ററുടെയും ചുമതല വഹിച്ച് മുന്നിൽ നിന്നു. 550 ബെഡ്ഡുകളും 40ലേറെ ഡിപ്പാർട്ട്മെന്‍റുകളുമുള്ള മൾട്ടി സ്പെഷ്യാലിറ്റി സെന്‍ററാണ് ഇന്ന് രാജഗിരി ആശുപത്രി. അദ്ദേഹം ഇവിടെ മെഡിക്കൽ സോഷ്യൽ വർക്ക് വിഭാഗം തുടങ്ങിയത് ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട് എങ്ങനെ സോഷ്യൽ വർക്ക് പ്രാക്റ്റീഷണർമാർക്ക് മുന്നേറാം എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്. ഇന്ന് ഈ വിഭാഗം ആശുപത്രിയിലെ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ്.

ജീവിതം പഠിപ്പിച്ചതും ജീവിതങ്ങളെ നിരീക്ഷിച്ചു പഠിച്ചതും വ്യക്തികളുടെ ആവശ്യങ്ങളും സമൂഹം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളുമാണ് എക്കാലവും അദ്ദേഹത്തിന്‍റെ പ്രവർത്തന പന്ഥാവുകളെ നിർണയിച്ചിട്ടുള്ളത്. ഇന്നത്തെ കോർപ്പറേറ്റ് ലോകത്തും പ്രൊഫഷണൽ സോഷ്യൽ വർക്കർക്ക് ഫലപ്രദമായി പ്രവർത്തിക്കാനുള്ള ഇടങ്ങളുണ്ടെന്ന് ഫാ. അലക്സ് പഠിപ്പിക്കുന്നു. ഒരു സോഷ്യൽ വർക്കർ വ്യത്യസ്ത സന്ദർഭങ്ങൾക്ക് യോജിച്ച വ്യത്യസ്തമായ രീതികൾ അവലംബിക്കണം. കോതാട് ശൗചാലയങ്ങൾ നിർമിക്കാൻ അവലംബിച്ച രീതിയല്ല മുണ്ടംമുടിയിൽ സൗരോർജ പദ്ധതി നടപ്പിലാക്കാൻ പ്രയോഗിച്ചത്. സർക്കാരുമായി ചേർന്ന് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വേണ്ടി 500 വീടുകൾ നിർമിച്ചു കൊടുത്തപ്പോൾ കൈക്കൊണ്ട ശൈലിയല്ല കമ്മ്യൂണിറ്റി കോളെജിന്‍റെ പ്രവർത്തനങ്ങളിൽ അവലംബിച്ചത്.

വ്യത്യസ്തങ്ങളായ ഈ പ്രവർത്തന വിജയങ്ങൾ വിവിധ പദവികൾ അച്ചന് സമ്മാനിച്ചു. 1992 മുതൽ 97 വരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോപ്പറേഷൻ ആൻഡ് ചൈൽഡ് ഡവലപ്മെന്‍റ് ബോർഡ് അംഗമായിരുന്നു. 1992-1997 കാലഘട്ടത്തിൽ നാഷണൽ ചിൽഡ്രൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. വിവിധ കാലങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ കേരള ശാഖയുടെ പ്രസിഡന്‍റ്, സെക്രട്ടറി. 1992 മുതൽ 2009 വരെ കാസ്പ് കേരള ഘടകത്തിന്‍റെ ചെയർമാൻ. 1991- 2002 കാലഘട്ടത്തിൽ കേരളത്തിലെ വളണ്ടറി കോ-ഓഡിനേറ്റിങ് ഏജൻസി ഫോർ അഡോപ്ഷൻ പ്രസിഡന്‍റ്. 1984 മുതൽ 1999 വരെ നാഷണൽ സർവീസ് സ്കീം സംസ്ഥാനതല ഉപദേശ സമിതി അംഗം. 1984 മുതൽ 2 വർഷം ദേശീയ തലത്തിലുള്ള അസോസിയേഷൻ ഓഫ് സ്കൂൾസ് ഓഫ് സോഷ്യൽ വർക്ക് ഇൻ ഇന്ത്യ എന്ന സംഘടനയുടെ വൈസ് പ്രസിഡന്‍റ്. 1982 മുതൽ 90 വരെ കേരള വളണ്ടറി ഹെൽത്ത് സർവീസസ് ജനറൽ സെക്രട്ടറി. 1992 മുതൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സോഷ്യൽ വർക്ക് പിഎച്ച്ഡി ഗൈഡ് ആയിരുന്നു. 1994 മുതൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രി ഫൗണ്ടേഷൻ ട്രസ്റ്റിന്‍റെ ചെയർമാനാണ്. അധ്യാപക മികവിനും സംരംഭകത്വ മികവിനും അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങൾ നിരവധിയാണ്.

അക്കാദമിക് തലത്തിലും പൊതു സമൂഹത്തിലുമുള്ള പദവികൾക്കും അംഗീകാരങ്ങൾക്കും പുറമേ സന്യാസഭാംഗം എന്ന നിലയിലും ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് ആയിരുന്നു. കേരള സ്വാശ്രയ എൻജിനീയറിങ് കോളെജ് മാനെജ്മെന്‍റ് അസോസിയേഷൻ, കേരള ക്രിസ്ത്യൻ കോളെജ് മാനെജ്മെന്‍റ് തുടങ്ങിയവയുടെ സ്ഥാപക സെക്രട്ടറിയാണ്.

നൂതന ആശയങ്ങൾ ഉൾക്കൊള്ളാനും അപകടസാധ്യതകൾ മനസിലാക്കിക്കൊണ്ട് പരീക്ഷിച്ചു നോക്കുവാനുമുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. രാജഗിരി ഒരു ലോകോത്തര ബ്രാൻഡ് നാമമായി വളർന്നത് അങ്ങനെയാണ്. വ്യാപകമായി നടത്തിയ വിദേശയാത്രകളും സെമിനാറുകളും ദേശീയ -അന്തർദേശീയ തലത്തിൽ പ്രമുഖരായ വ്യക്തികളുമായുള്ള ബന്ധങ്ങളും ഈ വളർച്ചയ്ക്ക് കുട പിടിച്ചു.

ഫാ. അലക്സ് ഒരുതായപ്പിള്ളിയുടെ ജീവചരിത്രത്തിന്‍റെ പേര് "വിജയവീഥിയിലെ ഓൾ റൗണ്ടർ' എന്നാണ്. വെച്ചൂർ ഇടവകയിൽ ഒരുതയപ്പിള്ളി ജോസഫ് ചാണ്ടിയുടെയും എലിസബത്തിന്‍റെയും മകനായ ഫാ. ജോസ് അലക്‌സിന്‍റെ വിജയകരമായ ജീവിതത്തിന് തികച്ചും അന്വർഥമായ പേര്. അദ്ദേഹത്തിന്‍റെ ജീവിതം രണ്ടു വശങ്ങളുള്ള സ്വർണ നാണയമാണ്. ഒരു വശത്ത് സംരംഭകന്‍റെ മുദ്ര, മറുവശത്ത് സോഷ്യൽ വർക്കറുടെ അടയാളം.

(ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളിയുടെ ശിഷ്യനും സഹപ്രവർത്തകനും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ മുൻ അംഗവുമാണ് ലേഖകൻ)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com