
#ഡോ. വിനോദ് കെ. പോള്‍
ചരിത്രം കുറിച്ച കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു യജ്ഞത്തിന് 2021 ജനുവരിയിലാണ് ഇന്ത്യ തുടക്കം കുറിച്ചത്. തുടര്‍ന്ന് 220 കോടിയിലധികം വാക്സിന് ഡോസുകള്‍ നല്കി. സമാനതകളില്ലാത്ത വേഗതയിലും തോതിലും 18 മാസത്തിനുള്ളില്‍ ഇന്ത്യ 200 കോടി ഡോസ് എന്ന അതിശയകരമായ നേട്ടത്തിലെത്തി. ഒരു ദിവസം 2.51 കോടി ഡോസ് നല്കിയതിന്റെയും മറ്റ് 9 ദിവസങ്ങളില്‍ ഒരു കോടിയിലധികം ഡോസുകള്‍ നല്കിയതിന്റെയും റെക്കോര്‍ഡും നാം സൃഷ്ടിച്ചു!
അതിലും ശ്രദ്ധേയമായ കാര്യം, കൊവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയാകെ നടന്നത് ഇന്ത്യയില്‍ ഉത്പാദിപ്പിച്ച രണ്ടു പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ചാണ് എന്നതാണ്. പൊതുജനാരോഗ്യ സംവിധാനത്തിലൂടെ 97% പ്രതിരോധ കുത്തിവയ്പും സൗജന്യമായി നല്കി. ഐസിഎംആര്‍ വിശകലനം ചെയ്ത വിവരങ്ങള്‍ കാട്ടിത്തരുന്നത്, കൊവിഡ് മൂലമുള്ള മരണനിരക്കു തടയുന്നതില്‍ ഒന്നും രണ്ടും ഡോസ് പ്രതിരോധ കുത്തിവയ്പിന്റെ ഫലപ്രാപ്തി യഥാക്രമം 99.0% ഉം 99.4% ഉം ആണെന്നാണ്.
പ്രശസ്തമായ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ 2022 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച പഠനം ലോകമെമ്പാടുമുള്ള കൊവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ വര്‍ഷത്തെ അനന്തരഫലം കണക്കാക്കുന്നു. 2021ല്‍ മാത്രം ഇന്ത്യയില്‍ 34 ലക്ഷം (27.5 മുതല്‍ 48.8 ലക്ഷംവരെ) മരണം പ്രതിരോധകുത്തിവയ്പു യജ്ഞത്തിലൂടെ ഒഴിവാക്കാനായതായി പ്രബന്ധം വ്യക്തമാക്കുന്നു.
ഇപ്പോള്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്നെസും ("സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം: പ്രതിരോധ കുത്തിവയ്പിന്റെയും അനുബന്ധ നടപടികളുടെയും സാമ്പത്തിക ആഘാതം കണക്കാക്കല്‍' എന്ന ശീര്‍ഷകത്തില്‍) പുറത്തിറക്കിയ പ്രവര്‍ത്തന പ്രബന്ധം, മേല്‍പ്പറഞ്ഞ മരണനിരക്കു കുറയ്ക്കല്‍ കണക്ക് ഉയര്‍ത്തിക്കാട്ടുകയും ഉപയോഗിക്കുകയും ചെയ്തതിനൊപ്പം, പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ വരുമാനം സൃഷ്ടിക്കല്‍ സാധ്യതയെക്കുറിച്ചുള്ള കണക്കുകള്‍ നല്കാന് ഒരുപടി കൂടി മുന്നോട്ടുപോയി. 18.3 ബില്യണ്‍ യുഎസ് ഡോളറിന്റെ (1,29,000 കോടി രൂപ) നഷ്ടം തടഞ്ഞതിലൂടെ, ജീവന്‍രക്ഷാ പ്രതിരോധ കുത്തിവയ്പു യജ്ഞം മികച്ച സാമ്പത്തിക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ട് കണക്കാക്കുന്നു. പ്രതിരോധ കുത്തിവയ്പു യജ്ഞത്തിന്റെ ചെലവു കണക്കിലെടുത്ത് 15.42 ബില്യണ്‍ യുഎസ് ഡോളറിന്റെ (1,09,325 കോടി രൂപ) അറ്റാദായം രാജ്യത്തിനു ലഭിച്ചതായി പ്രബന്ധം പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരുകാര്യത്തിന് ഈ ഘട്ടത്തില്‍ പ്രധാന പങ്കുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവിഡ്19 പ്രതിരോധ മരുന്നുകള്‍ ഡോസിന് 3 യുഎസ് ഡോളറില്‍ താഴെ നിരക്കിലാണു ഗവണ്മെന്റ് വാങ്ങിയത്. ആഗോളതലത്തില്‍ പ്രചാരത്തിലുള്ള എംആര്‍എന്‍എ വാക്സിനുകളുടെ (ഫൈസര്‍, മോഡേണ) വിപണി വില ഡോസിന് ഏകദേശം 20 യുഎസ് ഡോളര്‍ ആയിരുന്നു. ആ വില കണക്കിലെടുത്താല്‍, രണ്ടു ബില്യണ്‍ ഡോസിന് 40 ബില്യണ്‍ യുഎസ് ഡോളര്‍ (3,00,000 കോടി രൂപ) എന്ന ചെലവു രാജ്യത്തിനു വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുമായിരുന്നു. എന്തായാലും, ഇന്ത്യയുടെ വലിയ ആവശ്യം നിറവേറ്റാന്‍ 2021ല്‍ ആഗോള വിപണിയില്‍ ഏതെങ്കിലും ബാഹ്യ സ്രോതസുകളില്‍ നിന്നുള്ള മതിയായ വാക്സിന് ഡോസുകള്‍ ഉണ്ടായിരുന്നില്ല. നമുക്കു സ്വന്തമായി ഉത്പാദനം ഇല്ലായിരുന്നെല് നാം ഏറെ ബുദ്ധിമുട്ടിലാകുമായിരുന്നു. ചെലവു കുറഞ്ഞതും ഫലപ്രദവുമായ, ഇന്ത്യയില്‍ ഉത്പാദിപ്പിച്ച, വാക്സിനുകള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത്, രാജ്യം പ്രതിസന്ധിയിലൂടെ തലയുയര്‍ത്തിപ്പിടിച്ചു കടന്നുപോയി. നമ്മുടെ സ്വന്തം ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, വാക്സിന് മൈത്രി സംരംഭത്തിലൂടെ 100ലധികം രാജ്യങ്ങളുമായി നമ്മുടെ ഉല്‍പ്പന്നങ്ങള്‍ പങ്കിടുകയും ചെയ്തു.
രാജ്യത്തുടനീളം വാക്സിനേഷന് പരിരക്ഷ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന, വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് ഇന്ത്യ മാതൃകയാണെന്നു സ്റ്റാന്‍ഫഡ് പ്രബന്ധം പറയുന്നു. തന്ത്രപരവും മുന്‍ഗണനയുള്ളതുമായ പ്രതിരോധ കുത്തിവയ്പു യജ്ഞവും പങ്കാളികള്‍ക്കിടയിലെ കാര്യക്ഷമമായ ഏകോപനവും ഉപയോഗിച്ച്, നിരവധി വെല്ലുവിളികള്‍ക്കിടയിലും പ്രതിരോധ കുത്തിവയ്പു പരിരക്ഷ വിപുലീകരിക്കുന്നതു മറികടക്കാന്‍ കഴിയാത്ത ലക്ഷ്യമല്ലെന്ന് ഇന്ത്യ തെളിയിച്ചു.
കൂടാതെ, പ്രതിരോധ കുത്തിവയ്പു യജ്ഞത്തില്‍ ഇന്ത്യയിലെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ആശാ പ്രവര്‍ത്തകരുടെ പങ്ക്, ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ അവരുടെ പ്രാധാന്യത്തിന്റെ തെളിവാണ്; വിശേഷിച്ചും പ്രാദേശിക തലത്തില്‍. ആശാ പ്രവര്‍ത്തകര്‍ അധികൃതരും ജനങ്ങളും തമ്മിലുള്ള സമ്പര്ക്കകേന്ദ്രമായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022ലെ ലോകാരോഗ്യ അസംബ്ലിയില്‍ ലോകാരോഗ്യ സംഘടന നല്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്സ് പുരസ്കാരത്തിന് അവര്‍ അര്‍ഹരാണ്.
എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പു യജ്ഞം ഇന്ത്യയുടെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മഹാമാരി കൈകാര്യം ചെയ്യലിന്റെയും പ്രതികരണ തന്ത്രത്തിന്റെയും പ്രധാന ഭാഗം മാത്രമായിരുന്നു. ഇന്ത്യയുടെ തന്ത്രത്തിന്റെ മൂന്ന് അടിസ്ഥാനങ്ങളായ നിയന്ത്രണങ്ങള്‍, ദുരിതാശ്വാസ പാക്കെജ്, വാക്സിന് നിര്‍വഹണം എന്നിവയെക്കുറിച്ചു പ്രബന്ധം വിശദീകരിക്കുന്നു. കൊവിഡ് വ്യാപനം തടയുന്നതിലൂടെ ജീവന് രക്ഷിക്കുന്നതിനും തടസമില്ലാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതിനും വൈറസിനെതിരായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും ഈ മൂന്നു നടപടികളും നിര്‍ണായകമായെന്നു പഠനം നിരീക്ഷിക്കുന്നു. കൊവിന്‍, ആരോഗ്യസേതു, ഇ-സഞ്ജീവനി തുടങ്ങിയ സാങ്കേതികവിദ്യാ അധിഷ്ഠിത ഉപാധികള്‍ ഇന്ത്യയുടെ മഹാമാരി കൈകാര്യം ചെയ്യലും പ്രതികരണവും കൂടുതല്‍ ശക്തിപ്പെടുത്തി.
സമ്പര്‍ക്കം കണ്ടെത്തല്‍, വലിയ തോതിലുള്ള പരിശോധന, ഗാര്‍ഹിക സമ്പര്‍ക്കവിലക്ക്, അവശ്യ വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ വിതരണം, ആരോഗ്യപരിരക്ഷാ അടിസ്ഥാന സൗകര്യ നവീകരണം, കേന്ദ്ര - സംസ്ഥാന - ജില്ലാ തലങ്ങളില്‍ വിവിധ പങ്കാളികള്‍ തമ്മിലുള്ള നിരന്തര ഏകോപനം എന്നിങ്ങനെ താഴേത്തട്ടിലെ ശക്തമായ നടപടികള്‍ വൈറസ് വ്യാപനം തടയാന്‍ സഹായിച്ചതായി സ്റ്റാന്‍ഫഡ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പരിചരണത്തിനായി വലിയ ആശുപത്രി അടിസ്ഥാനസൗകര്യം തയ്യാറാക്കാനും ഇതിലൂടെ കഴിഞ്ഞു. മുകളില്‍ നിന്നു താഴേയ്ക്കുള്ള സമീപനത്തിനു വിരുദ്ധമായി, വൈറസ് നിയന്ത്രിക്കുന്നതില്‍ താഴെത്തട്ടിലുള്ള സമീപനം നിര്‍ണായകമാണെന്ന് ഇതു വ്യക്തമാക്കുന്നു.
2020ലെ ലോക്ഡൗണ്‍ കാരണം ഒരുലക്ഷത്തിലധികം ജീവന് രക്ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെന്നു സാമ്പത്തിക സര്‍വേ (202021) വ്യക്തമാക്കിയിരുന്നു. ഈ നടപടി കാരണം രാജ്യം ആദ്യത്തെ നൂറു രോഗബാധിതരില്‍ നിന്ന് ഉച്ചസ്ഥായിയില്‍ എത്താന്‍ ഏകദേശം 175 ദിവസമെടുത്തു. അതേസമയം പല രാജ്യങ്ങളും (റഷ്യ, കനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി മുതലായവ ഉള്‍പ്പെടെ) 50 ദിവസത്തിനുള്ളില്‍ ആദ്യത്തെ ഉച്ചസ്ഥായിയിലെത്തി. സ്റ്റാന്‍ഫഡ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോക്ഡൗണും തുടര്‍ന്നുള്ള നിയന്ത്രണ നടപടികളും വക്രരേഖ നിവര്‍ത്താന്‍ സഹായിക്കുകയും ജീവന് രക്ഷിക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനും സഹായിച്ചു.
ഉത്തേജക പാക്കെജിനു വിരുദ്ധമായി, സമഗ്ര ദുരിതാശ്വാസ പാക്കെജ് രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ സ്വീകരിച്ച സമീപനം, ജനങ്ങളുടെ സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതിലും മഹാമാരിക്കുശേഷമുള്ള ഊര്‍ജസ്വലമായ പാതയിലേക്കു നയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
വയോജനങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളിവര്‍ഗം എന്നിവരെ ഉള്‍ക്കൊള്ളുന്ന 68,820 കോടി രൂപയുടെ (9.7 ബില്യണ്‍ യുഎസ് ഡോളര്‍) പിഎം ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) സമഗ്ര പാക്കെജിലൂടെ, ജനങ്ങളുടെ ഉപജീവനത്തെ കൊവിഡ് വളരെ കുറഞ്ഞ തോതിലേ ബാധിക്കൂ എന്ന് ഉറപ്പാക്കി. സാമ്പത്തിക ഉത്തേജകമെന്ന നിലയില്‍, പിഎംജികെവൈ 7.57 ബില്യണ്‍ യുഎസ് ഡോളറിന്റെ (53,679 കോടി രൂപ) സാമ്പത്തിക സ്വാധീനം ചെലുത്തിയതായി സ്റ്റാന്‍ഫഡ് റിപ്പോര്‍ട്ട് പറയുന്നു. പിഎം ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് കീഴില്‍, 40 ലക്ഷം ഗുണഭോക്താക്കള്‍ക്കു തൊഴില്‍ നല്കി. ഇതിന്റെ ഫലമായി മൊത്തത്തില്‍ 4.81 ബില്യണ്‍ യുഎസ് ഡോളറിന്റെ (34,095 കോടി രൂപ) സാമ്പത്തിക സ്വാധീനമുണ്ടായി. പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ (പിഎംജികെഎവൈ) ഏകദേശം 80 കോടി ജനങ്ങള്‍ക്കു സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത്, ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. സ്റ്റാന്‍ഫഡ് പഠനമനുസരിച്ച് ഇത് 26.24 ബില്യണ്‍ യുഎസ് ഡോളറിന്റെ (1,86,026 കോടി രൂപ) വലിയ സാമ്പത്തിക സ്വാധീനമാണുണ്ടാക്കിയത്.
മഹാമാരി ആഗോള സമ്പദ് വ്യവസ്ഥയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര നാണയ നിധിയും പോലുള്ള സ്ഥാപനങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്കു ട്രില്യണ്‍ കണക്കിനു ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. വികസനത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും ഉയര്‍ന്ന തലത്തിലേക്കു നീങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തിരിച്ചടി ദുരന്തകരമായിരിക്കാം. എന്നിരുന്നാലും, പകര്‍ച്ചവ്യാധിക്കു ശേഷവും ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി തുടരുകയാണ്.
വാസ്തവത്തില്‍, ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജവും ചലനാത്മകതയും കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ച ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ മഹാമാരിക്കു ശേഷമുള്ള ലോകത്ത് ഇന്ത്യ കൂടുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരിക്കുകയാണ്.
(ലേഖകന്‍ നിതി ആയോഗ് - ആരോഗ്യം - അംഗമാണ്. കാഴ്ചപ്പാടുകള്‍ വ്യക്തിപരം.)