
ബ്രസീലിലെ ഗ്ലാസ് കുപ്പി വീട്
റീന വർഗീസ് കണ്ണിമല
സർഗാത്മകതയ്ക്ക് അളവുകോലില്ല. അത് ആകാശങ്ങളോളം പരന്നു കിടക്കുന്നു, സൂര്യനെപ്പോലെ പ്രശോഭിക്കുന്നു. പുനരുപയോഗിച്ച എണ്ണായിരത്തോളം ഗ്ലാസ് കുപ്പികളിൽ വിരിയുന്ന ഗ്ലാസ് ചുവരുകൾ, പുനരുപയോഗം ചെയ്ത ടൂത്ത് പേസ്റ്റ് ട്യൂബുകൾ കൊണ്ടു നിർമിച്ച മേൽക്കൂര ടൈലുകൾ, പാലറ്റ് പാർട്ടീഷനുകൾ, ജല ഉപഭോഗം കുറയ്ക്കാൻ ഔട്ട്ഡോർ ഡ്രൈ ടോയ് ലറ്റ്...ഇങ്ങനെയൊരു വീട് നിങ്ങൾക്കു കാണാം ബ്രസീലിലെ ഇറ്റാമരാക്ക ദ്വീപിൽ വന്നാൽ. ബ്രസീലിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഇറ്റാമരാക്ക ദ്വീപ്.
സുസ്ഥിര ടൂറിസത്തിൽ ആഴമേറിയ അനുഭവം പ്രദാനം ചെയ്യുന്ന ഒരു താമസസ്ഥലമായി ഈ വീട് മാറിയിരിക്കുന്നു. പ്രാദേശിക കരകൗശല വസ്തുക്കൾ, പുനരുപയോഗിച്ച ഫർണിച്ചറുകൾ, ശാന്തവും തിളക്കമുള്ളതുമായ അന്തരീക്ഷം എന്നിവ ഇന്‍റീരിയറിൽ സംയോജിപ്പിച്ചിരിക്കുന്നു. അർധ സുതാര്യമായ ചുവരുകൾ സ്വാഭാവിക വെളിച്ചം കടന്നു പോകാൻ അനുവദിക്കുന്നു.
എഡ്ന ഡാന്‍റസും മകൾ മരിയ ഗബ്രിയേലിയും തങ്ങളുടെ ഗ്ലാസ് ഭവനത്തിൽ
പരിസ്ഥിതി അധ്യാപികയായ എഡ്ന ഡാന്‍റസും മകൾ മരിയ ഗബ്രിയേലിയുമാണ് ഈ അത്ഭുത വീടിന്‍റെ നിർമാതാക്കൾ. പരിമിതമായ വിഭവശേഷിയുള്ള ഒരു സമൂഹത്തിൽ വളർന്ന എഡ്ന ചെറിയ പ്രായം മുതൽ പരിസ്ഥിതിയെ പ്രണയിച്ചു.2020ൽ പ്രാദേശിക ബീച്ചുകളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് നിരീക്ഷിച്ച എഡ്ന അതിന് എങ്ങനെ പരിഹാരം കാണാം എന്നു ചിന്തിച്ചതാണ് ഇപ്പോൾ ഈ വീടിന്‍റെ സൃഷ്ടിയിലേയ്ക്കു നയിച്ചത്.തന്‍റെ മകളെയും കൂട്ടി പരിസ്ഥിതിയിലെ ഏറ്റവും സ്ഥിരമായ മാലിന്യ വസ്തുക്കളിൽ ഒന്നായ ഗ്ലാസ് പ്രധാനമായും ഉപയോഗിച്ച് പൂർണമായും ഒരു വീട് നിർമിക്കുക എന്നതായി എഡ്നയുടെ സ്വപ്നം.
പുനരുപയോഗിക്കാൻ കൊള്ളാവുന്ന കുറച്ചു മരവും എണ്ണായിരത്തിലധികം ഗ്ലാസ് കുപ്പികളും എഡ്നയും പുത്രി മരിയയും കൂടി ശേഖരിച്ചു. അത് അവർ വൃത്തിയാക്കി, മിനുക്കി, സ്വമേധയാ സ്ഥാപിച്ചു. യന്ത്രങ്ങളോ കരാറുകാരോ ഇല്ലാതെ മുഴുവൻ പ്രക്രിയയും എഡ്നയുടെയും മരിയയുടെയും കരങ്ങളിലൂടെ വിജയകരമായി നടന്നു. രണ്ടു വർഷമെടുത്തു അവർക്ക് ഈ വീട് ഇത്ര മനോഹരമായി ഇങ്ങനെ നിർമിച്ചെടുക്കാൻ. നമുക്കുമുണ്ടാക്കിയാലോ ഇങ്ങനെയൊരു ഗ്ലാസ് കുപ്പി വീട്!