രാഷ്ട്ര നിർമാണത്തിന് സ്വയം സമർപ്പിച്ച മഹദ് വ്യക്തിത്വം

അശോക് സിംഗാളുമായി ഇടപഴകാനും അദ്ദേഹത്തിന്‍റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാനും എണ്ണമറ്റ അവസരങ്ങൾ ലഭിച്ചത് ഒരു സുകൃതമായി കരുതുന്നുവെന്ന് മോദി
Narendra Modi, Ashok Singhal

നരേന്ദ്ര മോദി, അശോക് സിംഗാൾ

Updated on: 

പ്രധാനമന്ത്രി നരേന്ദ്ര മോദി

"വൃക്ഷ് കബഹും നഹിം ഫൽ ഭഖൈ,

നദീ ന സഞ്ചൈ നീർ;

പരമാർഥ് കേ കാരണേ,

സാധുൻ ധരാ ശരീർ'

എന്ന സന്ത് കബീർ ദാസിന്‍റെ മനോഹരമായ ഒരു ചൊല്ലുണ്ട്. ""വൃക്ഷം സ്വന്തം ഫലം ഭക്ഷിക്കുന്നില്ല; നദി സ്വന്തം ജലം സൂക്ഷിച്ചുവയ്ക്കുന്നുമില്ല'' എന്നാണ് ഇതിനർഥം. രണ്ടും മറ്റുള്ളവരുടെ നന്മയ്ക്കായാണ് നിലകൊള്ളുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാൾ എത്രയോ വലിയ അർഥമാണ് ചുറ്റുമുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ട ജീവിതത്തിന് കൈവരുന്നതെന്ന് നമ്മുടെ സന്യാസിമാരും ദാർശനികരും നമ്മെ പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. ഈ ഭാവം നിരന്തരം പ്രതിഫലിച്ച ഒരാളുണ്ടെങ്കില്‍ അത് അശോക് സിംഗാൾ ആയിരുന്നു.

ആത്മീയ അന്വേഷണം, സാംസ്കാരിക ഉണർവ്, പതിറ്റാണ്ടുകൾ നീണ്ട സമർപ്പിത സംഘടനാ പ്രവർത്തനം എന്നിവയെ ഒരുമിപ്പിച്ച ആ അസാധാരണ വ്യക്തിത്വത്തെ ആദരിക്കുന്നതിന് സെപ്റ്റംബർ 27 മുതൽ നാം അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്.

അശോക് സിംഗാളുമായി ഇടപഴകാനും അദ്ദേഹത്തിന്‍റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാനും എണ്ണമറ്റ അവസരങ്ങൾ ലഭിച്ചത് ഒരു സുകൃതമായി ഞാൻ കരുതുന്നു. സംഘടനാ ചുമതലകൾ നിർവഹിച്ചുപോന്ന യുവ കാര്യകർത്തയായിരുന്ന സമയത്ത് 1981ലായിരുന്നു ആദ്യ അനുഭവങ്ങളിലൊന്ന്. അദ്ദേഹത്തിന്‍റെ കൈപ്പടയിലെഴുതിയ ഒരു കത്ത് എനിക്ക് ലഭിച്ചു. സ്വാഭാവികമായും എനിക്കത് ഒരു ശ്രദ്ധേയ നിമിഷമായിരുന്നു. വരാനിരിക്കുന്ന ഒരു പ്രധാന പരിപാടിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ചെയ്യേണ്ട ചില ചുമതലകളും അതിൽ ചേര്‍ത്തിരുന്നു.

പതിറ്റാണ്ടുകളിലായി രാപ്പകലില്ലാതെ അദ്ദേഹം അധ്വാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിദൂര ദേശങ്ങളിലേക്ക് അദ്ദേഹം ദീർഘവും പലപ്പോഴും ദുഷ്കരവുമായ യാത്രകൾ നടത്തുമായിരുന്നു. ഗുജറാത്തിലെ ആദിവാസി മേഖലകളിലൂടെ യാത്ര ചെയ്യുന്നതിൽ അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടി കൂടുതലായി എന്തു ചെയ്യാനാവുമെന്ന് അദ്ദേഹത്തിന്‍റെ മനസ് നിരന്തരം ചിന്തിച്ചുകൊണ്ടേയിരുന്നു. രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് പ്രകൃതി ദുരന്തമുണ്ടാകുമ്പോഴെല്ലാം അവിടെ ആദ്യം നേരിട്ടെത്തുന്നവരിലൊരാളായി, അല്ലെങ്കിൽ ദുരിതബാധിതരെ സഹായിക്കാൻ കാര്യകർത്താക്കൾക്ക് മാർഗനിർദേശം നൽകുന്നവരിലൊരാളായി അശോക് ജി ഉണ്ടായിരുന്നു. 2001ലെ ഗുജറാത്ത് കച്ച് ഭൂകമ്പത്തിനു ശേഷം അദ്ദേഹത്തോടൊപ്പമുള്ള എന്‍റെ അനുഭവം ഒരിക്കലും മറക്കാനാവാത്തതാണ്.

മറ്റുള്ളവരോടുള്ള ഈ കാരുണ്യവും കരുതലും അശോക് ജിയുടെ ജീവിതത്തിൽ വളരെ ചെറുപ്പത്തിലേ കടന്നുവന്ന ഒന്നാണ്. വളരെ പ്രശസ്തവും സമ്പന്നവുമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് മഹാവീർ പ്രഗത്ഭനായ ഒരു ഭരണാധികാരിയായിരുന്നു. സഹോദരന്മാരിൽ ഒരാളായ ബി.പി. സിംഗാൾ പിന്നീട് പോലീസ് ഉദ്യോഗസ്ഥനും തുടർന്ന് പാർലമെന്‍റ് അംഗവുമായി. മറ്റൊരു സഹോദരൻ വി.പി. സിംഗാൾ ത്രിപുര സംസ്ഥാനം രൂപീകരിക്കപ്പെട്ട സമയത്ത് അവിടെ ചീഫ് സെക്രട്ടറിയായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ വാണിജ്യ- കാർഷിക രംഗങ്ങളിൽ വിജയം കൈവരിച്ചു. എന്നാൽ ചെറുപ്പം മുതൽ തന്നെ അശോക് സിംഗാൾ ആകർഷിക്കപ്പെട്ടത് തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലേക്കായിരുന്നു; ഭാരതത്തിന്‍റെ പുനരുത്ഥാനത്തിലേക്കും ഭാരതാംബയുടെ മക്കൾക്ക് മഹത്വം കൊണ്ടുവരുന്നതിലേക്കും.

പ്രയാഗ്‌രാജിൽ വളർന്നുവന്ന അശോക് സംഗമതീരത്ത് മണിക്കൂറുകളോളം ഇരിക്കുമായിരുന്നു. നദി അദ്ദേഹത്തിൽ സ്വാഭാവികമായും താല്പര്യമുണർത്തിയിരുന്നു, ഒപ്പം അവിടെയെത്തുന്ന സന്യാസിമാരും ദാർശനികരും ഭക്തരുമെല്ലാം അദ്ദേഹത്തെ ആകർഷിച്ചു. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുള്ള ധാരണ അദ്ദേഹത്തില്‍ വളർത്തിയെടുക്കാന്‍ ഇത് വഴിയൊരുക്കുകയും സമൂഹത്തിനായി എന്തെങ്കിലും ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവർക്കായി ജീവിക്കണമെന്ന ഈ ആഗ്രഹമാണ് അദ്ദേഹത്തെ ആർഎസ്എസിലേക്ക് ആകർഷിച്ചത്. തേടിയെത്തിയ ഓരോ ഉത്തരവാദിത്തവും ആവേശത്തോടെയും അച്ചടക്കത്തോടെയും കർത്തവ്യ ബോധത്തോടെയുമാണ് അദ്ദേഹം ഏറ്റെടുത്തത്.

സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അശോക് സിംഗാൾ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വളർത്തിയെടുത്തു. ഒരു സദസിനെ മുഴുവൻ ആകർഷിച്ചു നിർത്താൻ പോന്ന ഗംഭീര ശബ്ദവും പ്രസംഗ പാടവവും അദ്ദേഹത്തിനുണ്ടായിരുന്നു. സഹ കാര്യകർത്താക്കളോടുള്ള അദ്ദേഹത്തിന്‍റെ കരുതലും അത്രമേല്‍ ശ്രദ്ധേയമായിരുന്നു. പരിചയപ്പെട്ട ആർക്കും അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ലാളിത്യത്തിൽ അദ്ഭുതം തോന്നാതിരിക്കില്ല. സന്ത് സമാജവുമായി ആഴത്തില്‍ ആത്മബന്ധം പുലർത്തിയ അദ്ദേഹം രാജ്യത്തെ സന്യാസിമാർക്കും ദാർശനികർക്കുമിടയില്‍ വലിയ ആദരം നേടിയിരുന്നു. അവർ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളെ വിലമതിക്കുകയും ബഹുമാനത്തോടെ അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് കാതോര്‍ക്കുകയും ചെയ്തിരുന്നു.

അശോക് സിംഗാളിന്‍റെ ഇതിഹാസതുല്യമായ വ്യക്തിത്വം വെളിപ്പെടുത്തിയ രണ്ട് സന്ദർഭങ്ങള്‍ ഞാനോര്‍ക്കുന്നു. 1993ലായിരുന്നു ആദ്യത്തേത്; സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്‍റെ 100 വർഷങ്ങൾ അടയാളപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് അമേരിക്കയിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. കടൽ കടന്ന് അത്തരമൊരു സമ്മേളനം സംഘടിപ്പിക്കാനുള്ള ദീർഘവീക്ഷണവും അതിന്‍റെ ആസൂത്രണവും വൈവിധ്യമാർന്ന പങ്കാളികളെ ഒരു വേദിയിലെത്തിച്ചതും അശോക് സിംഗാളിന്‍റെ സംഘടനാ പാടവം വെളിപ്പെടുത്തി.

രണ്ടാമത്തെ സന്ദർഭം 2000ത്തിലേതാണ്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ പോർട്ട് ഓഫ് സ്പെയിനിൽ ലോക ഹിന്ദു സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം മറ്റു പ്രതിനിധികൾക്കിടയിൽ എത്രമാത്രം ആവേശം പടർത്തിയെന്ന് ഞാന്‍ നേരില്‍ കണ്ടു. എന്‍റെ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്‍റെ അഭിനന്ദന വാക്കുകൾ എന്നെ ആഴത്തിൽ സ്പർശിച്ചു. അദ്ദേഹത്തിന്‍റെ പ്രോത്സാഹനം ഓരോ കാര്യകർത്താക്കളിലും എത്രത്തോളം ഊർജം നിറച്ചുവെന്ന് ഒരിക്കൽക്കൂടി ഞാൻ തിരിച്ചറിഞ്ഞു.

രാമജന്മഭൂമി പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്‍റെ നിർണായക പങ്ക് അനുസ്മരിക്കാതെ അശോക് സിംഗാളിനെക്കുറിച്ചുള്ള ഒരു പരാമർശവും പൂർണമാകില്ല. 1991ലെ ഡൽഹി ബോട്ട് ക്ലബ് റാലിയില്‍‌ അദ്ദേഹം നടത്തിയ പ്രസംഗം ആർക്കാണ് മറക്കാനാവുക? പ്രക്ഷോഭം ഉച്ചസ്ഥായിയില്‍ നില്‍ക്കെ പരിക്കേറ്റ് ചോര വാര്‍ന്ന അദ്ദേഹത്തിന്‍റെ മായാത്ത ആ ചിത്രം ഓര്‍‍ക്കാത്തവരുണ്ടോ? അയോധ്യയിൽ ഇന്ന് മഹത്തായ രാമക്ഷേത്രം യാഥാർഥ്യമായത് നിസ്വാർഥമായി സ്വയം സമർപ്പിച്ച അദ്ദേഹത്തെപ്പോലുള്ള പ്രഗത്ഭർ കാരണമാണ്. അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാകുന്ന നിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി അദ്ദേഹമായിരുന്നേനെ.

ചിന്തകളിലെ ശ്രദ്ധേയമായ വ്യക്തതയാല്‍ അനുഗ്രഹീതനായിരുന്നു അശോക് സിംഗാൾ. സമൂഹം സൗഹാർദപൂര്‍ണമാകണം എന്നും സാഹോദര്യത്തിന്‍റെ സന്ദേശം ഊട്ടിയുറപ്പിക്കപ്പെടണമെന്നുമുള്ള അദ്ദേഹത്തിന്‍റെ വിശ്വാസത്തില്‍ ഇത് തീര്‍ത്തും പ്രകടമായിരുന്നു. സാമൂഹ്യ ഐക്യവും സമത്വവും ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം നിലകൊണ്ടു. സമൂഹത്തിൽ യാതൊരുവിധ വിവേചനങ്ങളും ഉണ്ടാകാൻ പാടില്ലെന്നും ഓരോ വ്യക്തിയും തുല്യ അന്തസും ആദരവും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പാർശ്വവത്കൃത വിഭാഗത്തിൽ നിന്നുള്ള ബിഹാറിലെ സാധാരണ വിശ്വഹിന്ദു പരിഷത്ത് കാര്യകർത്താവായ കാമേശ്വർ ചൗപാൽ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ആദ്യ ശില പാകണമെന്നത് അദ്ദേഹത്തിന്‍റെ ആശയമായിരുന്നു. കാശിയിലെ ധർമ സംസദിൽ ഡോം രാജയെ ആദരിക്കണമെന്ന് തീരുമാനിച്ച അശോക് സിംഗാൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു.

രാഷ്‌ട്രനിർമാണത്തിനപ്പുറം അശോക് സിംഗാളിന്‍റെ ഹൃദയത്തോട് ചേർന്നുനിന്ന രണ്ട് മേഖലകളുണ്ടായിരുന്നു: വിദ്യാഭ്യാസം (പ്രത്യേകിച്ച് വൈദിക വിദ്യാഭ്യാസം), സംഗീതം എന്നിവ. വാരാണസിയിലെ എംപി എന്ന നിലയിൽ ഞാൻ പ്രതിനിധീകരിക്കുന്ന അനശ്വര നഗരമായ കാശി അശോക് സിംഗാളിന്‍റെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിച്ച അദ്ദേഹം മികച്ച വിദ്യാർഥിയായും അറിയപ്പെട്ടു. വിദൂര ഗ്രാമങ്ങളിലേക്ക് - പ്രത്യേകിച്ച് ഗോത്രവർഗ സമൂഹങ്ങൾക്കിടയിലേക്ക് - പ്രാഥമിക വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ പ്രവർത്തിച്ച ഏകൽ വിദ്യാലയ സംരംഭവുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. മികച്ച വായനക്കാരനും നല്ലൊരു കേൾവിക്കാരനുമായിരുന്ന അദ്ദേഹം എപ്പോഴും കഴിയുന്നത്ര വായിക്കാൻ യുവ കാര്യകർത്താക്കളോട് പറയുമായിരുന്നു.

അശോക് സിംഗാൾ എത്ര മനോഹരമായാണ് പാടിയിരുന്നതെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം. നാഗ്പുരിലെ യോഗങ്ങൾ ഞാനോർക്കുന്നു; അവിടെ അദ്ദേഹം ഏകൽ ഗീതം ആലപിക്കുകയും എല്ലാവരെയും വിസ്മയിപ്പിക്കുകയും യോഗത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. 2015ൽ അദ്ദേഹത്തിന്‍റെ തൊണ്ണൂറാം ജന്മദിനാഘോഷ വേളയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി ""ഹേ മാതൃഭൂമി മേരീ, ഹേ പിതൃഭൂമി മേരീ'' എന്ന് അദ്ദേഹം ആലപിക്കുന്ന വീഡിയൊ തരംഗമായിരുന്നു.

ഏറെക്കാലം വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷനായിരുന്ന അശോക് സിംഗാളിന്‍റെ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിന്‍റെ മഹത്വത്തെക്കുറിച്ച് രാജ്യത്തെ യുവത കൂടുതലറിയുന്നു എന്ന് നമുക്ക് ഉറപ്പാക്കാം. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അദ്ദേഹം കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാന്‍ നമുക്ക് പ്രതിജ്ഞ പുതുക്കാം.

logo
Metro Vaartha
www.metrovaartha.com