
#അഡ്വ. ജി. സുഗുണന്
ഏറ്റവും മോശമായ ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ പ്രമുഖ അന്താരാഷ്ട്ര ജനാധിപത്യ ഗവേഷണ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളിലുമെല്ലാം ഇവിടെ വെറും പഴങ്കഥയായി മാറിയിരിക്കുകയാണെന്ന് ഈ സാര്‍വദേശിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യം എന്നർഥമുള്ള "ലിബര്‍' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബെര്‍ട്ടി അഥവാ സ്വാതന്ത്ര്യം എന്ന വാക്കുണ്ടായത്. സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെ നിര്‍വചിക്കുവാന്‍ പ്രയാസമാണ്. വൈകാരികമായി ഒട്ടേറെ അർഥതലങ്ങളുള്ള ഒരു പദമാണത്. ചിന്തകരെയും വിപ്ലവകാരികളെയും അത് ആവേശം കൊള്ളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ നന്മയായി, പൗരന്റെ ഏറ്റവും വിലപ്പെട്ട സ്വത്തായി, മനുഷ്യന്റെ അന്തഃസത്തയായി സ്വാതന്ത്ര്യത്തെ പൊതുവെ കണക്കാക്കുന്നു.
എല്ലാ മനുഷ്യരും തുല്യരാണെന്നും എല്ലാവര്ക്കും തുല്യഅവസരവും പരിഗണനയും അംഗീകാരവും പ്രതിഫലവും ലഭിക്കണമെന്നുമുള്ള ആശയത്തെയാണ് സമത്വം എന്നു പറയുന്നത്. ഗ്രീസിലേയും റോമിലേയും തത്വചിന്തകര്‍ സമത്വ സങ്കല്പത്തെ മുറുകെ പിടിച്ചിരുന്നു. സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അസമത്വങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് സമത്വ സങ്കല്പം ആവിര്‍ഭവിച്ചത്. അമെരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം, ഫ്രാന്‍സിലെ മനുഷ്യാവകാശ പ്രഖ്യാപനം, സോഷ്യലിസത്തിന്റെ ഉയര്‍ച്ച എന്നിവ സമത്വമെന്ന ആശയത്തിന്റെ പരിണാമത്തിലെ പ്രധാന നാഴികകല്ലുകളായിരുന്നു.
അനേകം അർഥതലങ്ങളുള്ള വാക്കാണ് നീതി. നിയമപരമായ പരിരക്ഷയെ നീതിയെന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ആ വ്യക്തിക്ക് സംരക്ഷണം നല്‍കേണ്ടതിനെയും നീതിയെന്നു പറയുന്നു. നീതി നിയമവുമായും സദാചാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ അവകാശങ്ങളും ചുമതലകളും നിര്‍ണയിക്കുന്നത് നീതിയാണ്. സമൂഹത്തിന്റെ അഭിവൃദ്ധിയാണ് നീതിയുടെ രക്ഷ.
മനുഷ്യജീവിത്തിന് അതിന്റെ വികാസത്തിന് അത്യന്താപേക്ഷിതമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് പരിഷ്കൃത രാജ്യം അതിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന അവകാശങ്ങളാണത്. ഈ അവകാശങ്ങള്‍ ജന്മനാ ലഭിക്കുന്നവയാണ്. .
നമ്മുടെ രാജ്യത്ത് ജനാധിപത്യവും, സമത്വവും, നീതിയും, മനുഷ്യാവകാശങ്ങളുമെല്ലാം ചവിട്ടിമെതിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വീഡനിലെ ഗ്രോതെന്‍ബര്‍ഗ് സര്‍വകലാശാല, വീ.ഡെം (സൊസൈറ്റി ഓഫ് ഡെമോക്രസി ) ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ 10 വര്‍ഷമായി ഏകാധിപത്യ പ്രവണതകള്‍ ഗണ്യമായി വർധിച്ചതായി ഈ ആഗോള പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ടിന് പ്രകാരം തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്ത് നൂറ്റിയെട്ടാം സ്ഥാനത്തേക്കു വീണു. താന്‍സാനിയ, ബൊളീവിയ, മെക്സിക്കോ, സിംഗപ്പുര്‍, നൈജീരിയ എന്നിവയ്ക്കും താഴെയാണ് ഇന്ത്യയുടെ റാങ്ക്.
ലിബറല്‍ ജനാധിപത്യ സൂചികയില്‍ (എല്‍ഡിഐ) വളരെ താഴ്ന്ന നിലയിലാണെന്നതിനു പുറമെ ഇന്ത്യയുടെ റാങ്കിങ് 2022ലെ 100ാം സ്ഥാനത്ത് നിന്ന് ഈ വര്‍ഷം 108ാം സ്ഥാനത്തേക്കു കൂപ്പുകുത്തി. അയല്‍ രാജ്യമായ പാകിസ്ഥാന് 110ാം സ്ഥാനത്തുള്ളത് ഇന്ത്യയ്ക്ക് ഒരു കൂട്ടാണ്. ജനാധിപത്യ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 97 ആണ്. 50% താഴെയാണ് പോയിന്റ്. സമത്വ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 123 ആണ്.
2022ല്‍ ആഗോള പൗരന് ആസ്വദിച്ച ജനാധിപത്യത്തിന്റെ നിലവാരം 1986ലെ നിലവാരത്തിലേക്കു താഴ്ന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ആഗോളതലത്തില്‍ ഏകാധിപത്യ പ്രവണത വളര്‍ന്നുവരുന്നുണ്ട്. ഏഷ്യാ- പസഫിക് മേഖലയില്‍ ജനാധിപത്യത്തിന്റെ നിലവാരം അതിവേഗം മോശമാവുകയാണ്.
തെരഞ്ഞെടുപ്പ് ജനാധിപത്യം നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളിലെ 350 കോടി ജനങ്ങള്‍ക്ക് അതിന്റെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതില്‍ തന്നെ ഇന്ത്യയിലാണ് ഏറ്റവും മോശം സാഹചര്യം നിലനില്‍ക്കുന്നതെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള സര്‍ക്കാരാണ് ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും, ജനാധിപത്യവും കുറയുന്നതിന് ഉത്തരവാദികളെന്ന് വീ.ഡെം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏകാധിപത്യ പ്രവണതയുടെ ഭാഗമായി മാധ്യമങ്ങള്‍ക്കും, പൗരസമൂഹത്തിനും നേരേയുള്ള കടന്നാക്രമണം ഇന്ത്യയില്‍ വർധിച്ചു. അക്കാഡമിക്, സാംസ്കാരിക സ്വാതന്ത്ര്യവും, അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും അപകടത്തിലായി. വ്യാജ വാര്‍ത്തകളുടെ പ്രചാരണം, ധ്രുവീകരണം, ഏകാധിപത്യവത്കരണം എന്നിവ പരസ്പര ബന്ധിതമാണെന്ന് വീ.ഡെം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വോട്ടെടുപ്പിലൂടെ ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് 2021ലെ റിപ്പോര്‍ട്ടില്‍ വീ.ഡെം ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു. അക്കൊല്ലം തന്നെ ഇന്ത്യയില്‍ സ്വാതന്ത്ര്യം ഭാഗികമാണെന്ന് വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
സ്വീഡന് കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആൻഡ് ഇലക്റ്ററല്‍ അസിസ്റ്റന്‍സ് ജനാധിപത്യം വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നല്‍കിയത് ഏതാണ്ട് അടിയന്തരാവസ്ഥ കാലത്തിനേതിന് തുല്യമായ സ്കോറാണ്. സര്‍ക്കാരിന്റെ ജനകീയ സ്വഭാവം 1975ല്‍ 0.59 ആയിരുന്നത് 1995 ല്‍ 0.69 ആയി ഉയര്‍ന്നു. 2020ല്‍ ഇത് ഇടിഞ്ഞ് 0.61 ആയി. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ശ്രീലങ്കയ്ക്കും ഇന്തോനേഷ്യയ്ക്കുമൊപ്പം ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത്.
ലോകത്തെ വികസിത രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും സാമ്പത്തിക- ശാസ്ത്ര- സാങ്കേതിക മേഖലയിലും, ആയുധ ശക്തിയുടെ കാര്യത്തിലുമെല്ലാം ഏത് വന്‍കിട രാജ്യത്തെയും കവച്ചുവയ്ക്കുവാനുള്ള കരുത്ത് ഈ രാജ്യം നേടിയെടുത്തിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടിയും സാര്വദേശികമായി വന്‍പ്രചരണം കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിയുകയാണ്. ജനാധിപത്യവും സമത്വവും നീതിയും മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവുമെല്ലാം നിഷേധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പിന്നണി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണെന്നുള്ള യാഥാർഥ്യമാണ് സ്വീഡനിലെ ഗ്രോതെന്‍ബര്‍ഗ് സര്‍വകലാശാല വീ.ഡെം റിപ്പോര്‍ട്ട് അടിവരയിട്ടു ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യവും സമത്വവും നീതിയും നിലനിന്നു കാണാനാഗ്രഹിക്കുന്ന ജനകോടികളെയാകെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട് എന്നതില്‍ സംശയമില്ല.
(ലേഖകന്റെ ഫോണ്‍: 9847132428)