സ്വതന്ത്ര ഭാരതത്തിന്‍റെ ദീപശിഖാ വാഹകർ

നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ അറിയപ്പെടാത്ത വീരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
 The torchbearers of independent India

സ്വതന്ത്ര ഭാരതത്തിന്‍റെ ദീപശിഖാ വാഹകർ

Updated on

സി.പി. രാധാകൃഷ്ണൻ| ഉപരാഷ്‌ട്രപതി

ഭാരതത്തിന്‍റെ 80ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഈ മഹത്തായ വേളയിൽ, എല്ലാ ഭാരതീയർക്കും ഞാൻ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായി ജീവൻ ത്യജിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും ഞാൻ എന്‍റെ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ചപ്പോൾ, "ഹർ ഘർ തിരംഗ' (എല്ലാ വീട്ടിലും ത്രിവർണ പതാക) പ്രചാരണത്തിന്‍റെ ഭാഗമായി നമ്മുടെ ദേശീയ പതാക ഉയർത്താനും, മഹാനായ ദേശസ്നേഹി നേതാജി സുഭാഷ് ചന്ദ്രബോസ് ജി ആദ്യമായി ത്രിവർണ പതാക ഉയർത്തിയതിനെ അനുസ്മരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. 1943 ഡിസംബർ 30ന് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യൻ നാഷണൽ ആർമി- ഐഎൻഎ) ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയ ആ പവിത്രമായ മണ്ണിൽ നിൽക്കാൻ കഴിഞ്ഞത് വളരെ വികാരനിർഭരമായ ഒരു അനുഭവമായിരുന്നു. പസുംപൊൻ മുത്തുരാമലിംഗ തേവരുടെ ക്ഷണപ്രകാരം 1939 സെപ്റ്റംബറിൽ നേതാജി സുഭാഷ് ചന്ദ്രബോസ് മധുര സന്ദർശിച്ചതും ആ അവസരത്തിൽ ഞാൻ ഓർത്തു. ആ ചരിത്ര നിമിഷം ആ പ്രദേശത്തെ എണ്ണമറ്റ ദേശസ്നേഹികൾക്ക് വലിയ പ്രചോദനമായിരുന്നു.

മറ്റൊരു അവിസ്മരണീയ അനുഭവം ദേശീയ സ്മാരകമായ സെല്ലുലാർ ജയിൽ സന്ദർശനമായിരുന്നു. ഭാരതാംബയുടെ വീരപുത്രന്മാരായ വീര വിനായക ദാമോദര സവർക്കർ, യോഗേന്ദ്ര ശുക്ല, ബടുകേശ്വർ ദത്ത്, സചീന്ദ്രനാഥ് സന്യാൽ തുടങ്ങി നിരവധി പ്രമുഖരെ കൊളോണിയൽ സൈന്യം അവിടെയാണ് ഏകാന്ത തടവിൽ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തോടും അന്തസോടും കൂടി ഭാരതം നിലനിൽക്കാൻ തങ്ങളുടെ ജീവൻ ബലി അർപ്പിച്ചവരുടെ ധീരതയുടെയും സഹനത്തിന്‍റെയും പരമോന്നത ത്യാഗത്തിന്‍റെയും കഥകൾ ആ സ്മാരകത്തിന്‍റെ ചുവരുകളിൽ ഇന്നും പ്രതിധ്വനിക്കുന്നു. കോടിക്കണക്കിന് ആളുകളിൽ ദേശഭക്തിയുടെ ജ്വാല പടർത്തുകയും രാഷ്‌ട്രത്തെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ചെയ്ത എല്ലാ വഴികാട്ടികൾക്കും ആദരവറിയിച്ചു കൊണ്ട് ഈ ലേഖനം എഴുതാൻ ആ സന്ദർശനമാണ് എനിക്ക് പ്രചോദനമായത്.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന ഓഗസ്റ്റ് 9ന് ആൻഡമാൻ ദ്വീപുകളിൽ "ഹർ ഘർ തിരംഗ' പ്രചാരണം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. 1942ൽ രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധി "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആവേശകരമായ മുദ്രാവാക്യമുയർത്തി "ക്വിറ്റ് ഇന്ത്യ പ്രസ്ഥാന'ത്തിന് തുടക്കമിട്ടു. ആ ആഹ്വാനത്തിന്‍റെ ഫലമായി സ്വാതന്ത്ര്യത്തിനായുള്ള കടുത്ത ആഗ്രഹം രാജ്യത്തുടനീളം അലയടിച്ചു.

അന്നത്തെ കൊളോണിയൽ ഭരണകൂടത്തിനെതിരേ ധീരമായി നിലകൊണ്ട ആ തലമുറയോട് നാം ഇന്ന് കടപ്പെട്ടിരിക്കുന്നു; അവരുടെ ത്യാഗം കാരണമാണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടനാപരമായ അവകാശങ്ങളോടെ സ്വാതന്ത്ര്യത്തിന്‍റെ ശ്വാസമെടുക്കാൻ നമുക്ക് സാധിക്കുന്നത്.

ഈ രാഷ്‌ട്രത്തിന്‍റെ നാനാ ഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾ അചഞ്ചലമായ സമർപ്പണത്തോടെയും ത്യാഗത്തോടെയും പോരാടുകയും, നമ്മുടെ ഭാരതാംബയെ സ്വതന്ത്രയായി കാണാൻ അവരിൽ പലരും തങ്ങളുടെ വിലയേറിയ ജീവൻ ത്യജിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനികളുടെ വൈവിധ്യം

വടക്ക് കശ്മീരിൽ നിന്നായാലും തെക്ക് തമിഴ്‌നാട്ടിൽ നിന്നായാലും പടിഞ്ഞാറ് ഗുജറാത്തിൽ നിന്നായാലും കിഴക്ക് അസമിൽ നിന്നായാലും, എല്ലാ മേഖലകളിലും പശ്ചാത്തലങ്ങളിലും പ്രായത്തിലുമുള്ള ജനങ്ങൾ ഭാരതാംബയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചുചേർന്നു.

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പ്രതിരോധത്തിന്‍റെ അനശ്വര പ്രതീകമായ ഝാൻസി റാണി ലക്ഷ്മിഭായിയുടെ വീര്യം; മംഗൾ പാണ്ഡെയുടെ ധൈര്യം; "സ്വരാജ് എന്‍റെ ജന്മാവകാശമാണ്, ഞാൻ അത് നേടുക തന്നെ ചെയ്യും' എന്ന പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ഉണർത്തിയ ബാലഗംഗാധര തിലകിന്‍റെ നിർഭയ ആഹ്വാനം- അങ്ങനെ ഓരോ ശബ്ദവും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന് കരുത്തേകി. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കപ്പൽ കമ്പനിക്ക് തുടക്കമിട്ടുകൊണ്ട് വി.ഒ. ചിദംബരം പിള്ള കൊളോണിയൽ സാമ്പത്തിക ആധിപത്യത്തെ ചോദ്യം ചെയ്യുകയും, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം യുദ്ധഭൂമിയിൽ മാത്രമല്ല വാണിജ്യ രംഗത്തും നടന്നിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.

ഭഗത് സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുടെ വിപ്ലവവീര്യം സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി ത്യാഗം സഹിക്കാൻ തലമുറകൾക്ക് പ്രചോദനമായി; അതേസമയം റാണി ഗെയ്‌ഡിൻ ലിയുവിന്‍റെ അചഞ്ചലമായ നിശ്ചയ ദാർഢ്യം ബ്രിട്ടീഷ് ഭരണത്തിനെതിരേ വടക്കുകിഴക്കൻ മേഖലയിൽ പ്രതിരോധത്തിന്‍റെ ജ്വാല തെളിച്ചുനിർത്തി. അസമിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നതിനിടെ പൂർണ ധൈര്യത്തോടെ ദേശീയ പതാകയേന്തിയ യുവതിയായ കനകലതാ ബറുവ തന്‍റെ ജീവൻ ബലിയർപ്പിച്ചു. ഭഗവാൻ ബിർസ മുണ്ടയും മറ്റ് നിരവധി ഗോത്രവർഗ നേതാക്കളും കൊളോണിയൽ ഭരണത്തിനെതിരേ ചരിത്രപരമായ പ്രതിരോധത്തിന് നേതൃത്വം നൽകി.

ചരിത്രത്താളുകളിൽ നിന്ന് എടുത്തുകാട്ടാൻ സാധിക്കുന്ന ദൃഢനിശ്ചയത്തിന്‍റെയും ധീരതയുടെയും സഹനശക്തിയുടെയും ഇനിയും ധാരാളം കഥകളുണ്ട്. ഇവയെല്ലാം ചേർന്ന് ധീരതയുടെയും ത്യാഗത്തിന്‍റെയും സമ്പന്നമായ ഒരു സമന്വയ ചിത്രമായി മാറുന്നു. എണ്ണമറ്റ വീരന്മാരുടെ കൂട്ടായ നിശ്ചയദാർഢ്യത്തിലൂടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുത്തതെന്നും അവരുടെ പാരമ്പര്യം തലമുറകളെ തുടർന്നും പ്രചോദിപ്പിക്കുന്നുവെന്നും ഇത് നമ്മെ ഓർമിപ്പിക്കുന്നു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ തിരുപ്പൂർ

ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ, "കൊടി കാത്ത കുമരൻ' എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന തിരുപ്പൂർ കുമരന് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സ്വാതന്ത്ര്യസമര കാലത്ത് എന്‍റെ ജന്മസ്ഥലം കൂടിയായ തിരുപ്പൂരിൽ മരണത്തെ അഭിമുഖീകരിക്കുമ്പോഴും ദേശീയ പതാക താഴെ വീഴാൻ അനുവദിക്കാതെ ജീവൻ ബലി അർപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

ചെറുപ്പത്തിൽ തന്നെ കുമരന്‍റെ ഹൃദയത്തിൽ ദേശാഭിമാനത്തിന്‍റെ ജ്വാല പടർന്നുപന്തലിച്ചിരുന്നു. "സ്വരാജ് നമ്മുടെ ജന്മാവകാശമാണ്' എന്ന ആഹ്വാനത്താൽ പ്രചോദിതനായി അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട കുമരൻ, ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ ദേശീയതയുടെ ആവേശം ഉണർത്തുന്നതിനായി "ദേശബന്ധു യൂത്ത് അസോസിയേഷൻ' സ്ഥാപിച്ചു.

കൊളോണിയൽ ഭരണത്തിന്‍റെ അനീതികളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുകയും അവയെ ചെറുക്കാനുള്ള ധൈര്യവും വ്യക്തതയും കൈവരിക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർഥ സ്വാതന്ത്ര്യം നേടാനാകൂ എന്ന് കുമരൻ ഉറച്ചു വിശ്വസിച്ചു. ഗാന്ധിയൻ തത്വങ്ങളോട് പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം, മദ്യവർജനത്തെ സാമൂഹികവും ദേശീയവുമായ പുനരുജ്ജീവനത്തിലേക്കുള്ള ഒരു പ്രധാന പടിയായി കണ്ടുകൊണ്ട് അതിനായി നിലകൊണ്ടു. അതിന്‍റെ ഭാഗമായി, അദ്ദേഹം കള്ളു ഷാപ്പുകൾക്ക് മുന്നിൽ പിക്കറ്റിങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി മദ്യം ഉപേക്ഷിക്കാനും സ്വയം അച്ചടക്കം ശീലിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

1932 ജനുവരി 10ന് നിയമ ലംഘന പ്രസ്ഥാനത്തിന്‍റെ ഭാഗമായി കുമരൻ ഒരു പ്രകടനത്തിന് നേതൃത്വം നൽകി. കൈകളിൽ ദേശീയ പതാകയേന്തി, കുറച്ച് ധീരരായ മനുഷ്യർക്കൊപ്പം അദ്ദേഹം മുന്നേറിയപ്പോൾ "വന്ദേമാതരം' എന്ന ശക്തമായ മന്ത്രധ്വനി തിരുപ്പൂരിലെ തെരുവുകളിൽ പ്രതിധ്വനിച്ചു. കൊളോണിയൽ സൈന്യം ആ സംഘത്തെ ആക്രമിച്ചു; ചുണ്ടുകളിൽ "വന്ദേമാതരം' എന്ന മുദ്രാവാക്യത്തോടും പതാക ശരീരത്തോട് ചേർത്തുപിടിച്ചും കുമരൻ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രാജ്യത്തിനായി ജീവൻ വെടിഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 27 വയസ് മാത്രമായിരുന്നു.

തിരുപ്പൂർ കുമരന്‍റെ വയസ് എഴുതുമ്പോൾ, ഭാരതാംബയ്ക്കായി ജീവൻ ത്യജിച്ച മറ്റു നിരവധി യുവാക്കളെയാണ് ഞാൻ ഓർക്കുന്നത്. ഭഗത് സിങ് (23), സുഖ്‌ദേവ് (23), രാജ്‌ഗുരു (22), ഖുദിറാം ബോസ് (18), കനകലതാ ബറുവ (18), അനന്ത് ലക്ഷ്മൺ കൻഹെറെ (19), വാഞ്ചിനാഥൻ (25) തുടങ്ങി എണ്ണമറ്റ യുവ മനസുകൾ തങ്ങളുടെ ജീവൻ വെടിഞ്ഞ് സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ താളുകളിൽ അമരന്മാരായി.

നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ അറിയപ്പെടാത്ത വീരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും ഞാൻ എന്‍റെ പ്രണാമം അർപ്പിക്കുന്നു.

ഈ സുപ്രധാന അവസരത്തിൽ, നമ്മുടെ മാതൃഭൂമിയോടുള്ള പ്രതിബദ്ധത നമുക്ക് പുനരവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാം. ഈ അമൃതകാലത്ത് ഒരു "വികസിത ഭാരതം @2047' കെട്ടിപ്പടുക്കാൻ സ്വയം സമർപ്പിക്കാനും രാഷ്‌ട്ര പുരോഗതിക്കും ഐശ്വര്യത്തിനുമായി ഒന്നിച്ചു പ്രവർത്തിക്കാനും നമുക്ക് തയാറാകാം. അചഞ്ചലമായ ധൈര്യത്തോടെ പോരാടുകയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ തങ്ങളുടെ ജീവൻ ബലി അർപ്പിക്കുകയും ചെയ്ത ആ വീര ഹൃദയങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി അതായിരിക്കും.

logo
Metro Vaartha
www.metrovaartha.com