കേരളം വീണ്ടും ഭ്രാന്താലയമായി മാറുന്നോ?

പരമോന്നത കോടതിയില്‍ നേരത്തേ തങ്ങള്‍ നല്‍കിയ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Updated on

അഡ്വ. ജി. സുഗുണന്‍

ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിലും മധ്യകാലഘട്ടത്തിലും മാത്രമല്ല ഈ ആധുനിക കാലഘട്ടത്തില്‍ പോലും പല സംസ്ഥാനങ്ങളിലും ജാതിമത ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്നതിന്‍റെ ചിത്രം കാണാം. ഇതില്‍ തന്നെ കേരളം ജാതിമത- അന്ധവിശ്വാസ ഭ്രാന്തിന്‍റെ കാര്യത്തില്‍ മറ്റേത് സംസ്ഥാനത്തെക്കാളും മുന്‍പന്തിയിലുമായിരുന്നു. ഇവിടെ കഴിഞ്ഞ നൂറ്റാണ്ടു വരെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗത്തിന് ക്ഷേത്രപ്രവേശനവും വിദ്യാലയ പ്രവേശനവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല വഴി നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയായിരുന്നു. മാറു മറയ്ക്കാനുള്ള സ്വാതന്ത്യം പോലും പിന്നാക്ക സ്ത്രീകള്‍ക്ക് പ്രബുദ്ധ കേരളത്തില്‍ നിഷേധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ശ്രീനാരയണ ഗുരുവിന്‍റെയും ചട്ടമ്പി സ്വാമികളുടെയും മറ്റ് നവോത്ഥാന നായകരുടെയും നേതൃത്വത്തില്‍ നടന്ന ത്യാഗപൂർണമായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും അനാചാരങ്ങളെ പൂർണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

സ്ത്രീകളുടെ ക്ഷേത്രപ്രവേശനം മഹാരാഷ്‌ട്ര, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍പ്പോലും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ആ സംസ്ഥാനങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്. മഹാരാഷ്‌ട്രയില്‍ സ്ത്രീകള്‍ തന്നെ ശക്തമായ സമരം നടത്തിയാണ് അവരുടെ ക്ഷേത്രപ്രവേശനം അംഗീകരിക്കപ്പെട്ടത്. ഭരണകക്ഷിയായ ബിജെപി മുന്നണി തന്നെയാണ് സ്ത്രീകളുടെ വ്യാപകമായ ക്ഷേത്രപ്രവേശനം ആ സംസ്ഥാനത്ത് അംഗീകരിച്ചു കൊടുത്തതും.

സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശനം അംഗീകരിച്ചു കൊണ്ടുള്ള പരമോന്നത കോടതിയുടെ വിധി വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ വിധിയെ ഇടതുപക്ഷം മാത്രമല്ല കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും എന്തിന്, ബിജെപി പോലും അന്ന് സ്വാഗതം ചെയ്തു. സ്ത്രീസ്വാതന്ത്യം അംഗീകരിക്കുന്ന ഐതിഹാസികമായ ഒരു വിധിയാണിതെന്നാണ് അന്ന് എല്ലാ രാഷ്‌ട്രീയ നേതാക്കളും ഈ വിധിയെ വിശേഷിപ്പിച്ചത്. പിന്നെ എന്തുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും ഇവിടത്തെ പ്രതിപക്ഷ പാര്‍ട്ടികളും പിന്നോട്ടു പോയതെന്ന കാര്യം ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.

ശബരിമല സ്ത്രീ പ്രവേശനം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യേണ്ടതും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ഉത്തരവാദിത്തമാണ്. ക്ഷേത്രപ്രവേശനം അടക്കമുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തില്‍ തന്നെ ബാധ്യസ്ഥരുമാണ്. അതുകൊണ്ടുതന്നെയാണ് ശബരിമല സ്ത്രീപ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നല്‍കിയതും. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നും കുറേശെ പിറകോട്ടുപോകാനും, സ്ത്രീകളെ സംബന്ധിച്ച നിലപാടില്‍ വെള്ളം ചേര്‍ക്കാനും തുടങ്ങിയതാണ് പ്രശ്‌നം വഷളാക്കിയിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി പരമോന്നത കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനു വിരുദ്ധമായതും സ്ത്രീപ്രവേശനത്തിന് എതിരായതുമായ ഒരു നിലപാട് ഇടതുപക്ഷം കൈക്കൊണ്ടാല്‍ അത് പാര്‍ട്ടിവിരുദ്ധവും പിന്തിരിപ്പന്‍ നിലപാടുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്തരം തീരുമാനമുണ്ടായി എന്നാണ് അവസാനം കിട്ടുന്ന സൂചന.

പരമോന്നത കോടതിയില്‍ നേരത്തേ തങ്ങള്‍ നല്‍കിയ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒടുവില്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്‍റെ നിലപാടിന് സമാനമായ സ്ത്രീപ്രവേശനം അംഗീകരിക്കുന്ന പഴയ തീരുമാനമാണ് ബോര്‍ഡ് മാറ്റിയിരിക്കുന്നത്. സ്ത്രീപ്രവേശനത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്ന പുതിയ തീരുമാനം സര്‍ക്കാരുമായി ആലോചിച്ചു തന്നെയായിരിക്കണം ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്.

ബോര്‍ഡ് 2019 ലെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ തിരുത്തും. ശബരിമലയില്‍ ആചാരം സംരക്ഷിണമെന്നതാണ് പുതിയ നിലപാട്. പ്രസിഡന്‍റ് കെ. ജയകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ക്ഷേത്രാചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിണമെന്ന നിലപാടാണ് ബോര്‍ഡിനുള്ളത്. അതില്‍ ആശയക്കുഴപ്പമൊന്നുമില്ല. യുവതീ പ്രവേശനത്തിന്‍ അനുകൂലമായ സുപ്രീം കോടതി 2018ല്‍ പുറപ്പെടുവിച്ച വിധിയെ ഈ ബോര്‍ഡ് എതിര്‍ക്കും. ഈ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും പരിരക്ഷിക്കാനാണ്. അതുകൊണ്ടു തന്നെ സുപ്രീം കോടതിയില്‍ നിലവിലുള്ള ഉത്തരവിനെ എതിര്‍ക്കണമെന്നാണ് തീരുമാനം. ബോര്‍ഡ് ഇതു വരെ കോടതിയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ജയകുമാര്‍ പറഞ്ഞത്. നേരത്തേ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ബോര്‍ഡിന്‍റെ അഭിഭാഷകന്‍ വാദിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ആര്‍ക്കും ഒരിക്കലും ദഹിക്കാത്ത നുണയാണ് പ്രസിഡന്‍റ് തട്ടിവിട്ടിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരും പുരോഗമന വാദികളുമൊക്കെയാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. നല്ലൊരു ശതമാനം ഇടതുപക്ഷ ചിന്താഗതിക്കാരുമാണ്. എന്നാല്‍, ഇടുങ്ങിയ ജാതിചിന്തയുടെയും അന്ധവിശ്വാസത്തിന്‍റെയും സ്ത്രീവിരുദ്ധതയുടെയുമെല്ലാം കാര്യത്തിലും രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനവുമാണ് കേരളമെന്ന് ഇതിനകം പല ചിന്തകരും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ ലേഖകന്‍റെ സുഹൃത്തും ഇടുപക്ഷക്കാരനുമായ ഒരു ജർമന്‍ യൂണിവേഴ്‌സിറ്റി സോഷ്യോളജി പ്രൊഫസര്‍ പറഞ്ഞത് ഈ സമയത്ത് ഓക്കുന്നു: ""ഇന്ത്യയിലെ എന്നല്ല, ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ അന്ധവിശ്വാസവും അനാചാരവും പുലര്‍ത്തുന്ന ജനത കേരളീയരാണ്. സംസ്ഥാനത്തെ ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടുള്ളവരുമാണ്. ഈ നിലപാട് അന്ധവിശ്വാസത്തിനും അനാചാരത്തിനും അനുകൂലമായിട്ടുള്ളതുമാണ്''.

1970കളില്‍ ശബരിമലയില്‍ പാര്‍ട്ടി അനുഭാവികളാരും പോകരുതെന്നും അവിടെ പോകുന്നതിനുള്ള ചെലവ് സ്വന്തം കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ വിനിയോഗിക്കണമെന്നും സിപിഎമ്മിന്‍റെ ഉന്നത നേതാവായിരുന്ന എ.കെ. ഗോപാലന്‍ പരസ്യമായി അഭ്യർഥിച്ചത് ഓര്‍ക്കുന്നു. അതുകൊണ്ട് ഒരു ക്ഷീണവും അന്ന് പാര്‍ട്ടിക്ക് ഉണ്ടായില്ലെന്നു മാത്രമല്ല, പാര്‍ട്ടി സഖാക്കള്‍ അന്ന് ശബരിമല യാത്ര പൊതുവേ നിര്‍ത്തിവയ്ക്കുകയും ചെയ്ത ചരിത്രമാണ് കേരളത്തിനുള്ളത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം തടയാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ പാര്‍ട്ടി കമ്യൂപാര്‍ട്ടി അല്ലാതാകുമെന്ന വസ്തുത പാര്‍ട്ടി നേതൃത്വം മനസിലാക്കിയാല്‍ നന്ന്. ഇടതോട്ടെന്നു കൊട്ടിഘോഷിക്കുകയും വലത്തോട്ട് നടക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന വ്യാപകമായ ആക്ഷേപം ശരിയാണെന്ന് സ്ഥാപിക്കാന്‍ മാത്രമേ ഈ നടപടി സഹായിക്കൂ. ചരിത്രത്തെ പിന്നേട്ടു നയിക്കാനല്ല, മുന്നോട്ടു നയിക്കാനാണ് എന്നും ഇടതുപക്ഷം ഒരുമ്പെടേണ്ടത്.

ശബരിമല സ്ത്രീപ്രവേശനത്തിനെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് സംസ്ഥാന സര്‍ക്കാരിന്‍റേത് തന്നെയാണെന്നതില്‍ സംശയമില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടായിരിക്കും പാര്‍ട്ടി കൈക്കൊള്ളുക എന്ന് ഉന്നതരായ ചില സിപിഎം നേതാക്കള്‍ തന്നെ ഇതിനകം വ്യക്തമാക്കിയല്ലോ. വരുന്ന ആഴ്ച തന്നെ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള നിലപാട് പരമോന്നത കോടതിയെ അറിയിക്കേണ്ടിവരും. എന്തായാലും ബോര്‍ഡിന്‍റെ അതേ നിലപാട് തന്നെയാണ് ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്നതെങ്കില്‍ കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമായി മാറ്റിയതിന്‍റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. തങ്ങള്‍ വൈരുധ്യാത്മക ഭൗതികവാദത്തിന് വിട നല്‍കിയതായും, വിശ്വാസികളും വിശ്വാസവുമാണ് തങ്ങളുടെ അടിസ്ഥാന പ്രമാണവുമെന്നും ഇടതു സര്‍ക്കാരിന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വരുമെന്നതിൽ യാതൊരു സംശയവുമില്ല.

(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com