5000 ഫോട്ടോകൾ ഉപയോഗിച്ച് ഫോട്ടോ മൊസൈക്ക്; ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കോഴിക്കോട്ട്കാരൻ

2017-ല്‍ 3,800 ഫോട്ടോകള്‍ കൊണ്ട് തുര്‍ക്കി സ്വദേശി സ്ഥാപിച്ച റെക്കോഡാണ് ഇപ്പോള്‍ ഈ 17-കാരന്‍ തിരുത്തിയിരിക്കുന്നത്.
5000 ഫോട്ടോകൾ ഉപയോഗിച്ച് ഫോട്ടോ മൊസൈക്ക്; ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കോഴിക്കോട്ട്കാരൻ

ആർദ്ര ഗോപകുമാർ

"മഹേഷേ ഫോട്ടോഗ്രഫി ഒരിക്കലും പഠിപ്പിക്കാന്‍ കഴിയില്ല; പക്ഷേ, പഠിക്കാം' മഹേഷിന്‍റെ പ്രതികാരം കണ്ടവർ ആരും ചാച്ചൻ മഹേഷിനോട് പറയുന്ന ഈ ഡയലോഗ് മറന്നിട്ടുണ്ടാകില്ല. ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ ഓർമകളായി സൂക്ഷിച്ചുവയ്ക്കുന്നതിനപ്പുറം ഈ സോഷ്യൽ മീഡിയ കാലത്ത് ഫോട്ടോഗ്രഫി ഇപ്പോൾ പുതു പരീക്ഷണങ്ങളിലാണ്. അങ്ങനെ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ട് ഫോട്ടോഗ്രഫിയിലെ പുതിയ പരീക്ഷണങ്ങളിലാണ് ഇപ്പോൾ കോഴിക്കോട്ട്കാരൻ പ്ലസ്ടു വിദ്യാർഥിയായ അഭിനന്ദ് രവി.എസ്. ഫോട്ടോ മൊസൈക്കിലൂടെ ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. 5000 ഫോട്ടോകൾ ഉപയോഗിച്ചാണ് അഭിനന്ദ് ഈ നേട്ടത്തിലെത്തിയത്.

ഇനി മൊസൈക്ക് ഫോട്ടോഗ്രഫി എന്താണന്നല്ലേ, പല സമയങ്ങളിലായി എടുത്ത ഫോട്ടോകള്‍ സംയോജിപ്പിച്ച് ഒറ്റ ചിത്രമായി മാറ്റുന്ന കലയാണ് മൊസൈക്ക് ഫോട്ടോഗ്രഫി. ഇത്തരത്തില്‍ വിവിധ സമയങ്ങളിലായി ഫോണിലും ക്യാമറയിലും പകര്‍ത്തിയ വസ്തുക്കള്‍, ആളുകള്‍, മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഒരു പ്രത്യേക രീതില്‍ കോര്‍ത്തിണക്കി ഒരു ഇലയുടെ ഡിജിറ്റല്‍ മൊസൈക് ആര്‍ട്ടാണ് അഭിനന്ദ് ഒരുക്കിയത്.

2017-ല്‍ 3,800 ഫോട്ടോകള്‍ കൊണ്ട് തുര്‍ക്കി സ്വദേശി സ്ഥാപിച്ച റെക്കോഡാണ് ഇപ്പോള്‍ ഈ 17-കാരന്‍ തിരുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് അഭിനന്ദിന്‍റെ ശ്രദ്ധയില്‍ ഈ തുര്‍ക്കി സ്വദേശിയുടെ ഫോട്ടോ മൊസൈക് ശ്രദ്ധയില്‍പ്പെടുന്നത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം ഒരാശയത്തിലെക്ക് എത്തുന്നതും ഈ റെക്കോഡ് തകര്‍ക്കണമെന്ന് തീരുമാനിക്കുന്നതും.

2019-ല്‍ ദേശീയ തലത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ നാലാം സ്ഥാനം അഭിനന്ദിന് ലഭിച്ചിരുന്നു. "ഷട്ടര്‍സ്റ്റോക്ക്' എന്ന പ്രശസ്ത വെബ്സൈറ്റ് നടത്തിയ മത്സരത്തിലും വിജയിയായിരുന്നു. ഏകദേശം മൂന്ന് മാസത്തെ കഠിനദ്ധാനമാണ് അഭിനന്ദിന് ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി കൊടുത്തത്. ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കുന്ന ഈ മിടുക്കന്‍ തന്‍റെ റെക്കോഡ് മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നുണ്ട്.

സ്കൂളിലേക്കുള്ള സൈക്കിള്‍ യാത്രക്കിടെയിലും ചിത്രങ്ങള്‍ ക്ലിക്കുചെയ്യാന്‍ അഭിനന്ദ് സമയം കണ്ടെത്തുന്നു. പ്ലസ്ടു പഠനത്തിന് ശേഷം ഡോക്റ്ററാകാൻ ആഗ്രഹിക്കുന്ന അഭിനന്ദിനു ഫോട്ടോഗ്രാഫി ഒരു പാഷനായി കൊണ്ടുനടക്കാനാണ് താല്പര്യം. അഭിനന്ദിന്‍റെ അച്ഛന്‍ രവീന്ദ്രന്‍ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനാണ്. അമ്മ ഷൈനി രവീന്ദ്രന്‍ ഡല്‍ഹിയില്‍ മലയാളം അധ്യാപികയാണ്. ലവ്‌ലി പബ്ലിക് സീനിയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഭിനന്ദ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com