നാടകാഭിനയം "ഹറാ'മല്ല , ഹരമാണ് മാമുക്കോയക്ക് : കല്ലായിയുടെ കലാകാരന്‍റെ നാടകജീവിതം

പലപ്പോഴും നാടകമോ ജോലിയോ എന്ന ചോദ്യത്തിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. ജോലി മതിയാക്കി പോരേണ്ടിയും വന്നിട്ടുണ്ട്. അപ്പോഴും ജീവിതത്തിൽ നിന്ന് അരങ്ങ് അന്യം നിന്നു പോയില്ല
നാടകാഭിനയം "ഹറാ'മല്ല , ഹരമാണ് മാമുക്കോയക്ക് : കല്ലായിയുടെ കലാകാരന്‍റെ നാടകജീവിതം

അനൂപ് കെ. മോഹൻ

കല്ലായി പുഴയുടെ തീരത്തിനു കലയുടെ തീരമെന്നൊരു വിശേഷണം കൂടിയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എണ്ണമെടുക്കാനാവാത്തത്ര കലാസമിതികൾ. കഠിനാധ്വാനത്തിന്‍റെ പകലറുതിയിൽ അവതരണങ്ങൾ സജീവമാകുന്ന സായാഹ്നങ്ങൾ. കല്ലായിയുടെ തീരങ്ങളിൽ കലയുടെ ഓളങ്ങളൊടുങ്ങാത്ത സമയത്തായിരുന്നു മാമുക്കോയയുടെ കുട്ടിക്കാലം. അക്കാലത്ത് തടിമരത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ അംഗങ്ങളായിരുന്ന സൈഗാൾ ആർട്സ് പ്രൊഡക്ഷൻസ് ക്ലബ്ബിന്‍റെ വാർഷികത്തിനു നാടകം അവതരിപ്പിക്കുമായിരുന്നു. മുതിർന്നവരുടെ നാടകാവതരണത്തിനു ശേഷം, രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞ് അതേനാടകം കുട്ടികളും അവതരിപ്പിക്കും. സാരിയും തുണികളും മറച്ചുകെട്ടി വേദിയുണ്ടാക്കി, കുട്ടികൾ കഥാപാത്രമായി മാറുന്ന ആ അവതരണത്തിൽ മാമുക്കോയയും സജീവം. തുടക്കമതാണ്. നാടകത്തിന്‍റെ ലഹരി ടി.കെ മാമുവിന്‍റെ സിരകളിലേറുന്നത് അങ്ങനെയാണ്.

സ്കൂൾ നാടകങ്ങളിലും മാമുക്കോയ എത്തി. ദാരിദ്രവും കഷ്ടപ്പാടും മൂലം പഠനം പൂർത്തീകരിക്കാൻ സാധിച്ചില്ല. ഒരു തൊഴിൽ വേണമെന്ന അവസ്ഥ. അങ്ങനെ തടിയളക്കുന്ന ജോലിക്കു കയറി. ജീവിതത്തിൽ തടിയളവുകാരന്‍റെ വേഷത്തിൽ ഒരുപാടു സ്ഥലങ്ങളിൽ സഞ്ചരിച്ചു. ആൻഡമാൻ നിക്കോബർ ദ്വീപുകളിലും, തിരുവനന്തപുരം ബോണക്കാട് മുതൽ മംഗലാപുരം വരെയും സഞ്ചരിച്ചു. അതിനൊപ്പം നാടകപ്രവർത്തനവും തുടർന്നു. പലപ്പോഴും നാടകമോ ജോലിയോ എന്ന ചോദ്യത്തിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. ജോലി മതിയാക്കി പോരേണ്ടിയും വന്നിട്ടുണ്ട്. അപ്പോഴും ജീവിതത്തിൽ നിന്ന് അരങ്ങ് അന്യം നിന്നു പോയില്ല. പിന്നീട് തടിക്കച്ചവടത്തിന് ഇടിവ് സംഭവിച്ചപ്പോൾ മാമുക്കോയയുടെ കൈയിലുള്ള സിദ്ധി അഭിനയം മാത്രമായിരുന്നു, മനസിൽ നാടകവും.

കോഴിക്കോടിന്‍റെ അരങ്ങുകളിൽ പ്രഗത്ഭരുടെ നിര തന്നെയായിരുന്നു അക്കാലത്ത്. വെളിച്ചമണയാത്ത വിധം നാടകരാവുകൾ. നാടകകൃത്ത് കെ. ടി. കുഞ്ഞുവിന്‍റെ നാടകങ്ങളിലൂടെയാണു മാമുക്കോയയുടെ അമെച്വർ അരങ്ങേറ്റം. അന്നു മാമുക്കോയ ആയിട്ടില്ല, അരങ്ങിൽ മുഴങ്ങിയത് മാമു തൊണ്ടിക്കോട് എന്നാണ്. കാർണിവൽ ഷോകളിലെ നാടകങ്ങളിലും സാന്നിധ്യം അറിയിച്ചു. കൃത്യമായ സ്ക്രിപ്റ്റൊന്നുമില്ല. അരങ്ങിലെ ഇംപ്രവൈസേഷനിലൂടെ ഹാസ്യത്തിലൂടെ ജനങ്ങളെ കൈയിലെടുക്കുന്ന അവതരണരീതി. വർഷത്തിൽ മൂന്നു മാസക്കാലം ഇത്തരം കാർണിവൽ നാടകങ്ങളുടെ വസന്തകാലമാണ്. എല്ലാദിവസവും അവതരണങ്ങൾ. കാണികൾ മാറിമാറി വന്നപ്പോൾ, അരങ്ങിൽ അഭിനേതാക്കളുടെ ബുദ്ധിയിലും സിദ്ധിയിലും വിരിഞ്ഞ അവതരണങ്ങളുടൈ വൈവിധ്യങ്ങളുമുണ്ടായി. അതോടൊപ്പം തന്നെ സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കലാവതരണത്തിലും, അമെച്വർ നാടക അവതരണത്തിലുമൊക്കെ മാമുക്കോയ സജീവമായി. മാമുക്കോയയുടെ മനസിൽ പതുക്കെ നാടകം വേരാഴ്ന്നു തുടങ്ങി, പറിച്ചു മാറ്റാനാകാത്ത വിധം.

നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, കെ ടി മുഹമ്മദ്, വാസു പ്രദീപ്, എ. കെ പുതിയങ്ങാടി തുടങ്ങിയവരൊക്കെ നാടകത്തിൽ തിളങ്ങി നിൽക്കുന്ന കാലമാണ്. അവരുടെയൊക്കെ നാടകത്തിൽ അഭിനയിക്കാനുള്ള അവസരം മാമുക്കോയക്ക് ലഭിച്ചു. എ. കെ. പുതിയങ്ങാടിയുടെ മോചനം എന്ന നാടകം കേരളത്തിലുടനീളം കളിച്ചപ്പോൾ അതിലും പങ്കാളിയായി. അപ്പോഴും കൃത്യമായ വരുമാനം എന്ന ലക്ഷ്യം നിറവേറ്റി ജോലിയും തുടർന്നു. പകൽ ജോലിയും രാത്രി മനസിനെ തൃപ്തിപ്പെടുത്തി നാടകങ്ങളും. വാസു പ്രദീപിന്‍റെ പ്രദീപ് ആർട്സ്, ആഹ്വാൻ ആർട്സ്, യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാഡമി തുടങ്ങിയ സംഘങ്ങളിലൊക്കെ സഹകരിച്ചു. ഗർഭസത്യാഗ്രഹം എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണു സ്വയമൊരു നടനാണെന്നു തോന്നി തുടങ്ങിയത്. പ്രേക്ഷകരുടെ പ്രതികരണം തന്നെയായിരുന്നു പ്രചോദനം.

കുറച്ചുകാലമൊരു പത്രത്തിന്‍റെ സർക്കുലേഷൻ മാനെജരായും മാമുക്കോയ ജോലി ചെയ്തിട്ടുണ്ട്. അക്കാലത്താണ് ചെമ്മങ്ങാട് അബ്ദുറഹിമാന്‍റെ പള്ളിക്കുപ്പായം എന്ന നാടകത്തിൽ അഭിനയിക്കുന്നത്. ആ നാടകവും മാമു തൊണ്ടിക്കോടിന്‍റെ അഭിനയവും പത്രമാനേജ്മെന്‍റിനത്ര സുഖിച്ചില്ല. നാടകവും നാടകാഭിനയവും ഹറാമാണത്രേ. അഭിനയം നിർത്തണമെന്നായി ആവശ്യം. അർഹിക്കുന്ന ആദരവോടെ ആ ആവശ്യം തള്ളി, നാടകാഭിനയം തുടർന്നു. ജോലി നഷ്ടപ്പെടുകയും ചെയ്തു. കാരണം മാമു തൊണ്ടിക്കോടിനും പിൽക്കാലത്തെ മാമുക്കോയക്കും അന്നുമിന്നും നാടകം ഹറാമല്ല, ഹരമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com