ഒരു നടന്‍റെ ജീവിതനാടകം

മലയാള പ്രൊഫഷണൽ നാടകരംഗത്ത് കഴിഞ്ഞ മുപ്പതു വർഷമായി നിറഞ്ഞു നിൽക്കുന്ന ശശി ജി. പള്ളാത്തുരുത്തിയുടെ ജീവിതനാടകത്തിന്‍റെ കർട്ടൻ ഉയരുകയാണ്
ഒരു നടന്‍റെ ജീവിതനാടകം

പി എ അജീന

ഒരു തുലാസിൽ എന്ന പോലെ, ഒരുവശത്ത് ജീവിതപ്രാരാബ്ധങ്ങൾ, മറുവശത്ത് അഭിനയമെന്ന അഭിനിവേശം. ഏതു തെരഞ്ഞെടുക്കുമെന്നു ചോദിച്ചാൽ ഉത്തരത്തിലേക്ക് എത്തുക പ്രയാസം. തൂക്കം കൂടുതൽ ജീവിതപ്രാരാബ്ധങ്ങൾക്കു തന്നെയായിരുന്നു. അതുവരെ മനസിലുറച്ച നാടകമോഹം ജീവിതത്തിനു മുന്നിൽ നിസാരമായി തോൽക്കുന്നു. നാടകത്തേക്കാൾ നാടകീയമായി ജീവിതം മുന്നിൽ നിൽക്കുന്നു. ഇതു നാടകനടൻ ശശി ജി. പള്ളാത്തുരുത്തിയുടെ ജീവിതത്തിലെ ഒരു രംഗം മാത്രം. ഈ രംഗത്തിന്‍റെ തീവ്രതകൾ ഉൾക്കൊണ്ടു ശശി സൗദി അറേബ്യയിലേക്കു തൊഴിലിനായി പോയി. അതുവരെ കൂടെയുണ്ടായിരുന്ന നാടകത്തെ ഉപേക്ഷിച്ചു. പക്ഷേ ഉള്ളിൽ തുടിക്കുന്ന നാടകത്തിന്‍റെ വേരുകൾ പറിച്ചു കളയാനാവില്ലല്ലോ. അതുകൊണ്ടു തന്നെ നാടകത്തിലേക്കു തിരികെയെത്തുന്ന കാലം, അതു ജീവിതത്തിൽ സംഭവിക്കുക തന്നെ ചെയ്തു. മലയാള പ്രൊഫഷണൽ നാടകരംഗത്ത് കഴിഞ്ഞ മുപ്പതു വർഷമായി നിറഞ്ഞു നിൽക്കുന്ന ശശി ജി. പള്ളാത്തുരുത്തിയുടെ ജീവിതനാടകത്തിന്‍റെ കർട്ടൻ ഉയരുകയാണ്.

ആദ്യരംഗം

ആളുകളെ അഭിമുഖീകരിക്കാൻ മടിച്ചിരു ന്നൊരു പയ്യൻ. ആലപ്പുഴയിലെ പള്ളാത്തുരു ത്തിയിൽ ഗോപിയുടെയും കൗസല്ല്യയുടെയും മകന് ചെറുപ്പത്തിൽ അങ്ങനെയൊരു വിശേഷണം കൂടിയുണ്ടായിരുന്നു. അഭിനയ ത്തിന്‍റെ തട്ടിലേക്ക് എത്താൻ വിദൂരസാധ്യത പോലുമുണ്ടായിരുന്നില്ല. എന്നാൽ അച്ഛന്‍ അരങ്ങിൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളെ അനുകരിക്കാനുള്ള താത്പര്യത്തിൽ നിന്നാണ് അഭിനയത്തിലേക്കുള്ള വഴി തെളിഞ്ഞു തുടങ്ങുന്നത്. അഭിനയത്തിന്‍റെ ആദ്യവിത്തുകൾക്കു നാമ്പ് കിളിർത്തു തുടങ്ങി. ആര്യാട് ഭാർഗവന്‍റെ വേൾഡ് ഡ്രമാറ്റിക് സെന്‍ററിൽ നിന്നുള്ള പാഠങ്ങൾ പ്രചോദനമായി. അങ്ങനെ ബാലു വിശ്വനാഥ് സംവിധാനം ചെയ്ത അമേച്വർ നാടകത്തിലൂടെ അരങ്ങിലേക്ക്. ആളുകളെ അഭീമുഖികരിക്കാൻ മടിച്ചിരുന്ന പയ്യൻ പിന്നീടങ്ങോട്ട് നാടകങ്ങളിലെ കേന്ദ്ര കഥാപാത്രമായി ആടിത്തിമിർത്തു. കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല. എങ്കിലും ആ നാടകയാത്ര തുടരുകയായിരുന്നു. പിന്നീട് കോട്ടയം നാഷണൽ തിയറ്റേഴ്സിലേക്ക്. എത്ര അഭിനയിച്ചിട്ടും ശരിയാവുന്നില്ല. ഇയാള് ശരിയാവില്ലെന്നു പലരും വിധിയെഴുതി. പക്ഷേ വിധിയെഴുത്തിനെ ശശി തിരുത്തിയെഴുതി. ശരിയാവില്ലെന്നു പറഞ്ഞവർ തന്നെ പ്രശംസയുമായി എത്തി. അങ്ങനെ കുട്ടനാടിന്‍റെ നാടകനടനായി ശശി വളർന്നു.

അടുത്ത രംഗം അരങ്ങിലല്ല, സൗദി അറേബ്യയിലാണ്

പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത അരങ്ങുകൾ. നാടകം കഴിയുമ്പോൾ ജീവിതം ശേഷിക്കുമല്ലോ. പല വേഷങ്ങളും മുഖങ്ങളുമണിഞ്ഞു തിരികെ ജീവിതത്തിലേക്കിറങ്ങുമ്പോൾ പ്രാരാബ്ധങ്ങൾ ബാക്കി. തുച്ഛമായ വേതനത്തിൽ കഴിഞ്ഞുകൂടാൻ പറ്റാത്ത അവസ്ഥ. .

അങ്ങനെ അഭിനയം ഉപേക്ഷിച്ചു ജോലിക്കായി സൗദി അറേബ്യയിലേക്ക്. പിന്നെ നാടകമില്ലാത്ത പത്തു വർഷങ്ങൾ. മേക്കപ്പിന്‍റെ ഗന്ധം ഘനീഭവിക്കുന്ന നാടകവണ്ടിയിലെ യാത്രകളില്ല. മൂന്നു ബെല്ലിനു ശേഷമുള്ള കൊതിപ്പിക്കുന്ന നിശബ്ദതയില്ല. മുന്നിൽ ജീവിതം മാത്രം.

പിന്നീട് വീട്ടിലൊരു ആവശ്യത്തിനായി നാട്ടിൽ തിരികെയെത്തി. മനസിൽ വീണ്ടും അഭിനയം തുടിക്കുന്നു. തിരികെ മടങ്ങേണ്ടതു നാടകത്തിലേക്കാണോ, വിദേശത്തേക്കാണോ എന്നു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ അരങ്ങിൽ ഉറയ്ക്കാൻ തന്നെ തീരുമാനിച്ചു.

ചങ്ങമ്പുഴയായി അരങ്ങിൽ

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ 59-ാമതു നാടകമായ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ എന്ന നാടകത്തിലേക്കു വിളി വന്നു. ചങ്ങമ്പുഴയുടെ വേഷം. ഫ്രാൻസിസ് ടി. മാവേലിക്കരയുടെ രചനയിൽ പിറന്ന നാടകത്തിലെ ആ കഥാപാത്രത്തിലേക്കു ചേക്കേറി. ഇപ്പോൾ നിരവധി വേദികളിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഡോ. വിശ്വം എന്ന കഥാപാത്രത്തെ കൂടി ആ നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ഗീതാജ്ഞലിയുടെ ആതിരനിലാവ് നാടകത്തിൽ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി രംഗത്തെത്തി. അതിലെ തഹസിൽദാരുടെ വേഷം ഏറെ ശ്രദ്ധ നേടി. പുരസ്കാരങ്ങളും തേടിയെത്തി. കാളിദാസ കലാകേന്ദ്രത്തിന്‍റെ അമ്മയറിയാതെ എന്ന നാടകവും നിരവധി പ്രശംസയും അഭിനന്ദനവും നേടിക്കൊടുത്തു.

ഓച്ചിറ നാടകരംഗം, തിരുവനന്തപുരം ഗീതാഞ്ജലി, ആലപ്പുഴ സിന്ധുഗംഗ, കൊല്ലം ഗീഥാ കമ്യൂണിക്കേഷൻസ്, കൊല്ലം അനശ്വര തുടങ്ങി നിരവധി സമിതികളിൽ സഹകരിച്ചിട്ടുണ്ട്. പ്രൊഫഷണൽ നാടകത്തിൽ മുപ്പതു വർഷത്തിലധികമായി നിറഞ്ഞു നിൽക്കുന്നു.

സമൂഹത്തിൽ നാടകത്തിന്‍റെ സ്വാധീനം കുറഞ്ഞു വരുന്നുണ്ടെങ്കിലും മാറ്റങ്ങൾക്ക് മാർഗദർശിയാവാൻ ഇനിയും നാടകത്തിനാവും. വളക്കൂറുള്ള മണ്ണിൽ വിത്തു പാകിയാൽ അത് തഴച്ച് വളരുമെന്നു പറയുന്നു ശശി ജി. പള്ളാത്തുരുത്തി. അരങ്ങുകളെയറിഞ്ഞ, നാടകജീവിതത്തെ തിരിച്ചറിഞ്ഞ ഒരു തലമുറയുടെ കരുത്തുണ്ട് ഈ വാക്കുകളിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com