പ്രിയപ്പെട്ട ശ്രീനി... ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി!

നാടോടിക്കാറ്റ്, കിളിച്ചുണ്ടൻ മാമ്പഴം, തലയിണമന്ത്രം, ചിന്താവിഷ്ടമായ ശ്യാമള, സന്ദേശം, തകരച്ചെണ്ട... എന്നിങ്ങനെ മലയാളി മനസുകളിൽ ഇന്നും പുതുമയോടെ നിലനിൽക്കുന്ന ഒട്ടേറ സിനിമകളുണ്ട്
actor sreenivasan legend of malayalam cinema

ശ്രീനിവാസൻ

Updated on

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭ... സാധാരണക്കാരുടെ പ്രശ്നങ്ങൾ നർമത്തിന്‍റെ മേമ്പോടിയോടെ അവതരിപ്പിച്ച് മലയാളി ഹൃദയങ്ങളിൽ ഇടം പിടിച്ച കലാകാരൻ. നടൻ, കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ കൈവച്ചതെല്ലാം പൊന്നാക്കിയ ശ്രീനിവാസൻ മലയാള സിനിമയിൽ പകരക്കാരില്ലാത്ത കലാകാരനാണ്. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ മലയാളി ഹൃദയങ്ങളിൽ എന്നും ഒരു മുറിവായി നിലനിൽക്കും.

1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. മട്ടന്നൂരിലെ പഴശിരാജ എൻഎസ്എസ് കോളെജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. 1977- ൽ ശ്രീനിവാസൻ ചെന്നൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്‌നാട്ടിൽ പഠിച്ചു. പ്രശസ്ത സിനിമാനടൻ രജനികാന്ത് ശ്രീനിവാസന്‍റെ സഹപാഠിയായിരുന്നു. ആദ്യകാലത്ത് ഡബ്ബിങ് മേഖലയിലും ശ്രീനിവാസൻ കഴിവ് തെളിയിച്ചിട്ടുണ്ട്. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്‍റെ കഥ, മേള എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കുവേണ്ടി ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

1976 ൽ പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തേക്ക് പ്രവേശിക്കുന്നത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും ശ്രീനിവാസന്‍റെ തിരക്കഥയിൽ വിരിഞ്ഞ മികച്ച ചിത്രങ്ങളാണ്.

നാടോടിക്കാറ്റ്, കിളിച്ചുണ്ടൻ മാമ്പഴം, തലയിണമന്ത്രം, ചിന്താവിഷ്ടമായ ശ്യാമള, സന്ദേശം, തകരച്ചെണ്ട... എന്നിങ്ങനെ മലയാളി മനസുകളിൽ ഇന്നും പുതുമയോടെ നിലനിൽക്കുന്ന ഒട്ടേറ സിനിമകളുണ്ട്. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ... ഞാൻ പോളിടെക്നിക് പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തന രീതിയൊന്നും താൻ എന്നെ പഠിപ്പിക്കണ്ട.. തുടങ്ങി നിരവധി ഡ‍യലോഗുകൾ ഇന്നും നമ്മളൊക്കെ ഉപയോഗിക്കാറുണ്ട്.

ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. ശ്രീനിവാസൻ - പ്രിയദർശൻ കൂട്ടുകെട്ട് മലയാളത്തിന് ഒട്ടേറെ മികച്ച സിനിമകൾ സമ്മാനിച്ചു. സത്യൻ അന്തിക്കാട് , പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം...

കലാകാരന്മാർക്ക് മരണമില്ലെങ്കിലും മലയാള സിനിമയിൽ ഇനിയുണ്ടാവാൻ പോവുന്ന ആ വിടവ് അത് എന്നും അങ്ങനെ തന്നെ നിലനിൽക്കും. പുതിയ തലമുറയ്ക്കും ആസ്വദിക്കാനും ചിന്തിക്കാനും ചിരിപ്പിക്കാനുമുള്ള ഒരുകൂട്ടം സിനിമകൾ അത് എന്നും മലയാള സിനിമയിൽ ശ്രീനിയുടെ പേരിൽ ഉണ്ടാവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com