അരങ്ങെന്ന ആത്മാർപ്പണം: നാടകത്തെ ജീവിതനിയോഗമാക്കിയ പ്രതിഭ

അരങ്ങെന്ന ആത്മാർപ്പണം: നാടകത്തെ ജീവിതനിയോഗമാക്കിയ പ്രതിഭ

ലോക നാടകദിനത്തിന്‍റെ അന്ത്യയാമങ്ങളിൽ ജീവിതത്തിന്‍റെ അരങ്ങിൽ നിന്നും വിക്രമൻ നായർ മേക്കപ്പഴിച്ചു വച്ചു വിട വാങ്ങുമ്പോൾ നഷ്ടമാകുന്നത്, അരങ്ങിനെ ആത്മാവിൽ ആവാഹിച്ച ഒരു തലമുറയുടെ പ്രതിനിധിയെയാണ്

അനൂപ് കെ. മോഹൻ

വേദിയിലെ അവസാന വെളിച്ചവും അണഞ്ഞു. മൂന്നു ബെല്ലിനു ശേഷമുള്ള നിശബ്ദത. സോഷ്യലിസം വരുമെന്ന സ്വപ്നവുമായി ഒരു വൃദ്ധകഥാപാത്രം അരങ്ങിൽ ആടിത്തിമിർക്കുന്നു. വയസിന്‍റെ കണക്കെടുത്താൽ ആ വൃദ്ധന് 120 വയസിലധികം വരും. കെ. ടി. മുഹമ്മദിന്‍റെ സാക്ഷാത്കാരം എന്ന നാടകത്തിൽ ആ വൃദ്ധനെ അരങ്ങിലവതരിപ്പിച്ച നടന് അന്നു പ്രായം ഇരുപതുകളുടെ അവസാനമോ മുപ്പതുകളുടെ തുടക്കമോ ആണ്. സോഷ്യലിസം സാധ്യമായിട്ടെ മരിക്കൂ എന്നുറച്ച മോഹവുമായി ആ വൃദ്ധനെ വേദിയിൽ അവതരിപ്പിച്ചതു വിക്രമൻ നായരാണ്. പിൽക്കാലം മലയാള പ്രൊഫഷണൽ നാടകവേദിയുടെ മുഖമായും ആചാര്യനായും പ്രതിഭയായും വിശേഷിപ്പിച്ച നടനും സംവിധായകനും. എണ്ണിയാലൊടുങ്ങാത്ത നാടകരാവുകളിലൂടെ കേരളത്തെ വിസ്മയിപ്പിച്ച നാടകപ്രതിഭ. ആറരപ്പതിറ്റാണ്ടു നീണ്ട അഭിനയജീവിതത്തിനു യവനിക വീഴുന്നു.

ലോക നാടകദിനത്തിന്‍റെ അന്ത്യയാമങ്ങളിൽ ജീവിതത്തിന്‍റെ അരങ്ങിൽ നിന്നും വിക്രമൻ നായർ മേക്കപ്പഴിച്ചു വച്ചു വിട വാങ്ങുമ്പോൾ നഷ്ടമാകുന്നത്, അരങ്ങിനെ ആത്മാവിൽ ആവാഹിച്ച ഒരു തലമുറയുടെ പ്രതിനിധിയെയാണ്. കോഴിക്കോടിന്‍റെ നാടകപാരമ്പര്യത്തിലെന്നും നക്ഷത്രമായി തിളങ്ങിയ നാമമാണു വിക്രമൻ നായരുടേത്. നാടിന്‍റെ പാരമ്പര്യം കൈയിലേൽപ്പിച്ച നാടകസംസ്കാരത്തെ ജീവിതത്തിലുടനീളം നിയോഗമായി നെഞ്ചേറ്റിയ കലാകാരൻ.

മണ്ണാർക്കാട് വേലായുധൻ നായരുടെയും ജാനകിയുടെയും മകനായി ജനിച്ച വിക്രമൻ നായർ, കോഴിക്കോടിന്‍റെ മണ്ണിലേക്കു കുടുംബസമേതം എത്തുകയായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ നാളുകളിൽ തന്നെ അരങ്ങിന്‍റെ ആവേശമറിഞ്ഞു. ആദ്യ ചുവടുകൾ അമെച്വർ നാടകങ്ങളിൽ. തീവ്രമോഹത്തിനും വരുമാനത്തിനുമിടയിൽ നാടകതാത്പര്യങ്ങൾ തുലാസിലെന്ന പോലെ അനിശ്ചിതത്വത്തിൽ ആടിയില്ല. എന്നും നാടകം തന്നെയായിരുന്നു വിക്രമൻ നായരുടെ മനസിൽ. അരങ്ങെന്ന ജീവിതനിയോഗത്തെ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞുള്ള പ്രയാണം.

നിലമ്പൂർ മണി, വിക്രമൻ നായർ, കുട്ട്യേടത്തി വിലാസിനി
നിലമ്പൂർ മണി, വിക്രമൻ നായർ, കുട്ട്യേടത്തി വിലാസിനി

കോഴിക്കോട് രാജാ തിയറ്റേഴ്സിലൂടെയായിരുന്നു പ്രൊഫഷണൽ നാടകത്തിലെ തുടക്കം. പകരക്കാരനായി പ്രൊഫഷണൽ നാടകത്തിന്‍റെ അരങ്ങിലെത്തി പിന്നെയങ്ങോട്ട് നാടകത്തറയിലുറയ്ക്കുകയായിരുന്നു. കുഞ്ഞാലി മരയ്ക്കാർ, ഉടഞ്ഞ വിഗ്രഹങ്ങൾ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കെ. ടി മുഹമ്മദിന്‍റെ സംഗമം തിയറ്റേഴ്സിലെത്തി. കെ. ടിയുടെ സൃഷ്ടി, സ്ഥിതി, സംഹാരം, സമന്വയം, സന്നാഹം, സാക്ഷാത്കാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു. തിക്കോടിയന്‍റെ രചനയിൽ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നാടകമാണ് മഹാഭാരതം. പെൺകൊട എന്ന നാടകത്തിനു മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഇനിയും ഉണരാത്തവർ എന്ന നാടകത്തിലെ അഭിനയമികവും പുരസ്കാരത്താൽ അംഗീകരിക്കപ്പെട്ടു.

എൺപതുകളിലാണു സ്വന്തമായി സ്റ്റേജ് ഇന്ത്യ എന്ന നാടകട്രൂപ്പ് രൂപീകരിക്കുന്നത്. പി എം താജിന്‍റെ അഗ്രഹാരമായിരുന്നു സ്റ്റേജ് ഇന്ത്യയുടെ ആദ്യനാടകം. മലയാളത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങളിലൊന്നാണ് അഗ്രഹാരം. പിന്നീട് ശ്രീമൂലനഗരം മോഹന്‍റെ അരമന, കെ ടി മുഹമ്മദിന്‍റെ സാക്ഷാത്കാരം തുടങ്ങിയവയും സ്റ്റേജ് ഇന്ത്യയിലൂടെ അരങ്ങിലെത്തി. കേരളത്തിലങ്ങോളമിങ്ങോളം കോഴിക്കോട് സ്റ്റേജ് ഇന്ത്യ എന്ന പേരു മുഴങ്ങിക്കേട്ട കാലം.

കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ ചക്രം എന്ന നാടകത്തിന്‍റെ സെറ്റിൽ നിലമ്പൂർ മണി, വിക്രമൻ നായർ, കെപിഎസി പ്രേമചന്ദ്രൻ
കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ ചക്രം എന്ന നാടകത്തിന്‍റെ സെറ്റിൽ നിലമ്പൂർ മണി, വിക്രമൻ നായർ, കെപിഎസി പ്രേമചന്ദ്രൻ

അക്ഷരസ്ഫുടതയാലും ശബ്ദസൗകുമാര്യം കൊണ്ടും, കൃത്യമായ ശബ്ദനിയന്ത്രണത്താലും പ്രേക്ഷകനെ കീഴടക്കുന്ന രീതിയായിരുന്നു വിക്രമൻ നായരുടേതെന്നു നടൻ നിലമ്പൂർ മണി പറയുന്നു. കഥാപാത്രത്തിന് അനുയോജ്യമായി സ്ലാങ് മാറ്റാനുള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു. മലയാള ഭാഷ ഇത്രയും ഭംഗിയായി, സ്ഫുടതയോടെ സംസാരിക്കാൻ കഴിയുന്ന നടന്മാർ വളരെ കുറവാണെന്നും നിലമ്പൂർ മണി ഓർമിക്കുന്നു. കഥാപാത്രത്തിന് അനുസരിച്ചു ശൈലി മാറ്റുന്നതിൽ വിദഗ്ധനായിരുന്നു. അടിവസ്ത്രമുൾപ്പടെ കഥാപാത്രത്തിനു യോജിച്ചതാവണം എന്ന നിർബന്ധവുമുണ്ടായിരുന്നു. ഒരു കഥാപാത്രത്തിന്‍റെ പൂർണതയിലേക്കു നയിക്കുന്ന എല്ലാ ഘടകങ്ങളിലും അദ്ദേഹം നിർബന്ധബുദ്ധി പുലർത്തി, മണി ഓർക്കുന്നു. വിക്രമൻ നായരുടെ സംവിധാനത്തിനു കീഴിൽ നിരവധി നാടകങ്ങളിൽ നിലമ്പൂർ മണി ഭാഗമായിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം അരങ്ങിൽ അഭിനേതാവായി എത്താനും സാധിച്ചു. ഗുരുതുല്യനെയാണ് നഷ്ടമായിരിക്കുന്നതെന്നു മണി പറയുന്നു. കോഴിക്കോട് സംഗമം, സ്റ്റേജ് ഇന്ത്യ, കൊച്ചിൻ ഹരിശ്രീ എന്നീ സമിതികളിൽ വിക്രമൻ നായരോടൊപ്പം നിലമ്പൂർ മണിയുമുണ്ടായിരുന്നു.

നാടകത്തിന്‍റെ ചടുല നഷ്ടമാകാതെ, കാണികളെ പിടിച്ചിരുത്തിയുള്ള അവതരണമായിരുന്നു വിക്രമൻ നായരുടെ നാടകങ്ങളുടെ മുഖമുദ്ര. കലയോടുള്ള കർക്കശസ്വഭാവം എന്നുമുണ്ടായിരുന്നു. ഇടയ്ക്ക് നാടക അഭിനയത്തിൽ നിന്നും പിന്മവാങ്ങിയെങ്കിലും, സംവിധാനത്തിൽ തുടർന്നു. അരങ്ങിന്‍റെ പിൻവിളി ഒഴിവാക്കാനാകില്ലല്ലോ, ഇടയ്ക്ക് ചില നാടകങ്ങളിലും സാന്നിധ്യമറിയിച്ചു. ടെലിവിഷൻ സീരിയലുകളിലും ചില സിനിമകളിലും സജീവമായി. എങ്കിലും അരങ്ങിനോടുള്ള ആസക്തി എന്നും ആ രക്തത്തിലുണ്ടായിരുന്നു. ജനക്കൂട്ടത്തിനു നടുവിൽ കഥാപാത്രമായി മാറുന്നതിലപ്പുറമുള്ള ആവേശമൊന്നും ആ ജീവിതത്തിലുണ്ടായിരുന്നുമില്ല. വിക്രമൻ നായരുടെ വിയോഗത്തോടെ കർട്ടൻ വീഴുന്നതൊരു നാടകകാലത്തിനാണ്. നാടകമല്ലാതെ മറ്റൊന്നും പ്രലോഭിപ്പിച്ചിട്ടില്ലാത്ത ഒരു പ്രതിഭയാണ്, റിഹേഴ്സലില്ലാത്ത അവസാനജീവിതരംഗവും പൂർത്തിയാക്കി കാലയവനികയ്ക്കുള്ളിലേക്ക് മടങ്ങുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com