

അങ്ങനെ, ഇന്ത്യൻ റെയ്ൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ(ഐആർസിടിസി)യും കാര്യം ഏതാണ്ട് തീരുമാനമായിരിക്കുന്നു!1999ൽ നിലവിൽവന്ന ഈ സ്ഥാപനം അതിവേഗമാണ് പടർന്നുപന്തലിച്ചത്. റെയ്ൽ സ്വകാര്യവത്കരണം ആയിരുന്നു ലക്ഷ്യമെങ്കിലും അത് സംഘടിത തൊഴിലാളി ശക്തിയുടെ മുന്നിൽ മുട്ടുമടക്കേണ്ടിവരുമെന്ന ഘട്ടത്തിൽ അക്കാര്യത്തിലേക്കുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴിയായിരുന്നു ഐആർസിടിസി രൂപീകരണം .
ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ അതുവരെ റെയ്ൽവേ ചെയ്തുകൊണ്ടിരുന്നതെല്ലാം ഘട്ടം ഘട്ടമായി ഈ പൊതുമേഖലാ സ്ഥാപനത്തിലേക്കു കൈമാറി. ഇപ്പോൾ, പല റെയ്ൽവേ സ്റ്റേഷനുകളിലും ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങൾ പേരിന് മാത്രമായി. കാര്യമായ നിയമനങ്ങൾ റെയ്ൽവേയിൽ ഇല്ലാതായിട്ട് കൊല്ലങ്ങളായല്ലോ.
ജീവനക്കാരുടെ കുറവ് കാരണം ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച റെയ്ൽവേ അധികൃതർ ക്യു ആര് കോഡുകള് ജനകീയമാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു . കേരളത്തിൽ ഈ സംവിധാനം നിലവിൽ വന്നു കഴിഞ്ഞു. ടിക്കറ്റ് എടുത്താലേ ട്രെയ്നിൽ കയറാവൂ എന്ന് ഇപ്പോഴും അറിയാത്ത ഉത്തരേന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവർക്ക് വിഷയമേയല്ല. അപ്പോഴും നമ്മൾ ആശ്വസിച്ചത് ഇതൊക്കെ ചെയ്യുന്നത് പൊതുമേഖലയിലെ ഐആർസിടിസി ആണല്ലോ എന്നായിരുന്നു.
കുറെയേറെ ചെറുപ്പക്കാർ ഈ കോർപ്പറേഷനിൽ നിയമിക്കപ്പെടുമല്ലോ എന്നതായിരുന്നു വിശ്വാസം. എന്നാൽ, നിയമിക്കപ്പെട്ടത് റെയ്ൽ മന്ത്രാലയം ഭരിക്കുന്നവരുടെയും ഉന്നതോദ്യോഗസ്ഥരുടെയും വേണ്ടപ്പെട്ടവർ മാത്രമായിരുന്നു. മുമ്പത്തെപ്പോലെ പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നില്ല നിയമനങ്ങൾ. രമിച്ച റെയ്ൽ ഉദ്യോഗസ്ഥരും ഇവിടെ പുനരധിവസിക്കപ്പെട്ടു.
ഇന്ത്യൻ റെയ്ൽവേയിലെ 13,450 തസ്തികകൾ നിർത്തലാക്കുന്നതിന് റെയ്ൽവേ ബോർഡ് നൽകിയ നിർദേ അടിയന്തരമായി പുനഃരിശോധിക്കണമെന്ന് എ.എം.ആരിഫ് എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് 2019 മേയിലാണ്. ഇത് പതിവുപോലെ ബധിര കർണങ്ങളിലാണ് പതിച്ചത്. ഇപ്പോൾ, കൂട്ട ഇടിയുടെ വമ്പൻ അപകട പശ്ചാത്തലത്തിൽ പുറത്തുവന്നത് 3.14 ലക്ഷം തസ്തികകളാണ് റെയ്ൽവേയിൽ ഒഴിച്ചിട്ടിരിക്കുന്നതെന്ന വിവരമാണ്. റെയ്ൽവേയിലെ അനുവദനീയ തസ്തിക 14.95 ലക്ഷം. അതായത് 20 ശതമാനത്തിലേറെ അംഗീകൃത തസ്തികകളിൽ ആളില്ല!.
പുതിയ ലൈനുകളും ട്രെയ്നുകളും (വരുമാനവും) വർധിച്ചു.പക്ഷെ, അത് നേരെ നടത്താനുള്ള മനുഷ്യവിഭവശേഷി അനുവദിക്കുന്നില്ല. ന്യായമായ രീയിൽ നടന്നിരുന്നെങ്കിൽ കുറഞ്ഞത് 3.14 ലക്ഷം നിയമനങ്ങൾ നടക്കുമായിരുന്നു.രാജ്യമൊട്ടാകെ ഇത്രയേറെ ചെറുപ്പക്കാർ സുരക്ഷിത ജോലിയിലേക്ക് കയറുമ്പോൾ എത്രയെത്ര കുടുംബങ്ങൾക്ക് ആശ്വാസമാവുമായിരുന്നു. അതൊക്കെ ഐആർസിടിസിയുടെ മറവിൽ അട്ടിമറിക്കപ്പെടുകയായിരുന്നു.
ഇതിത്രയും പറയാനുള്ള കാരണം, രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രെയിൻ ബുക്കിങ്, ഇൻഫൊർമേഷൻ പ്ലാറ്റ്ഫോമായ 'ട്രെയ്ൻമാൻ' അദാനി ഗ്രൂപ്പിന്റെ കരങ്ങളിൽ എത്തുന്നു എന്ന വാർത്തയാണ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് ട്രെയ്ൻമാൻ എന്നറിയപ്പെടുന്ന സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും വൻ തുകയ്ക്ക് ഏറ്റെടുക്കുന്നതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അദാനി എന്റർപ്രൈസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
ഐഐടി റൂർക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരൺ കുമാറും ചേർന്ന് സ്ഥാപിച്ച ടിക്കറ്റ് ബുക്കിങ് സ്റ്റാർട്ടപ്പാണ് സ്റ്റാർക്ക് എന്റർപ്രൈസസ് ലിമിറ്റഡ് അഥവാ ട്രെയ്ൻമാൻ. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് മൂല്യ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് പുതിയ ഏറ്റെടുക്കൽ.നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇതിനോടകം തന്നെ അദാനി ഗ്രൂപ്പ് വായ്പകൾ മുൻകൂറായി തിരിച്ചടച്ചിട്ടുണ്ട്. ഇടപാടിന്റെ മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
പുതിയ കമ്പനി കൈയിലെത്തുന്നതോടെ അദാനി ഗ്രൂപ്പിന് ഓൺലൈൻ ട്രെയ്ൻ ടിക്കറ്റ് രംഗത്തുള്ള മത്സരം ഇന്ത്യൻ റെയ്ൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനോടായിരിക്കും. ഐആർസിടിസി അംഗീകൃത ഓൺലൈൻ ബുക്കിങ് ആപ്പാണ്, ഇപ്പോൾ ട്രെയ്ൻമാൻ. 80 ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഗുഡ്വാട്ടർ ക്യാപിറ്റൽ, ഹെം ഏഞ്ചൽസ് എന്നി യുഎസ് നിക്ഷേപകരിൽ നിന്ന് ഏറ്റവും പുതിയ റൗണ്ട് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കമ്പനി അടുത്തിടെ10 ലക്ഷം ഡോളർ സമാഹരിച്ചിരുന്നു.
ഇവിടെ മറ്റൊരു വിറ്റഴിക്കൽ ഓർമവരുന്നു.പൊതുമേഖലയെ ആസൂത്രിതമായി കൊല്ലാക്കൊലചെയ്ത് വിറ്റുതുലച്ചതിന്റെ അനുഭവമാണത്. 2002ൽ കോവളത്തെ അശോക ബീച്ച് റിസോർട്ട് എന്ന ഐടിഡിസി ഹോട്ടൽ വിൽക്കാൻ അന്നത്തെ എൻഡിഎ സർക്കാർ തീരുമാനിക്കുന്നു. അത് ഐടിഡിസി എന്ന നിലയിൽ വിറ്റിരുന്നെങ്കിൽ ആഗോള ബ്രാൻഡുകളോ ഇന്ത്യയിലെ ടാറ്റ പോലെ പരിചയസമ്പന്നരോ ഏറ്റെടുത്തേനെ. അത്തരം വമ്പൻമാർ വരാതിരിക്കാൻ ഐടിഡിസി യുടെ കീഴിലുള്ള 44 ഹോട്ടലുകളെയും വിഭജിച്ച് അവരുടെ തത്പര കക്ഷികൾക്ക് കൈമാറുന്നതിന് ഉതകും വിധം ചെറുകമ്പനികളാക്കി വിൽക്കുകയായിരുന്നു.
കോവളം കൊട്ടാരവും 200 മുറിയും 1000 പേർക്കിരിക്കാവുന്ന കൺവെൻഷൻ സെന്ററും ഉൾപ്പെടുന്ന 65 ഏക്കറോളം ഭൂമി 35.8 കോടി രൂപയ്ക്കാണ് അന്ന് ഗൾഫാർ ഗ്രൂപ്പ് ഏറ്റെടുത്തത്.സ്വയം വിരമിച്ചവർക്ക് നൽകാൻ 8 കോടി കൂടി അവർക്ക് ചെലവായി.കോവളത്തെ ഭൂമി വില മാത്രം കണക്കിലെടുത്താൽ ഇതിന്റെ പലമടങ്ങ് തുക കിട്ടുമെന്ന് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.അത് ശരിവയ്ക്കുന്നതാണ് പിന്നീട് ഈ ഹോട്ടലിന്റെ വിൽപ്പനവില കുത്തനെ ഉയർന്നത്. മൂന്നു വർഷത്തിനുശേഷം ക്യാപ്റ്റൻ ലീലാ കൃഷ്ണൻനായർ 150 കോടിക്കാണ് ഹോട്ടൽ വാങ്ങിയത്. 2011ൽ ഡോ.ബി രവിപിള്ള അത് ഏറ്റെടുത്തത് 550 കോടിക്കെന്നും പ്രചരിക്കപ്പെടുന്നു. അപ്പോൾ, കോവളം ഹോട്ടൽ എന്ന പൊതുമേഖലാ സ്ഥാപനം ആരുടെയൊക്കെ സ്വർണഖനിയായി?
അന്ന് ഈ പൊതുമേഖലാ സംരംഭത്തിനെ ആക്രിവിലയ്ക്ക് വിൽക്കുന്നതിന് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി അരുൺ ഷൂരിക്കെതിരേ രാജസ്ഥാനിലെ ലക്ഷ്മി വിലാസ് പാലസ് ഹോട്ടൽ വിൽപ്പനയിൽ കോടതിവിധി വന്നു . ഇതിന്റെ വില 151 കോടിരൂപയായി നിശ്ചയിച്ചതിലൂടെ 244 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് ജോധ്പുർ സിബിഐ പ്രത്യേക കോടതിയുടെ വിധി. ഇതിൽ അരുൺഷൂരിയെ പ്രോസിക്യുട്ട് ചെയ്യാൻ തെളിവില്ലെന്ന സിബിഐയുടെ വാദം തള്ളി ആ അന്വേഷണ ഏജൻസിയെ അതിനിശിതമായി കോടതി വിമർശിക്കുകയും ചെയ്തു. ഈ ഹോട്ടൽ സംസ്ഥാന സർക്കാരിന് കൈമാറാനും കോടതി വിധിച്ചത് 2020 സെപ്റ്റംബറിലാണ്.കോവളം ഹോട്ടലിനൊപ്പം വിറ്റ അതിനെക്കാൾ ചെറിയ ഹോട്ടലിന്റെ കാര്യത്തിലാണ് ഈ കോടതിവിധി. നീതിന്യായ വ്യവസ്ഥ ഇപ്പോഴും അവസാനത്തെ പ്രതീക്ഷയായി ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തെയും വിശ്വസിപ്പിക്കുന്നതിനുകാരണവും ഇത്തരം വിധിന്യായങ്ങളാണ്.
കേന്ദ്രം വിറ്റൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്ത് കേരളം മികച്ച രീതിയിൽ നടത്തുന്നത് ഇതിനോട് ചേർത്ത് വായിക്കണം.അപ്പോഴും, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉൾപ്പെടെ പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റൊഴിയുമ്പോൾ കേരളത്തിന് വാങ്ങാനാവില്ല എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതും മറക്കരുത്.
ഇപ്പോഴത്തെ അവസ്ഥയിൽ, ഐആർസിടിസിയുടെ നാളുകൾ എണ്ണപ്പെട്ടു എന്നുതന്നെ വിശ്വസിക്കാം. അത് അദാനിയുടെ കൈകളിലെത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. പൊതുമേഖലയെ സ്വന്തമായി പടർന്നുപന്തലിക്കാനുള്ള വളക്കൂറുള്ള മണ്ണായാണല്ലോ അദാനി എന്നും കണ്ടിട്ടുള്ളത്. അങ്ങനെയാണ് ഭരണ നേതൃത്വം കാട്ടിത്തന്നുകൊണ്ടിരിക്കുന്നതും. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ ഒരു നടത്തിപ്പ് പരിചയവുമില്ലാത്ത അദാനിയുടെ കൈകളിലെത്തിയിട്ട് ഒരുപാട് നാളൊന്നും ആയിട്ടില്ലല്ലോ.അതുകൊണ്ടാണ് ഐആർസിടിസിയുടെ ചൂളം വിളി ഭാവിയിൽ അദാനിയുടെ പാളങ്ങളിലൂടെ ആവുമെന്ന് കരുതാൻ നികുതിദായകർ നിർബന്ധിതരാവുന്നത്.